News

സ്ത്രീയും പ്രകൃതിയും; പിപ്പലാന്ത്രിയിലെ ‘പെണ്‍മരങ്ങള്‍’

ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും പെണ്‍ശിശുഹത്യാനിരക്ക് വര്‍ധിച്ചുവരുമ്പോള്‍, പ്രതീക്ഷക്ക് വക നല്‍കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളാണ്. രാജസ്ഥാനിലെ പിപ്പലാന്ത്രി എന്ന ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആഘോഷമാണ്

ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍ അത് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ശാപമായി കാണുന്ന ജനത ഇന്നും ഉള്‍നാടന്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനമെന്ന മഹാവിപത്താണ് ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ഒരു ഭാരമായിത്തോന്നുന്നതിന് കാലാകാലങ്ങളായി ഇന്ത്യന്‍ ജനതയെ പ്രേരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും പെണ്‍ശിശുഹത്യാനിരക്ക് വര്‍ധിച്ചുവരുമ്പോള്‍, പ്രതീക്ഷക്ക് വക നല്‍കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളാണ്. രാജസ്ഥാനിലെ പിപ്പലാന്ത്രി എന്ന ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആഘോഷമാണ്. ഓരോ തവണ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും ഗ്രാമത്തില്‍ പുതിയ 111 വൃക്ഷതൈകള്‍ നടുന്നു. ഇത്തരത്തില്‍ നാലര ലക്ഷത്തിലേറെ വൃക്ഷങ്ങളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് ലോകത്തിനാകമാനം മാതൃകയായിരിക്കുകയാണ് ഈ ഉള്‍നാടന്‍ ഗ്രാമം. പ്രകൃതിയും മനുഷ്യനും തമ്മിലെ സുദൃഢമായ ബന്ധം വ്യക്തമാക്കുന്നു പിപ്പലാന്ത്രിയിലെ ഈ വ്യത്യസ്ത ആചാരം.

Advertisement

പല ഇന്ത്യന്‍ ഗ്രാമങ്ങളിലും സ്ത്രീ പുരുഷ അനുപാതം ക്രമാധീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പെണ്‍ഭൂണഹത്യ എന്ന ക്രൂരതയാണ് ഇത്തരം ഒരവസ്ഥക്ക് പിന്നില്‍. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിദ്യാഭ്യസപരമായും സാമൂഹികമപരമായും പിന്നാക്കം നില്‍ക്കുന്ന പല ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകളുടെ എണ്ണം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. വടക്കേ ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇത്തരം ഒരവസ്ഥ നിലനില്‍ക്കെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുകയാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി എന്ന ഗ്രാമം. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പിപ്പലാന്ത്രി. വലുപ്പത്തില്‍ ഏറെ പിന്നിലുള്ള ഈ ഗ്രാമം പക്ഷെ, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ എല്ലാഗ്രാമങ്ങള്‍ക്കും മാതൃകയാണ്. മറ്റു പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഇവിടെ വലിയ ആഘോഷങ്ങള്‍ നടക്കാറുണ്ട്.

പിപ്പലാന്ത്രിയിലെ ജനങ്ങള്‍ ഭൂരിഭാഗവും കര്‍ഷകരാണ്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് അവരുടേത്. അതിനാല്‍ തന്നെ പ്രകൃതിയുടെ മൂല്യം അവര്‍ക്കറിയാം. നാഗരികവത്കരണത്തിലേക്കുള്ള യാത്രയുടെ ഭാഗമായി പിപ്പലാന്ത്രിയിലെ മരങ്ങള്‍ ഓരോന്നായി മുറിച്ചുമാറ്റപ്പെട്ടു. ഒപ്പം തന്നെ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ എണ്ണം ക്രമാധീതമായി കുറയുന്നു എന്നതുമാണ്. സ്ത്രീയെ എപ്പോഴും പ്രകൃതിയോട് ഉപമിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ എണ്ണത്തിലെ കുറവും പ്രകൃതി ചൂഷണവും ഗ്രാമവാസികള്‍ പരസ്പര പൂരകമായിക്കണ്ടു. ഏത് വിധേനയും ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന ചിന്തയില്‍ നിന്നുമാണ് ‘കിരണ്‍ നിധി യോജന’ എന്നപേരില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തോടനുബന്ധിച്ച് മരങ്ങള്‍ നാട്ടു പിടിപ്പിക്കുകയും അവര്‍ക്കായി ബാങ്കില്‍ പണം ഇടുകയും ചെയ്യുന്ന പദ്ധതി പിപ്പലാന്ത്രിയില്‍ രുപീകരിക്കപ്പെട്ടത്.

പിപ്പലാന്ത്രിയില്‍ ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോഴും മാതാപിതാക്കള്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് ‘കിരണ്‍ നിധി യോജന’ അനുശാസിക്കുന്നത്.ഇത് പ്രകാരം മാവ്, വേപ്പ്, നെല്ലി, ശീഷം എന്നിങ്ങനെയുള്ള ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് ഇവിട നടുന്നത്. വെറുതെ മരങ്ങള്‍ നടുക എന്നത് മാത്രമല്ല കാര്യം. ജനിച്ച മകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അവളെ എങ്ങനെ സംരക്ഷിക്കുന്നുവോ ആ രീതിയില്‍ തന്നെ നട്ട മരങ്ങളെയും സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ സജ്ജരാകണം. ഇവ ഒരിക്കലും മുറിച്ചുമാറ്റാന്‍ പാടില്ല. മരങ്ങളുടെ സംരക്ഷണത്തില്‍ ഗ്രാമവാസികള്‍ക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത്.

2006ല്‍ ഗ്രാമവാസികള്‍ ഒരുമിച്ചാണ് ഇങ്ങനെയൊരു നിയമം രൂപീകരിച്ചത്. പ്രകൃതി സംരക്ഷണം എന്ന വാചകം നെഞ്ചേറ്റിയവരാണ് പിപ്പലാന്ത്രിയിലെ ജനങ്ങള്‍. അതിനാല്‍ തന്നെ ഈ നിര്‍ദ്ദേശം അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഗ്രാമഭരണ സമിതി ചേര്‍ന്ന് തീരുമാനമെടുത്ത് അടുത്ത ദിവസം മുതല്‍ ജനിച്ച കുഞ്ഞുങ്ങളിലൂടെ നിയമം പ്രവര്‍ത്തികമായി. അതിനുശേഷം ഇവിടെ ധാരാളം പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. കഴിഞ്ഞ 13 വര്‍ഷത്തിനിടെ നാലര ലക്ഷത്തോളം മരങ്ങളെയും പിപ്പലാന്ത്രിക്കു ലഭിച്ചു.

എന്തുകൊണ്ട് പെണ്‍കുഞ്ഞിന് ബദലായി വൃക്ഷത്തൈ നടണം?

പെണ്‍കുഞ്ഞുങ്ങള്‍ എന്നാല്‍ ഒരു വീടിന്റെ വിലക്കാണ്. അവരാണ് ഭാവിയില്‍ മികച്ച മകളും ഭാര്യയും അമ്മയുമെല്ലാമാകുന്നത്. അടുത്ത തലമുറയുടെ താക്കോല്‍ അവരുടെ കൈകളിലാണ്. മരങ്ങളുടെ കാര്യവും അങ്ങനെത്തന്നെയാണ്. മരങ്ങളില്ലെങ്കില്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. തണല്‍ നല്‍കുന്നതും മണ്ണൊലിപ്പ് തടയുന്നതും മഴക്ക് കാരണമാകുന്നതുമെല്ലാം മരങ്ങളുടെ സാമിപ്യം തന്നെയാണ്. ഇക്കാരണത്താലാണ് പെണ്‍കുഞ്ഞുങ്ങളുടെ ജനനം ആഘോഷിക്കുന്നതിനായി വൃക്ഷത്തൈകള്‍ നേടുകയാണ് ഏറ്റവും മികച്ച പദ്ധതിയെന്ന തീരുമാനത്തിലേക്ക് ഈ ഗ്രാമവാസികള്‍ എത്തിയത്.

ഗ്രാമത്തലവനായ ശ്യാം സുന്ദര്‍ പലിവാല്‍ ആണ് ഇങ്ങനെയൊരു ആശയം ആദ്യമായി മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ മരിച്ചുപോയ മകള്‍ കിരണിന്റെ ഓര്‍മ്മയ്ക്കായി ഈ പദ്ധതിക്ക് ‘കിരണ്‍ നിധി യോജന’ എന്ന പേര് നല്‍കുകയായിരുന്നു. ഗ്രാമവാസികളോട് പദ്ധതിയെപ്പറ്റി പറഞ്ഞപ്പോള്‍ ഏവര്‍ക്കും സ്വാഗതം. അങ്ങനെ 2006 ല്‍ പിപ്പലാന്ത്രിയുടെ മണ്ണില്‍ ‘കിരണ്‍ നിധി യോജന’ നിലവില്‍ വന്നു. ആദ്യ ആറു വര്‍ഷങ്ങള്‍കൊണ്ട് നട്ട വൃക്ഷങ്ങളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞതോടെയാണ് പദ്ധതിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാന്‍ തുടങ്ങിയത്.

ഒരുപെണ്‍കുട്ടി ഗ്രാമത്തില്‍ ജനിക്കുമ്പോള്‍ ഉടനടി മരം നടാന്‍ തുടങ്ങുക എന്നതല്ല ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പെണ്‍കുട്ടി ജനിച്ചയുടനെ ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് 21,000 രൂപ പിരിക്കുകയും അതിന്റെ കൂടെ കുട്ടിയുടെ രക്ഷിതാക്കളുടെ വകയായി 10,000 രൂപ കൂടി ചേര്‍ത്ത് ബാങ്കില്‍ 20 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്യുന്നു. കുട്ടിക്ക് ഇരുപത് വയസ്സാകുമ്പോള്‍ മാത്രമേ തുക പിന്‍വലിക്കാന്‍ സാധിക്കൂ. ജനിച്ച പെണ്‍കുഞ്ഞിന്റെ നല്ല ഭാവിക്കായുള്ള നീക്കിയിരുപ്പാണ് ഈ തുക. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഈ തുക ആവശ്യാനുസരണം വിനിയോഗിക്കാം. പഞ്ചായത്തടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് സര്‍ക്കാരില്‍ നിന്നും പൂര്‍ണമായ പിന്തുണയാണുള്ളത്.

മകള്‍ ജനിക്കുന്നതോടെ, മകള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കുമെന്നും അവളെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ഒരിക്കലും വിവാഹം ചെയ്ത നല്‍കില്ലെന്നും കുഞ്ഞിന്റെ ജനനദിവസം നട്ടുപിടിപ്പിച്ച മരങ്ങള്‍ മാതാപിതാക്കള്‍ കാലാകാലം സംരക്ഷിക്കുമെന്നും രേഖാമൂലമായ ഉറപ്പു നല്‍കണം.ഈ പദ്ധതി വിശാലാര്‍ത്ഥത്തില്‍ നടപ്പിലാക്കിയതോടെ പിപ്പലാന്ത്രി എന്ന കൊച്ചുഗ്രാമം മറ്റു ഗ്രാമങ്ങള്‍ക്കെല്ലാം മാതൃകയായി. ഗ്രാമത്തില്‍ തണലും പച്ചപ്പും വര്‍ധിച്ചതിനൊപ്പം വൃക്ഷങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അതോടെ ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടു.

പെണ്‍കുഞ്ഞിനൊപ്പം പ്രകൃതിയും വളരട്ടെ

മകളുടെ ജനനത്തോടനുബന്ധിച്ച് നട്ടുപിടിപ്പിച്ച മരങ്ങളുടെ വളര്‍ച്ച ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഗ്രാമത്തിലെ ഓരോ വ്യക്തിക്കുമുണ്ട്. അതിനാല്‍ മരങ്ങള്‍ക്ക് ചുറ്റും തടമെടുത്തും ആവശ്യമായ സമയത്ത് നനച്ചും ഇവയെ കുഞ്ഞിന്റെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഒരുപോലെവ സംരക്ഷിക്കുന്നു. ചിതലിന്റെ ആക്രമണത്തിന് വിധേയമാകുന്ന മരങ്ങള്‍ക്ക് പ്രത്യേകം സംരക്ഷണവലയം ഒരുക്കുന്നു. ശീഷം എന്ന മരം ഇത്തരത്തില്‍ ഒന്നാണ്. ഇവക്ക് ചുറ്റും കറ്റാര്‍വാഴ (മഹീല ്‌ലൃമ) വച്ചുപിടിപ്പിക്കാറുണ്ട്. കറ്റാര്‍ വാഴ ചിതലുകളെ അകറ്റുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പിപ്പലാന്ത്രിയുടെ മുഖം തന്നെ മാറി. 90 ശതമാനത്തിനു മുകളില്‍ പച്ചപ്പുള്ള ഗ്രാമമായി പിപ്പലാന്ത്രി മാറി. വൃക്ഷങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും കറ്റാര്‍വാഴയും ഗ്രാമീണര്‍ക്ക് ഇപ്പോള്‍ നല്ലൊരു വരുമാന സ്രോതസുകൂടിയാണ്. രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരിപൂര്‍ണ ശുചിത്വ ബോധവല്‍ക്കരണത്തിനുള്ള നിര്‍മല്‍ ഗ്രാം അവാര്‍ഡ് പിപ്പലാന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ആദര്‍ശ് ഗ്രാം യോജന നടപ്പാക്കുവാന്‍ തെരഞ്ഞെടുക്കപെട്ട രാജ്‌സമന്ദ് ജില്ലയിലെ ഏക ഗ്രാമമാണ് പിപ്പലാന്ത്രി.പദ്ധതി നടപ്പിലായതോടെ ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിത നിലവാരവും അന്തസ്സും വര്‍ധിച്ചു. ഏറെ ബഹുമാനത്തോടെയാണ് ഇന്ന് ലോകം പിപ്പലാന്ത്രിയെ നോക്കിക്കാണുന്നത്. ഒരു ഗ്രമാറ്റത്തിന്റെ മുഴുവന്‍ ആഘോഷമായി മാറുന്ന പെണ്‍ജനനങ്ങള്‍ ഒരുപക്ഷെ ഇവിടെ മാത്രമേ കാണാനാകൂ.

തുടക്കം എളുപ്പമായിരുന്നില്ല

പിപ്പലാന്ത്രിയെപ്പറ്റി ഇന്ന് ലോകം മുഴുവന്‍ അഭിമാനം കൊള്ളുന്നുണ്ട് എങ്കിലും , പദ്ധതിയുടെ തുടക്കം വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. 2005 ല്‍ ഗ്രാമത്തില്‍ 120 കുഞ്ഞുങ്ങള്‍ ജനിച്ചതില്‍ 60 പേര് പോലും പെണ്‍കുഞ്ഞുങ്ങളായിരുന്നില്ല. അതെ സമയം ഭൂണഹത്യയുടെ നിരക്കും കൂടുതലായിരുന്നു. ഈ തിരിച്ചറിവില്‍ നിന്നുമാണ് ഈ പദ്ധതിയുടെ സ്ഥാപകനായ ശ്യാം സുന്ദര്‍ പലിവാല്‍ ഗ്രാമത്തെ സമൃദ്ധിയിലേക്ക് കൈപിടിച്ചു നടത്തുന്നതിനായി എന്തെങ്കിലും ചെയ്യണം എന്ന തിരിച്ചറിവില്‍ എത്തിയത്. പെണ്‍കുഞ്ഞുങ്ങളുടെ മരണനിരക്കും ഗ്രാമത്തില്‍ അധിക്കുകമായിരുന്നു. ഇത്തരത്തില്‍ വളരെ ചെറിയപ്രായത്തില്‍ തന്നെ തനിക്ക് നഷ്ടമായ മകള്‍ കിരണിന്റെ ഓര്‍മകള്‍ വേട്ടയാടാന്‍ കൂടി തുടങ്ങിയപ്പോഴാണ് പലിവാല്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെയും വനിതകളുടെയും ഉന്നമനം ലക്ഷ്യമിട്ട് മുന്നോട്ട് വന്നത്.

എന്നാല്‍ തുടക്കത്തില്‍ ഗ്രാമവാസികള്‍ക്ക് പദ്ധതിയോട് പിന്തിരിപ്പന്‍ സമീപനമായിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞു മനസിലാക്കായി ആളുകളെ ന•യുടെയും പ്രകൃതി സംരക്ഷണത്തിന്റെയുമെല്ലാം പാതയിലേക്ക് കൊണ്ട് വരുന്നതിനായി പലിവാല്‍ നന്നായി കഷ്ടപ്പെട്ടു. ഓരോ വീട്ടിലും നേരിട്ട് ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആ കഷ്ടപ്പാടിന്റെ ഫലമായിരുന്നു 2006 ല്‍ ഒരു പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ഗ്രാമത്തില്‍ ഇടം പിടിച്ച ആല്‍മരം. ഒരു പദ്ധതി തുടങ്ങിക്കിട്ടാനാണ് പാട്. തുടങ്ങിക്കിട്ടിയാല്‍ പിന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോകുകതന്നെ ചെയ്യും എന്നതിനുള്ള ഉദാഹരണമായിരുന്നു പിന്നീട് പിപ്പലാന്ത്രിയില്‍ ഇടം പിടിച്ച മരങ്ങള്‍.

ഔഷധമൂല്യമുള്ള മരങ്ങളുടെ വന്‍ശേഖരം തന്നെ ഇന്ന് പിപ്പലാന്ത്രിയിലുണ്ട്. ഈ മരങ്ങള്‍ ഇനിയും വളരും അതിനൊപ്പം പിപ്പലാന്ത്രിയുടെ അഴകും പെരുമയും വര്‍ധിക്കും. മരങ്ങള്‍ നടുന്നതിനൊപ്പം ഞാന്‍ എന്റെ മകള്‍ക്ക് വിദ്യാഭ്യാസം നല്‍കാതിരിക്കില്ല എന്നും, അവളെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ വളര്‍ത്തുമെന്നും ഓരോ മാതാപിതാക്കളും പ്രതിജ്ഞയെടുക്കുന്നു. പിപ്പലാന്ത്രിക്ക് തുല്യമായി ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറുകയാണെങ്കില്‍ ഉത്തമമായ ഒരു മാറ്റമായിരിക്കുമത്. വേറിട്ട ചില ചിന്തകളില്‍ നിന്നുമാണ് ഏറ്റവും മികച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് തെളിയിക്കുന്നു പിപ്പലാന്ത്രിയുടെ വിജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top