കീടനാശിനികളുടെ ദൂഷ്യഫലങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദ അഗ്രി സ്‌പ്രെയര്‍ വികസിപ്പിച്ച പത്താംക്ലാസുകാരിയെ തേടി ദേശീയ അംഗീകാരം. ശാസ്ത്ര, വ്യാവസായിക ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍) ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്നവേഷന്‍ അവാര്‍ഡില്‍ മൂന്നാംസ്ഥാനമാണ് കര്‍ണാടകയിലെ പുട്ടൂര്‍ സ്വദേശിയായ നേഹ സ്വന്തമാക്കിയത്.
കീടനാശിനി പ്രയോഗം മൂലം തന്റെ നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരത്തിലൊരു ഉപകരണം വികസിപ്പിക്കാന്‍ നേഹയെ പ്രേരിപ്പിച്ചത്. കേവലം മുപ്പത് കിലോഗ്രാം ഭാരം വരുന്ന, ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഈ അഗ്രി സ്‌പ്രെയര്‍ കര്‍ഷകരുടെ സമയവും ഊര്‍ജവും ലാഭിക്കുമെന്ന് മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന കീടനാശിനി തളിക്കല്‍ എളുപ്പമാക്കുകയും ചെയ്യും. 2018ല്‍ നെക്‌സ്‌പ്ലോറേഴ്‌സ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്തപ്പോഴാണ് നേഹയുടെ മനസില്‍ ഇത്തരമൊരു ആശയം ഉദിച്ചത്. ഫംഗസ്ബാധ തടയാന്‍ വര്‍ഷാവര്‍ഷം കമുകുകളില്‍ ബോര്‍ഡോ മിശ്രിതം അടിക്കുക വഴി നാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് അറിയാന്‍ ഇട വന്നപ്പോള്‍ തന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഈ മിടുക്കി മുന്നിട്ടിറങ്ങുകയായിരുന്നു. ഇന്നവേഷന്‍ ചലഞ്ച് തന്റെ കണ്ടുപിടിത്തത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നുവെന്ന് നേഹ പറയുന്നു. മാതാപിതാക്കള്‍, നാട്ടിലെ കര്‍ഷകര്‍, സ്‌കൂളിലെ അടല്‍ തിങ്കറിംഗ് ലാബ്, നെക്‌സ്‌പ്ലോറേഴ്‌സ് എന്നിവരും നേഹയ്ക്ക് വേണ്ട ഉപദേശങ്ങളും സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
അഗ്രി സ്‌പ്രെയറിന്റെ പ്രവര്‍ത്തനം
കീടനാശിനി തളിക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണയായി മൂന്നാളുകള്‍ വേണ്ടിവരും. കീടനാശിനിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമെന്ന് മാത്രമല്ല, കുറേയേറെ കീടനാശിനി പാഴായിപ്പോകുകയും ചെയ്യും. കൂടുതല്‍ അധ്വാനം, സാമ്പത്തികനഷ്ടം എന്നിവയും ഇതിന്റെ കോട്ടങ്ങളാണ്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് നേഹ തന്റെ അഗ്രി സ്‌പ്രെയര്‍ വികസിപ്പിച്ചിട്ടുള്ളത്. മനുഷ്യാധ്വാനം വളരെ കുറച്ച് മതിയെന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വീട്ടില്‍ തന്നെ ലഭ്യമായതും ഉപയോഗശൂന്യവുമായ വസ്തുക്കള്‍ മാത്രമാണ് അഗ്രി സ്‌പ്രെയര്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉന്തിക്കൊണ്ട് പോകാവുന്ന വണ്ടിയിലാണ് ഈ സ്‌പ്രെയര്‍ ഘടിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ കൃഷിയിടങ്ങളിലൂടെ എളുപ്പത്തില്‍ കൊണ്ടുപോകാനാകും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ സ്‌പ്രെയര്‍ തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കീടനാശിനിക്ക് പുറമേ കളനാശിനി തളിക്കുന്നതിനും നെല്ല്, ഗോതമ്പ് പാടങ്ങള്‍, റബ്ബര്‍, കശുമാവിന്‍ തോട്ടം എന്നിവിടങ്ങളില്‍ ജൈവ കീടനാശിനികള്‍ തളിക്കുന്നതിനും ഈ ഉപകരണം ഉപയോഗിക്കാം.
പഠനത്തിരക്കുകളെല്ലാം മാറ്റിവെച്ച് നിരവധി പരീക്ഷണങ്ങള്‍ക്കും ടെസ്റ്റിംഗിനുമൊടുവിലാണ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു പ്രോട്ടോടൈപ്പ് നേഹ വികസിപ്പിച്ചത്. പത്താംക്ലാസിലാണെങ്കിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കൊച്ചുമിടുക്കിക്ക് പദ്ധതിയില്ല. ഇപ്പോള്‍ വികസിപ്പിച്ച ഉപകരണത്തേക്കാള്‍ ചെറുതും പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മറ്റൊരു സ്‌പ്രെയറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ നേഹ. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് പഠനവും പരീക്ഷണങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കുന്നതെന്ന് നേഹ പറയുന്നു.