സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഭാരതത്തിന്റെ മറുപടിയായാണ് ആലപ്പുഴയിലെ ടെക്‌ജെന്‍ഷ്യ പുറത്തിറക്കിയ വി കണ്‍സോള്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ചില്‍ വിജയിയായ ടെക്‌ജെന്‍ഷ്യയുടെ സ്ഥാപകനും സിഇഒയുമായ ആലപ്പുഴക്കാരന്‍ ജോയ് സെബാസ്റ്റിയന്‍ സ്വന്തം ജീവിതത്തെ കിടിലന്‍ വിജയമാക്കി മാറ്റിയ ആ കഥ ബിസിനസ് ഡേയോട് പറയുന്നു
കൊറോണ വൈറസ് എന്ന സൂക്ഷ്മാണു ലോകജനതയെ വീടുകള്‍ക്കുള്ളില്‍ തളച്ചിട്ടപ്പോള്‍ തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങള്‍ ഉള്‍പ്പടെ പല മേഖലകളുടെയും തടസമില്ലാത്ത പ്രവര്‍ത്തനത്തിന് താങ്ങായത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ്. ഇന്ന് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നു. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്രമുഖ ആപ്പുകളാണ് ഈ മേഖലയില്‍ സജീവം. എന്നാല്‍ ഈ വിദേശ ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നു.
തീര്‍ത്തും സുരക്ഷിതമായ, പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ള, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴില്‍, ഡിജിറ്റല്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിച്ചത്. രണ്ടായിരത്തോളം കമ്പനികള്‍ പങ്കെടുത്ത ഈ മത്സരത്തില്‍ വിജയി ആയതാകട്ടെ, കേരളത്തില്‍ നിന്നുള്ള ടെക്‌ജെന്‍ഷ്യ എന്ന സംരംഭവും.
മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വകയുള്ളതായിരുന്നു ആ വിജയം. നിരവധി ഭാഷകളില്‍ ലഭ്യമായ, സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ വിദേശ ആപ്പുകളെ വെല്ലുന്ന വീഡിയോ, ഓഡിയോ ക്വാളിറ്റിയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ‘വി കണ്‍സോള്‍’ നമ്മുടെ സാങ്കേതിക മേഖലയുടെ പ്രാഗത്ഭ്യത്തിന്റെയും സാധ്യതകളുടെയും അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ ഇത്തരത്തിലൊരു അംഗീകാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം നെഞ്ചേറ്റി വി കണ്‍സോള്‍ എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്‌വെയറിന് രൂപം നല്‍കിയ ടെക്‌ജെന്‍ഷ്യ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജോയ് സെബാസ്റ്റിയന്‍ ബിസിനസ് ഡേയോട് പറയുന്നു. കൊറോണയുമായി ബന്ധപ്പെട്ട മനംമടുപ്പിക്കുന്ന കണക്കുകള്‍ക്കിടെ കേട്ട പോസിറ്റീവ് വാര്‍ത്ത ആയതിനാലാകാം ഈ വിജയത്തെ ജനങ്ങള്‍ ഏറ്റെടുത്തതെന്നും നാല്‍പ്പത്തിനാലുകാരനായ ഈ ആലപ്പുഴ സ്വദേശി പറയുന്നു.
ഹോമിയോ പഠനം വിട്ട് എഞ്ചിനീയറായ കഥ
ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമമായ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ, മത്സ്യത്തൊഴിലാളിയായ പള്ളിക്കത്തയ്യില്‍ സെബാസ്റ്റ്യന്‍-മേരി ദമ്പതികളുടെ മകനായ ജോയിക്ക് കുട്ടിക്കാലത്ത് ഭാവിയെ കുറിച്ച് വലിയ പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഒരു നല്ല ജോലി നേടണമെന്ന തീവ്രമായ ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നതിനാല്‍ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന ബോധ്യവും ആത്മവിശ്വാസവും ഒപ്പമുണ്ടായിരുന്നു. രസതന്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഇനിയെന്ത് എന്ന ചോദ്യം ജോയിയുടെ മനസിലും ഉയര്‍ന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി ചോറ്റാനിക്കരയില്‍ ഹോമിയോ മെഡിസിന് ചേര്‍ന്നതിന് ശേഷമാണ് കൂട്ടുകാരില്‍ ചിലര്‍ എംസിഎയുടെ എന്‍ട്രന്‍സ് എഴുതുന്ന കാര്യം ജോയ് അറിയുന്നത്.
സ്വന്തം നാട്ടില്‍ ഇത്തരത്തിലൊരു അംഗീകാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ജോയ്
കുട്ടിക്കാലത്തോ ഡിഗ്രി പഠനകാലത്തോ പോലും ഒരു കമ്പ്യൂട്ടര്‍ നേരില്‍ കാണാത്ത ജോയ് അങ്ങനെ വൈദ്യപഠനം വിട്ട് എംസിഎയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതി എഞ്ചിനീയറിംഗിന് അഡ്മിഷന്‍ നേടി. പെട്ടന്നൊരു ജോലി നേടാന്‍ സാധിക്കുന്ന മേഖല എന്നതിനപ്പുറമൊന്നും അന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് ജോയ് പറയുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളുടെ സാധ്യതയും മെഡിസിനേക്കാള്‍ താല്‍പ്പര്യം എഞ്ചിനീയറിംഗ് ആയിരുന്നതുകൊണ്ടും അന്ന് ആ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ടെക്‌ജെന്‍ഷ്യയുടെ പിറവി
കൊല്ലം ടികെഎം കൊളെജില്‍ എംസിഎ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ താത്കാലികാടിസ്ഥാനത്തിലുള്ള പ്ലസ്ടു അധ്യാപകനായിട്ടായിരുന്നു ജോയിയുടെ ജോലിത്തുടക്കം. അതിനുശേഷം ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും അതിനേക്കാള്‍ മികച്ചത് പ്ലസ്ടു അധ്യാപകനായിരിക്കുന്നതാണെന്ന സ്‌കൂള്‍ മാനേജരുടെ നിര്‍ബന്ധത്തിന് വഴങ്ങി അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. ഇതിനിടയിലും മറ്റ് ജോലികള്‍ക്കായുള്ള ശ്രമം തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് അക്കാലത്തെ പ്രമുഖ ഐടി കമ്പനികളില്‍ ഒന്നായ അവനീറില്‍ ജോലി ലഭിക്കുന്നത്. 2006 വരെ ജോയ് അവനീറില്‍ തുടര്‍ന്നു.
പ്രളയകാലത്ത് ആലപ്പുഴയ്ക്ക് കൈത്താങ്ങാകുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ക്ക് ജോയിയുടെ ടീം രൂപം നല്‍കിയിരുന്നു
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനി പൂട്ടുമെന്ന ഘട്ടം വന്നപ്പോള്‍ ഷാര്‍ജയിലെ ഒരു ഇന്ത്യന്‍ കമ്പനിക്ക് വേണ്ടി സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റ് ആയി ജോലിക്ക് കയറി. പക്ഷേ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ചു വണ്ടികയറി.
ജോലി ഇല്ലാതെ നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സ്വന്തമായൊരു കമ്പനിയെന്ന ആശയം വിദൂര സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ജോയ് പറയുന്നു. അപ്പോഴേക്കും അവനീര്‍ എന്ന കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലുള്ള അവരുടെ പങ്കാളികള്‍ വോയിസ് കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ മേഖലയില്‍ അനുയോജ്യരായ പ്രൊഫഷണലുകളെ തേടുന്ന സമയമായിരുന്നു അത്.
നേരത്തെ ഇതേ മേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുള്ള പരിചയം അവരെ ജോയിലേക്കെത്തിച്ചു. അങ്ങനെ ജോയിയും അവനീറിലെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ടോണി തോമസും ചേര്‍ന്ന് ആ ജോലി ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ജോലിഭാരം കൂടിയതോടെ കൂടുതല്‍ ആളുകളെ നിയമിക്കേണ്ട സ്ഥിതി വന്നു. ഇതിനായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ 2009ല്‍ ടെക്‌ജെന്‍ഷ്യ എന്ന കമ്പനി സ്ഥാപിതമായി.
വോയിസ്/വീഡിയോ കോണ്‍ഫറന്‍സിംഗ്
വോയിസ്/വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതിക രംഗത്ത് ഏതാണ്ട് ഇരുപത് വര്‍ഷത്തെ അനുഭവപരിജ്ഞാനം ജോയിക്കുണ്ട്. പത്തിലധികം വര്‍ഷമായി ടെക്‌ജെന്‍ഷ്യ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനമായും അമേരിക്ക, യൂറോപ്പ് ആസ്ഥാനമായ വിദേശ കമ്പനികളാണ് ടെക്‌ജെന്‍ഷ്യയുടെ ഉപഭോക്താക്കള്‍. പല പ്രതിസന്ധികളും തരണം ചെയ്താണ് ടെക്‌ജെന്‍ഷ്യ ഇന്നത്തെ അവസ്ഥയിലെത്തിയത്.
വരുമാനം നിലച്ച് കമ്പനി പൂട്ടേണ്ട സ്ഥിതി വരെ ഉണ്ടായിട്ടുണ്ടെന്ന് ജോയ് പറയുന്നു. അവയെല്ലാം അതിജീവിച്ച് ഭേദപ്പെട്ട അവസ്ഥയിലെത്തിയപ്പോഴാണ് കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുക്കുന്നത്. സമസ്ത മേഖലകളും ഈ പ്രതിസന്ധിയില്‍ ആടിയുലഞ്ഞെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗിന്റെ സാധ്യതകള്‍ ലോകമറിയുന്നത് കൊറോണ കാലത്താണ്. വിദ്യാഭ്യാസം, തൊഴില്‍, തുടങ്ങി എല്ലാ മേഖലകളിലും ഒഴിച്ചുകൂടാനാകാത്ത ഒരു ഉപാധിയായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്‌വെയറുകള്‍ മാറിക്കഴിഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സിംഗ് സൊലൂഷനുകള്‍ക്ക് പുറമേ, ബാങ്കുകള്‍ക്കായുള്ള ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് പ്ലേസ്, ഓട്ടോമേറ്റഡ് ഇ-കെവൈസി തുടങ്ങിയ പ്രോഡക്ടുകളിലും ടെക്‌ജെന്‍ഷ്യ പ്രവര്‍ത്തിക്കുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതികവിദ്യയ്ക്ക് വന്‍ സാധ്യതകളാണ് ഇന്നുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളുടെയും സുഗമമായ നടത്തിപ്പിന് ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് കൂടിയേ തീരൂ എന്ന സ്ഥിതിയാണിപ്പോള്‍. നിലവില്‍ ഉപയോഗത്തിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളെല്ലാം മീറ്റിംഗുകള്‍ക്ക് വേണ്ടി രൂപം നല്‍കിയവയാണ്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലകളും അവ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് മാത്രം. ഈ അവസരം ഉപയോഗപ്പെടുത്തി പുതിയ പ്രോഡക്ടുകള്‍ക്ക് രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ടെക്‌ജെന്‍ഷ്യ.യഥാര്‍ത്ഥ ക്ലാസ്‌റൂമിന്റെ അനുഭവം നല്‍കുന്ന, ഓണ്‍ലൈന്‍ പഠനത്തിന് മാത്രമായുള്ള സോഫ്റ്റ്‌വെയര്‍, ഹെല്‍ത്ത്‌കെയര്‍ മേഖലയ്ക്കായുള്ള ചില പ്രോഡക്ടുകള്‍, പാലിയേറ്റീവ് കെയറിനു വേണ്ടിയുള്ള സാങ്കേതിക സംവിധാനം എന്നിവയിലാണ് നിലവില്‍ ടെക്‌ജെന്‍ഷ്യയുടെ ശ്രദ്ധ.
വി കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷ
വിദേശ കമ്പനികളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്‌വെയറുകള്‍ മുഖേനയുള്ള സര്‍ക്കാര്‍ തല ആശയ വിനിമയവും സുപ്രധാന വിവരങ്ങളുടെ കൈമാറ്റവും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, തീര്‍ത്തും സുരക്ഷിതമായ വി കണ്‍സോള്‍ എന്ന സോഫ്റ്റ്‌വെയര്‍ ടെക്‌ജെന്‍ഷ്യ കേന്ദ്രസര്‍ക്കാരിനായി വികസിപ്പിച്ചത്.
ആശയവിനിമയ സോഫ്റ്റ്‌വെയറുകള്‍ക്ക് പൊതുവായുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് പുറമേ മള്‍ട്ടി ഫാക്ടര്‍ ഓതെന്റിക്കേഷന്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ വി കണ്‍സോളിനുണ്ട്. മീറ്റിംഗില്‍ പങ്കെടുക്കുന്നവരുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ബാങ്കിംഗ് ഇടപാടുകളിലെ ഒടിപിക്ക് സമാനമായ സൗകര്യങ്ങളുണ്ട്. മലയാളം അടക്കം എട്ടോളം ഭാഷകളില്‍ ലഭ്യമാകുമെന്നതാണ് വി കണ്‍സോളിന്റെ മറ്റൊരു പ്രത്യേകത.
ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ച് വിജയിക്കുള്ള ഒരു കോടി രൂപ സമ്മാനത്തുകയ്ക്ക് പുറമേ സര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായും വി കണ്‍സോളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷത്തേക്കാണ് നിലവിലെ കരാര്‍. ഇക്കാലയളവില്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ ടെക്‌ജെന്‍ഷ്യ നല്‍കണം. ഇതിനുവേണ്ട ചിലവുകള്‍ക്കായി ഓരോ വര്‍ഷവും പത്ത് ലക്ഷം രൂപയും ലഭിക്കും. മൂന്നുവര്‍ഷം കൂടുമ്പോള്‍ കരാര്‍ പുതുക്കും.
സമ്മാനത്തുകയേക്കാള്‍ സ്വന്തം നാട്ടില്‍ ഇതുപോലൊരു അംഗീകാരം ലഭിച്ചതും ടെക്‌ജെന്‍ഷ്യയുടെ സാങ്കേതികവിദ്യ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതുമാണ് ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ചിലൂടെ തങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നേട്ടമായി ജോയ് കരുതുന്നത്.
പത്ത് വര്‍ഷത്തോളം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തതിന് ശേഷം 2009ലാണ് സുഹൃത്തുമായി ചേര്‍ന്നാണ് ടെക്‌ജെന്‍ഷ്യ സ്ഥാപിക്കുന്നത്
കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയി ആയതിന് ശേഷം മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്നത്. സമാന സോഫ്റ്റ്‌വെയറുകള്‍ക്കായി വിദേശ സര്‍ക്കാരുകള്‍ ഉള്‍പ്പടെ തങ്ങളെ സമീപിക്കുന്നുണ്ടെന്ന് ജോയ് പറഞ്ഞു. മാത്രമല്ല, ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്. സര്‍ക്കാരുകളും വന്‍കിട കോര്‍പ്പറേറ്റുകളും ഉള്‍പ്പടെ സുരക്ഷയില്‍ ഏറെ ആശങ്കാകുലരായിട്ടുള്ള മാര്‍ക്കറ്റിനെയാണ് വി കണ്‍സോള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാര്‍ക്ക് പ്രോഡക്ടുകള്‍ വികസിപ്പിച്ച് നല്‍കുന്നത് ടെക്‌ജെന്‍ഷ്യയെ സംബന്ധിച്ച് വലിയ ചിലവ് വരുന്ന സംഗതിയല്ല. അതേസമയം സാധാരണ ജനങ്ങള്‍ക്ക് വി കണ്‍സോള്‍ ലഭ്യമാകാന്‍ അല്‍പ്പം സമയമെടുക്കും. അതിനുള്ള സാങ്കേതിക അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് വന്‍കിട നിക്ഷേപം ആവശ്യമാണെന്നതാണ് കാരണം.
സൂം, ഗൂഗിള്‍ മീറ്റ് എന്നിവയേക്കാള്‍ മികച്ച ഓഡിയോ, വീഡിയോ ക്വാളിറ്റി വി കണ്‍സോളിന് ഉണ്ടെന്നാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചവര്‍ പറയുന്നത്. എന്നാല്‍ സാങ്കേതിക മികവ് കൊണ്ട് മാത്രം ഈ മേഖലയിലെ ആഗോള ഭീമന്മാരോട് മത്സരിക്കാന്‍ സാധിക്കില്ല. വലിയൊരു ഫണ്ടിംഗ് അതിനാവശ്യമാണ്. നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവര്‍ക്കൊപ്പം ജനകീയമാകാന്‍ ഒരുനാള്‍ വി കണ്‍സോളിന് സാധിക്കുമെന്ന് തന്നെയാണ് ജോയിയുടെ പ്രതീക്ഷ.
ഇന്ത്യയിലിനി ഇന്നവേഷനുകളുടെ കാലം
ടിക്‌ടോക്, പബ്ജി പോലുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ ഉള്ള ജനപ്രിയ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വി കണ്‍സോള്‍ പോലുള്ള മികവാര്‍ന്ന കണ്ടുപിടിത്തങ്ങള്‍ ഇനി ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് ജോയിയുടെ അഭിപ്രായം. ഇതുവരെയുള്ള നമ്മുടെ സാഹചര്യങ്ങള്‍ ഇന്നവേഷനുകള്‍ അനുകൂലമായിരുന്നില്ല.
കുറച്ചുകാലം മുമ്പ് വരെ മികച്ച ആശയങ്ങളുമായി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മറ്റ് കമ്പനികളില്‍ ജോലിക്ക് കയറേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാലിന്ന് സാഹചര്യങ്ങള്‍ മാറി. സ്വന്തം ഇഷ്ടങ്ങള്‍ക്കൊത്ത് പഠിക്കാനും ജോലി ചെയ്യാനും ഒരു വിഭാഗം കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാം നിരവധി ടെക്‌നോളജി കമ്പനികളും ഇന്നവേഷനുകളും ഉണ്ടാകുമെന്ന് ജോയ് പറയുന്നു. അത്തരം കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അകമഴിഞ്ഞ പിന്തുണയുമായി പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകളും രംഗത്തുണ്ട്.
കട്ടസപ്പോര്‍ട്ടുമായി കുടുംബവും ടെക്‌ജെന്‍ഷ്യ ടീമും
ജോയ് സെബാസ്റ്റിയന്റെ കാലങ്ങളായുള്ള കഠിനാധ്വാനത്തിനും കഷ്ടപ്പാടുകള്‍ക്കും അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. ഭാര്യ ലിന്‍സി ജോര്‍ജ് ഹൈസ്‌കൂള്‍ അധ്യാപികയാണ്. മക്കളായ അലന്‍ ബാസ്റ്റിനും, ജിയ എല്‍സയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള ഇന്‍ഫോപാര്‍ക്കിലാണ് ടെക്‌ജെന്‍ഷ്യയുടെ ഓഫീസ്. അറുപത്തിയഞ്ച് പേര്‍ അടങ്ങുന്നതാണ് ജോയിയുടെ ടീം. ചീഫ് ടെക്‌നോളജി ഓഫീസറായ അങ്കുര്‍ ബിര്‍ ജെയ്‌സ്വാളും എച്ച്ആര്‍ മേധാവിയായ കോമള്‍ ഷായും ഒഴിച്ചാല്‍ കമ്പനിയിലുള്ള ബാക്കി എല്ലാവരും മലയാളികളാണ്.
പ്രിയം പിറന്ന മണ്ണിനോട്, ഉള്ളിന്റെ ഉള്ളില്‍ മനുഷ്യസ്‌നേഹി
ടെക്‌ജെന്‍ഷ്യ ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക മികവിനും പൂര്‍ണതയ്ക്കുമായി ഏതറ്റം വരെയും പോകുന്ന, വളരെ തിരക്കുള്ള എഞ്ചിനീയര്‍ ആണെങ്കിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള, സാമുഹ്യ പ്രതിബദ്ധതയുള്ള ഒരു മനുഷ്യസ്‌നേഹി കൂടിയാണ് ജോയ്. പ്രളയകാലത്ത് ആലപ്പുഴയ്ക്ക് കൈത്താങ്ങാകുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ക്ക് ജോയിയുടെ ടീം രൂപം നല്‍കിയിരുന്നു.
ആലപ്പുഴയിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായമൊരുക്കാനും ടെക്‌ജെന്‍ഷ്യ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ സ്‌നേഹജാലകമെന്ന പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലെ സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹം. കിടപ്പുരോഗികള്‍ക്ക് സൗജന്യ ചികിത്സാസേവനം നല്‍കുന്ന സംഘടനയാണിത്.
മൂന്ന് വര്‍ഷം മുമ്പ് ജനകീയ ഭക്ഷണശാലയെന്ന പേരില്‍ പാതിരപ്പള്ളിയില്‍ ക്യാഷ്‌ലെസ് റെസ്റ്റോറന്റ് ആരംഭിച്ച് ശ്രദ്ധ നേടിയ സംഘടന കൂടിയാണിത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രതിഭാതീരമെന്ന പേരില്‍ കമ്പ്യൂട്ടര്‍ ലാബും ഇന്റെര്‍നെറ്റ് കണക്ഷനും ഉള്‍പ്പടെ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പഠനസൗകര്യങ്ങളും ഈ സംഘടന ഒരുക്കിയിട്ടുണ്ട്. തീരമേഖലയിലെ വായനശാലകളുമായി കൈകോര്‍ത്താണ് പ്രതിഭാതീരം പദ്ധതിയുടെ നടത്തിപ്പ്. അത്തരത്തിലുള്ള പതിമൂന്നോളം കേന്ദ്രങ്ങളാണ് ആലപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളത്.
ഉള്ളിന്റെ ഉള്ളില്‍ തനി നാട്ടിന്‍പുറത്തുകാരനാണ് താനെന്ന് ജോയ് അഭിമാനത്തോടെ പറയുന്നു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ കമ്പനി ആരംഭിക്കാനുള്ള പ്രധാന കാരണം തന്നെ നാട് വിട്ട് പോകാനുള്ള ജോയിയുടെ മടിയാണ്. വി കണ്‍സോള്‍ പോലുള്ള പുത്തന്‍ ആശയങ്ങളിലൂടെ ടെക്‌ജെന്‍ഷ്യ ലോകമറിയുന്ന കമ്പനിയായി വളര്‍ന്നാലും കമ്പനിയുടെ ആസ്ഥാനം ആലപ്പുഴ തന്നെയായിരിക്കുമെന്ന് നാടിനെയും നാട്ടുകാരെയും ഏറെ സ്‌നേഹിക്കുന്ന, നാട്ടിന്‍പുറ നന്മകള്‍ കെടാതെ കൊണ്ടുനടക്കുന്ന ജോയ് ഉറപ്പിച്ച് പറയുന്നു.