BUSINESS OPPORTUNITIES

ജപ്പാനെ മാതൃകയാക്കാം, കുറിക്കാം പുതുചരിത്രം

ഒരുകാലത്ത് കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തനിക്ക് അര്‍ഹതയില്ലാത്ത എന്തോകാര്യം നേടുന്നതിന് സമമാണെന്ന് കരുതിയിരുന്ന യുവതലമുറ, ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നായാണ് കുടുംബബിസിനസിന്റെ ഭാഗമാകുന്നതിനെ കാണുന്നത്

തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന കുടുംബ ബിസിനസിനെ ഇന്ന് ഏറെ ബഹുമാനത്തോടെയാണ് സംരംഭകരംഗം നോക്കിക്കാണുന്നത്. ഒരുകാലത്ത് കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തനിക്ക് അര്‍ഹതയില്ലാത്ത എന്തോകാര്യം നേടുന്നതിന് സമമാണെന്ന് കരുതിയിരുന്ന യുവതലമുറ, ഇന്ന് തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നായാണ് കുടുംബബിസിനസിന്റെ ഭാഗമാകുന്നതിനെ കാണുന്നത്. മാത്രമല്ല, രാജ്യത്തെ കുടുംബ ബിസിനസുകളില്‍ 89 ശതമാനവും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി പി.ഡബ്‌ള്യൂ.സി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

Advertisement

വൈവിധ്യ വല്‍ക്കരണത്തിലും പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിലും കുടുംബ ബിസിനസുകള്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചു വരികയാണ് എന്ന് സര്‍വേ വ്യക്തമാക്കുന്നു. അതിനാലാണ് കുടുംബ ബിസിനസുകളുടെ വിപുലീകരണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും സംരംഭകരംഗം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. കുടുംബ ബിസിനസുകളുടെ ഭാഗമാകുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട നിരവധിക്കാര്യങ്ങളുണ്ട്. അതുപോലെതന്നെ, കുടുംബബിസിനസുകളില്‍ വിജയം കൊയ്തിട്ടുള്ള മികച്ച രാജ്യങ്ങളുടെ മാതൃകകള്‍ പിന്തുടരുകയുമാകാം. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമതലമുറക്കാരനായതിനാലാണ് താനും ബിസിനസിലേക്ക് ഇറങ്ങിയതെന്ന ചിന്തയെ മനസ്സില്‍ നിന്നും പടിയിറക്കുകയാണ് കുടുംബ ബിസിനസില്‍ തിളങ്ങാന്‍ ആദ്യം ചെയ്യേണ്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബ ബിസിനസ് സംരംഭങ്ങളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം 839 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 111 കുടുംബ ബിസിനസുകളാണ് രാജ്യത്തുള്ളത്. കുടുംബ ബിസിനസ് സംരംഭങ്ങളുടെ അമരത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സംരംഭകരുടെ കൂട്ടത്തില്‍ അംബാനി സഹോദരങ്ങള്‍ മുതല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വരെയുള്ള മഹാരഥന്മാര്‍ ഉള്‍പ്പെടുന്നു. ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോള്‍ കോടീശ്വരപ്പട്ടികയില്‍ ഇടം നേടിയവരാണ് ഇവരാരാരും. കുടുംബ ബിസിനസിനെ ഒന്നിന് പത്ത് എന്ന നിരക്കില്‍ പെരുപ്പിച്ച് കോടികളുടെ സമ്പാദ്യമുണ്ടാക്കിയവരാണ് അംബാനി സഹോദരന്മാരെങ്കില്‍, വരുംതലമുറക്കായി ബിസിനസിന്റെ അനന്ത സാധ്യതകള്‍ സ്വയം സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

പിതാവിന്റെ ആശയത്തിലും വിയര്‍പ്പിലും വളര്‍ന്ന് വലുതായ സംരംഭങ്ങളുടെ ഭാഗമാകുമ്പോള്‍ കുടുംബ ബിസിനസിലെ അന്തരാവകാശികള്‍ ഇരട്ടി ചുമതലയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ജ്യത്തെ കുടുംബ ബിസിനസുകളില്‍ 89 ശതമാനവും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി പി.ഡബ്‌ള്യൂ.സി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഈയവസരത്തില്‍ കുടുംബ ബിസിനസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും കുടുംബ ബിസിനസിനെ അടുത്തതലത്തിലേക്ക് വളര്‍ത്തുന്നതിനായി എന്തെല്ലാം ചെയ്യാനാകും എന്നുമുള്ള ഗവേഷണത്തിലാണ് സംരംഭകലോകത്തെ ഇളം തലമുറ. വിജയ സാധ്യതകള്‍ ഏറെ ആയതിനാല്‍ തന്നെ മറ്റു രാജ്യങ്ങളിലെ വിജയ മാതൃകകള്‍ പിന്തുടര്‍ന്നും ഒഴിവാക്കേണ്ടകാര്യങ്ങള്‍ ഒഴിവാക്കിയും വിജയം നേടുന്നതാണുത്തമം.

കുടുംബ ബിസിനസുകളില്‍ മാതൃകയായി ജപ്പാന്‍

അമേരിക്കയും ചൈനയുമടക്കമുള്ള സംരംഭകത്വത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ കുടുംബ ബിസിനസുകള്‍ ധാരാളമായിട്ടുണ്ടെങ്കിലും കുടുംബ ബിസിനസിലെ മികച്ച മാതൃകകളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്നത് ജപ്പാനാണ്. പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സംരംഭകത്വത്തില്‍ വച്ച് പുലര്‍ത്തുന്ന അച്ചടക്കവും കുടുംബ ബിസിനസുകളോടുള്ള സമീപനവുമാണ് ഇത്തരത്തില്‍ ജപ്പാനെ വ്യത്യസ്തമാക്കുന്നത്.

ഒരു പക്ഷെ ഏറ്റവും പഴക്കമേറിയ കുടുംബ ബിസിനസ് സംരംഭങ്ങളുള്ളത് ജപ്പാനിലായിരിക്കാം 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു ലക്ഷത്തോളം ബിസിനസ് സംരംഭങ്ങള്‍ ജപ്പാനിലുണ്ട് . ഇവയില്‍ തന്നെ നൂറോളം സംരംഭങ്ങള്‍ 600 വര്‍ഷത്തിന് മുകളിലുളളവയാണ്.കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സാരംഭകത്വത്തില്‍ ജാപ്പനീസ് ജനത വച്ചുപുലര്‍ത്തുന്ന അച്ചടക്കത്തിന്റെ നേര്‍ചിത്രമാണിത്.

മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനശൈലി ജപ്പാനിലുള്ള കൊങ്കോ ഗുമി ഗ്രൂപ്പാണ് ലോകത്തിലെ തന്നെ ഏറ്റവും പഴയ കുടുംബ ബിസിനസ് സംരംഭം. 1400 വര്‍ഷത്തെ ചരിത്രമാണ് ഈ സംരംഭത്തിനുള്ളത്. ഉപഭോക്താവുമായി വിശ്വാസ്യതയില്‍ അടിയുറച്ച ബന്ധം സൃഷ്ടിച്ച സംരംഭങ്ങളാണ് ജപ്പാനിലുള്ളത്. ബിസിനസിന്റെ ഈ വിജയമന്ത്രം സംരംഭകത്വത്തിലേക്ക് കടക്കുന്ന ഓരോ തലമുറയും പിന്തുടരുന്നു. എന്തുകൊണ്ട് ജാപ്പനീസ് കുടുംബ ബിസിനസുകള്‍ വിജയകരമാകുന്നു എന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരം അവിടെ ആണ്‍ പെണ്‍ വ്യത്യാസമില്ല എന്നതാണ്.

വനിതകളോ മരുമക്കളോ ആകട്ടെ നേതൃസ്ഥാനത്തെത്താന്‍ കഴിവുള്ളവരായിരിക്കും കുടുംബ ബിസിനസിന്റെ തലപ്പത്തേക്ക് എത്തിച്ചേരുകതന്നെ ചെയ്യും. സ്വന്തം ലാഭത്തിനപ്പുറം തലമുറകള്‍ക്ക് അപ്പുറത്തേക്ക് സംരംഭത്തെ വളര്‍ത്താനാണ് ജപ്പാനില്‍ പുതുതായിത്തുടങ്ങുന്ന ഓരോ സ്ഥാപനവും ഊന്നല്‍ കൊടുക്കുന്നത്. സാമ്പത്തികാഭിവൃദ്ധി മാത്രം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന കുടുംബ ബിസിനസുകള്‍ക്ക് അല്‍പായുസ്സാണുള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു. ജാപ്പനീസ് മാതൃക പിന്തുടര്‍ന്ന് ബിസിനസ് വിജയം നേടാന്‍ ആഗ്രഹിക്കുന്ന കുടുംബ സംരംഭങ്ങള്‍ ജപ്പാന്‍കാരുടെ ഈ 5 കുടുംബ ബിസിനസ് തന്ത്രങ്ങള്‍ കൂടി ശ്രദ്ധിക്കുക..

പൂര്‍ണമായും പഠിച്ചശേഷം മാത്രം ചുമതലയേല്‍ക്കുക

കുടുംബ ബിസിനസില്‍ ഇളം അതലമുറക്ക് മികച്ചപ് വിജയം കൈവരിക്കാന്‍ കഴിയണമെങ്കില്‍ ആദ്യം ബിസിനസിനെ അടുത്തറിയണം. അച്ഛനപ്പൂപ്പന്മാരായി നടത്തുന്ന ബിസിനസാണ്, വീട്ടില്‍ എല്ലാവരും ബിസിനസ് ചെയ്യുന്നവരാണ്. ചെറുപ്പം മുതല്‍ ബിസിനസ് കണ്ടുവളര്‍ന്നതാണ് തുടങ്ങിയ ന്യായീകരണങ്ങള്‍ ഒന്നുംതന്നെ ലീഡും,ബ ബിസിനസിന്റെ ഭാഗമാകാനുള്ള യോഗ്യതകളല്ല. മികച്ച വിദ്യാഭ്യാസം നേടിയശേഷം ഒരു ഇന്റേണിനെ പോലെ തന്റെ സ്ഥാപനത്തെ പഠിക്കുക. ഏത് മേഖലയാണ് തന്‍ കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കി അതിന് കൂടുതല്‍ ശ്രദ്ധ നല്‍കുക.

ഇത്തരത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ്, ഫണ്ടിംഗ്, വരവ്, ചെലവ്, തൊഴിലാളികളുടെ എണ്ണം, ശമ്പളം , എച്ച് ആര്‍ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ നല്ല രീതിയില്‍ മനസിലാക്കിയശേഷം മാത്രം സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുക. സ്ഥാപനത്തില്‍ എത്തിയ ശേഷവും ഇത്തരത്തില്‍ പഠനം തുടരുക. അറിയാത്തകാര്യങ്ങള്‍ സ്ഥാപനത്തിലെ പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും ചോദിച്ചറിയുക. ചുമതലയേറ്റ ഉടനെ ഇനി എല്ലാക്കാര്യവും ഞാന്‍ നോക്കിക്കോളാം എന്ന ഭാവം വേണ്ട.

സാമ്പത്തിക അച്ചടക്കം പരമപ്രധാനം

ഒരു വീടിന്റെ നടത്തിപ്പിലായാലും സ്ഥാപനത്തിന്റെ നടത്തിപ്പിലായാലും സാമ്പത്തിക അച്ചടക്കം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന രീതിയാണ് ഇവിടെ പ്രാവര്‍ത്തികം. കുടുംബ ബിസിനസ് ആണെന്നും ഓരോ രൂപക്കും വേറെയും അവകാശികള്‍ ഉണ്ടെന്നുമുള്ള ചിന്തയുണ്ടാകണം. പണത്തിന്റെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തുന്നതിനൊപ്പം കൃത്യമായ കണക്ക് സൂക്ഷിക്കുകയും വേണം. സാമ്പത്തിക അച്ച്ഛടകത്തിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ചുവരുന്ന രീതികള്‍കളുണ്ടെങ്കില്‍ അത് പിന്തുടരുക. അത് ഇല്ലെങ്കില്‍ അത്തരത്തില്‍ ചില രീതികള്‍ തുടങ്ങി വക്കുക. ഇത് വരും തലമുറയ്ക്ക് ഗുണകരമാകും. അനാവശ്യമായ ധനവിനിയോഗം ഒരിക്കലും കുടുംബ ബിസിനസില്‍ ആശാസ്യകരമല്ല.

വിട്ടുവീഴ്ച ചെയ്യാന്‍ മടിവേണ്ട

ജപ്പാനിലെ സംരംഭങ്ങള്‍ എങ്ങനെ ഇത്രയും നീണ്ടകാലം പ്രവര്‍ത്തിച്ചു എന്നതിനുള്ള ഉത്തരമാണ്, ജപ്പാന്‍കാരുടെ വിട്ടുവീഴ്ചാ മനോഭാവം. കുടുംബ ബിസിനസ് ആണ്, കൂടെ ഉള്ളവര്‍ കുടുംബാംഗങ്ങള്‍ ആണ്. ഈ ചിന്ത മനസിലുണ്ടാകുക എന്നതാണ് പ്രധാനം. ഒരാള്‍ അനര്‍ഹമായി എന്തെങ്കിലും കൈക്കലാക്കുന്നു എന്നു കണ്ടാലും കുടുംബാംഗമല്ലേ എന്ന് കരുതി ക്ഷമിക്കാനുള്ള മനസ് കാണിക്കുക. എന്നാല്‍ ഇത് അതിരുകടക്കുന്നുണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം. കുടുംബാംഗങ്ങളില്‍ ബിസിനസ് പരമായി കഴിവുള്ളവരും ഇല്ലാത്തവരുമുണ്ടാകാം. എന്നാല്‍ കഴിവ് കുറഞ്ഞവരെ മാറ്റി നിര്‍ത്തുകയോ അവരെ കുറിച്ച് മോശം പറയുകയോ ചെയ്യരുത്.

കുടുംബ ബിസിനസ് ഇപ്പോഴും കൂട്ടുത്തരവാദിത്വത്തില്‍ നടക്കുന്ന ഒന്നാണെന്ന് മനസിലാക്കുക. അതിനാല്‍ ഓരോ ചെറിയ വ്യക്തിയുടെ സാമീപ്യവും ഗുണകരമാകും. ബിസിനസില്‍ പങ്കാളികളായ എല്ലാവര്‍ക്കും ബിസിനസ് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടെന്ന് നിരപ്പ് വരുത്തണം. കാര്യനഗല്‍ സുതാര്യമായിരുന്നാല്‍ നേട്ടം വര്‍ധിക്കും. അത് പോലെ തന്നെ പ്രധാനമാണ് പുതുതലമുറയോട് നയപരമായി ഇടപെടുക എന്നത്. തെറ്റുകള്‍ പറ്റുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ മാനസികമായി മുറിപ്പെടാത്ത രീതിയിലായിരിക്കണം തെറ്റു തിരുത്തല്‍ നടത്താന്‍. ഒരു പക്ഷെ യുവതലമുറയുടെ രീതികളോട് വിയോജിപ്പ് തോന്നുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് വളരെ ത•യത്വത്തോടെ പരിഹരിക്കുക എന്നതാണ് പ്രധാനം.

ബിസിനസിലെ അച്ചടക്കം പ്രധാനം

കുടുംബ ബിസിനസ്സല്ലേ, ബന്ധുക്കളല്ലേ എന്ന് കരുതി ആ സ്വാതന്ത്ര്യം ബിസിനസില്‍ എടുക്കുന്നത് നല്ലതല്ല. തികഞ്ഞ പ്രൊഫഷണലിസം സംരക്ഷിക്കുക എന്നതാണ് പ്രധാനം. മികച്ച ഒരു അന്തരീക്ഷം സ്ഥാപനത്തികത്ത് വളര്‍ത്തിയെടുക്കണം. ജീവനക്കാരെയും കുടുംബാംഗങ്ങളെ പോലെ കരുതുക എന്നത് പരമപ്രധാനമാണ്. ജീവനക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് അവരെ സ്ഥാപനത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.

സ്ഥാപനത്തോട് കൂറുള്ള ജീവനക്കാരെ അടുപ്പിച്ച് നിര്‍ത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് കുത്തിത്തിരിപ്പുകാരെ കരുതിയിരിക്കുക എന്നതും. സ്ഥാപനത്തികത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ ഗൂഢ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടായേക്കാം. ഇത്തരക്കാരെ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയണം.സ്ഥാപനത്തികത്ത് ഗ്രൂപ്പിസം വളരുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി മനസിലാക്കി അത്തരം നീക്കങ്ങള്‍ വേരോടെ പിഴുതെറിയണം. സ്ഥാപനത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.

വരുമാനം കയ്യിലെത്തുമ്പോള്‍ ഇത് നാളേക്ക് മാറ്റി വയ്ക്കാതെ കയ്യോടെ കൊടുത്ത ഒഴിവാക്കുക. സ്വത്ത് വിറ്റിട്ടായാലും ബിസിനസിലെ കടങ്ങള്‍ അവസാനിപ്പിക്കുന്നവനാണ് മികച്ച സംരംഭകന്‍. സ്വന്തം കഴിവില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഇത്തരക്കാര്‍ ഡിസംരംഭം വിജയിപ്പിക്കുകയും തന്റെ സ്വത്ത് തിരിച്ചെടുക്കുകയും ചെയ്യുന്നു. ബിസിനസിലെ അച്ചടക്കത്തില്‍ പ്രധാനമാണ് മറ്റുള്ളവരുടെ പ്രവര്‍ത്തന മേഖലയില്‍ അനാവശ്യമായി ഇടപെടരുത് എന്നത്. ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക.

ചുമതലകള്‍ പങ്കിട്ട് നല്‍കുക

താനാണ് സ്ഥാപനത്തിന്റെ ഉടമയെന്നും അതിനാല്‍ കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ താന്‍ ഒറ്റക്ക് മതിയെന്നുമുള്ള ചിന്ത ഒഴിവാക്കുക. കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും ബിസിനസില്‍ അവരവരുടെ മികവിനൊത്ത പദവികള്‍ നല്‍കുക. വിവാഹത്തിലൂടെ കുടുംബത്തിലേക്ക് വരുന്നവരെ നിലവിലുള്ള ബിസിനസില്‍ ഇടെപടുവിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്കായി പുതിയ ചുമതലകള്‍ നല്‍കുന്നതാണ്.

അന്യകുടുംബങ്ങളില്‍ നിന്നും അന്യസംസ്‌കാരത്തില്‍ നിന്നും വരുന്നവര്‍ക്ക് നിലവിലെ ബിസിനസിലെ പല രീതികളും മനസ്സിലായെന്നു വരില്ല. സ്ഥാപനത്തികത്ത് ഏതെങ്കിലും രീതിയിലുള്ള അസ്വാരസ്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകുകയാണെങ്കില്‍ അത് അതാത് മേഖലയുമായി ബന്ധപ്പെട്ടവര്‍ തന്നെ പരിഹരിക്കുന്നതാണുത്തമം. അല്ലാതെ , എല്ലാകാര്യങ്ങളിലും ഇടപെടണം എന്ന വാശി നന്നല്ല. മികച്ച മാനേജ്‌മെന്റ് സ്‌കില്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രധാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top