കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള തിരിച്ചടികള്‍ക്ക് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര. അടിസ്ഥാനപരമായ മാറ്റങ്ങളെ തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥ കൂടുതല്‍ പക്വത കൈവരിക്കുമെന്നും രാജ്യത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ ചിലവുകള്‍ നിയന്ത്രിക്കാന്‍ പഠിക്കുമെന്നും ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ ഖാര പറഞ്ഞു.
”അടുത്ത വര്‍ഷം ഏപ്രിലോടെ സമ്പദ് വ്യവസ്ഥ തിരിച്ചുകയറാന്‍ തുടങ്ങും. അടിസ്ഥാനപരമായ മാറ്റങ്ങളും സാമ്പത്തികരംഗത്ത് പ്രകടമാകും. അവയില്‍ ചിലത് സ്ഥായിയായിരിക്കും. കൊറോണ വൈറസ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറാനുള്ള പ്രവണത സമ്പദ് വ്യവസ്ഥയില്‍ പ്രകടമാണ്. ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിന്റെ അവസാനത്തോടെ തന്നെ ഇത്തരത്തിലുള്ള ശുഭസൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു”.
അതേസമയം കോര്‍പ്പറേറ്റ് മേഖലയുടെ നിക്ഷേപ ആവശ്യങ്ങള്‍ പഴയപടി ആകാന്‍ കുറച്ച് സമയമെടുക്കുമെന്നും ഖാര അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളായ സ്റ്റീല്‍, സിമന്റ് തുടങ്ങിയവ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കയറ്റുമതി വിപണികളെ ലക്ഷ്യം വയ്ക്കുന്ന തരത്തിലേക്ക് അവ വളര്‍ന്നുകഴിഞ്ഞുവെന്നും ഖാര പറഞ്ഞു.