അറിവ് പകര്‍ന്നു നല്‍കുന്ന ഏതൊരു വ്യക്തിയെയും നമുക്ക് ഗുരുസ്ഥാനത്ത് കാണാം. എന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്നവര്‍ എല്ലാവരും മികച്ച ഗുരുക്കന്മാരോ അധ്യാപകരോ ആകുമോ? ഒരിക്കലുമില്ല, ജീവിതത്തില്‍ ഇരുട്ടില്‍ നിന്നും ഒരു കുട്ടിയെ വെളിച്ചത്തിലേക്ക് നയിക്കുന്നവര്‍ ആകണം യഥാര്‍ത്ഥ ഗുരുസ്ഥാനീയര്‍. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തെത്താന്‍ പൂര്‍ണമായ യോഗ്യതയുള്ള വ്യക്തിയാണ് മുംബൈ സ്വദേശിനിയായ ഹൈമന്തി. 22 വയസ്സ് മാത്രം പ്രായമുള്ള ഹൈമന്തി ഔദ്യോഗികമായി ഒരു അധ്യാപികയല്ല. എന്നാല്‍, ഭിക്ഷാടന മാഫിയയുടെ ഇടയില്‍ കുടുങ്ങി ജീവിതം ഇല്ലാതായിക്കൊണ്ടിരുന്ന 15 കുട്ടികള്‍ക്ക് വേണ്ടി ഹൈമന്തി ഒരു അധ്യാപികയായി. വലിയൊരു ലക്ഷ്യം മനസ്സില്‍ കണ്ടുകൊണ്ട് നടത്തിയ ചെറിയ ഒരു ശ്രമത്തിലൂടെ ബാംഗ്ലൂര്‍ നഗരത്തിലെ ഭിക്ഷാടന മാഫിയയോട് സന്ധിയില്ലാ യുദ്ധ പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈമന്തി.
മാതാ പിതാ ഗുരു ദൈവം എന്നാണ് ഭാരതീയ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്. മാതാവിനും പിതാവിനും തുല്യമായി ഗരുവിനെയും നാം കാണേണ്ടതുണ്ട്. ജീവിതത്തില്‍ അറിവിന്റെയും ന•യുടെയും പ്രകാശം പരത്തുന്ന ഏതൊരു വ്യക്തിയെയും നമുക്ക് ഗുരുവായി കാണാനാകും. ഇത്തരത്തില്‍ കര്‍മം കൊണ്ട് നിരവധി കുഞ്ഞുങ്ങളുടെ ഗുരുസ്ഥാനത്ത് ഏട്ടത്തി വ്യക്തിയാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ ഹൈമന്തി. മുംബൈ നഗരത്തിലെ തിരക്കേറിയ കാന്ദിവാലി റെയില്‍വെ സ്റ്റേഷനില്‍ എത്തിയാല്‍ നടപ്പാതക്ക് ചുറ്റുമായി ഒരു കാഴ്ചകാണാം. പഴയ ഗുരുശിഷ്യ സംവാദത്തെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ ഒരു അധ്യാപികയും ചുറ്റും കുട്ടികളും ഇരിക്കുന്നു. ആര്‍ക്കും ആരുടേയും കാര്യം നോക്കാനും പരിഗണിക്കാനും സമയമില്ലാത്ത മുംബൈ പോലൊരു നഗരത്തിന്റെ തിരക്കിനിടയിലും റെയില്‍വേ സ്റ്റേഷന്‍ വാക്ക് വേയില്‍ പഠനം പുരോഗമിക്കുകയാണ്.
അഞ്ചു മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായത്തിലുള്ള നിരവധി കുട്ടികളാണ് വാഴോയോരത്തെ ഈ പാഠശാലയില്‍ വന്നിരുന്ന് അക്ഷരങ്ങളെ അടുത്തറിയുന്നത്. 22 വയസ്സുകാരി ഹൈമന്തി ഇവര്‍ക്കായി പാട്ടുകള്‍ പാടുന്നു, അക്ഷരങ്ങള്‍ പഠിപ്പിക്കുന്നു, ക്രാഫ്റ്റ് നിര്‍മാണം അഭ്യസിപ്പിക്കുന്നു.അങ്ങനെ മെല്ലെ മെല്ലെ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുകയാണ് ആ കുരുന്നുകള്‍. ജുനൂന്‍ എന്ന എന്‍ജിഒയുടെ സ്ഥാപകയായ ഹൈമന്തിക്കും ചുറ്റുമിരുന്നു പഠിക്കുന്ന ആ കുരുന്നുകള്‍ക്കും ചെറുതല്ലാത്ത ഒരു ലക്ഷ്യമുണ്ട്. അടുത്ത അധ്യയന വര്‍ഷം സ്‌കൂളില്‍ ചേര്‍ന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടണം. അതിനായുള്ള പരിശ്രമമാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നമ്മള്‍ കാണുന്നത്. ഒരിക്കല്‍ ഭിക്ഷ യാചിച്ചു തന്റെ മുന്നിലെത്തിയ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനായി ഹൈമന്തി എടുത്ത ശ്രമങ്ങളെ ആരും കാണാതെ പോകരുത്.
മദ്യത്തിന് അടിമയായി യാചിച്ചു നടന്നവര്‍
കൃത്യമായി പറഞ്ഞാല്‍ ഒരു 2018 ഏപ്രില്‍ മാസത്തിലാണ് ഹൈമന്തിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തിയ ആ സംഭവം ഉണ്ടാകുന്നത്. തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന മുംബൈ നഗരത്തിലെ കാന്ദിവാലി റെയില്‍വേ സ്റ്റേഷനില്‍ യാത്ര ആവശ്യവുമായി ബന്ധപ്പെട്ടാണ് ഹൈമന്തി എത്തിയത്. തന്റെ ട്രെയിന്‍ വരുന്നതും കാത്ത് സ്റ്റേഷനില്‍ ഇരുന്ന ഹൈമന്തിയുടെ കണ്ണുകള്‍ ആദ്യം ചെന്നുടക്കിയത് സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷ യാചിച്ചുകൊണ്ട് നടന്നിരുന്ന കുട്ടികളില്‍ ആയിരുന്നു. പത്തില്‍ താഴെ കുട്ടികളെ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഹൈമന്തിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഇവര്‍ എന്തിനു ഭിക്ഷ യാചിക്കുന്നു? സ്‌കൂളില്‍ പോയി പഠിക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഹൈമന്തിയുടെ മനസിലേക്ക് എത്തി. വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടും ആരാണ് ഇവരെ ഭിക്ഷ യാചിക്കുന്നതിനായി വിടുന്നത് എന്ന ആശങ്കക്കുള്ള ഉത്തരം തേടിയിറങ്ങാന്‍ തന്നെ ഹൈമന്തി തീരുമാനിച്ചു.
തന്റെ യാത്ര ഒഴിവാക്കി സ്റ്റേഷനിലെ എസ്‌കലേറ്ററിനു ചുറ്റും ഇരുന്നു ഭിക്ഷയാചിക്കുന്ന കുട്ടികളുടെ അടുത്തേക്ക് ഹൈമന്തി പോയി. ആരാണ് നിങ്ങലെഭിക്ഷ യാചിക്കുന്നതിയി വിട്ടത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. മാതാപിതാക്കള്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു ക്രൂരത ചെയ്തത് എന്ന് മനസിലാക്കിയ ഹൈമന്തി ആ കുട്ടികളോട് തന്നെ മാതാപിതാക്കളുടെ അടുത്തെത്തിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഭിക്ഷ യാചിച്ചു വളരേണ്ടവര്‍ അല്ല എന്നും അവരെ പഠിപ്പിക്കണം എന്നുമെല്ലാം ഹൈമന്തി ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കളുടെ പ്രതികരണം തീര്‍ത്തും നിരാശാജനകമായിരുന്നു. കാരണം മദ്യത്തിനും മയക്കു മരുന്നിനും അടിമകളായിരുന്നു അവയില്‍ ഏറിയപങ്കും. സ്‌കൂളില്‍ പോകാതെ മക്കള്‍ രാപ്പകല്‍ അലഞ്ഞു ഭിക്ഷ യാചിച്ച്ചുകൊണ്ടു വരുന്ന പണം കൊണ്ടാണ് അവര്‍ ജീവിച്ചിരുന്നത്. കുട്ടികളെ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ സമ്പാദിക്കുന്ന അത്ര പണം നല്‍കിയശേഷം കൊണ്ട് പോയി പഠിപ്പിച്ചുകൊള്ളാന്‍ ആയിരുന്നു മാതാപിതാക്കളുടെ ഭാഷ്യം.
ഇതുപ്രകാരം കുട്ടികളോട് സംസാരിച്ചപ്പോള്‍ മറുപടി അതിനേക്കാള്‍ നിരാശാജനകമായിരുന്നു. കുട്ടികള്‍ പോലും മദ്യത്തിന് അടിമകള്‍ ആയിരുന്നു. പലര്‍ക്കും സ്‌കൂളില്‍ ചേരണം എന്ന് ആഗ്രഹമുണ്ടെങ്കിലും സ്‌കൂളില്‍ നിന്നും തങ്ങളെ പുറത്താക്കിയതാണ് എന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളെ പറ്റിയും ജീവിതത്തില്‍ ലഭിക്കാന്‍ പോകുന്ന സൗഭാഗ്യങ്ങളെ പറ്റിയുമെല്ലാം ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ക്ക് പഠിച്ചാല്‍ കൊള്ളാം എന്നായി.ഇതുപ്രകാരം അടുത്തുള്ള വിദ്യാലയങ്ങളില്‍ സംസാരിച്ചപ്പോള്‍ വീണ്ടും നിരാശയായിരുന്നു ഫലം.
പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. അഡ്മിഷന്‍ ലഭിക്കേണ്ട പ്രായവും കാലവും കഴിഞ്ഞു. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ അടിമകളാണ് ചിലരൊക്കെ എന്ന തിരിച്ചറിവും വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ നേടുന്നതില്‍ നിന്നും തെരുവിലെ കുഞ്ഞുങ്ങളെ വിലക്കി. എന്തായാലും താന്‍ തുനിഞ്ഞിറങ്ങി, എങ്കില്‍ പിന്നെ ഏത് വിധേനയും കുട്ടികള്‍ക്ക് അക്ഷരവെളിച്ചം എത്തിച്ചേ തീരൂ എന്ന വാശിയായി ഹൈമന്തിക്ക്. അങ്ങനെയാണ് റെയില്‍വേ സ്റ്റേഷന്‍ നടപ്പാതകളില്‍ അക്ഷരപഠനം ആരംഭിക്കുന്നത്.
നടപ്പാതകളില്‍ തളിരിട്ട അക്ഷരമരം
കുട്ടികളുടെ വീടുകളില്‍ എത്തി മാതാപിതാക്കളെ നേരില്‍ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് കാന്ദിവാലി സ്റ്റേഷന്റെ നടപ്പാതകളില്‍ ഹൈമന്തി കുട്ടികള്‍ക്കായി ക്ലാസ് ആരംഭിച്ചത്. തുടക്കത്തില്‍ കഥകളും കവിതകളും പഠിപ്പിച്ച് കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിച്ചു. ആദ്യം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം വൈകുന്നേരം ഒരു മണിക്കൂര്‍ ആയിരുന്നു ക്ലാസ്. ഈ ക്ലാസിലൂടെ വിദ്യാര്‍ത്ഥികള്‍ പഠനത്തോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി ഹൈമന്തിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ക്രാഫ്റ്റ് പഠനം ആരംഭിച്ചു. കണ്ടിവാലി സ്റ്റേഷനിലൂടെ നടന്നു പോകുന്ന ഓരോയാത്രക്കാരും വഴിയോരത്തെ ഈ പഠനശാല കണ്ടു. ചിലര്‍ ഹൈമന്തിയെ അഭിനന്ദിച്ചു.വേറെ ചിലര്‍ ഹൈമന്തിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു അവഹേളിച്ചു. ഭിക്ഷക്കാരുടെ മക്കള്‍ക്ക് അക്ഷരം പറഞ്ഞുകൊടുത്തു സ്വന്തം വില കളയുകയാണ് എന്ന് ആക്ഷേപിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ഹൈമന്തി തളര്‍ന്നില്ല.
പഠനം മെല്ലെ മുന്നോട്ട് പോയി. അപ്പോഴും തങ്ങളുടെ വരുമാനം മുടങ്ങിയതില്‍ കുട്ടികളോടും ഹൈമന്തിയോടും കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ദേഷ്യമായിരുന്നു. പതുക്കെ ഒറ്റയാള്‍ പട്ടാളം എന്ന നിലയ്ക്ക് ഹൈമന്തി തുടക്കം കുറിച്ച പഠനശാലക്ക് ഒരു എന്‍ജിഒ മുഖം കൈവന്നു. ഹൈമന്തിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കുട്ടികളുടെ പടനാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ 8 ആളുകള്‍ കൂടിയെത്തി. അതോടെ ജുനൂന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ രജിസ്റ്റര്‍ ചെയ്തതായി ബാക്കി പ്രവര്‍ത്തനങ്ങള്‍. കുട്ടികളെ പഠിപ്പിക്കുന്നതും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിനും മറ്റുമായി എട്ടംഗ സംഘം കൂടിയ വന്നതോടെ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.
പിന്നീട് തെരുവിലെ പഠനത്തിന് ഒരു അടക്കും ചിട്ടയും വന്നു. കൃത്യമായ ടൈംടേബിള്‍ പ്രകാരം ഒരു സിലബസ് ഉണ്ടാക്കി അതനുസരിച്ചായി പഠനം. ഭാഷാപഠനം, കണക്ക്, സയന്‍സ് അങ്ങനെ സ്‌കൂളില്‍ നിന്നും പഠിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സിലബസില്‍ ഉള്‍പ്പെടുത്തി. മെല്ലെ മെല്ലെ ആട്ടവും പാട്ടുമായി കുട്ടികളും പഠനത്തിന്റെ വഴിയിലേക്ക് പൂര്‍ണമായും തിരിഞ്ഞു. ഭിക്ഷാടനം കൊണ്ട് തങ്ങള്‍ക്ക് ഒരിക്കലും ഒരു നല്ല ജീവിതം ലഭിക്കില്ല എന്ന തിരിച്ചറിവ് കുട്ടികള്‍ക്കുണ്ടായി. ഈ വലിയ മാറ്റം കൊണ്ട് വന്നതിനു ഹൈമന്തിക്ക് വലിയ കയ്യടി ലഭിക്കുകയും ചെയ്തു. എന്നാല്‍ അഭിനന്ദനങ്ങള്‍ ലഭിച്ച പോലെ തന്നെ ചില എതിര്‍പ്പുകളും ഹൈമന്തിക്ക് നേരിടേണ്ടി വന്നു. റെയില്‍വേ സ്റ്റേഷന്‍ നടപ്പാതയില്‍ ഈ ക്‌ളാസ് സ്ഥിരം യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി ഒരു യാത്രക്കാരി നല്‍കിയതോടെ കാര്യങ്ങള്‍ എല്ലാം കൈവിട്ടു പോയി. റെയില്‍വേ സ്റ്റേഷന്‍ നടപ്പാതയിലെ പഠനക്ലാസ് അതോടെ അവസാനിച്ചു.
എന്നാല്‍ എട്ടംഗ എന്‍ജിഒ സംഘത്തിന് വിട്ടുകൊടുക്കാന്‍ ലവലേശം മനസ്സ് ഉണ്ടായിരുന്നില്ല.നിശ്ചിത തുക പിരിവിട്ട് സ്റ്റേഷന്റെ അടുത്തായി ഒരു മുറി ശരിപ്പെടുത്തി ക്‌ളാസുകള്‍ അങ്ങോട്ടേക്ക് മാറ്റി. പ്രതിമാസം 10000 രൂപയായിരുന്നു വാടക. എന്നാല്‍ ഈ ക്ലാസുമാറ്റം കുട്ടികള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കി. കുട്ടികള്‍ കൂടുതല്‍ ആവേശത്തോടെ പഠിക്കാന്‍ തുടങ്ങി. അതോടൊപ്പം ലഹരി വസ്തുക്കളില്‍ നിന്നും പൂര്‍ണമായ മോചനവും കിട്ടി.
കുട്ടികളില്‍ വന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍
ക്‌ളാസുകള്‍ കൃത്യമായി മുന്നോട്ട് പോകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളില്‍ അത്ഭുതാവഹമായ മാറ്റങ്ങളാണ് വന്നതെന്ന് ഹൈമന്തി പറയുന്നു.ക്ലാസും പഠനവും എല്ലാം തുടങ്ങുന്നതിനു മുന്‍പ് ഉഷിക എന്ന എട്ടു വയസുകാരിക്ക് എല്ലാവരോടും ദേഷ്യവും വാശിയും ആയിരുന്നു. ഭിക്ഷ യാചിക്കാന്‍ തീരെ ഇഷ്ടമല്ലാഞ്ഞിട്ടും നിര്‍ബന്ധിപ്പിച്ച് അതിലേക്ക് കൊണ്ട് വന്നതിന്റെ ദേഷ്യംയിരുന്നു ഉഷികക്ക്. എന്നാല്‍ ക്‌ളാസില്‍ വരാന്‍ തുടങ്ങിയതോടെ ഉഷികയുടെ സ്വഭാവം മാറി. പഠിപ്പിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കുന്നതിലായി പിന്നീടുള്ള ശ്രദ്ധ. അടുത്ത ധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് ഉഷിക ഇപ്പോള്‍ ദിവസവും പഠിക്കാനായി എത്തുന്നത്. എന്നാല്‍ വരുമാനം മുടങ്ങിയതുകൊണ്ട് തന്നെ വീട്ടുകാരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും ഇല്ല, പഠിക്കാന്‍ പോകണം എന്ന് പറയുമ്പോള്‍ ഇളയകുഞ്ഞിനെ നോക്കാനായി വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുകയാണ് ഉഷികയുടെ ‘അമ്മ ചെയ്യാറുള്ളത്. എന്നാല്‍ പഠനത്തോട് അതീവ താല്‍പര്യം കാണിക്കുന്ന ഉശികയാവട്ടെ, അനിയനെ ഉറക്കിക്കിടത്തി അമ്മയെ ഏല്‍പ്പിച്ചശേഷം പഠിക്കാനായി ഓടിയെത്തും.
ക്‌ളാസുകള്‍ ആറു മാസം പിന്നിട്ടപ്പോള്‍ തന്നെ വളരെ മികച്ച രീതിയിലുള്ള വ്യത്യാസം കാണാന്‍ കഴിഞ്ഞു. വരുന്ന അധ്യയന വര്‍ഷത്തില്‍ത്തന്നെ ഈ ‘അധ്യാപികയുടെ’ കുട്ടികള്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠനം ആരംഭിക്കും എന്ന കാര്യത്തില്‍ ഹൈമന്തിയും ജുനൂനും ഉറപ്പ് നല്‍കുന്നു. വിദ്യാഭ്യസം കൊണ്ട് ഭിക്ഷാടനത്തെ തോല്‍പ്പിച്ച ഹൈമന്തി , കുട്ടികളെ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്നതിന് പ്രാപ്തയാക്കുകയാണുണ്ടായത്. ജുനൂനിന്റെ പ്രവര്‍ത്തനങ്ങള്‍ കന്ദിവാലിക്ക് പുറത്ത് മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹൈമന്തിയും കൂട്ടരും.