‘പോക്കറ്റ് കാലിയായി, ഇനിയെല്ലാം അടുത്ത മാസം ശമ്പളം വന്നതിന് ശേഷം’. പണ്ടുകാലത്ത് എല്ലാ മാസവും പകുതിയോടെ കേട്ടുതുടങ്ങുന്ന സ്ഥിരം പല്ലവിയാണിത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വരവോടെ ഈ ആവലാതി പറച്ചില്‍ പലരുമങ്ങ് നിര്‍ത്തി. പണം കയ്യിലില്ലെങ്കിലെന്താ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് കാര്യമെല്ലാം നടക്കുമല്ലോ, പിന്നെന്തിന് ആവശ്യങ്ങള്‍ മാറ്റിവെക്കണമെന്നാണ് അവര്‍ ചോദിക്കുന്നത്. കാര്യം ശരിയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറെ ഉപകാരപ്രദമാണ്. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ് ബാക്കുകള്‍, ഡിസ്‌കൗണ്ട് തുടങ്ങിയ ആകര്‍ഷകങ്ങളും ഉണ്ട്. പക്ഷേ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കടക്കെണിയിലേക്കാകും ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുക. മാത്രമല്ല, നമ്മള്‍ അറിയാത്ത പല സംഗതികളും ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറകില്‍ ഉണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം.
1. പലതരം ഫീസുകള്‍
പ്രവേശന ഫീസ്, വാര്‍ഷിക ഫീസ്, പുതുക്കല്‍ ഫീസ് തുടങ്ങി പല ഫീസുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ബാധകമാണ്. വിവിധ തരം കാര്‍ഡുകള്‍, ഉപയോക്താവിന്റെ പ്രൊഫൈല്‍ എന്നിവയ്ക്കനുസരിച്ച് ഫീസുകള്‍ വ്യത്യാസപ്പെടാം.
2. ഫിനാന്‍സ് ചാര്‍ജ്, അഡ്വാന്‍സ്/ പിന്‍വലിക്കല്‍ ഫീസ്
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളുടെ കുടിശ്ശിക കൃത്യമായി തിരിച്ചടയ്ക്കാത്തവരെ കാത്തിരിക്കുന്ന ചാര്‍ജാണ് ഫിനാന്‍സ് ചാര്‍ജ്. കുടിശ്ശികകള്‍ക്ക് 23-49 ശതമാനം വരെ ഫിനാന്‍സ് ചാര്‍ജാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്നത്. കുടിശ്ശികയ്ക്ക് മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിനും ഫിനാന്‍സ് ചാര്‍ജ് ബാധകമാണ്. ഫിനാന്‍സ് ചാര്‍ജിന് പുറമേ അഡ്വാന്‍സ്/ പിന്‍വലിക്കല്‍ ഫീസും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈടാക്കും. പിന്‍വലിച്ച തുകയുടെ രണ്ടര ശതമാനത്തോളം വരുമിത്. അതുകൊണ്ട് അത്യാവശ്യമെങ്കില്‍ മാത്രമേ എടിഎമ്മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാവൂ.
3. തിരിച്ചടവ് വൈകിയാലും ഫീസ്
നിശ്ചിത ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടച്ചില്ലെങ്കില്‍ ലേറ്റ് പേയ്‌മെന്റ് ഫീസ് എന്ന ബാധ്യതയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പല കമ്പനികളും വ്യത്യസ്ത രീതിയിലാണ് ഇത് ഈടാക്കുന്നത്. ബില്‍ തുകയും ഇതിന് അടിസ്ഥാനമാണ്. മുഴുവന്‍ കുടിശ്ശികയും അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ചെങ്കിലും അടച്ചാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാം.
4. ക്രെഡിറ്റ് പരിധി വിട്ടാല്‍ ഓവര്‍ലിമിറ്റ് ഫീസ്
എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പണം കടം നല്‍കുന്നതിന് ഒരു പരിധിയുണ്ട്. ആ പരിധി ലംഘിച്ചാല്‍ ഓവര്‍ലിമിറ്റ് ഫീസ് നല്‍കേണ്ടി വരും. മിക്കവാറും അധികം വന്ന തുകയുടെ 2.5 ശതമാനമാണ് ഓവര്‍ലിമിറ്റ് ഫീസ് ആയി നല്‍കേണ്ടി വരിക. ഇതൊഴിവാക്കാന്‍ ക്രെഡിറ്റ് ലിമിറ്റ് കൂട്ടാന്‍ അവസരമുണ്ട്.
5. വിദേശ പണമിടപാടുകള്‍ക്ക് വേറെയും ഫീസ്
ഫോറിന്‍ കറന്‍സി മാര്‍ക് അപ് ഫീസ് എന്ന ഒരു നൂലാമാലയും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുണ്ട്. ഓണ്‍ലൈനോ ഓഫ്‌ലൈനോ ആയുള്ള വിദേശ പണമിടപാടുകള്‍ക്കാണ് ഇത് ബാധകം. സ്ഥിരമായി വിദേശ പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രീപ്പെയ്ഡ് ഫോറെക്‌സ് കാര്‍ഡ്, മള്‍ട്ടി കറന്‍സി ഫോറെക്‌സ് കാര്‍ഡ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്
മുന്‍ഗണന സ്വന്തം ആവശ്യങ്ങള്‍ക്ക്, ആനുകൂല്യങ്ങളിലും കണ്ണ് വേണം
സ്വന്തം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വേണം ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍. കുടിശ്ശിക കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ കടത്തില്‍ മുങ്ങുമെന്ന ബോധ്യം എപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഉണ്ടാകണം. നമ്മള്‍ ചിലവഴിക്കുന്ന തുക മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന പല ഫീസുകളും ക്രെഡിറ്റ് കാര്‍ഡിലുണ്ടെന്ന കാര്യം മറക്കരുത്. മാത്രമല്ല, റിവാര്‍ഡ് പോയിന്റ്‌സ്, ഡിസ്‌കൗണ്ടുകള്‍, കാഷ് ബാക്, വൗച്ചറുകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കേണ്ടത്.