ജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി വിജയം കൈവരിച്ച സംരംഭകരുടെ കഥകളെക്കാള്‍ എന്നും പ്രചോദനവും ആത്മവിശ്വാസവും നല്‍കുക പ്രതിസന്ധികളെ തരണം ചെയ്ത് പരാജയത്തിന്റെ കയ്പുനീര്‍ രുചിച്ചര്‍ നേടിയ വിജയങ്ങളായിരിക്കും. അത്തരത്തിലൊരാളാണ് ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഡിസ്‌നി വേള്‍ഡിന് പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ വ്യവസായിയായ വാള്‍ട്ട് ഡിസ്‌നി. ഒരു പ്രമുഖ പത്രത്തില്‍ നിന്നും നല്ല ഭാവനയും ആശയങ്ങളും ഇല്ലാത്തതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട ഡിസ്‌നിയാണ് ലോകത്തെ സിംഹഭാഗവും ജനങ്ങളുടെയും ഹൃദയം കവര്‍ന്ന മിക്കി മൗസിന്റെയും കൂട്ടാളികളുടെയും പിന്നില്‍. ഇന്ന് ടൈം വാര്‍ണറിന് പിന്നിലായി, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മാദ്ധ്യമവിനോദ കോര്‍പ്പറേഷനാണ് അദ്ദേഹം സ്ഥാപിച്ച ദ വാള്‍ട്ട് ഡിസ്‌നി കമ്പനി. ഇതില്‍ ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടേയും പല ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളുടേയും കമ്പനി ഉള്‍പ്പെടുന്നു.
തോറ്റിട്ടും തോല്‍ക്കാത്ത സംരംഭകരില്‍ നിന്നുമാണ് ഇപ്പോഴും സംരംഭകത്വ വിജയത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കേണ്ടത്. ലോകത്തിന് മുഴുവന്‍ അഭിമാനിക്കാനുള്ള വക നല്‍കി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡിസ്‌നി വേള്‍ഡ് എന്ന അമ്യുസ്‌മെന്റ് പാര്‍ക്കിന് പിന്നിലും ഇത്തരത്തില്‍ ഒരു സംഗതിയാണുള്ളത്.
അമേരിക്കയിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും ഏറെ ആഗ്രഹിച്ചു കാണാനെത്തുന്ന ഒരിടമാണ് ഇന്ന് ഡിസ്‌നി വേള്‍ഡ്. കാഴ്ചയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് കുട്ടികളെ ആകര്‍ഷിക്കുന്ന ഒരിടമായി ഇവിടം തോന്നുമെങ്കിലും അതിനപ്പുറം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആശ്ചര്യവും കൗതുകവും ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. കാര്‍ട്ടൂണ്, ആനിമേഷന്‍, ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിന്റെ അത്ഭുതകരങ്ങളായ ആവിഷ്‌കാരങ്ങള്‍ ഡിസ്‌നി വേള്‍ഡിനെ വ്യത്യസ്തമാക്കുന്നു. ദ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 3600 കോടി യു.എസ് ഡോളറാണ്.
ഇത്തരമൊരു വിജയം ഒരൊറ്റ രാത്രി കൊണ്ട് നേടിയെടുത്തതല്ല അദ്ദേഹം.ജീവിതത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളുമാണ് വാള്‍ട്ട് ഡിസ്‌നി എന്ന സംരംഭകനെ ശക്തിപ്പെടുത്തിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം അനുഭവിച്ച തിരിച്ചടികള്‍ അദ്ദേഹത്തിന്റെ വ്യാവസായിക ജീവിതത്തിനു മുതല്‍ക്കൂട്ടായി. കോളെജില്‍ ചേര്‍ന്ന് ഔപചാരിക നേടിയ വലിയ അറിവുകള്‍ ഒന്നുമായിരുന്നില്ല വാള്‍ട്ട് ഡിസ്‌നി എന്ന വ്യക്തിയുടെ ആയുധം. ചെറുപ്പം മുതലേ പടം വരയ്ക്കുവാനും ആനിമേഷന്‍ നടത്താനും വലിയ അഭിനിവേശമായിരുന്നു അദ്ദേഹത്തിന്.
അമേരിക്കയിലെ ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് എടുത്തു പറയത്തക്ക യോഗ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും മികച്ച രീതിയിലുള്ള ഒരു ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനു പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും കടന്നു പോയത്. ഭക്ഷണത്തിന് വകയില്ലാത്ത സാഹചര്യത്തില്‍ നിന്നും പഠിക്കണമെന്ന ആഗ്രഹവുമായി ചെന്ന് മുട്ടിയ വാതിലുകള്‍ ഒന്നും തന്നെ വാള്‍ട്ട് ഡിസ്‌നിക്ക് മുന്നില്‍ തുറന്നില്ല. മുടി വെട്ടിക്കാന്‍ പണമില്ലാതിരുന്ന അവസ്ഥയില്‍ അദ്ദേഹം പുതിയ ‘ഹെയര്‍ സ്‌റ്റൈല്‍’ ചിത്രങ്ങള്‍ ബാര്‍ബര്‍ക്ക് വരച്ചു നല്‍കിയാണ് അദ്ദേഹം മുടി വെട്ടിയിരുന്നത്. അങ്ങനെ ജീവിതത്തില്‍ ഏതൊരു ചെറിയ കാര്യം നേടിയെടുക്കണമെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ ആയുധമായുണ്ടായിരുന്നത് ചിത്രരചനയായിരുന്നു.
എന്നാല്‍ ആ ചിത്രരചനകൊണ്ടും തുടക്കത്തില്‍ മികച്ച വരുമാനം നേടുന്ന ജോലികള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. വരുമാനമാര്‍ഗം കണ്ടെത്തുന്നതിനായി അദ്ദേഹം ട്രെയിനുകളില്‍ കാപ്പിയും ചായയും മറ്റു ലഘു ഭക്ഷണങ്ങളും വിറ്റു നടന്നു. ഇങ്ങനെ കിട്ടുന്ന വരുമാനത്തില്‍ നിന്നും നിശ്ചിതമായ ഒരു തുക മാറ്റി വച്ചുകൊണ്ടാണ് വാള്‍ട്ട് ഡിസ്‌നി രാത്രികാലങ്ങളില്‍ ഫൈന്‍ ആര്‍ട്‌സ് കേന്ദ്രത്തില്‍ പോയി ക്ലാസുകളില്‍ ചിത്ര രചന അഭ്യസിച്ചു. അങ്ങനെ പതിനാറു വയസ്സ് പ്രായമായപ്പോള്‍, ആര്‍ട്ട്‌സ് പഠനം ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേരാന്‍ പോയി. എന്നാല്‍ പതിനാറു വയസ്സെന്ന പറയാം അവിടെ വില്ലനായി മാറി.
എന്നാല്‍ മതിയായ പ്രായമായില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹത്തെ പുറത്താക്കി. വീണ്ടും പഠനം തുടരാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നതിനായി മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യണം എന്നതായി ആഗ്രഹം. അതിനായി അദ്ദേഹം തെരെഞ്ഞെടുത്തത് ഡ്രൈവിംഗ് ആയിരുന്നു. റെഡ്‌ക്രോസിന്റെ ആംബുലന്‍സ് ഡ്രൈവറായി കുറെക്കാലം പ്രവര്‍ത്തിച്ചു.മുഴുവന്‍ സമയത്തും ജോലിയില്ല എന്നൊരു ഗുണമുണ്ടായിരുന്നു ആ ജോലിക്ക്. അതിനാല്‍ സമയം കിട്ടുമ്പോഴൊഴെല്ലാം വാള്‍ട്ട് ഡിസ്‌നി ചിത്രരചനയില്‍ മുഴുകി.1920 കളില്‍ അധികം പ്രചാരത്തിലില്ലാത്ത കാര്‍ട്ടൂണ്‍ രചനയിലായിരുന്നു അദ്ദേഹത്തിന് ഏറെ താല്‍പര്യം.
അനിമേഷനിലെ താല്‍പര്യം തിരിച്ചറിയുന്നു
വരകളുടെ ലോകത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ അനിമേഷന്റെ സാധ്യതകളെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു തുടങ്ങി. പ്രായവും പക്വതയും കൈവന്നതോടെ, അനിമേഷന്‍ വ്യവസായത്തിലേക്കു കടന്നാല്‍ നന്നായിരിക്കും എന്ന രീതിയില്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു. എന്നാല്‍ വാള്‍ട്ടിന് അതില്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ കന്‍സാസ് സ്‌ലൈഡ് ഷോ കമ്പനിയില്‍ ഒരു ജോലി ലഭിച്ചതോട് കൂടി ആ രംഗത്തേക്ക് കടക്കുവാന്‍ അദ്ദേഹത്തിന് താല്‍പര്യവും വര്‍ധിച്ചു. ഈ അവസരത്തില്‍ അദ്ദേഹം കൂടുതല്‍ സമയം ചിത്രരചനയില്‍ മുഴുകി.
ഇതിനിടക്കാണ് അമേരിക്കയിലെ ഒരു പ്രമുഖ പത്രത്തില്‍ വാള്‍ട്ട് ഡിസ്‌നി കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിക്കുന്നത്. സമകാലീക സംഭവങ്ങളോട് അനുബന്ധിച്ച് കാര്‍ട്ടൂണുകള്‍ വരക്കാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ജോലി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്ന് പത്രത്തിന്റെ മാനേജ്‌മെന്റ് വിധിയെഴുതി. കാര്‍ട്ടൂണുകളിലൂടെ ആളുകളെ ചിരിപ്പിക്കുന്നതിനു വേണ്ട ആശയങ്ങള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഇല്ലെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
1920കളുടെ ആദ്യം ഒരു അനിമേറ്റര്‍ എന്ന നിലയില്‍ വാള്‍ട്ട് ഡിസ്‌നി തന്റെ ജോലി ആരംഭിച്ചു. ആലീസ് കോമഡീസ് എന്ന അനിമേഷന്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളുടെ കൂടെയായിരുന്നു അദ്ദേഹം അനിമേറ്റര്‍ എന്ന നിലയില്‍ ആദ്യമായി ജോലി ചെയ്തത്. ജോലി ചെയ്തിരുന്നത്. ആലീസ് കോമഡീസിനൊരു പ്രത്യേകതയുണ്ട്. മനുഷ്യരും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഒന്നിച്ചായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇത്തരം ഒരു ചിത്രത്തിന് വേണ്ടി അനിമേഷന്‍ ചെയ്യുന്നതിനേക്കാള്‍ വാള്‍ട്ട് ഡിസ്‌നി ഇഷ്ടപ്പെട്ടിരുന്നത് ഒരു മുഴുനീള അനിമേഷന്‍ ചിത്രം ചെയ്യുന്നതിന് വേണ്ടിയായിരുന്നു.
അങ്ങനെ, 1927ല്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസുമായി ബന്ധപ്പെടാനും അവര്‍ക്കുവേണ്ടി ഒരു അനിമേഷന്‍ ചിത്രം നിര്‍മിക്കാന്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇവിടെ ഒരു പ്രശ്‌നമുണ്ടായി. ഓസ്വാള്‍ഡ് എന്നൊരു മുയലിനെയാണ് കേന്ദ്ര കഥാപാത്രമായി യൂണിവേഴ്‌സല്‍ കണ്ടെത്തിയത്. പേരിലോ കഥാപാത്രത്തിലോ ഒരു മാറ്റവും വരുത്താനുള്ള സ്വാതന്ത്ര്യം ഡിസ്‌നിക്ക് ഉണ്ടായിരുന്നില്ല.ഏറെ ആഗ്രഹത്തോടെയാണ് അദ്ദേഹം ഈ ജോലി സ്വീകരിച്ചത്.
എന്നാല്‍, ഡിസ്‌നിയും അദ്ദേഹത്തിന്റെ ചീഫ് അനിമേറ്റര്‍ അബ് ഐവര്‍ക്ക്‌സും ചേര്‍ന്ന് ചിത്രീകരിച്ച ആദ്യ ചിത്രം ഒരു വന്‍ പരാജയമായിരുന്നു. ചിത്രം തീര്‍ന്നുവന്നപ്പോള്‍ ഓസ്വാള്‍ഡ് ആകെ ഒരു പറയമേറിയ വയസ്സന്‍ മുയലായി മാറി. അതോടു കൂടി യൂണിവേഴ്‌സല്‍ ആ അനിമേഷന്‍ ചിത്രം സ്വീകരിക്കില്ല എന്ന് അറിയിച്ചു. വീണ്ടും ഒരിക്കല്‍ കൂടി ഇരുവരോടും ഒസ്വാള്‍ഡിനെ വരയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ അല്‍പം സ്വാതന്ത്ര്യം നല്കുകയുവും ചെയ്തു. അതോടെ ഓസ്വാള്‍ഡ് ചുറുചുറുക്കുള്ള ഒരു മുയലായി. ഒസ്വാള്‍ഡിന്റെ സ്വഭാവത്തിലും ഏറെ മാറ്റംവന്നു. കുസൃതിത്തരം കൂടുതലുള്ള, ആരും ഇഷ്ടപ്പെട്ടുപോകുന്ന സ്വഭാവത്തോടെ ഓസ്വാള്‍ഡ് കാഴ്ചക്കാരുടെ മനം കവര്‍ന്നു.
1927 സെപ്റ്റംബര്‍ 5. ഒസ്വാള്‍ഡിന്റെ ആദ്യ ചിത്രം ആയ ട്രോളി ട്രബിള്‍സ് റിലീസ് ചെയ്തു. അതുവരെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിലും കാണാത്ത പ്രായോഗിക ബുദ്ധിയുള്ള ഒസ്വാള്‍ഡിനെ ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ശാസ്ത്രത്തിനെ വെല്ലുവിളിക്കുന്ന രീതിയില്‍ ആയിരുന്നു ഓസ്വാള്‍ഡിന്റെ പല ചലനങ്ങളും. ആദ്യമായി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഇറങ്ങിയത് ആ കാര്‍ട്ടൂണ്‍ പുറത്തിറങ്ങിയ ശേഷമാണ്. ഒരു അനിമേറ്റര്‍ എന്ന നിലയില്‍ വാള്‍ട്ട് ഡിസ്‌നിയുടെ വിജയത്തിന്റെ തുടക്കമായിരുന്നു അത്.
എന്നാല്‍ അധികകാലം ഒസ്വാള്‍ഡിനെ വരക്കാനുള്ള ഭാഗ്യം വാള്‍ട്ട് ഡിസ്‌നിക്ക് ഉണ്ടായില്ല. യൂണിവേഴ്‌സലിന്റെ ഭാഗമായി നിന്ന് മറ്റു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അദ്ദേഹം വരച്ചു എങ്കിലും ഒസ്വാള്‍ഡിനെ വരക്കാനുള്ള അവസരം മറ്റു ജോലിക്കാര്‍ക്ക് യൂണിവേഴ്‌സല്‍ നല്‍കി. ഒസ്വാള്‍ഡിന്റെ മേല്‍ പകര്‍പ്പവകാശം ഇല്ലാതിരുന്നതിനാല്‍ ഈ തീരുമാനറ്റത്തെ അംഗീകരിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
മിക്കി മൗസുമായെത്തുന്നു
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അന്നും ഇന്നും ഏറെ പ്രശസ്തനായ മിക്കി മൗസിനെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം അനിമേഷനിലെ താരമായി മാറുന്നത്. 1928 ലായിരുന്നു ആ സംഭവം നടക്കുന്നത്. ഒസ്വാള്‍ഡുമായി ഏറെ സാമ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അതൊരിക്കലും ഒരു മുയല്‍ ആയിരുന്നില്ല.ഒരു ഇത്തിരിക്കുഞ്ഞന്‍ എലിയെയാണ് അദ്ദേഹം വരച്ചത്. മിക്കി മൗസ് എന്ന പേരിട്ട ആ കഥാപാത്രം കുട്ടികളുടെ പ്രിയപ്പെട്ട ചങ്ങാതിയായി മാറിയത് വളരെ പെട്ടന്നായിരുന്നു. മിക്കി മൗസിന്റെ ജനനത്തോടെ അദ്ദേഹത്തിന്റെ വിജയയാത്ര ആരംഭിച്ചു.
പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ നാളുകളായിരുന്നു. ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, സംരംഭകന്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം തിളങ്ങി. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളില്‍ ഒരാളാണ് ഇന്ന് വാള്‍ട്ട് ഡിസ്‌നി. 1923ല്‍ വാള്‍ട്ട്, റോയ് ഡിസ്‌നി സഹോദരങ്ങള്‍ ചേര്‍ന്ന് ദ വാള്‍ട്ട് ഡിസ്‌നി കമ്പനി കമ്പനി എന്ന പേരില്‍ ഒരു ചെറിയ അനിമേഷന്‍ സ്റ്റുഡിയോ സ്ഥാപിച്ചു. പിന്നീട് സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം ഈ സ്ഥാപനം വളരുകയായിരുന്നു. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടേയും അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എന്‍ എന്നിവ ഉള്‍പ്പെടെ, പല ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളുടേയും ആസ്ഥാനമാണ്.
വാള്‍ട്ട് ഡിസ്‌നി കോര്‍പ്പറേഷന്‍, ഡിസ്‌നി വേള്‍ഡ്, വാള്‍ട്ട് ഡിസ്‌നി റിസോര്‍ട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പേര്‍ക്കായി മാറിയ ഡിസ്‌നി വേള്‍ഡിന്റെ പേരിലാണ് വാള്‍ട്ട് ഡിസ്‌നി ഇന്ന് അറിയപ്പെടുന്നത്. 1971 ലാണ് ഇത് സ്ഥാപിതമായത്. 3600 കോടി യുഎസ് ഡോളറാണ് ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം. 1966 ല്‍ വാള്‍ട്ട് ഡിസ്‌നി മരണപ്പെട്ടു എങ്കിലും അതിനു മുന്‍പായി തന്റെ സ്ഥാപനങ്ങള്‍ക്കായുള്ള മികച്ച അടിത്തറയുണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അമ്പത്തൊമ്പത് തവണ അക്കാഡമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ഇരുപത്താറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2006ല്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസില്‍ നിന്ന് ഡിസ്‌നി ലാന്‍ഡ് ഒസ്വാള്‍ഡിന്റെ പകര്‍പ്പവകാശം വിലയ്ക്കുവാങ്ങി. ഇപ്പോള്‍ ഓസ്വാള്‍ഡ് ഡിസ്‌നിയുടെ കുടുംബാംഗമാണ്. ഡിസ്‌നിയുടെ സ്വന്തമായി കഴിഞ്ഞതോടെ ഡിസ്‌നിയുടെ ചിത്രങ്ങളില്‍ ഓസ്വാള്‍ഡ് അഭിനയിക്കുകയും ചെയ്തു.
സഹോദരനുമൊത്ത് തുടങ്ങിയ ലാഫ്ഓഗ്രാം എന്ന കമ്പനി പൊളിഞ്ഞു. പകര്‍പ്പവകാശം വിതരണക്കാരന്‍ കൈക്കലാക്കി, പത്രസ്ഥാപനത്തില്‍ നിന്നും കഴിവില്ല എന്ന കാരണം പറഞ്ഞു പുറത്താക്കി, യൂണിവേഴ്‌സല്‍ കമ്പനി പല നേട്ടങ്ങളില്‍ നിന്നും തന്നെ വിലക്കി, എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ വിജയത്തിന് തടസ്സമായില്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, ഫീച്ചര്‍ ഫിലിമുകള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, 22 ഒസ്‌കറുകള്‍, മികച്ച സിനിമാ നിര്‍മാണക്കമ്പനി, അമ്യുസ്‌മെന്റ് പാര്‍ക്കുകള്‍, ഹാര്‍വാര്‍ഡിലെയും യോലിലെയും അടക്കം ഓണറ്റി ബിരുദങ്ങള്‍ അങ്ങനെ ഒന്നുമില്ലായ്മയില്‍ നിന്നും ഇദ്ദേഹം പടുത്തുയര്‍ത്തിയ നേട്ടങ്ങള്‍ അനവധിയാണ്. നൈസര്‍ഗികമായ കഴിവുകളെ തിരിച്ചറിയാതെ അലസതയില്‍ കഴിയുന്നതില്‍ കാര്യമില്ല എന്ന വലിയ പാഠമാണ് വാള്‍ട്ട് ഡിസ്‌നി തന്റെ വിജയത്തെ ഉറ്റുനോക്കുന്നവരോട് പറയുന്നത്. സ്വന്തം കഴിവ്‌കൊണ്ട് മാത്രം വളര്‍ന്നു വന്ന വ്യക്തിയാണ് അദ്ദേഹം. എന്നും ശുഭാപ്തി ചിന്തകളോടെ ഇരിക്കുക അതാണ് അദ്ദേഹത്തിന് ലോകത്തോട് പറയാനുള്ളത്.