News

18252 സംരംഭകരെ സൃഷ്ടിച്ച ‘യഥാര്‍ത്ഥ സംരംഭകന്‍’

പൂനെ സ്വദേശിയായ ആനന്ദ് ദേശ്പാണ്ഡെ എന്ന സംരംഭകന്‍ വ്യത്യസ്തനാകുന്നത് സമൂഹത്തെ സംരംഭകത്വത്തിലൂടെ വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടാണ്

ഒരു വ്യക്തിയുടെ യഥാര്‍ത്ഥ വ്യക്തിത്വം അതിന്റെ പൂര്‍ണമായ രീതിയില്‍ പ്രതിഫലിക്കപ്പെടുക സമൂഹത്തോടുള്ള കാഴ്ചപ്പാടിനെക്കൂടി അടിസ്ഥാനമാക്കിയാണ്. താന്‍ നേടിയ വിദ്യയും സമ്പത്തും സ്വന്തം അഭിവൃദ്ധിക്കായി വിനിയോഗിക്കുന്നതിനോടൊപ്പം സമൂഹത്തിനെ ഉന്നമനത്തിനായി എങ്ങനെ വിനിയോഗിക്കുന്നു എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. ഇതുകൊണ്ട് തന്നെയാണ് പല സ്ഥാപനങ്ങളും തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ടീമിനെ നിയോഗിക്കുന്നത്. എന്നാല്‍ പൂനെ സ്വദേശിയായ ആനന്ദ് ദേശ്പാണ്ഡെ എന്ന സംരംഭകന്‍ വ്യത്യസ്തനാകുന്നത് സമൂഹത്തെ സംരംഭകത്വത്തിലൂടെ വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടാണ്.

Advertisement

ആനന്ദ് ദേശ്പാണ്ഡെ

പെര്‍സിസ്റ്റന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററായിരുന്ന ദേശ്പാണ്ഡെ കഴിവും ആഗ്രഹവും ഉള്ള വ്യക്തികള്‍ക്ക് സംരംഭകരാകുന്നതിനുള്ള വഴിയൊരുക്കുക എന്ന ലക്ഷ്യത്തിലാണ് 2015 ല്‍ ദെഅസ്‌റ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. സംരംഭം തുടങ്ങുന്നതിനുള്ള ആശയം, മൂലധനം, വിപണി തുടങ്ങിയ വിവിധങ്ങളായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്ന ദെഅസ്‌റയിലൂടെ ദേശ്പാണ്ഡെ മഹാരാഷ്ടക്ക് നല്‍കിയിരിക്കുന്നത് 18252 സംരംഭകരെയാണ്.

ഒരു നിമിഷത്തെ വ്യത്യസ്തമായ ഒരു ചിന്തയില്‍ നിന്നുമാണ് ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ആശയങ്ങള്‍ പിറക്കുക. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് 2015 ല്‍ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി സ്ഥാപിതമായ ദെഅസ്‌റ എന്ന സ്ഥാപനം. മഹരാഷ്ട്രയിലെ മുന്‍നിര സംരംഭകാരിലെ ഒരാളായ പെര്‍സിസ്റ്റന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററായിരുന്ന ആനന്ദ് ദേശ്പാണ്ഡെ എന്ന സംരംഭകന്‍ ആരംഭിച്ച ഈ സ്ഥാപനം സംസ്ഥാനത്തെ സാമൂഹിക സംരംഭകത്വ രംഗത്തെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്. തന്റെ ഭാര്യയുമായി നടന്ന ഒരു പൊതു ചര്‍ച്ചക്കിടയിലാണ് ആനന്ദ് ദേശ്പാണ്ഡെക്ക് ദെഅസ്‌റയുടെ ആശയം ലഭിക്കുന്നത്.

ഒരു ദിവസം വൈകുന്നേരം ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദും ഭാര്യയും പതിവ് പോലെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഓരോന്നായി പറയവേ,, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വരുന്നത് അവിടെ നിന്നുമാണ്. സമൂഹത്തിന്റെ ഭാഗമായാണ് താനും തന്റെ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്. ഇന്ന് താന്‍ നേടിയ സകല നേട്ടങ്ങള്‍ക്ക് പിന്നിലും സമൂഹത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണയുണ്ടെന്ന് അറിയാമായിരുന്ന ദേശ്പാണ്ഡെ, സമൂഹം തനിക്ക് നല്‍കിയതിന്റെ ഒരംശം തിരികെ നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ സമൂഹത്തിനായി എന്നതാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ദേശ്പാണ്ഡെയ്ക്ക് ഒരു ധാരണയുണ്ടായിരുന്നില്ല.

അങ്ങനെ ചിന്തകള്‍ മനസിലേക്ക് കാട് കയറിയ വേളയിലാണ് സുഹൃത്തായ ശ്രീധര്‍ ജഗന്നാഥന്‍ അവിടേക്ക് വന്നത്. താനും ഭാര്യയും ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ആനന്ദ് ദേശ്പാണ്ഡെ സുഹൃത്തിനോട് പറഞ്ഞു. ജീവിതത്തെ പഠിക്കുക, സമ്പാദിക്കുക, തിരിച്ച് നല്‍കുക എന്നിങ്ങനെ മൂന്നായി വിഭജിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ജഗന്നാഥന്റെ വാക്കുകള്‍ ശരിയായി വിലയിരുത്തിയപ്പോള്‍ ആനന്ദ് ദേശ്പാണ്ഡെക്കും അതാണ് ശരിയെന്ന് തോന്നി. തന്റെ പഠനകാലവും , സമ്പാദ്യകാലവും കഴിഞ്ഞു. നന്നായി പഠിക്കുകയും ബിസിനസിലൂടെ ധാരാളം പുതിയ അറിവ് നേടി പണം സമ്പാദിക്കുകയും ചെയ്തു.

അപ്പോള്‍ 50 വയസ്സ് കഴിഞ്ഞ തനിക്കിനി സമൂഹത്തിന് തിരിച്ചുകൊടുക്കേണ്ട സമയമാണ്. തന്നെ സംരംഭകനാക്കി മാറ്റിയ സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം തന്നെപ്പോലെ കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് എന്ന് മനസിലാക്കിയ ദേശ്പാണ്ഡെ സാമൂഹ്യ സംരംഭകത്വത്തില്‍ അധിഷ്ഠിതമായി ദെഅസ്‌റ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുകയായിരുന്നു. ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അത് സംബന്ധിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ സഹായിക്കുകയാണ് ദെഅസ്‌റ ചെയ്യുന്നത്.

ബില്‍ഗേറ്റ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ആനന്ദ്

മഹാരാഷ്ട്രയിലെ മുന്‍നിര സംരംഭകരെ എടുത്തു നോക്കിയാല്‍ അതില്‍ മുന്‍നിരയില്‍ തന്നെയായി ആനന്ദ് ദേശ്പാണ്ഡെ സ്ഥാനം പിടിച്ചതായി കാണാം. പെര്‍സിസ്റ്റന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം സംരംഭകരംഗത്ത് തന്റേതായ മാതൃക സൃഷ്ടിച്ചെടുത്തത് വളരെ ചെറിയ സമയം കൊണ്ടാണ്. തുടക്കം മുതല്‍ തന്റെ സ്ഥാപനത്തെ നയിക്കുന്നതും മാനേജ് ചെയ്യുന്നതുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. സംരംഭകത്വത്തില്‍ അദ്ദേഹത്തിന് എന്നും പ്രചോദനം മൈക്രോസോഫ്റ്റ് സ്ഥാപനകനായ ബില്‍ഗേറ്റ്‌സ് ആയിരുന്നു. നീണ്ട 25 വര്‍ഷത്തെ സാങ്കേതിക മേഖലയിലുള്ള തന്റെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നും സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ പിന്തുണ നല്‍കുക എന്ന ചിന്ത കലശലായതോടെ ബില്‍ഗേറ്റ്‌സിനെ തന്നെ മനസ്സിലുറപ്പിച്ച് ആനന്ദ് ദേശ്പാണ്ഡെ ഈരംഗത്തിറങ്ങി.

1992 മുതല്‍ ആനന്ദ് സ്ഥിരമായി മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ പോകാറുണ്ടായിരുന്നു. ബില്‍ഗേറ്റ്‌സിന്റെ പ്രവര്‍ത്തനം ആനന്ദിനെ എപ്പോഴും സ്വാധീനിച്ചിരുന്നു. 2000ല്‍ മലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍ തുടങ്ങിയത്. മൈക്രോസോഫ്റ്റിനെപ്പോലെ തന്നെ ബില്ലും മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനും ആഗോളതലത്തില്‍ വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടിരുന്നു. ഒരു ടെക്ക് ഭീമന്റെ ഇത്തരം നടപടികള്‍ ആന്ദിനെ ആകര്‍ഷിച്ചു.’ ഒരിക്കലും സുഗമമായ പ്രോജക്ടുകളിലൂടെ മാത്രം കടന്നുപോകരുതെന്നും ബുദ്ധിമുട്ടുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കണമെന്നുമായിരുന്നു’ തന്റെ സ്ഥാപനത്തിലൂടെ ബില്‍ഗേറ്റ്‌സ് പറഞ്ഞിരുന്നത്. ഈ പോളിസി പിന്തുടരാനാണ് ആനന്ദും ആഗ്രഹിച്ചത്. സമൂഹത്തിലെ വലിയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക വഴി ഒരു വലിയ വിഭാഗം ജനങ്ങളെ സഹായിക്കാന്‍ ആനന്ദ് തീരുമാനിച്ചു. സ്വന്തമായി ഏതെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും ലക്ഷ്യമിട്ടാണ് ആനന്ദ് ദെഅസ്‌റ പൂനയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പ്രശസ്തമായ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രാധ്യയെ സ്ഥാപനത്തിന്റെ സിഇഒ ആയി നിയമിച്ചു. സാധാരണ ഒരു സോഫ്ട്!വെയര്‍ എന്‍ജിനീയര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനായിരുന്നു പ്രാധ്യയുടെ ആഗ്രഹം. അംങ്ങനെയാണ് 2015 മുതല്‍ അദ്ദ്‌ദേഹം ദെഅസ്‌റയുടെ ഭാഗമാകുന്നത്.

എന്താണ് ദെഅസ്‌റ?

സംരംഭകരെ സഹായിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങള്‍ സര്‍ക്കാരിന് കീഴിലും അല്ലാതെയും നിലവിലുണ്ട്. . എന്നാല്‍ പലപ്പോഴും ഇവ സംഘടനകളായി മാത്രം അവശേഷിക്കുന്നു. സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും ഉപദേശങ്ങളും നല്‍കാന്‍ ആരും ഉണ്ടാകില്ലെന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അവരെ സഹായിക്കുകയാണ് ആദ്യം ചെയ്യുന്നത്.

സംരംഭകരോടും സര്‍ക്കാരിനോടും ബാങ്കുകളോടും ട്രെയിനിംഗ് സ്ഥാപനങ്ങളോടുമെല്ലാം അവസരങ്ങളെപ്പറ്റി സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്ത് ശരിയായ ദിശയിലേക്ക് സംരംഭക മോഹികളെ കൈ പിടിച്ച് നടത്തുകയാണ് ദെഅസ്‌റ ചെയ്യുന്നത്. മൂലധനത്തിന്റെയും വിഭവങ്ങളുടെയും എല്ലാം പോരായ്മകൊണ്ട് സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള സഹായങ്ങളും സംഘടന ചെയ്ത് കൊടുക്കുന്നു.

ദെഅസ്‌റ എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കഥയുണ്ട്. അസ്‌റ എന്നവാക്ക് ആനന്ദ് എന്ന പേരിന്റെ എ, ഭാര്യ സൊണാലിയുടെ എസ്, മക്കളായ റിയ എന്ന പേരിന്റെ ആര്‍, അരുള്‍ എന്ന പേരിന്റെ എ എന്നിവ ചേര്‍ന്നുണ്ടായതാണ്.ഡെ എന്ന ആദ്യത്തെ ആക്ഷപം കുടുംബ പേരായ ദേഷ്പാണ്ഡെയില്‍നിന്ന് ഉണ്ടായതാണ്.

ദെഅസ്‌റയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍

2015 ദെഅസ്‌റ രൂപീകരിച്ച ശേഷം ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായി മികച്ച ഒരു ടീമിനെ ആനന്ദ് ദേശ്പാണ്ഡെ സജ്ജമാക്കി. പുതുതായി സംരംഭകത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദഗ്ധരുടെ ഒരു ടീം തന്നെ ഇന്നിവിടെയുണ്ട്. സംരംഭം തുടനായി ഇറങ്ങിപ്പുറപ്പെടുന്ന ഒരു വ്യക്തി ആദ്യം നേരിടുന്ന പ്രതിസന്ധി മതിയായ മൂലധനം ലഭ്യമാകാത്തതായിരിക്കും. വിവിധ നാഷണലൈസ്ഡ് ബാങ്കുകളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് ഡെഅസ്രയുടെ കൗണ്‍സിലിംഗ് ടീമില്‍ ഉള്ളത്.അതിനാല്‍ മൂലധന ലഭ്യതയുമായി ബന്ധപ്പെട്ട വിദഗ്‌ദോപദേശം ഇവിടെ നിന്നും ലഭിക്കുന്നു. താല്പര്യമുള്ള സംരംഭക മൊഴികളില്‍ നിന്നും മെമ്പര്‍ഷിപ്പ് ഫീസായി 1000 രൂപ ഈടാക്കും. മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ ഫലമായി അവരുടെ മാസികയായ യഷാസ്വി ഉദ്യോജക് സൗജന്യമായി ലഭിക്കും.

ഒരു നിശ്ചിത പ്രോജക്ട് തുടങ്ങുമ്പോള്‍ സംരംഭകരില്‍നിന്ന് അവരുടെ നികേഷപത്തിന്റെ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇതിനു പകരമായി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതോടെപ്പം സംരംഭത്തെ നിരീക്ഷിക്കുകയും പോസിറ്റീവ് ബിസിനസ് ഉണ്ടാക്കിയെടുക്കുന്നതിന് എല്ലാ സഹായവും നല്‍കുകയും ചെയ്യും. ബിസിനസ് ലാഭത്തിലെത്തുന്നതുവരെ സംരംഭകര്‍ക്ക് ദെഅസ്‌റയുടെ സഹായം ഉണ്ടാകും.തുടക്കം മുതല്‍ക്ക് ഈ പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. സംരംഭക മോഹികള്‍ തങ്ങളുടെ സംരംഭക ആശയവുമായി ദെഅസ്‌റ ടീമിനോട് നേരിട്ട് സംസാരിക്കുന്നു. തുടര്‍ന്ന് പ്ലാന്‍, സ്റ്റാര്‍ട്ട്, ഫണ്ട്, സെറ്റ് അപ്, മാര്‍ക്കറ്റ്, റണ്‍ എന്നിങ്ങനെ ആറ് സ്റ്റേജുകളിലായാണ് ബിസിനസിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.ഇതിനെല്ലാം പുറമെ, എങ്ങനെയാണ് ബിസിനസ് തുടങ്ങേണ്ടതെന്ന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും കണ്ട് മനസിലാക്കാം.

പല സംരംഭകരും നേരിടുന്ന പ്രധാന പ്രശ്‌നം ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യക്കുറവാണ്. ഇവര്‍ക്ക് സഹായത്തിന് മറാത്തി ഭാഷയിലും വൈബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും സൈഡ് ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരെ ഇവിടെ സേവനങ്ങള്‍ ലഭ്യമാണ്. ഒരിക്കലും ലാഭം പ്രതീക്ഷിച്ചല്ല ദെഅസ്‌റ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിനുള്ള ഫണ്ട് ആനന്ദും തന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സംഭാവന ചെയ്യുന്നത്. നിലവില്‍ 35 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഇതിന് പുറമെ നിയമപരമായും അക്കൗണ്ടിംഗിനുമെല്ലാം തങ്ങള്‍ നിര്‍ദേശങ്ങള്‍ പുറത്തുള്ള വിദഗ്ധരോട് ആരായാറുണ്ട് .

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ജനതാ സഹകാരി ബാങ്ക് എന്നിങ്ങനെയുള്ള നിരവധി നാഷണലൈസ്ഡ് ബാങ്കുകളുമായി ദെഅസ്‌റ എം ഒ യു ഉണ്ടാക്കിയിട്ടുണ്ട്. ഇത് ബാങ്കുകളുമായി സഹകരിക്കുമ്പോള്‍ ദെഅസ്‌റയുടെ സേവനങ്ങളെക്കുറിച്ച് സംരംഭകര്‍ക്ക് മനസിലാക്കുന്നതിനും അവരുമായി ബന്ധപ്പെടുന്നതിനും സഹായിക്കും. മാത്രമല്ല ഈ ബാങ്കുകള്‍ വഴിയുള്ള വായ്പയെടുക്കല്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഇതിന് പുറമെ അമ്പതിലധികം ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും സംരംഭക വികസനത്തിനുള്ള സ്ഥാപനങ്ങളുമായും സാമൂഹ്യ സംഘടനകളുമായുമെല്ലാം ദെഅസ്‌റ സഹകരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ 18252 ചെറുകിട, ഇടത്തരം സംരംഭകരെയാണ് ഡെആശ്രയിലൂടെ ആനന്ദ് ദേശ്പാണ്ഡെ സൃഷ്ടിച്ചിരിക്കുന്നത്.

2020 നുള്ളില്‍ 25,000 ബിസിനസ് സംരംഭങ്ങള്‍ സാധ്യമാക്കാനാണ് തന്റെ സ്ഥാപനത്തിലൂടെ ആനന്ദ് ദേശ്പാണ്ഡെ ലക്ഷ്യമിടുന്നത്. നിലവില്‍ സംരംഭകത്വത്തിലേക്ക് തിരിഞ്ഞവരില്‍ നല്ലൊരു ശതമാനം വീട്ടമ്മമാരും ഉണ്ടെന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവായി ആനന്ദ് കാണിക്കുന്നു. പച്ചക്കറി കച്ചവടം മുതല്‍ ഐടി സ്ഥാപനം വരെ തുടങ്ങുന്നതിന് ദെഅസ്‌റ കാരണമായിരുന്നു. എന്നാല്‍ ഹിന്ദിയില്‍ ദെഅസ്‌റയ്ക്ക് പ്രത്യേക അര്‍ത്ഥമുണ്ട്. ദെ എന്നതിന് കൊടുക്കുക, നല്‍കുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. അസ്‌റ എന്ന വാക്കിന്റെ അര്‍ത്ഥം പിന്തുണ എന്നാണ്. തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ അന്വര്‍ത്ഥമാക്കുന്നതാണ് സ്ഥാപനത്തിന്റെ പേരും എന്ന് ആനന്ദ് തെളിയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top