
ഒരുകാലത്ത് കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതിയിരുന്ന കളിമണ്‍ വ്യവസായം ക്ഷീണത്തിലായിട്ട് കാലങ്ങളേറെയായി. കളിമണ്ണ് ശേഖരിക്കുന്നതിന്മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അനാവശ്യ നിയമങ്ങളും ലഭ്യമായ കളിമണ്ണിന്റെ അളവ് ഗണ്യമായി കുറഞ്ഞതുമാണ് കഴിഞ്ഞ വര്‍ഷം വരെ കളിമണ്‍ വ്യവസായത്തെ തളര്‍ത്തിയിരുന്നത് എങ്കില്‍ ഇക്കുറി വ്യാജന്മാരാണ് പ്രശ്‌നം. കളിമണ്ണിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന് റെഡ്ഓക്‌സൈഡും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത് കാഴ്ചയില്‍ കളിമണ്‍ നിര്‍മിതം എന്ന് തോന്നുന്ന പാത്രങ്ങളാണ് അരങ്ങു വാഴുന്നത്. നൊസ്റ്റാള്‍ജിയയുടെ മലയാളി പറയുന്ന വിലകൊടുത്ത് വാങ്ങിക്കൂട്ടുന്ന ഇത്തരം പാത്രങ്ങളിലൂടെ രോഗങ്ങളെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. കളിമണ്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മതിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാത്ത പക്ഷം ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന കുടുംബങ്ങളും വഴിയാധാരമാകും.

കേരളത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുന്നാളിനുമെല്ലാം കൊടികയറുമ്പോള്‍ താല്‍ക്കാലികമായി പണിതുയര്‍ത്തിയ ഷെഡുകളില്‍ പലവിധത്തിലുള്ള കച്ചവടങ്ങളും പൊടിപൊടിക്കും. പഴയകാലത്തെയാളുകള്‍ പറയാറുള്ളത് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും വാങ്ങുന്നതിന് നാട്ടിലെ ക്ഷേത്രത്തിലോ പള്ളിയിലോ കൊടികയറിയാല്‍ മതിയെന്നാണ്. അത് വാസ്തവമാണ് എന്ന് തെളിയിക്കുന്നതാണ് ആലുവ ശിവരാത്രി മണപ്പുറത്തും അര്‍ത്തുങ്കല്‍ പള്ളിയിലുമെല്ലാം തുറക്കുന്ന താല്‍ക്കാലിക വില്‍പനശാലകള്‍. കട്ടിലുകള്‍, മേശകള്‍, അലമാരികള്‍, ആട്ടുകല്ല് , അമ്മിക്കല്ല്,അരകല്ല് എന്ന് വേണ്ട എല്ലാം പൂരപ്പറമ്പില്‍ നിന്നും ലഭിക്കും. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് കളിമണ്‍ പാത്രങ്ങളുടെ വില്‍പന. കറിച്ചട്ടി മുതല്‍ അപ്പക്കല്ല്, പൂച്ചട്ടി, കരകുശാലാ വസ്തുക്കള്‍, മണ്‍പ്രതിമകള്‍ അങ്ങനെ കളിമണ്ണില്‍ തീര്‍ത്ത വ്യത്യസ്തയിനം വസ്തുക്കള്‍ ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷമായി കളിമണ്‍ പാത്ര നിര്‍മാണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ കളിമണ്ണ് ആവശ്യത്തിന് ലഭ്യമല്ല എന്നുത്തരം. അതിനാല്‍ തന്നെ പരമ്പരാഗതമായി കളിമണ്‍ പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന പലരും ധനസമ്പാദനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുകയാണ്.

കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന ഒന്നാണ് കളിമണ്‍ വ്യവസായം. കേരളത്തില്‍ ഇന്നും കുലത്തൊഴിലുകളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വം ചില സമുദായങ്ങളുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങളോ തൊഴിലില്‍ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവര്‍ ആകെ അറിയാവുന്ന തൊഴിലിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നു.അത്തരത്തില്‍ ഒന്നാണ് കളിമണ്‍പാത്ര നിര്‍മാതാക്കള്‍. കഴിവ്‌കൊണ്ടും ക്രിയാത്മകതകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍. എന്നാല്‍ ഇന്ന് തീര്‍ത്തും അവഗണന നേരിടുന്ന ഈ വിഭാഗം നിലനില്‍പ്പിനായി പൊരുതുകയാണ്. വര്‍ഷങ്ങളായി പരമ്പരാഗത രീതിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലായി ഈ വിഭാഗം ജനങ്ങള്‍ മണ്‍പാത്ര നിര്‍മാണ തൊഴിലുമായി കഴിഞ്ഞുകൂടുന്നു. മണ്ണിന്റെ മണം അറിഞ്ഞു ജീവിച്ച ഇവര്‍ക്ക് ഇന്ന് ജീവനോപാധി കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോകേണ്ട അവസ്ഥയാണ്. സമൂഹത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവബോധം ഏറിവന്നതും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ലഭ്യമായി തുടങ്ങിയതും ഈ മേഖലയില്‍നിന്നു പുതിയ തലമുറയെ പിന്നോട്ടു വലിച്ചു. എന്നാല്‍ അതിനേക്കാള്‍ ഏറെ കളിമണ്‍ വ്യവസായത്തിന് തടയിട്ടത് കുലത്തൊഴില്‍ നല്‍കുന്ന നഷ്ടക്കണക്കും സാമ്പത്തികമായി ലാഭമില്ലെന്ന തോന്നലും അധ്വാനഭാരവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതുമായ സാഹചര്യമാണ്.
അവഗണനയുടെ തുരുത്തില്‍
ഇപ്പോഴും കളിമണ്‍ പാത്ര നിര്‍മാണത്തെ ഒരു വ്യവസായ പരിവേഷത്തോട് കൂടിതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ കളിമണ്‍ വ്യവസായികള്‍ എന്ന് പറയപ്പെടുന്നവരുടെയും മേഖലയുടെയും ഉന്നമനത്തിനായി ആവശ്യമായ നടപടികള്‍ ഒന്നും സ്വീകരിക്കുന്നുമില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ തൊഴില്‍വിഭാഗത്തിനു കാര്യമായ പിന്തുണകളൊന്നും ലഭിച്ചിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.
കളിമണ്‍ വ്യവസായത്തെ ഇനിയും പരമ്പരാഗത വ്യവസായ പട്ടികയില്‍ ഇന്നോളം ഈ തൊഴിലിനെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് ഈ മേഖലയോട് കാണിക്കുന്ന കടുത്ത അവഗണനയായി തന്നെ പരിഗണിക്കണം.

കളിമണ്ണിന്റെ ലഭ്യതക്കുറവാണ് ഈ വ്യവസായത്തെ പിന്നോട്ടടിക്കുന്നത്. മണ്‍പാത്ര നിര്‍മാണത്തിന് ഏറ്റവും അടിസ്ഥാനമായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ദൗര്‍ലഭ്യം ചെറുകിട തൊഴിലാളികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുക. ഓട്, ഇഷ്ടിക തുടങ്ങിയവ നിര്‍മിക്കുന്ന വന്‍കിട കമ്പനികളെ ലക്ഷ്യമിട്ട് തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത് ചെറുകിട കുലത്തൊഴില്‍ തൊഴിലാളികളെയും ബാധിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പിന്തുണയും ചെറുകിട തൊഴിലാളികള്‍ക്കു ലഭിക്കുന്നില്ലെന്ന തിരിച്ചറിവും ഇവരെ അടിമുടി തളര്‍ത്തി. എന്നാല്‍ നിയമങ്ങളുടെ പരിധിയില്‍ നിന്നും എന്നത്തേയും പോലെ വലിയ സ്ഥാപനങ്ങള്‍ ഒഴിഞ്ഞു നിന്നു. ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്തു. ഇത്തരത്തില്‍ കളിമണ്ണിന്റെ അപര്യാപ്തതയെ തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയപ്പോള്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പൂട്ടുവീണത് നൂറിനടുത്ത് ഓട് നിര്‍മാണ കമ്പനികള്‍ക്കാണ്.
ഖനനത്തിന് നിയന്ത്രണം
കാലങ്ങളായി കളിമണ്ണ് ശേഖരിച്ചിരുന്ന ഇടങ്ങളില്‍ നിന്നുപോലും മണ്ണെടുക്കാന്‍ ആവാത്ത അവസ്ഥയിലാണ് വ്യവസായികള്‍. റവന്യൂ വകുപ്പും ജിയോളജി വകുപ്പും പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ കളിമണ്‍ ഖനനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണ് ഖനനം ചെയ്യുന്ന പ്രദേശങ്ങളിലെ പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2018 മുതല്‍ നടപടികളെങ്കിലും പരാതിയില്‍ യാതൊരു കഴമ്പുമില്ലെന്നാണു തൊഴിലാളികള്‍ പറയുന്നത്. മണ്ണെടുക്കുന്ന ഇടങ്ങളില്‍ പുതിയ മണ്ണിട്ടു നല്‍കിയാല്‍ തന്നെ പ്രശ്‌നത്തിനു പരിഹാരമാകും എന്നതാണു വസ്തുത. എന്നാല്‍ പലപ്പോഴും മണ്ണെടുക്കല്‍ മാത്രമാണ് നടക്കുന്നതെന്നും പകരം മണ്ണിട്ട് നികത്താന്‍ വ്യവസായികള്‍ തയ്യാറാകുന്നില്ല എന്നും അത് പരിസ്ഥിതിയുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്നും റവന്യൂ വകുപ്പും ജിയോളജി വകുപ്പും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ വ്യവസായത്തിന് തണലേകുക എന്ന ലക്ഷ്യത്തോടെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടെയും ഇതര സംഘടനകളുടെയും നിരന്തര ശ്രമങ്ങളുടെ ഫലമായി 2014ല്‍ അന്നത്തെ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വ്യവസായ വകുപ്പ് ഒരു കുടുംബത്തിന് 50 ടണ്‍ കളിമണ്ണ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ മണ്ണ് ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ തന്നെ, നിലവില്‍ വയനാട്, ബംഗളൂരു, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍നിന്നാണ് മണ്ണ് പണിസ്ഥലങ്ങളിലേക്കു കൊണ്ടുവരുന്നത്. ഇതിന് ആവശ്യമാകുന്ന യാത്രാചെലവ് പലപ്പോഴും തൊഴിലാളികള്‍ക്കു താങ്ങാവുന്നതല്ല. ഈ അവസ്ഥയില്‍ മുന്നോട്ട് പോകുക എന്നത് ഏറെ ശ്രമകരമായതിനാല്‍ പലരും പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കാനൊരുങ്ങുകയാണ്.

‘കുലത്തൊഴില്‍ എന്ന നിലക്ക് മണ്‍പാത്ര നിര്‍മാണത്തിലേക്ക് വന്നവരാണ് ഞങ്ങള്‍. അത്യാവശ്യം ഓട് നിര്‍മാണവും ഉണ്ട്. എന്നാല്‍ കളിമണ്ണ് കിട്ടാനില്ല. ഇനി അത് കിട്ടിയാല്‍ തന്നെ നിര്‍മിച്ച പാത്രങ്ങള്‍ ചൂളയിലേക്കിട്ടു ചുട്ടെടുക്കാന്‍ ആവശ്യമായ ചിരട്ട, വിറക്, വൈക്കോല്‍, ചകിരി എന്നിവയുടെ വര്‍ധിച്ച ചെലവ് ഒരു പ്രശ്‌നമാണ്. ചൂളയിലിടുന്ന എല്ലാ പാത്രങ്ങളും അതുപോലെ തിരികെക്കിട്ടും എന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. പലപ്പോഴും പലതും പൊട്ടിപ്പോകുന്നതും നഷ്ടമുണ്ടാക്കുന്നു. സര്‍ക്കാര്‍ ഭാഗത്ത് നിന്നും സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ അവസ്ഥ തരണം ചെയ്യാന്‍ കഴിയൂ. മറ്റ് നിര്‍മാണ മേഖലകള്‍ പോലെ ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയുന്ന ഒന്നല്ലലോ ഈ മേഖല.കരകൗശല വിദഗ്ധ തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുച്ഛമായ തുക ഒഴിച്ചുനിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. മണ്‍പാത്രം ഉപയോഗിക്കൂ, ആരോഗ്യം സംരക്ഷിക്കൂ,എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രചാരണങ്ങള്‍ തൊഴിലാളികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെങ്കിലും അത് കച്ചവടതന്ത്രമായി മാത്രം ചുരുങ്ങിയിരിക്കുകയാണ്.” മണ്‍പാത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശിയായ മുരുകന്‍ പറയുന്നു.
പിന്തുണയേകണം പുതിയ മുന്നേറ്റത്തിന്
കളിമണ്‍ വ്യവസായവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മാത്രം 11 ലക്ഷം ജനങ്ങള്‍ ഉണ്ട്.ഇതില്‍ മൂന്നു ലക്ഷത്തില്‍ പരം ആളുകള്‍ നേരിട്ട് ഈ മേഖലയില്‍ നിന്നും വരുമാനം കണ്ടെത്തുന്നവരായിരുന്നു. എന്നാല്‍ വ്യവസായം എന്ന നിലക്ക് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കാതായതോടെ ഇപ്പോള്‍ വെറും 5000 കുടുംബങ്ങളാണു കുലത്തൊഴിലായി മണ്‍പാത്ര നിര്‍മാണം നിലനിര്‍ത്തി പോരുന്നത്. ശേഷിച്ചവരില്‍ ഏറെ പങ്കും സമൂഹവും സര്‍ക്കാരും നല്‍കിയ അവഗണന സഹിക്കാന്‍ വയ്യാതെ തൊഴില്‍ ഉപേക്ഷിച്ചവരാണ്.എന്നാല്‍ വിദേശിയരെ പോലും അത്ഭുതപ്പെടുത്തുന്ന കളിമണ്‍ പാത്ര നിര്‍മാണ മികവ് അവകാശപ്പെടുന്ന ഈ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മാത്രം മതി. സബ്‌സിഡിയായി വായ്പ, ചൂളനിര്‍മാണ ചെലവില്‍ സഹായം, ആധുനിക രീതിയിലുള്ള നിര്‍മാണ ഉപകരണങ്ങള്‍ എന്നിവയൊക്കെ ലഭിക്കുകയാണെങ്കില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാവും എന്ന് മണ്‍പാത്ര നിര്‍മാണ അസോസിയേഷന്‍ പ്രതിനിധികള്‍ തന്നെ വ്യക്തമാക്കുന്നു.
കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയണം. ഇന്‍സ്റ്റിറ്റ്യൂട്ട് അടിസ്ഥാനത്തില്‍ മണ്‍പാത്ര നിര്‍മാണം പരിശീലിപ്പിക്കണം. പ്രകൃതി ചികിത്സയിലെ പോലും അനിവാര്യഘടകമായ കളിമണ്ണ് ആരോഗ്യകരമായ ജീവിതത്തിനു എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കണം. പുതുതലമുറയുടെ അറിവില്ലായ്മ ഈ വ്യവസായത്തിന് തിരിച്ചടിയാകരുത്. കാസര്‍കോട് ജില്ലയിലെ എരിക്കുളം എന്ന സ്ഥലത്താണെങ്കിലും മലപ്പുറം, പാലക്കാട് ജില്ലകള്‍ ആണു പാത്രനിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ളത്.ഈ പ്രദേശങ്ങളിലെ വിദഗ്ദരായ തൊഴിലാളികളെ മുന്‍നിര്‍ത്തി സംസ്ഥാന കളിമണ്‍ വ്യവസായ മേഖലക്കായി പദ്ധതികള്‍ ആവിശ്കരിക്കാം.
കാലവര്‍ഷത്തില്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് തൊഴിലെടുക്കാന്‍ സാധിക്കില്ല. ഉത്സവ ചന്തകള്‍ ലക്ഷ്യംവച്ചുള്ള വിപണനമായതു കൊണ്ടുതന്നെ ആ സമയങ്ങളില്‍ മാത്രമാണ് കാര്യമായ കച്ചവടം ഉണ്ടാകുക. ഉത്സവം കഴിഞ്ഞ സ്ഥലങ്ങളില്‍നിന്ന് പാത്രങ്ങള്‍ തിരികെ കൊണ്ടുപോകാനുള്ള ചെലവ് കണക്കിലെടുത്ത് പലപ്പോഴും മിച്ചം വരുന്ന പാത്രങ്ങള്‍ വില കുറച്ച് വിപണനം നടത്തേണ്ടിയും വരുന്നു. ഇത്തരം അവസ്ഥകള്‍ മറികടക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സ്വയം സഹായ സംഘങ്ങള്‍ രുപീകരിച്ച് മണ്‍പാത്രങ്ങളുടെ നിര്‍മാണവും വില്‍പനയും സംഘടിപ്പിക്കാം.മുടക്കമില്ലാതെ വരുമാനം ലഭിക്കുന്നതിന് ഇത് സഹായകമാകും.

വ്യാജന്മാരെ കരുതിയിരിക്കുക
കളിമണ്‍ വ്യവസായത്തെ തകര്‍ക്കുന്ന മറ്റൊരു ഘടകമാണ് വ്യാജന്മാരുടെ കടന്നു വരവ്. കന്യാകുമാരിയിലും മറ്റുമായി നിര്‍മിക്കുന്ന പാത്രങ്ങളില്‍ നിര്‍മാണവേളയില്‍ കളിമണ്ണിനു പുറമെ സാധാരണ മണ്ണു കൂടി ചേര്‍ക്കാറുണ്ട്. കുറഞ്ഞ വിലയ്ക്കാണ് അയല്‍സംസ്ഥാന തൊഴിലാളികള്‍ ഇതു വില്‍പന നടത്തുന്നതും. ഇത് കേരളത്തിലെ തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.
കേരളത്തിനകത്തും കളിമണ്ണിന്റെ ക്ഷാമം കാരണം രാസവസ്തുക്കളും മറ്റും ചേര്‍ത്താണ് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. പാത്രങ്ങള്‍ക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നു. ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു കൂടുതല്‍ പേര്‍ അടുത്ത കാലത്തായി മണ്‍പാത്രങ്ങളിലേക്ക് തിരിഞ്ഞത്. എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെയാണ് മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതായത്.വിലകുറച്ച് വിപണിയിലിറക്കുന്ന ഈ പാത്രങ്ങള്‍ കഴുകുമ്പോള്‍ രാസപദാര്‍ത്ഥം ചേര്‍ന്ന ചുവന്ന വെള്ളമാണ് പുറത്തുപോകുന്നത്. ഈ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യമുണ്ട്. ഇവ കരള്‍ വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും രക്തസമ്മര്‍ദ്ദം കൂട്ടി നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകായും ചെയ്യുന്നു.
About The Author
