Top Story

സംരംഭകത്വവും നിക്ഷേപവും; നിക്ഷേപ സമാഹരണം എളുപ്പമാക്കാം

തുടക്കത്തില്‍ സ്വന്തം പണം കൊണ്ട് ബിസിനസ് ആരംഭിച്ചാലും ബിസിനസ് വിപുലപ്പെടുത്തേണ്ട ഘട്ടം വരുമ്പോള്‍ പുറത്ത് നിന്നും നിക്ഷേപം കണ്ടെത്തേണ്ടതായി വരുന്നു. ഈ അവസ്ഥയില്‍ വിജയസാധ്യതയുള്ളതും സുതാര്യമായതുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് മികച്ച നിക്ഷേപം ലഭിക്കുക.

ബിസിനസിന്റെ ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ സംരംഭകര്‍ക്ക് പുറത്തു നിന്നും നിക്ഷേപം തേടേണ്ടി വരുന്നത് സ്വാഭാവികമാണ്. മറ്റു വ്യക്തികളുടെ പങ്കാളിത്തത്തിലൂടെയോ, വായ്പ വഴിയോ, അതുമല്ലെങ്കില്‍ ഓഹരി വില്‍പനയിലൂടെയോ ഒക്കെ പല വഴിക്ക് നിക്ഷേപം കണ്ടെത്തുന്നു. തുടക്കത്തില്‍ സ്വന്തം പണം കൊണ്ട് ബിസിനസ് ആരംഭിച്ചാലും ബിസിനസ് വിപുലപ്പെടുത്തേണ്ട ഘട്ടം വരുമ്പോള്‍ പുറത്ത് നിന്നും നിക്ഷേപം കണ്ടെത്തേണ്ടതായി വരുന്നു. ഈ അവസ്ഥയില്‍ വിജയസാധ്യതയുള്ളതും സുതാര്യമായതുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് മികച്ച നിക്ഷേപം ലഭിക്കുക.

Advertisement

ബിസിനസിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇത്തരത്തില്‍ നിക്ഷേപ സമാഹരണം നടത്താന്‍ സംരംഭകന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തുടക്കം മുതല്‍ അക്കാര്യത്തില്‍ ശ്രദ്ധാലുവായികരിക്കണം. കമ്പനി സംബന്ധമായ എല്ലാ രേഖകളും കൃത്യമായിരിക്കണം എന്നതാണ് ഏറെ പ്രധാനം. പുതിയ ബിസിനസുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിലാണെന്നാണ് ഫോബ്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കൃത്യമായ നിക്ഷേപത്തിന്റെ അഭാവം തന്നെയാണ്. അതിനാല്‍
ബിസിനസ് വിപുലീകരണത്തിന് പണം കണ്ടെത്താന്‍ വഴികള്‍ തേടുന്ന സംരംഭകര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അളന്ന് വരച്ച് ഒരു എന്‍ജിനീയര്‍ ഒരു കെട്ടിടം പണിയുന്നത് പോലെ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല സംരംഭകത്വം. മികച്ച ആശയം, മാനേജ്‌മെന്റ് വൈദഗ്ദ്യം ഉള്ളവര്‍ തുടങ്ങി അനുകൂലമായ ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരു സംരംഭം വിജയം കാണണമെങ്കില്‍ ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് നിക്ഷേപവും വിപണിയുടെ താല്‍പര്യവും. ഇവ രണ്ടും പരസ്പര പൂരകങ്ങളായ ഘടകങ്ങളാണ്.വിപണിയുടെ താല്‍പര്യവും അവസ്ഥയും പരിഗണിച്ചാണ് ഒരു സംരംഭകന്‍ നിക്ഷേപം കൊണ്ട് വരുന്നത്. വിപണിയുടെ താല്‍പര്യങ്ങള്‍ക്ക് മാറ്റം വരുമ്പോള്‍ അത് ഉല്‍പ്പന്നത്തിലും പ്രതിഫലിക്കണം. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമായി വരും.

ഇത്തരത്തില്‍ മാറ്റത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംരംഭകര്‍ക്ക് മികച്ച ലാഭം നേടാനുമാകും. എന്നാല്‍ വിപണി മാറുന്നതിനനുസരിച്ച് നിക്ഷേപത്തിന്റെ അപര്യാപ്തത മൂലം ഫണ്ടിംഗ് കൊണ്ട് വരാന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ അധികം വൈകാതെ നിലംപൊത്തുകയും ചെയ്യുന്നു. അതിനാലാണ് ഒരു സംരംഭത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അന്ത്യന്താപേക്ഷിതമായ ഘടകമാണ് നിക്ഷേപം എന്ന് പറയുന്നത്. ബിസിനസ് വിപുലീകരണത്തിനായി ഫണ്ട് തേടുമ്പോള്‍ സ്വയം സജ്ജരായിരിക്കുക എന്നതാണ് ഏറെ പ്രധാനം.

1. മികച്ച ആശയം അനിവാര്യം

പുതിയൊരു ബിസിനസ് ആരംഭിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം അടിയുറച്ച ഒരു ആശയം ഉണ്ടായിരിക്കുക എന്നതാണ്. എന്താണ് താന്‍ ബിസിനസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ആരാണ് പൊട്ടന്‍ഷ്യല്‍ കസ്റ്റമര്‍ എന്നും, എത്ര ബഡ്ജറ്റ് വരുമെന്നും എത്ര നാള്‍ കൊണ്ട് കമ്പനി ലാഭത്തിലാകുമെന്നും സംബന്ധിച്ച വ്യക്തമായ പ്ലാന്‍ തയ്യാറാക്കുക. ആരെല്ലാമാണ് മാനേജ്‌മെന്റില്‍ ഉള്ളത്, ഓരോ വ്യക്തികളുടെയും ചുമതലകള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി സൂക്ഷിക്കുക. കമ്പനിയുടെ പുരോഗതി, നയങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, വരുമാനം വരുന്ന വഴി, നിക്ഷേപത്തിന്റെ രീതികള്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ പ്രവര്‍ത്തന രേഖ ആവശ്യമാണ്.

ബിസിനസ് ഭാവിയില്‍ വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ലക്ഷ്യമുണ്ടെങ്കില്‍ അതും മുന്‍കൂട്ടി വ്യക്തമാക്കണം.ഇപ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഒരു നിയമജ്ഞന്റെ സഹായത്തോടെ രേഖകളാക്കി സൂക്ഷിക്കുക. കമ്പനിക്ക് മേല്‍ ഇപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അതും വ്യക്തമാക്കണം. സുത്യാര്യമായ മാനേജ്‌മെന്റ് നയങ്ങളാണ് ഒരു സ്ഥാപനത്തിനാവശ്യം. ഇക്കാര്യങ്ങളിലൂടെയെല്ലാം എത്രമാത്രം ശക്തമായ ആശയമാണ് സ്ഥാപനത്തിനുള്ളതെന്ന് ഒരു നിക്ഷേപകന് മനസിലാക്കാന്‍ കഴിയണം.

2. കരുത്ത് മനസിലാക്കി നിക്ഷേപം തേടുക

പുറത്ത് നിന്നും നിക്ഷേപം സ്വീകരിക്കുമ്പോള്‍ ഒരു സംരംഭകന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. വാങ്ങുന്ന നിക്ഷേപത്തുക ലാഭത്തിലൂടെ മടക്കി നല്‍കുവാന്‍ താന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ അതനുസരിച്ചുള്ള പദ്ധതികള്‍ വേണം നടപ്പിലാക്കാന്‍. അതിനാല്‍ എന്താണ് തന്റെ സ്ഥാപനത്തിന്റെ യുഎസ്പി എന്ന് മനസിലാക്കിയ ശേഷം വേണം നിക്ഷേപം തേടാന്‍. മറ്റു സ്ഥാപനങ്ങളില്‍ നിന്നും തന്റെ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്ന ആ ഘടകം എന്താണെന്നും, പ്രസ്തുത ഘടകത്തെ മുന്‍നിര്‍ത്തി എങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നും മനസിലാക്കിയ ശേഷം മാത്രമേ നിക്ഷേപം തേടിയിറങ്ങാവൂ.

സംരംഭകന് തന്റെ സംരംഭത്തിലുള്ള വിശ്വാസമാണ് പരമ പ്രധാനം. ബിസിനസിന്റെ യുഎസ്പി. ഗുണമേന്മ, ലൊക്കേഷന്‍, പ്രൈസിംഗ് തുടങ്ങി നിങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന, നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ ഇവ എന്നും മികച്ച രീതിയില്‍ സംരക്ഷിക്കുക. ഒപ്പം തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതിനാല്‍ ഇപ്പോഴും ഉപഭോക്തൃ കേന്ദ്രീകൃതമായ രീതിയില്‍ ബിസിനസ് വളര്‍ത്താന്‍ ശ്രമിക്കുക.

3. വ്യക്തമായ വരുമാന മാര്‍ഗം

എപ്പോഴും ലാഭം ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു സ്ഥാപനത്തില്‍ നിക്ഷേപം കൊണ്ട് വരാനായിരിക്കും ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുക. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് ആരും തന്നെ കൂടുതല്‍ പണം നിക്ഷേപിക്കുകയില്ല. അതിനാല്‍ തുടക്കം മുതല്‍ക്ക് സ്ഥാപനത്തിന്റെ വരുമാനമാര്‍ഗം കൃത്യമായി രേഖപ്പെടുത്തണം. വരുമാനത്തിന്റെ വ്യക്തമായ ഒരു ചരിത്രം സൂക്ഷിക്കുക എന്നതാണ് പ്രധാനം. മികച്ച സാമ്പത്തിക ചരിത്രമുള്ള ഇരു സ്ഥാപനത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്കും താല്‍പര്യം വര്‍ധിക്കും. വിജയസാധ്യതകളെപ്പറ്റി കൂടുതല്‍ വാചാലരാകുകയും വേണ്ട.

ആയതിനാല്‍ എല്ലാ ബിസിനസ് ഇടപാടുകളും റിപ്പോര്‍ട്ടുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്‌സ് വഴി റെക്കോഡ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.ഓഡിറ്റിങ്, അകൗണ്ടിംഗ്, നികുതിയടക്കല്‍ എന്നിവ കൃത്യമാക്കി വയ്ക്കുക. നിക്ഷേപം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇക്കാര്യങ്ങള്‍ കൃത്യമായി പിന്തുടരുക. സ്ഥാപനത്തിന് കൃത്യമായ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കുന്നത് ഭാവി വികസനത്തിന് സഹായകമാകും. പല ന്യൂജെന്‍ കമ്പനികളും ഇക്കാര്യത്തില്‍ പിന്നിലാണ്. മികച്ച വരുമാനം വരുന്ന അവസ്ഥയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന മട്ടാണ്. ഇത് ശരിയായ രീതിയല്ല.

4. മികച്ച ബ്രാന്‍ഡ് വാല്യൂ സൂക്ഷിക്കുക

മികച്ച ബ്രാന്‍ഡ് വാല്യൂ സൂക്ഷിക്കുക എന്നതില്‍ ശ്രദ്ധ ചെലുത്തുക. ജനമനസുകളില്‍ പ്രതിഷ്ഠ നേടിയ ഒരു ബ്രാന്‍ഡിനോട് നിക്ഷേപകന് ഒരു പ്രത്യേക താല്‍പര്യമായിരിക്കും. അതിനാലാണ് ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും തുടക്കം മുതല്‍ക്ക് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ ഘടകങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നത്. അത്തരമൊരു അവസ്ഥയില്‍ ഉപഭോക്താക്കളിലേക്ക് ബ്രാന്‍ഡ് കൂടുതലായി ഇറങ്ങിച്ചെല്ലുകയും സ്വീകാര്യത വര്‍ധിക്കുകയും ചെയ്യുന്നു.വിപണിയില്‍ ശ്രദ്ധേയമായിരിക്കുന്ന ബ്രാന്‍ഡുകള്‍ നിക്ഷേപം തേടുമ്പോള്‍ ലഭിക്കാനുള്ള സാധ്യത 40 ശതമാനം കൂടുതലാണ് എന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയ വാല്യൂ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. അതിനാല്‍ നിക്ഷേപം തേടിയിറങ്ങും മുന്‍പ് ബ്രാന്‍ഡ് വാല്യൂ എന്നതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കുക. ആവശ്യമെങ്കില്‍ ബ്രാന്‍ഡ് എക്‌സ്‌പെര്‍ട്ടുകളുടെ സഹായം തേടാവുന്നതാണ്.

5. മികച്ച രീതിയില്‍ അവതരിപ്പിക്കുക

തന്റെ സംരംഭത്തെ നിക്ഷേപകര്‍ക്ക് മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. സംരംഭത്തിന്റെ ആശയം, യുഎസ്പി, ടീം തുടങ്ങി എല്ലാത്തിനെയും കുറിച്ച് പിച്ചിംഗ് ഡോക്യുമെന്റിലൂടെ അല്ലെങ്കില്‍ പിച്ചിംഗ് സെഷനില്‍ നിക്ഷേപകരെ ബോധ്യപ്പെടുത്തണം. ഒരു നിക്ഷേപകന് സംരംഭത്തില്‍ നല്ല താല്‍പര്യം തോന്നുകയും അദ്ദേഹം നിക്ഷേപത്തിന്റെ അവസാന ഘട്ടത്തോട് അടുക്കുകയും ചെയ്യുമ്പോള്‍ ചെയ്യേണ്ട കാര്യമാണിത്. സംരംഭത്തെക്കുറിച്ചും നിലവിലെ സ്ഥിതിയെ പറ്റിയും ലളിതമായി വിവരിക്കുന്നതില്‍ വിജയിക്കണം. വിപണിയിലെ ഒരു പ്രശ്‌നത്തിന് എങ്ങനെ നിങ്ങളുടെ ഉല്‍പ്പന്നം പരിഹാരമാകുന്നു, എന്തൊക്കെയാണ് നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും, നിങ്ങളുടെ ടീം, വിപണി, സാമ്പത്തിക വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം
നിക്ഷേപകരില്‍ താല്‍പ്പര്യം ഉണര്‍ത്തണം പിച്ച് ഡെക്ക്.

വെറുമൊരു റീഡിംഗ് മെറ്റീരിയല്‍ ആക്കാതെ ചാര്‍ട്ട്, ഇമേജ്, ഗ്രാഫിക്‌സ് എന്നിവയൊക്കെ നിക്ഷേപകന് മുന്നിലുള്ള പ്രസേന്റ്റേഷനില്‍ ഉള്‍പ്പെടുത്തണം.വെറുമൊരു റീഡിംഗ് മെറ്റീരിയല്‍ ആക്കാതെ ചാര്‍ട്ട്, ഇമേജ്, ഗ്രാഫിക്‌സ് എന്നിവയുടെ സഹായത്തോടെ പ്രസേന്റ്റേഷന്‍ മികവുറ്റതാക്കാന്‍ സാധിക്കണം. അത് പോലെ തന്നെ അമിതമായ പ്രൊജക്ഷന്‍സ് ആവശ്യമില്ല. എന്താണോ നിജ സ്ഥിതി കാര്യം അത് മാത്രം നിക്ഷേപകരോട് വെളിപ്പെടുത്തുക

6. രേഖകള്‍ കൃത്യമായി സൂക്ഷിക്കുക

ഒരു സ്ഥാപനത്തിന്റെ നിര്‍മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബോര്‍ഡ് മീറ്റിംഗ് മിനിറ്റ്‌സ്, ഇന്‍കോര്‍പ്പറേഷന്‍ ഡോക്യുമെന്റ്‌സ്, ലൈസന്‍സിംഗ് ഡോക്യുമെന്റ്‌സ്, ടോപ് കസ്റ്റമേഴ്‌സ് ലിസ്റ്റ്, വെന്‍ഡര്‍ എഗ്രിമെന്റ്‌സ്, കമ്പനിയുടെ ഉടമസ്ഥ ഘടന, ടാക്‌സ് ഫയലിംഗ് ഡോക്യുമെന്റ്‌സ് തുടങ്ങി എല്ലാ രേഖകളും എപ്പോള്‍ ചോദിച്ചാലും കാണിക്കാന്‍ കഴിയുന്ന രീതിയില്‍ ലഭ്യമാക്കണം.

നല്ലൊരു നിക്ഷേപകന്‍ എപ്പോഴും ലീഗല്‍ ഡോക്യുമെന്റുകള്‍ ആവശ്യപ്പെടും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും മാനേജ് ചെയ്യുവാനും ഒരു ടീമിനെ കമ്പനിക്ക് കീഴില്‍ സജ്ജമാക്കി വക്കണം. പലപ്പോഴും മാനേജ്‌മെന്റ് തലത്തില്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലും ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാം. ഇത്തരത്തിലുള്ള രേഖകള്‍ എല്ലാം കൃത്യമാണെങ്കില്‍ ഇത് നിക്ഷേപം എളുപ്പത്തില്‍ ലഭിക്കാനുള്ള കാരണമാകും. നിക്ഷേപകന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുവാന്‍ ഇത്തരം രേഖകള്‍ക്ക് സാധിക്കും.

7. നിക്ഷേപകന്റെ താല്‍പര്യങ്ങളും അറിയുക

നാം നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നമ്മുടെ സ്ഥാപനം വിപുലപ്പെടുത്തുന്നതിനുമായി മാത്രം നിക്ഷേപകന്‍ കണ്ടെത്തരുത്.ആവശ്യമുള്ള സമയത്ത് ഒരു സംരംഭകന്റെ രക്ഷക്ക് എത്തുന്ന വ്യക്തിയാണ് ഒരു നിക്ഷേപകന്‍. അതിനാല്‍ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണം. അതിലുപരിയായി നിക്ഷേപകന്റെ സ്വഭാവം, ബിസിനസിലെ ചരിത്രം എന്നിവ പഠിക്കണം. ഇതിനകം നിക്ഷേപകന്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ആ ബിസിനസുകളുടെ പ്രകടനവും കൃത്യമായി വിലയിരുത്തുക.

ബിസിനസിലുള്ള നിക്ഷേപകന്റെ പരിചയം കൃത്യമായി പരിഗണിക്കപ്പെടേണ്ട ഒന്നാണ്. സമാനമായ ബിസിനസ് വിജയം നേടിയ വ്യക്തിയാണ് നിക്ഷേപകന്‍ എങ്കില്‍ അദ്ദേഹത്തിന് ആശയപരമായി സംരംഭകനെ പിന്തുണക്കാനാകും. നിക്ഷേപകന്റെ ബിസിനസ് ബന്ധങ്ങളും പ്രൊഫഷണല്‍ യോഗ്യതകളും വിലയിരുത്തുന്നതും ഗുണകരമാകും. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ഉള്ളവയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍ നിന്നുള്ള നിക്ഷേപം പരിഗണിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top