Agri

പ്രായം ഒന്നിനും തടസ്സമല്ല! 105ാം വയസിലും ജൈവകൃഷിയില്‍ സജീവമായി പാപ്പാമ്മാള്‍

105-ാം വയസിലും രണ്ടര ഏക്കര്‍ വരുന്ന തന്റെ ജൈവ കൃഷിയിടത്തില്‍ സജീവമാണ് തമിഴ്‌നാട്ടിലെ ആദ്യകാല കര്‍ഷകരിലൊരാളായ പാപ്പാമ്മാള്‍

പ്രായം ഒരു നമ്പറല്ലേ എന്ന് വീമ്പടിക്കുമ്പോഴും ശാരീരിക അധ്വാനം വേണ്ടിവരുന്ന പണികളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെയുള്ളവരെല്ലാം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ പാപ്പാമ്മാളിന്റെ (രാജാമ്മാള്‍) ജീവിതത്തെ കുറിച്ചും അവരുടെ ശീലങ്ങളെ കുറിച്ചും അറിയണം. 105-ാം വയസിലും രണ്ടര ഏക്കര്‍ വരുന്ന തന്റെ ജൈവ കൃഷിയിടത്തില്‍ സജീവമാണ് തമിഴ്‌നാട്ടിലെ ആദ്യകാല കര്‍ഷകരിലൊരാളായ പാപ്പാമ്മാള്‍. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം.

Advertisement

പിന്നിട്ട വഴികള്‍

1914ല്‍ തമിഴ്‌നാട്ടിലെ ദേവളപുരത്ത് ജനിച്ച പാപ്പമ്മാള്‍ ഈ ജീവിതകാലത്തിനിടയ്ക്ക് രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനും നിരവധി പ്രകൃതി ദുരന്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കും. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പാപ്പാമ്മാള്‍ മുത്തശ്ശിക്കൊപ്പമാണ് വളര്‍ന്നത്. ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ലാത്ത താന്‍ കണക്കിന്റെ ബാലപാഠങ്ങള്‍ മനസിലാക്കിയത് അക്കാലത്തെ പല കളികളിലൂടെയും ആയിരുന്നുവെന്ന് പാപ്പാമ്മാള്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്ന അവര്‍ കൃഷിയെ കുറിച്ച് പഠിക്കാനാണ് ഏറെ സമയവും ചിലവിട്ടിരുന്നത്. മുത്തശ്ശി മരിച്ചപ്പോള്‍ തന്നിലേക്ക് വന്നുചേര്‍ന്ന പലചരക്ക് കടയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച തുക കൊണ്ട് പത്തേക്കര്‍ ഭൂമിയാണ് പാപ്പാമ്മാള്‍ വാങ്ങിയത്. ഇവിടെ വീട്ടിലേക്കാവശ്യമായ ചോളം, വിവിധതരം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്തു. പിന്നീട് പത്തേക്കര്‍ ഭൂമിയിലെ കൃഷികാര്യങ്ങള്‍ നോക്കിനടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ഭാഗം വിറ്റു. ഇപ്പോഴും രണ്ടര എക്കര്‍ ഭൂമിയില്‍ പാപ്പാമ്മാള്‍ ജൈവ കൃഷി നടത്തുന്നുണ്ട്. ഇവിടുത്തെ മുഴുവന്‍ കാര്യങ്ങളിലും പാപ്പാമ്മാളിന്റെ കണ്ണും മെയ്യും എത്താറുണ്ട്.

കൃഷി പഠിക്കാന്‍ കൊളെജിലേക്ക്

കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം സ്വന്തമാക്കിയിട്ടുണ്ട് പാപ്പാമ്മാള്‍. അത് എപ്പോഴാണെന്ന് ചോദിച്ചാല്‍ കുറേക്കാലം മുമ്പെന്നാണ് മറുപടി. എന്നാല്‍ വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ സംശയം ചോദിക്കാതിരുന്ന ഒരു ക്ലാസ് പോലും ഉണ്ടായിരുന്നില്ലെന്ന് പാപ്പാമ്മാള്‍ കൃത്യമായി ഓര്‍ക്കുന്നു. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ സര്‍വ്വകലാശാലയില്‍ ചാര്‍ജെടുക്കുന്ന വൈസ് ചാന്‍സലര്‍മാര്‍ ആദ്യകാല കര്‍ഷക ആയിട്ടാണ് പാപ്പാമ്മാളിനെ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല സര്‍വ്വകലാശാല നടത്തുന്ന സംവാദങ്ങളില്‍ പ്രത്യേക ക്ഷണിതാവായും പാപ്പാമ്മാള്‍ എത്താറുണ്ട്. ഇതിനിടയില്‍ രാഷ്ട്രീയത്തിലും പാപ്പാമ്മാള്‍ ഒരു കൈ നോക്കിയിട്ടുണ്ട്. 1959ല്‍ തെക്കാംപട്ടി പഞ്ചായത്തിന്റെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ മറ്റൊരു നാഴികകല്ലാണ്. തമിഴ്‌നാട്ടിലെ കാര്‍ഷികരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ പാപ്പമ്മാള്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണ്. അഞ്ചുവര്‍ഷം മുമ്പ് നൂറാംപിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ആ ആഘോഷത്തില്‍ പങ്കുകൊണ്ടു. ഇന്നും തന്നോട് സംസാരിക്കാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും ആളുകള്‍ തടിച്ചുകൂടാറുണ്ടെന്ന് തമിഴ്‌നാട്ടിലെ ആദ്യകാല കര്‍ഷകരിലൊരാളായ പാപ്പാമ്മാള്‍ അഭിമാനത്തോടെ പറയുന്നു. ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതി ആയിരുന്ന ആര്‍ വെങ്കിട്ടരാമന്റെ ക്ഷണപ്രകാരം രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചതും താജ്മഹല്‍ കണ്ടതും പാപ്പാമ്മാള്‍ ഇന്നും ഓര്‍ക്കുന്നു.

പ്രചോദനമാക്കണം ഈ ജീവിതം

ഇന്നത്തെ കാലത്ത് ആളുകള്‍ അമ്പതാം വയസില്‍ ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമിക്കുമ്പോഴാണ് പാപ്പാമ്മാള്‍ 105ാം വയസിലും തന്റെ കൃഷിയിടത്തില്‍ ചുറുചുറുക്കോടെ ഓടിനടക്കുന്നത്. തന്റെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ കൃഷിയോടുള്ള ഇഷ്ടമെന്ന ഒറ്റ മറുപടിയേ അവര്‍ക്കുള്ളു. യുവ തലമുറ പെട്ടന്ന് ഫലം തരുന്നവയുടെ പിറകേ ആണെന്നും ജൈവകൃഷിക്കായി അവര്‍ സമയം ചിലവഴിക്കുന്നില്ലെന്നും തമിഴ്‌നാട്ടിലെ ജൈവകൃഷിരീതികളുടെ മുന്‍നിര പോരാളികളിലൊരാളായ ഈ മുത്തശ്ശിക്ക് പരാതിയുണ്ട്. പ്രായമൊന്നിനും ഒരു തടസ്സമല്ലെന്നും കഠിനാധ്വാനത്തിന് പകരമായി മറ്റൊന്നുമില്ലെന്നും തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പാപ്പാമ്മാള്‍ അടിവരയിട്ട് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top