യൂട്യൂബിലൂടെ വിഡിയോ വിപ്ലവം സംഭവിച്ചു. അതിനൊപ്പം ഒരു വാണിജ്യമേഖലയും സൃഷ്ടിക്കപ്പെട്ടു. ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയുമെല്ലാം ഇ-കൊമേഴ്‌സ് എന്ന പുതിയ ലോകം തുറന്നു. ഇതിനുമപ്പുറം, ഓഡിയോ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും വില്‍ക്കാനും വാങ്ങാനുമെല്ലാം ഒരു സമഗ്ര ഓണ്‍ലൈന്‍ വിപണി തുറന്നിടുകയാണ് സ്റ്റോറിയോ എന്ന സ്റ്റാര്‍ട്ടപ്പ്.
ആഗോള മാധ്യമവമ്പന്മാര്‍ അങ്ങ് പടിഞ്ഞാറില്‍ പോഡ്കാസ്റ്റില്‍ വലിയ നിക്ഷേപം നടത്താന്‍ തുടങ്ങി. എന്നാല്‍ ഏത് സാധാരണക്കാരനും വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന പുതിയ മാതൃകയിലൂടെ ആഗോള പോഡ്കാസ്റ്റ് വിപണിക്ക് പോലും പുതിയ ദിശ നല്‍കാനാണ് രാഹുല്‍ നായരെന്ന മലയാളി സംരംഭകന്‍ സ്റ്റോറിയോയിലൂടെ ചിന്തിക്കുന്നത്. കഥ പറച്ചിലിലൂടെ പുതിയ ലോകം സൃഷ്ടിക്കുന്ന സ്‌റ്റോറിയോയുടെ ആ കഥയിലേക്ക്…
കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന സംരംഭകരാണ് എന്നും ലോകത്ത് മാറ്റങ്ങളുണ്ടാക്കിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റാലിയന്‍ കോഫി ‘ഇലി’ കേരളത്തില്‍ ലഭ്യമാക്കിയ ‘സംവേര്‍ എല്‍സ്’ എന്ന സംരംഭമായാലും ഇന്ന് മലയാളത്തില്‍ പോഡ്കാസ്റ്റിങ് വിപ്ലവത്തിന് നാന്ദി കുറിക്കുന്ന സ്‌റ്റോറിയോ എന്ന സ്റ്റാര്‍ട്ടപ്പായാലും രാഹുല്‍ നായരെന്ന സംരംഭകനെ വേറിട്ട് നിര്‍ത്തുന്നത് അതാണ്.
കോവിഡ് പോലുള്ള മഹാമാരികള്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തന്നെ മനുഷ്യന് ആന്തരികമായും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സമയത്ത് സ്‌റ്റോറിയോ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ, പോഡ്കാസ്റ്റിങ് ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. കഥ പറയലിന്റെ അപാര സാധ്യതകള്‍, ഓഡിയോ മാധ്യമത്തിന്റെ നവസങ്കേതകങ്ങളുപയോഗിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ലോകത്തെ ആദ്യത്തെ പോഡ്കാസ്റ്റ് മാര്‍ക്കറ്റ്‌പ്ലേസാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന് കേള്‍ക്കുമ്പോള്‍ പലരും അല്‍ഭുതപ്പെട്ടേക്കാം. ലോകം മുഴുവന്‍ പുതുതരംഗം തീര്‍ക്കുകയാണ് പോഡ്കാസ്റ്റുകള്‍. അത് തിരിച്ചറിഞ്ഞ് മലയാളത്തില്‍ പോഡ്കാസ്റ്റിങ് കേന്ദ്രമാക്കി തുടങ്ങിയ സംഘടിതവും സമഗ്രവുമായ ആദ്യ സംരംഭമെന്ന് സ്‌റ്റോറിയോയെ വിശേഷിപ്പിക്കാം.
ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയും പോലെ ഓഡിയോ കണ്ടന്റുകള്‍ ആര്‍ക്ക് വേണമെങ്കിലും ക്രിയേറ്റ് ചെയ്ത് വിറ്റഴിക്കാനുള്ള ഓണ്‍ലൈന്‍ വിപണിയെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സ്‌റ്റോറിയോ സ്ഥാപകനും സിഇഒയുമായ രാഹുല്‍ നായര്‍ ബിസിനഡ് ഡേയുമായുള്ള അഭിമുഖത്തില്‍ പറയുന്നു.
എന്താണ് പോഡ്കാസ്റ്റ്?
പോഡ്കാസ്റ്റുകള്‍ ഇപ്പോഴും മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത് വലിയ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. ഓഡിയോ മാധ്യമത്തിന്റെ സാധ്യതകള്‍ തന്നെയാണ് പോഡ്കാസ്റ്റിങ്ങും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ റേഡിയോ അല്ല. റോഡിയോ ലൈവാണ് പോഡ്കാസ്റ്റ് ലൈവായിക്കൊള്ളണമെന്നില്ല. പ്രീറെക്കോഡ് ചെയ്ത കണ്ടന്റ് (ഏത് തരത്തിലുള്ള പരിപാടികളും) എവിടിരുന്ന് എപ്പോള്‍ വേണമെങ്കിലും പോഡ്കാസ്റ്റിലൂടെ കേള്‍ക്കാം.
’90-കളുടെ അവസാനവും 2000 ആദ്യവും ബ്ലോഗിങ് ജനകീയമായി മാറി. ബ്ലോഗിങ്ങിന് മുമ്പ് നമ്മുടെ ആശയം പ്രതിഫലിപ്പിക്കണമെങ്കില്‍ പുസ്തകം എഴുതുകയോ മാഗസിനില്‍ എഴുതുകയോ എല്ലാം വേണമായിരുന്നു. എന്നാല്‍ ബ്ലോഗിങ് വന്നതോടെ വിപ്ലവകരമായ മാറ്റം വന്നു. അതിന് ശേഷമാണ് ഓഡിയോ ബ്ലോഗിങ് എന്ന ആശയം വന്നത്. എന്നാല്‍ അത് വിജയിച്ചില്ല. ഓഡിയോയ്ക്ക് അപ്പോള്‍ സര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ സാധിക്കില്ല എന്നതായിരുന്നു പ്രശ്‌നം,’ രാഹുല്‍ നായര്‍ പറയുന്നു.
ഇന്നവേഷന്‍ ഇതിഹാസം സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്തതോടെയാണ് ഓഡിയോ വ്‌ളോഗേഴ്‌സ് വീണ്ടുമുണര്‍ന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഓഡിയോ കണ്ടന്റ് ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. ബിബിസി ഈ രംഗം സസൂക്ഷമം വീക്ഷിക്കുന്നുണ്ടായിരുന്നു. എയര്‍ ചെയ്ത പരിപാടി തന്നെ എന്തുകൊണ്ട് പോഡ്കാസ്റ്റാക്കിക്കൂടെന്ന ചിന്ത ബിബിസിക്ക് വന്നു. അതോടെ ഈ രംഗം സജീവമായി.
ഓഡിയോ കണ്ടന്റ് എങ്ങനെ മറ്റുള്ളവര്‍ക്ക് ലഭ്യമാകുമെന്ന പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് ഫീഡ് വഴി ഡിസ്ട്രിബ്യൂട്ട് ചെയ്യാമെന്ന സംവിധാനവും വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ആര്‍എസ്എസ് ഫീഡ് റീഡ് ചെയ്യുന്ന ഏത് ഉപകരണത്തിനും ഈ കണ്ടന്റ് ഫെച്ച് ചെയ്യാം.
2008-10 കാലത്ത് പോഡ്കാസ്റ്റ് കണ്ടന്റില്‍ കാര്യമായ വര്‍ധന തന്നെയുണ്ടായി. ഓണ്‍ഡിമാന്റായി എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നതായിരുന്നു സവിശേഷത. ബിബിസിയെ പിന്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളും പോഡ്കാസ്റ്റിങ് തുടങ്ങി.
പോഡ്കാസ്റ്റ് ജനകീയമയാത് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍പിആറിന്റെ ഒരു പരിപാടിയായിലൂടെയായിരുന്നു. സീരിയല്‍ എന്നായിരുന്നു ആ അന്വേഷണാത്മക പോഡ്കാസ്റ്റ് സീരിസിന്റെ പേര്. പോഡ്കാസ്റ്റ് ജേണലിസത്തില്‍ തന്നെ ഒരു വഴിത്തിരിവായി അത് മാറിയെന്ന് രാഹുല്‍ പറയുന്നു.
10 ലക്ഷത്തോളം പോഡ്കാസ്റ്റ് ഷോകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ന്യൂസ്, എജുക്കേഷന്‍, സെല്‍ഫ് ഹെല്‍പ്പ്…അങ്ങനെ ഒരു മനുഷ്യന് താല്‍പ്പര്യമുള്ള സകല മേഖലകളിലും അനേകം പോഡ്കാസ്റ്റ് ഷോകള്‍ ലഭ്യമാണ്. പോഡ്കാസ്റ്റ് ക്രിയേറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലും വ്യാപകമായ വര്‍ധനയാണുണ്ടാകുന്നത്.
എന്തിനാണ് പോഡ്കാസ്റ്റ് കേള്‍ക്കുന്നത്?
മ്യൂസിക്ക് അല്ലാതെ നമ്മുടെ തലച്ചോറിനെ അപ്‌ഗ്രേഡ് ചെയ്യാനുള്ള വഴിയെന്ന നിലയിലാണ് പോഡ്കാസ്റ്റിനെ പലരും കാണാന്‍ തുടങ്ങിയതെന്ന്് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓഡിയോ ബുക്‌സ് ലഭ്യമായിരുന്നെങ്കിലും അതിനൊരു സംഭാഷണ, ഇന്ററാക്റ്റിവ് സ്വഭാവമുണ്ടായിരുന്നില്ല. യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴും വണ്ടി കാത്തുനില്‍ക്കുമ്പോഴുമെല്ലാം മ്യൂസിക്ക് അല്ലാതെ എന്‍ഗേജ്ഡ് ആയിരിക്കാന്‍ കഴിയുന്ന വിനോദം എന്ന നിലയ്ക്കാണ് പോഡ്കാസ്റ്റുകള്‍ വളര്‍ച്ച പ്രാപിച്ചത്. ഒന്നോ രണ്ടോ പേരുമായി അല്ലെങ്കില്‍ ഒരു ഗ്രൂപ്പുമായുള്ള ഒരു സംഭാഷണമെന്നതാണ് ഈ മാധ്യമത്തിന്റെ കാതല്‍.
‘ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്. വോയ്‌സ് അധിഷ്ഠിത കണ്ടന്റിന് വലിയ വളര്‍ച്ചയുണ്ടായിക്കൊണ്ടിരിക്കയാണ് ഇപ്പോള്‍,’ രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതിവേഗ വളര്‍ച്ച
ഇന്ത്യയിലും അതിവേഗത്തിലാണ് പോഡ്കാസ്റ്റിങ്ങിന്റെ വളര്‍ച്ച. 2018-ലെ അവസാനത്തോടെ രാജ്യത്തെ പ്രതിമാസ പോഡ്കാസ്റ്റ് ശ്രോതാക്കളുടെ എണ്ണം 4 കോടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2017-നെ അപേക്ഷിച്ച് 57.6 ശതമാനം വളര്‍ച്ചയാണ് ശ്രോതാക്കളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പോഡ്കാസ്റ്റ് വിപണിയായി ഇന്ത്യ മാറി.
2023 ആകുമ്പോഴേക്കും രാജ്യത്തെ പ്രതിമാസ പോഡ്കാസ്റ്റ് ശ്രോതാക്കളുടെ എണ്ണം 17.61 കോടിയായി ഉയരുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ജനങ്ങളുടെ സമയം അപഹരിക്കാത്ത മാധ്യമമെന്ന നിലയിലാണ് പോഡ്കാസ്റ്റിന് ഇത്രയധികം വളര്‍ച്ച പ്രാപിക്കാന്‍ സാധിച്ചതെന്ന് രാഹുല്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റോറിയോയുടെ വരവ്
2017-ല്‍ അണിയറജോലികള്‍ തുടങ്ങിയെങ്കിലും സ്റ്റോറിയോ ആപ്പ് പൂര്‍ണസജ്ജമായി പ്രവര്‍ത്തനം തുടങ്ങിയത് 2020-ലാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകള്‍ സ്‌റ്റോറിയോയ്ക്ക് ശ്രോതാക്കളായുണ്ട്. എന്നാല്‍ വെറുമൊരു പോഡ്കാസ്റ്റിങ് പ്ലാറ്റ്‌ഫോമല്ല സ്‌റ്റോറിയോ.
ഈ മേഖലയിലെ സകല കാര്യങ്ങളെയും ബന്ധിപ്പിച്ചുള്ള, പോഡ്കാസ്റ്റിങ് രംഗത്തെ വണ്‍സ്‌റ്റോപ്പ് സൊലൂഷനെന്ന നിലയിലാണ് രാഹുല്‍ തന്റെ സംരംഭത്തെ വളര്‍ത്തിയെടുക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് പോഡ്കാസ്റ്റ് ക്രിയേറ്റേഴ്‌സിന് ഒരു ഓണ്‍ലൈന്‍ വിപണി തുറക്കുന്നത്. അതായത്, കണ്ടന്റ് വാങ്ങാനും വില്‍ക്കാനും ക്രിയേറ്റ് ചെയ്യാനും മറ്റുള്ളവരെ കൊണ്ട് ക്രിയേറ്റ് ചെയ്യിക്കാനുമൊക്കെ സ്റ്റോറിയോ അവസരമൊരുക്കുന്നു.
ക്രിയേറ്റര്‍മാര്‍ക്ക് ഒരേ സമയം യൂട്യൂബ് പോലുള്ളൊരു പ്ലാറ്റ്‌ഫോമും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയിലുള്ള ഓണ്‍ലൈന്‍ വിപണിയും ലഭ്യമാക്കാനാണ് സ്റ്റോറിയോ ഉദ്ദേശിക്കുന്നത്. ശ്രോതാക്കള്‍ക്ക് ഒരു ഷോയുടെ ഒരു എപ്പിസോഡ് പോലും കാശുകൊടുത്ത് വാങ്ങാം
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഹാര്‍വാര്‍ഡിലുമെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയ രാഹുല്‍, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് സംരംഭകത്വത്തെ കാണുന്നത്. പോഡ്കാസ്റ്റിങ് രംഗത്തെ കാതലായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടിയെന്ന നിലയിലാണ് സ്റ്റോറിയോയുടെ വളര്‍ച്ചയ്ക്കുള്ള റോഡ്മാപ്പ് അദ്ദേഹം വരച്ചിടുന്നത്.
‘ഒരു യൂണിഫൈഡ് എക്‌സ്പീരിയന്‍സ് പോഡ്കാസ്റ്റ് രംഗത്തില്ലായിരുന്നു. തീര്‍ത്തും ലളിതവല്‍ക്കരിച്ച സംവിധാനങ്ങളിലൂടെ അത് സാധ്യമാക്കുകയാണ് ഞങ്ങള്‍. എല്ലാ ക്രിയേറ്റര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേ അനുഭവം ലഭിക്കാനുള്ള സംവിധാനം വേണം. എങ്കില്‍ മാത്രമേ പോഡ്കാസ്റ്റ് വ്യവസായം വളരൂ. ക്രിയേറ്റര്‍ ഫ്രണ്ട്‌ലി സ്‌പേസ് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്,’ രാഹുല്‍ പറയുന്നു.
ക്രിയേറ്റര്‍മാര്‍ക്ക് ഒരേ സമയം യൂട്യൂബ് പോലുള്ളൊരു പ്ലാറ്റ്‌ഫോമും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയിലുള്ള ഓണ്‍ലൈന്‍ വിപണിയും ലഭ്യമാക്കാനാണ് സ്റ്റോറിയോ ഉദ്ദേശിക്കുന്നത്.
ബിസിനസ് മോഡല്‍
‘ഏതൊരു വ്യവസായവും നിലനില്‍ക്കണമെങ്കില്‍ ഒരു ബിസിനസ് മോഡല്‍ വേണം. അല്ലെങ്കില്‍ അവര്‍ വന്ന വഴിക്ക് പോകും. പരസ്യമാണ് ഇപ്പോഴുള്ള മാര്‍ഗം. അല്ലാതെ സമാന്തര ബിസിനസ് മോഡല്‍ ഇല്ല. ചിലര്‍ സബ്‌സ്‌ക്രിപ്ഷന്‍ അനുസരിച്ച് കാശുകൊടുക്കാമെന്ന് പറയുന്നുണ്ട്. അതിലും സുതാര്യതയില്ല.’
ഇതിനെ മറികടക്കാന്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് പോകുന്ന വഴിയാണ് സ്‌റ്റോറിയോ പ്രാവര്‍ത്തികമാക്കുന്നത്. ഇടനിലക്കാരുണ്ടാകില്ല. ‘എങ്ങനെയാണ് ക്രിയേറ്റേഴ്‌സിന് സുസ്ഥിരമായി വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നത് എന്നതിലാണ് ഞങ്ങള്‍ ഫോക്കസ് ചെയ്യുന്നത്. ഞങ്ങള്‍ അവര്‍ക്ക് പ്ലാറ്റ്‌ഫോം നല്‍കും. കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അവര്‍ക്ക് തന്നെ വില്‍ക്കാം. ചെറിയൊരു കമ്മീഷന്‍ ഞങ്ങളെടുക്കുമെന്ന് മാത്രം. അതാണ് സ്‌റ്റോറിയോ എന്ന പ്ലാറ്റ്‌ഫോം,’ രാഹുല്‍ വിശദമാക്കുന്നു.
ഒരു ക്രിയേറ്ററുമാണ് സ്‌റ്റോറിയോ. പോഡ്കാസ്റ്റ് കണ്ടന്റ് ക്രിയേറ്റ് ചെയ്യാനുള്ള സിംഗിള്‍ പ്ലാറ്റ്‌ഫോമായി ഇതിനെ മാറ്റുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം.
സ്റ്റോറിയോ സ്റ്റുഡിയോ
പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസ് സജീവമാക്കുന്നതിനായി സ്റ്റോറിയോ സ്റ്റുഡിയോ എന്ന സംരംഭത്തിനും രാഹുല്‍ തുടക്കം കുറിച്ചിട്ടുണ്ട്. ‘പോഡ്കാസ്റ്റുമായി ബന്ധപ്പെട്ട് കൊമേഴ്‌സ് നടക്കുകയെന്നതാണ് പ്രധാനം. എന്നാല്‍ കണ്ടന്റ് വേണം. മലയാളത്തില്‍ ഇപ്പോഴും ശൈശവദശയിലാണ് ഈ മേഖല. അതിനാണ് ഞങ്ങള്‍ പ്രീമിയം കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ബിസിനസിലേക്കും ഇറങ്ങിയത്,’ വൈവിധ്യവല്‍ക്കരണത്തെ കുറിച്ച് രാഹുല്‍.
കേരളത്തിന് സാക്ഷരതയിലും മറ്റു നിരവധി സാമൂഹ്യ സൂചകങ്ങളിലുമുള്ള മേല്‍ക്കൈ കാരണം മലയാള ഭഷയിലുള്ള പോഡ്കാസ്റ്റ് ക്രിയേഷനിലാണ് സ്റ്റോറിയോ കൂടുതലായും ശ്രദ്ധവച്ചിരിക്കുന്നത്. പ്രാദേശിക ഭാഷകളിലാണ് ഇനി ഡിജിറ്റല്‍ മീഡിയ രംഗത്തെ വളര്‍ച്ചാ വിസ്‌ഫോടനമെന്ന പഠനങ്ങളും ആ തീരുമാനത്തിന് പിന്നിലുണ്ട്.
പോഡ്കാസ്റ്റിങ്ങിലേക്ക് പയ്യെ ആണെങ്കിലും മലയാളികള്‍ വന്നെത്തുന്നുണ്ട്. സ്റ്റോറിയോ ആപ്പ് തുറന്ന്, ബട്ടണ്‍ പ്രസ് ചെയ്ത് പോഡ്കാസ്റ്റ് റെക്കോഡ് ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ‘ഫോണ്‍ ഉപയോഗിച്ച് ഒരു ഷോ സ്‌റ്റോറിയോ ആപ്പില്‍ ഓരോരുത്തര്‍ക്കും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എല്ലാവര്‍ക്കും ഒരു പോഡ്കാസ്റ്റ് സ്‌റ്റേഷനുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.’
കഴിവുള്ള പ്രാദേശിക ക്രിയേറ്റേഴ്‌സിനെ പരമാവധി പിന്തുണച്ച് അവര്‍ക്ക് വരുമാനമുണ്ടാക്കികൊടുക്കുന്നതിന് സ്‌റ്റോറിയോ സ്റ്റുഡിയോ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഉന്നത ഗുണനിലവാരമുള്ള അനേകം പോഡ്കാസ്റ്റുകള്‍ ഇതിനോടകം സ്‌റ്റോറിയോ സ്റ്റുഡിയോ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.
‘മൂന്നര കോടിയിലധികം ജനങ്ങളുണ്ട് കേരളത്തില്‍. അവര്‍ക്ക് സിനിമ എന്താണെന്നറിയാം. റേഡിയോ എന്താണെന്നറിയാം. ഇന്റര്‍നെറ്റ് എന്താണെന്നും മിക്കവരും അറിഞ്ഞുവരുന്നു. അവര്‍ക്ക് പോഡ്കാസ്റ്റിങ് എന്താണെന്നുമറിയണം, അതാണ് ഞങ്ങളുടെ ലക്ഷ്യം. എങ്കിലേ ഈ വ്യവസായം വളരൂ. ഓരോ മലയാളിക്കും മനസിലാകണം എന്താണ് പോഡ്കാസ്‌റ്റെന്ന്.’
സംരംഭകത്വമെന്ന വികാരം
എന്തിനാണ് നമ്മള്‍ ഒരു കാര്യം ചെയ്യുന്നതെന്ന അടിസ്ഥാനപരമായ ബോധ്യവും അതിനുള്ള ഉത്തരവും ഒരു സംരംഭകന് വേണം. അതിന് പറ്റിയില്ലെങ്കില്‍ നിങ്ങള്‍ വലിയ പ്രശ്‌നത്തിലാകുമെന്നും അങ്ങനെയെങ്കില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങരുതെന്നും രാഹുല്‍ പറയുന്നു. ‘എന്ത് വന്നാലും ഞാന്‍ സര്‍വൈവ് ചെയ്യുമെന്ന അമിതമായ ആത്മവിശ്വാസം തന്നെ വേണം.’
ഈ ആശയം മുന്‍നിര്‍ത്തിയാണ്, പോഡ്കാസ്റ്റിങ്ങിലൂടെ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് രാഹുല്‍ പദ്ധതിയിടുന്നത്. ‘നിരവധി പ്രശ്‌നങ്ങളുണ്ട് സമൂഹത്തില്‍. അതിന് ചെറിയൊരു സൊലൂഷനായി പോഡ്കാസ്റ്റിങ്ങിനെ മാറ്റുകയാണ് ലക്ഷ്യം. കഥപറയലിന്റെ ശക്തിയിലാണ് ഞാന്‍ ആത്യന്തികമായി വിശ്വസിക്കുന്നത്. സ്റ്റോറി ടെല്ലിങ് ഇല്ലാത്തതിന്റെ പ്രശ്‌നമാണ് എല്ലായിടത്തും കാണുന്നത്. ആള്‍ക്കാര്‍ക്ക് കഥയുണ്ടാക്കിക്കൊടുക്കുക. കഥയിലൂടെ ഒരു സാമൂഹ്യ, സാംസ്‌കാരിക വിപ്ലവം കൊണ്ടുവരണം. അതിനുള്ള ഉപകരണമാണ് സ്റ്റോറിയോ.’
മലയാളികള്‍ കാശ് മുടക്കുമോ?
പോഡ്കാസ്റ്റുകള്‍ക്കായി മലയാളി കശ്മുടക്കുമോയെന്ന ചോദ്യത്തിന് ഞങ്ങള്‍ റെവന്യൂ പോസിറ്റീവാണ് ഇപ്പോള്‍ എന്നായിരുന്നു രാഹുലിന്റെ മറുപടി.’ഒരാള്‍ക്ക് കാശ് തന്ന് കണ്ടന്റ് കേള്‍ക്കാമെങ്കില്‍ അത് മറ്റുള്ളവര്‍ക്കും സാധ്യമാണ്. അതാണ് ഞങ്ങളുടെ യുക്തി. എന്നാല്‍ അതിന് പോഡ്കാസ്റ്റുകളെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം ആവശ്യമാണ്,’ അദ്ദേഹം പറയുന്നു.
കാശ് മുടക്കി സിനിമ കാണാമെങ്കില്‍ നിലവാരമുള്ള പോഡ്കാസ്റ്റുകള്‍ക്കും കാശ് മുടക്കാം. അതിനാല്‍ ഓഡിയോ കണ്ടന്റിന് മലയാളികള്‍ കാശ് മുടക്കുമോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നാണ് രാഹുലിന്റെ പക്ഷം.
ലക്ഷക്കണക്കിന് പേര്‍ ഇപ്പോള്‍ സ്‌റ്റോറിയോ ശ്രോതാക്കളാണ്. അതില്‍ കുറച്ച് ശതമാനം പേര്‍ പ്രീമിയം കണ്ടന്റ് വാങ്ങിക്കുന്നുമുണ്ട്. അത് കൂടുതല്‍ വിപുലപ്പെടുത്താനാണ് രാഹുലും സംഘവും ലക്ഷ്യമിടുന്നത്.
പോഡ്കാസ്റ്റിങ്ങിലൂടെ അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് കുതിക്കുന്നതിനായി പുതിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്റ്റോറിയോ ശ്രമിക്കുന്നുണ്ട്.