സ്വന്തമായി ഒരു വീടെന്ന നിങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും നല്ല സമയമാണ് മുമ്പിലുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പലിശയിളവുകള്‍ ഭവന വായ്പയ്ക്കും ബാധകമാണ്. ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കി ഭവന വായ്പകള്‍ തേടുന്നവരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകളും.
ഭവന വായ്പ എടുക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഏത് ബാങ്കില്‍ നിന്നെടുക്കും എന്നതാണ് ആദ്യത്തെ പ്രശ്‌നം. വളരെ ശ്രദ്ധിച്ചെടുക്കേണ്ട തീരുമാനമാണിത്. പത്തോ ഇരുപതോ അതിലധികമോ വര്‍ഷത്തേക്കാണ് മിക്കവരും ഭവന വായ്പകള്‍ എടുക്കുന്നത്. അതിനാല്‍ തന്നെ വിവിധ ബാങ്കുകള്‍ നല്‍കുന്ന ഓഫറുകളിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും നിങ്ങളുടെ ബാധ്യതയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. പലിശ നിരക്ക്, വായ്പാതുക, പ്രോസസിംഗ് ഫീസുകള്‍, ആവശ്യമായ ഡോക്യുമെന്റുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചു വേണം ബാങ്കിനെ തെരഞ്ഞെടുക്കാന്‍. വായ്പയെടുക്കാനുള്ള നിങ്ങളുടെ താല്‍പ്പര്യം മനസിലാക്കി കഴിഞ്ഞാല്‍ ബാങ്കുകളിലെ വായ്പാ ഇടപാടുകാര്‍ രംഗത്തെത്തും. ആദ്യത്തെ ഓഫറില്‍ തന്നെ വീഴാതെ, വിവിധ ബാങ്കുകളിലെ ഭവന വായ്പകളെ കുറിച്ച് വിശദമായി മനസിലാക്കിയിട്ടേ ബാങ്കിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താവൂ.
ഭവന വായ്പയ്ക്കുള്ള നടപടിക്രമങ്ങളില്‍ വസ്തുവിന്റെ മൂല്യനിര്‍ണ്ണയം പ്രധാനമാണ്. ബാങ്ക് നിയോഗിക്കുന്ന ഏജന്‍സികളോ ബാങ്ക് ഉദ്യോഗസ്ഥരോ ആണ് മൂല്യനിര്‍ണയത്തിനെത്തുക. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പാതുക നിശ്ചയിക്കുക. സാധാരണയായി വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പത് മുതല്‍ തൊണ്ണൂറ് ശതമാനം വരെ വായ്പ അനുവദിക്കാറുണ്ട്. വായ്പയെടുക്കുന്നവരുടെ വരുമാനം, സിബില്‍ സ്‌കോര്‍ തുടങ്ങിയവയും വായ്പാതുകയ്ക്ക് മാനദണ്ഡമാണ്.
ഏറ്റവും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ നിന്നാണ് സാധാരണയായി ആളുകള്‍ വായ്പയെടുക്കാറ്. പലിശനിരക്കിലെ നേരിയ വ്യത്യാസം പോലും തിരിച്ചടവിനെ സ്വാധീനിക്കും. ഭവന വായ്പകളിലെ മറ്റൊരു നൂലാമാലയാണ് ലോണിനായി ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ട ഡോക്യുമെന്റുകള്‍. വിവിധയിടങ്ങളില്‍ നിന്നായി സംഘടിപ്പിക്കേണ്ട ഈ ഡോക്യുമെന്റുകള്‍ യഥാര്‍ത്ഥത്തില്‍ ആളുകളെ വട്ടം ചുറ്റിക്കും. ഏതൊക്കെ ഡോക്യുമെന്റുകള്‍ വേണമെന്നത് ആദ്യം തന്നെ അറിഞ്ഞുവെക്കണം. പിന്നീട് ഇവ ഓരോന്നായി സംഘടിപ്പിക്കണം. ചില രേഖകള്‍ക്ക് കാലാവധി ഉണ്ടായിരിക്കും. അതുകൊണ്ട് മറ്റ് ഡോക്യുമെന്റുകളെല്ലാം ശരിയാക്കിയതിന് ശേഷം വേണം ഇവയ്ക്കായി അപേക്ഷിക്കാന്‍.
ഭവന വായ്പയെടുക്കുമ്പോള്‍ തുടക്കത്തില്‍ നമ്മള്‍ വിട്ടുകളയുകയും ഒടുവില്‍ നമ്മെ ഞെട്ടിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രോസസിംഗ് ചാര്‍ജ്. പലിശ, വായ്പാതുക ഇവ മാത്രം നോക്കിയായിരിക്കും നാം വായ്പയ്ക്ക് അപേക്ഷിക്കുക. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും പ്രോസസിംഗ് ചാര്‍ജ് ഇനത്തില്‍ നല്ലൊരു തുക പോകുമെന്ന് മനസിലാക്കുക. ഉയര്‍ന്ന പ്രോസസിംഗ് ചാര്‍ജ് കണ്ട് അവസാനഘട്ടത്തില്‍ ലോണ്‍ വേണ്ടന്നുവെക്കുന്നവരും ഉണ്ട്. അതിനാല്‍ ആദ്യം തന്നെ പ്രോസസിംഗ് ചാര്‍ജ് എത്രയാണെന്ന് ക്യത്യമായി ചോദിച്ചറിയണം. വായ്പ ലഭിക്കാന്‍ എത്ര കാലതാമസം എടുക്കും, തവണകളായാണോ ലഭിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ വീടുപണി ആരംഭിക്കാവൂ.
