മലപ്പുറം സ്വദേശിനിയായ രജിത മനു,കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന കാലം വരെ ഒരു കോളേജ് അധ്യാപിക മാത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലയളവിലുണ്ടായ ഒറ്റപ്പെടലും മടുപ്പും രജിതയെ ഒരു സംരംഭകയാക്കി. നീലാംബരി എന്ന പേരില്‍ കാച്ചെണ്ണ ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചതും അതിന് ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നതുമെല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രജിതയ്ക്ക് ഒരത്ഭുതമാണ്.
ചെറുപ്പം മുതല്‍ക്ക് നീണ്ട ഇടതൂര്‍ന്ന മുടികളായിരുന്നു രജിതയെ വേറിട്ട് നിര്‍ത്തിയിരുന്നത്. ‘അമ്മ കാച്ചി തന്നിരുന്ന കറ്റാര്‍വാഴയും വേപ്പും കൈയ്യുണ്യവും നീലയമരിയും എല്ലാം ചേര്‍ത്ത എണ്ണയാ
യിരുന്നു ഇടതൂര്‍ന്ന ആ മുടിയുടെ രഹസ്യം. വിവാഹശേഷം, അമ്മയില്‍ നിന്നും എണ്ണയുടെ കൂട്ട് മനസിലാക്കി തനിക്കാവശ്യമായ എണ്ണ രജിത സ്വയം കാച്ചാന്‍ തുടങ്ങി.
പലപ്പോഴും എണ്ണയെപ്പറ്റി ചോദിച്ചവര്‍ക്കെല്ലാം രജിത യാതൊരു മടിയും കൂടാതെ തന്നെ എണ്ണയുടെ രഹസ്യക്കൂട്ട് പറഞ്ഞു നല്‍കിയിരുന്നു. അങ്ങനെ ലോക്ക് ഡൗണ്‍ കാലം വന്നു. അധ്യാപനം ഓണ്‍ലൈന്‍ വഴിയായി. അതോടെ കയ്യില്‍ ധാരാളം സമയം ബാക്കി. പ്രോഡക്റ്റിവ് ആയി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് അടുത്ത സുഹൃത്ത് മുടികൊഴിച്ചിലിനെപ്പറ്റി പരിഭവം പറയുന്നത്. അങ്ങനെ സുഹൃത്തിന്റെ ആവശ്യപ്രകാരം കുറച്ച് എണ്ണ കാച്ചി നല്‍കി. ഉപയോഗിച്ചപ്പോഴോ, സുഹൃത്ത് പൂര്‍ണ സംതൃപ്ത. എണ്ണയ്ക്ക് വീണ്ടും ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കാച്ചെണ്ണ നിര്‍മാണം ഒരു വരുമാനമാര്‍ഗമാക്കിക്കൂടെ എന്ന് ചില അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചു.
ആ ചോദ്യം പലകുറി മനസ്സിലിട്ടു വിശകലനം ചെയ്തു. പകച്ച മരുന്നുകളുടെ ലഭ്യത, വില്പനയ്ക്ക് വയ്ക്കുമ്പോള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം, അടിസ്ഥാന മൂലധന നിക്ഷേപം തുടങ്ങി പല കാര്യങ്ങളും ചിന്തിച്ചു. ഒടുവില്‍ പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് മനു കൂടെ എത്തിയതോടെ സ്വന്തം മുടിയുടെ രഹസ്യമായ കാച്ചെണ്ണ നീലാംബരി എന്ന പേരില്‍ വിപണിയില്‍ എത്തിക്കാന്‍ തന്നെ രജിത തീരുമാനിച്ചു.
ഓട്ടുരുളിയില്‍ ഒരുക്കുന്ന കാച്ചെണ്ണ
മുടി വളരുന്നതിനും താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമൊക്കെയായി നിരവധി എണ്ണകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൂട്ടത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതല്ല നീലാംബരി എന്നതായിരുന്നു രജിതയുടെ ഉല്പന്നത്തിന്റെ പ്ലസ് പോയിന്റ്. നല്ല നീലിയമരിയും കയ്യുണ്യവും കറ്റാര്‍വാഴയുമെല്ലാം ചേര്‍ത്ത് ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാര്‍ പറയുന്ന അതേ ചേരുവയില്‍ തന്നെ പുതു തലമുറയ്ക്ക് ലഭ്യമാക്കുകയായിരുന്നു രജിത.തികച്ചും ഹോം മേഡ് ആയ ഒരു ഉല്‍പ്പന്നം എന്ന നിലയ്ക്കാണ് നീലാംബരി തുടക്കത്തില്‍ വിപണി പിടിച്ചത്.
”കറ്റാര്‍വാഴ, നീലയമരി, കയ്യുണ്യം തുടങ്ങിയ പച്ചമരുന്നുകള്‍ എല്ലാം തന്നെ വീടിനു ചുറ്റുമുള്ള പറമ്പില്‍ ലഭ്യമായിരുന്നു. അതിനാലാണ് ഞാന്‍ ആദ്യ ബാച്ച് എണ്ണ തയ്യാറാക്കിയത്. എന്നാല്‍ അപ്പോഴൊന്നും ഇതൊരു ബിസിനസ് ആക്കുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല. സുഹൃത്തിന് വേണ്ടി മാത്രമായിരുന്നു ആദ്യം എണ്ണ കാച്ചിയത്. അതേ തുടര്‍ന്ന് ഓര്‍ഡറുകള്‍ വന്നപ്പോള്‍ ഞാന്‍ അംഗമായ ഒരു വനിതാ ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളോട് ഞാന്‍ കാര്യം പറഞ്ഞു. അവര്‍ ആണ് എനിക്ക് പൂര്‍ണമായ പിന്തുണ നല്‍കിയത്. നഗരങ്ങളില്‍ നീലിയമരിയും കയ്യുണ്യവും എല്ലാം ചേര്‍ത്ത എണ്ണ കിട്ടാനില്ലെന്നും ഉയര്‍ന്ന ഗുണമേന്മയോടെ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാനാകുമെന്നും പറഞ്ഞു. നഗരവാസികളെ ലക്ഷ്യമിട്ടായിരുന്നു നീലാംബരി എന്ന ബ്രാന്‍ഡ് ഞാന്‍ വിപണിയിലെത്തിച്ചത്” രജിത പറയുന്നു.
ഫേസ്ബുക്ക് പേജില്‍ നിന്നും തുടക്കം
എണ്ണ നിര്‍മാണം വരുമാനമാര്‍ഗമാക്കാന്‍ തീരുമാനിച്ചതോടെ രജിത നീലാംബരി എന്ന പേരില്‍ നീലാംബരി എന്ന ബ്രാന്‍ഡ് നെയിമില്‍ ഞാന്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു. തുടക്കത്തില്‍ സുഹൃത്തുക്കള്‍ ആയിരുന്നു പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഒരു വട്ടം ഉപയോഗിച്ച് കഴിയുന്നതോടെ മികച്ച ഫലം ലഭിക്കുന്ന ആളുകള്‍ കൂടുതല്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കി. മാത്രമല്ല, മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴിയും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചു.
നീലാംബരി ഉപയോഗിച്ച ശേഷം ലഭിക്കുന്ന ഓരോ പോസറ്റിവ് അഭിപ്രായവും രജിതയ്ക്ക് കൂടുതല്‍ മുന്നോട്ട് പോകുന്നതിനുള്ള അവസരമൊരുക്കി.ഓരോ പുതിയ ബാച്ച് എണ്ണ നിര്‍മിക്കുമ്പോഴും അത് ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യും. അധികം വൈകാതെ തന്നെ ഓര്‍ഡറുകളും പൂര്‍ത്തിയാകും. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കാം. നിശ്ചിത ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്കുള്ളില്‍ എവിടെയും എണ്ണ കൊറിയര്‍ ആയി എത്തിച്ചു നല്‍കും. അങ്ങനെ ലോക്ക് ഡൗണ്‍ കാലം രജിതയ്ക്ക് പുതിയ വരുമാനത്തിനുള്ള വഴിയൊരുക്കി.
പ്രചോദനമായത് ലോക്ക് ഡൗണ്‍ സംരംഭ കഥകള്‍
അധ്യാപികയില്‍ നിന്നും സംരംഭകയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു എന്ന് ചോദിച്ചാല്‍, ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ സംരംഭങ്ങള്‍ക്ക് കിട്ടിയ പ്രോത്സാഹനമാണ് തനിക്ക് തുണയായത് എന്ന് രജിത പറയും. ഇത്തരത്തില്‍ തുടക്കം കുറിച്ച സംരംഭങ്ങളില്‍ മുന്‍പന്തിയില്‍ വീട്ടമ്മമാരും വനിതകളും ആയിരുന്നു എന്നത് രജിതയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
അധ്യാപനം എന്നതിനപ്പുറം മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത രജിതയ്ക്ക് തുടക്കത്തില്‍ എണ്ണ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളില്‍ പലരും ലോക്ക് ഡൗണില്‍ തന്റേതായ കഴിവുകള്‍ ഉപയോഗിച്ചും ഫേസ്ബുക്കിനെ മാര്‍ക്കറ്റിംഗ് ടൂള്‍ ആക്കിയും വരുമാനം കണ്ടെത്തുന്നത് കണ്ടപ്പോള്‍, എന്നാല്‍ പിന്നെ ഒരു പരീക്ഷണം ആകാമെന്ന ചിന്തയായി രജിതയ്ക്ക്.
അച്ഛനാണ് രാശി
കാച്ചെണ്ണ ബിസിനസ് തുടങ്ങാനുള്ള തന്റെ തീരുമാനം രജിത അറിയിച്ചപ്പോള്‍ ബിസിനസിലേക്ക് ആദ്യമായി നിക്ഷേപം നടത്തിയത് രജിതയുടെ അച്ഛനായിരുന്നു. പരീക്ഷണാര്‍ത്ഥം രണ്ട് ലിറ്റര്‍ എന്ന വാങ്ങി നീലാംബരിയുടെ ആദ്യ ബാച്ച് നിര്‍മിച്ചു. അത് ദിവസങ്ങള്‍ക്കുള്ളില്‍ അത് വിറ്റുപോയി. അതില്‍ ഏറിയ പങ്കും വാങ്ങിയത് പരിചയക്കാര്‍ തന്നെയായിരുന്നു. പിന്നീട് ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ മൗത്ത് പബ്ലിസിറ്റി വഴി ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങി. അങ്ങനെ ബിസിനസ് എന്ന നിലയ്ക്ക് കൂടുതല്‍ അളവില്‍ കാച്ചെണ്ണ നിര്‍മാണം തുടങ്ങിയപ്പോഴാണ് മകളുടെ ബിസിനസില്‍ മൂലധന നിക്ഷേപവുമായി അച്ഛനെത്തുന്നത്.
അത് തന്നെയായിരുന്നു രജിതയുടെ ഏറ്റവും വലിയ സന്തോഷവും. മുടികൊഴികൊഴിച്ചില്‍, താരന്‍, അറ്റം പിളരല്‍, അകാലനര , ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് നീലാംബരി എന്ന് ഉപഭോക്താക്കള്‍ വിധിയെഴുതിയതോടെ, കേരളത്തിനകത്തും പുറത്തും നിന്നുമായി ധാരാളം ഓര്‍ഡര്‍ ഇന്ന് രജിതയ്ക്ക് ലഭിക്കുന്നുണ്ട്. തുടക്കത്തില്‍ ആവശ്യാനുസരണം മാത്രമായിരുന്നു എണ്ണ നിര്‍മാണം.
എന്നാല്‍ ഇപ്പോള്‍ എത്ര എണ്ണ നിര്‍മ്മിച്ചാലും വിറ്റുപോകും എണ്ണ അവസ്ഥയാണ്. കോളേജ് അധ്യാപനത്തിനൊപ്പമാണ് രജിത എണ്ണ നിര്‍മാണം മുന്നോട്ട് കൊണ്ട് പോകുന്നത്.ഇപ്പോള്‍ വലിയവര്‍ക്കും കുട്ടികള്‍ക്കുമായി വ്യത്യസ്ത രീതിയില്‍ എണ്ണ കാച്ചുന്നുണ്ട്. ”പച്ചമരുന്നുകള്‍ എല്ലാം തന്നെ ഇവിടെ ലഭ്യമാണ് എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം. ഞാന്‍ തന്നെയാണ് പറമ്പില്‍ ഇറങ്ങി എണ്ണ കാച്ചുന്നതിനായുള്ള സസ്യങ്ങള്‍ ശേഖരിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും നീലാംബരി ഫലപ്രദമാണ്. ഗുണമേന്മയില്‍ വിട്ടു വീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്നെ പച്ചമരുന്നുകളുടെ ലഭ്യത മുന്‍നിര്‍ത്തി മാത്രമാണ് എണ്ണ നിര്‍മിക്കുന്നത്. അമിത ലാഭം എന്ന ചിന്തയേയില്ല” രജിത പറയുന്നു.
10000 – 12000 രൂപയുടെ വരുമാനം
നിലവില്‍ നീലാംബരി എന്ന ബ്രാന്‍ഡിലൂടെ പ്രതിമാസം 10000 മുതല്‍ 12000 രൂപ വരെ വരുമാനം ആണ് ഈ അധ്യാപിക നേടുന്നത്. നേടുന്ന വരുമാനത്തേക്കാള്‍ ഏറെ വീട്ടമ്മ എന്ന പേരില്‍ ഒതുങ്ങി നില്‍ക്കുന്നവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് വരുമാനം കണ്ടെത്തുന്നതിനുള്ള മാതൃകയാകാന്‍ കഴിഞ്ഞതാണ് രജിതയുടെ ഏറ്റവും വലിയ സന്തോഷം. നീലാംബരിയെ ഒരു വലിയ ബ്രാന്‍ഡായി വളര്‍ത്തണം എന്ന ആഗ്രഹവും രജിത പങ്കുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി സമീപവാസികളായ സ്ത്രീകളെക്കൊണ്ട് പച്ചമരുന്നുകള്‍ നട്ട് വളര്‍ത്തിച്ച് അവരില്‍ നിന്നും എന്ന നിര്‍മാണത്തിനായി മരുന്നുകള്‍ വാങ്ങുന്ന പദ്ധതിയും രജിതയുടെ മനസിലുണ്ട്.
നേടുന്നുണ്ട് രജിത. ഭാവിയില്‍ സമീപവാസികളായ സ്ത്രീകളെക്കൊണ്ട് പച്ചമരുന്നുകള്‍ നട്ട് വളര്‍ത്തിച്ച് അവരില്‍ നിന്നും എന്ന നിര്‍മാണത്തിനായി മരുന്നുകള്‍ വാങ്ങുന്ന അവസ്ഥയിലേക്ക് വളരണം എന്നാണ് രജിത ആഗ്രഹിക്കുന്നത്. ഇതിലൂടെ വീട്ടമ്മാരായി കഴിയുന്നവര്‍ക്കും വരുമാനം കണ്ടെത്താനാകും എന്നതാണ് രജിതയുടെ ചിന്ത.അധ്യാപനവും എണ്ണ നിര്‍മാണവും ഒരുമിച്ചു കൊണ്ട് പോകുന്നതിനാല്‍ തന്നെ ബ്രാന്‍ഡിംഗ് , മാര്‍ക്കറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് മനു ആണ്.