നിക്ഷേപത്തെ കുറിച്ചും ഇന്‍ഷുറന്‍സിനെ കുറിച്ചും നമ്മുടെ സമൂഹത്തില്‍ പല അബദ്ധ ധാരണകളും ഉണ്ട്. ഇവ രണ്ടിനേയും ഒരേ രീതിയില്‍ സമീപിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നതാണ് സത്യം. എവിടെയെങ്കിലും പണം നിക്ഷേപിച്ചാല്‍ ഒരുനാള്‍ നമുക്ക് തന്നെ അത് തിരിച്ചുലഭിക്കുമെന്നതാണ് നിക്ഷേപത്തിന്റെ പ്രത്യേകത. എന്നാല്‍ ഇന്‍ഷുറന്‍സ് അങ്ങനെയല്ല. അപകട സാധ്യത മുന്‍നിര്‍ത്തി നമ്മുടെ ആശ്രിതരുടെ സുരക്ഷയ്ക്കായി നാം എടുക്കുന്ന കരുതലാണത്. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്നിരിക്കട്ടെ അതിന്റെ ഗുണം നിങ്ങള്‍ക്കൊരിക്കലും ലഭിക്കാന്‍ പോകുന്നില്ല. പക്ഷേ, അപ്രതീക്ഷിതമായി നിങ്ങള്‍ക്കൊരു ആപത്ത് സംഭവിച്ചാല്‍ നിങ്ങളുടെ കുടുംബത്തിനൊരു സാമ്പത്തിക സുരക്ഷ ഒരുക്കാന്‍ അതുകൊണ്ടാകും. അതുകൊണ്ട് ഇന്‍ഷുറന്‍സും നിക്ഷേപവും തീര്‍ത്തും രണ്ടാണെന്ന ബോധ്യത്തോടെ വേണം അവയെ സമീപിക്കാന്‍.
ഇനി നമുക്ക് അപകടം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയ പണം വെറുതേ പോകില്ലേ എന്ന ആശങ്കയില്‍ നമുക്ക് നേട്ടമുണ്ടാ്കുന്ന പോളിസികളാണ് നിക്ഷേപകര്‍ തേടാറുള്ളത്. അത്തരക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് ടേം ഇന്‍ഷുറന്‍സ്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ആകര്‍ഷകമായ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനം
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിങ്ങള്‍ അടയ്ക്കുന്ന മുഴുവന്‍ തുകയും നിങ്ങളുടെ നിക്ഷേപമായി കരുതാനാകില്ല. ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്.
1. ചിലവുകള്‍ ( ഏജന്റുമാരുടെ കമ്മീഷന്‍, ചിലവുകള്‍ വിതരണ ചിലവുകള്‍ അടക്കം)
2. മോര്‍ട്ടാലിറ്റി പ്രീമിയം
3. നിക്ഷേപത്തുക
ഏതൊരു ഇന്‍ഷുറന്‍സ് പ്ലാനുകളുടെയും ആദ്യ വര്‍ഷത്തില്‍ നിങ്ങള്‍ അടയ്ക്കുന്ന തുകയുടെ വലിയൊരു ഭാഗം ഏജന്റുമാരുടെ കമ്മീഷന്‍ ഇനത്തിലേക്കാണ് പോകുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞുവരും.
തുടക്കക്കാര്‍ ശ്രദ്ധിക്കണം
ഇന്‍ഷുറന്‍സ് പ്ലാനുകളെ കുറിച്ച് കാര്യമായ അറിവില്ലാത്തവരില്‍ നിന്നും ഏജന്റുമാര്‍ ടേം ഇന്‍ഷുറന്‍സ് പദ്ധതികള്‍ മറച്ചുവെക്കാറുണ്ട്. തങ്ങളുടെ അന്നം കമ്മീഷന്‍ തുകയായതിനാല്‍ കീശ വീര്‍പ്പിക്കാന്‍ പറ്റുന്ന പ്ലാനുകളെ കുറിച്ചായിരിക്കും ഇവര്‍ കൂടുതലായി സംസാരിക്കുക. ഏജന്റുമാരെ കണ്ണടച്ചങ്ങ് വിശ്വസിക്കാതിരിക്കുകയാണ് അടുത്ത കാര്യം. അവര്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങള്‍ ഉണ്ടാകും. അത്തരം താല്‍പ്പര്യങ്ങള്‍ അവര്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ഏറ്റവും മികച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആയിരിക്കണം നാം തെരഞ്ഞെടുക്കേണ്ടത്.
About The Author
