News

അന്ധതയെ തോല്‍പ്പിച്ച സിഇഒ, വിറ്റുവരവ് 50 കോടി രൂപ

ഭിന്നശേഷിയോടെ ഒരു കുഞ്ഞു പിറന്നു വീണാല്‍ അതൊരു ശാപമാണ് എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തില്‍ നിന്നും സ്വയം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുകയും സമാന അവസ്ഥയിലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുകയും ചെയ്ത ശ്രീകാന്ത് ബൊല്ല ഭിന്നശേഷിയെ കരുത്താക്കി മാറ്റി

ആന്ധ്രപ്രദേശിലെ മച്ചലിപട്ടണം ആസ്ഥാനമായ ബൊലാന്റ ഇന്‍ഡസ്ട്രീസിന് ഒരു പ്രത്യേകതയുണ്ട്. പ്രകൃതി സൗഹൃദപരമായ പാത്രങ്ങളും സ്പൂണുകളും മറ്റും നിര്‍മിക്കുന്ന ഈ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നവരില്‍ 70 % ആളുകളും ഭിന്നശേഷിക്കാരാണ്. 50 കോടി രൂപയുടെ വിറ്റുവരവുള്ള ഈ സ്ഥാപനത്തിന്റെ ഉടമയായ ശ്രീകാന്ത് ബൊല്ല അന്ധനായ വ്യക്തിയാണ്.

Advertisement

ശ്രീകാന്ത് ബൊല്ല

ഭിന്നശേഷിയോടെ ഒരു കുഞ്ഞു പിറന്നു വീണാല്‍ അതൊരു ശാപമാണ് എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തില്‍ നിന്നും സ്വയം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുകയും സമാന അവസ്ഥയിലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുകയും ചെയ്ത ശ്രീകാന്ത് ബൊല്ല ഭിന്നശേഷിയെ കരുത്താക്കി മാറ്റി. സ്‌കൂള്‍ വിദ്യാഭ്യസത്തിന് പോലും ക്ലേശിച്ചിരുന്ന തലത്തില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് അമേരിക്കയിലെ എംഐടി സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കി സംരംഭകത്വത്തിലേക്കിറങ്ങിയ ശ്രീകാന്ത് ബൊല്ല ശാരീരികമായ കുറവുകളുണ്ട് എന്ന കാരണത്താല്‍ ജീവിതത്തില്‍ പിന്നോട്ട് പോകുന്ന ഓരോ വ്യക്തിക്കും പ്രചോദനമാണ്.

ഒരു വ്യക്തിയുടെ വിജയം നിര്‍ണയിക്കുന്ന പ്രധാന ഘടകം എന്താണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, നിശ്ചയദാര്‍ഢ്യം. അതേ, വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും തോറ്റുകൊടുക്കാന്‍ മനസ്സില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നിടത്ത് ഒരു വ്യക്തിയുടെ വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു. നിശ്ചദാര്‍ഢ്യം കൊണ്ട് ഇത്തരത്തില്‍ ജീവിതവിജയം നേടിയ പല വ്യക്തികളുടെയും ജീവിതകഥ നാം കേട്ടിട്ടുണ്ട്. കാഴ്ചയില്ലാഞ്ഞിട്ടും തന്റെ ആശയങ്ങള്‍കൊണ്ട് ലോകത്തെ ഞെട്ടിച്ച ഹെലന്‍ കെല്ലര്‍, കേള്‍വി ശക്തിയില്ലാഞ്ഞിട്ടും സംഗീതലോകത്ത് വസന്തം സൃഷ്ടിച്ച ബീതോവാന്‍ തുടങ്ങി വൈകല്യങ്ങളെ മറികടന്ന് ജീവിതവിജയം നേടിയ നിരവധി പ്രതിഭകളെ നമുക്കറിയാം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജീവിതകഥയാണ് 27 കാരനായ ആന്ധ്രപ്രദേശ് സ്വദേശി ശ്രീകാന്ത് ബൊല്ലക്കുള്ളത്.

അന്ധനായി ജനിച്ച ശ്രീകാന്ത് ബൊല്ല ഏറെ യാതനകള്‍ക്ക് നടുവിലാണ് വളര്‍ന്നത്. എന്നാല്‍ നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ ശ്രീകാന്ത് തന്റെ വിജയം കയ്യെത്തിപ്പിടിക്കുകയായിരുന്നു. അമേരിക്കയിലെ എംഐടി സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങിയതും നാട്ടില്‍ മടങ്ങിയെത്തി തന്റെ സമാന സ്ഥിതിയിലുള്ളവര്‍ക്ക് ജോലി നല്‍കുന്നതിനായി ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്ങിയതമടക്കമുള്ള കാര്യങ്ങള്‍ ശ്രീകാന്ത് സ്വയാര്‍ജിത ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം നേടിയതാണ്. 50 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുമായി ബൊലാന്റ ഇന്‍ഡസ്ട്രീസ് ഇന്ന് സംരംഭകലോകത്തെ നിറ സാന്നിധ്യമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 30 വയസ്സില്‍ താഴെ പ്രായമുള്ള 30 സംരംഭകരെ ഫോബ്‌സ് മാസിക തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ശ്രീകാന്ത് ബൊല്ലയും ഉണ്ടായിരുന്നു. ശ്രീകാന്ത് നേടിയ സംരംഭകവിജയത്തിന്റെ മാധുര്യം അറിയണമെങ്കില്‍ ശ്രീകാന്തിന്റെ ജീവിതം അടുത്തറിയണം.

നാട്ടുകാര്‍ കൊല്ലാന്‍ പറഞ്ഞ ശിശു

1991 ജൂലൈ ഏഴാം തീയതി ആന്ധ്രാപ്രദേശിലെ സീതാരാമപുരത്ത് കര്‍ഷകരായ മാതാപിതാക്കളുടെ മകനായിട്ടായിരുന്നു ശ്രീകാന്തിന്റെ ജനനം. അച്ഛനും അമ്മയും ഏറെ കാത്തിരുന്നുണ്ടായ കുഞ്ഞായിരുന്നു ശ്രീകാന്ത്. അതിനാല്‍ തന്നെ ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് ശ്രീകാന്തിന്റെ കുടുംബം പുതിയ അതിഥിയെ വരവേറ്റത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ജനിച്ച കുട്ടി അന്ധനാണ് എന്ന് മനസിലായതോടെ ബന്ധുക്കളും അയല്‍വാസികളും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രീകാന്തിന്റെ മാതാപിതാക്കളെ ഉപദേശിച്ചു. കണ്ണുകളില്ലാത്ത അവന്‍ ബാധ്യതയാകുമെന്ന് പറഞ്ഞു കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതാണ് നല്ലതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കാഴ്ചയില്ലാത്ത കുട്ടി കുടുംബത്തിന്റെ ശാപമാണ് എന്നും അവനെ വളര്‍ത്തിയെടുക്കുക എന്നത് എളുപ്പമല്ലെന്നുമായിരുന്നു കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും അഭിപ്രായം.

എന്നാല്‍ ഏറെ കാത്തിരുന്നു ലഭിച്ച മകനെ വളര്‍ത്താന്‍ തന്നെയായിരുന്നു അന്നന്നത്തെ അന്നത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന ആ മാതാപിതാക്കളുടെ തീരുമാനം. തങ്ങള്‍ക്ക് കഴിവുള്ള കാലം വരെ മകനെ അധ്വാനിച്ചു വളര്‍ത്തും എന്നവര്‍ മനസ്സില്‍ ഉറപ്പിച്ചു.അന്ധനായി ജനിക്കുന്നത് തന്നെ പാപമാണെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ മകനെ വളര്‍ത്തിക്കാണിക്കുകയായിരുന്നു ആ മാതാപിതാക്കള്‍.ദാരിദ്യ്രത്തിന്റെ ഒത്ത നടുവിലായിരുന്നു ശ്രീകാന്തിന്റെ ബാല്യം. ചികില്‍സിച്ചിട്ട് കാര്യമില്ല എന്നറിഞ്ഞിട്ടും മാതാപിതാക്കള്‍ പണം മുടക്കി ശ്രീകാന്തിന്റെ അന്ധതക്ക് ചികിത്സതേടി. പ്രതിമാസം 1800 രൂപ മാത്രമായിരുന്നു ആ കുടുംബത്തിന്റെ അവരുമാനം. അതില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ടായിരുന്നു ചികിത്സ. ശ്രീകാന്തിന് അഞ്ചു വയസ്സ് പ്രായമായതോടെ ചികില്‍സിച്ചിട്ട് കാര്യമില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കുടുംബം എത്തി.

പിന്നീട് ഏതുവിധേനയും മകനെ ജീവിതത്തോട് പോരാടാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടിയെ കൃഷിയിടത്തില്‍ കൊണ്ടുപോയി പലവിധ ജോലികള്‍ ചെയ്യിക്കാന്‍ ശ്രമിച്ചു.എന്നാല്‍ അന്ധത അവിടെ തടസമായി നിന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യാനുള്ള പ്രാവീണ്യം ശ്രീകാന്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ താന്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാന്‍ കുട്ടിക്ക് കഴിയുന്നുണ്ടെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ പോയി പഠിക്കണോ എന്ന ചോദ്യത്തിന് വേണമെന്നായിരുന്നു ശ്രീകാന്തിന്റെ ഉത്തരം. ഇത് പ്രകാരം അച്ഛന്‍ ഗ്രാമത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലയെയുള്ള സ്‌കൂളില്‍ മകനെ ചേര്‍ത്തു.

ജീവിതം മാറ്റിമറിച്ചത് വിദ്യാഭ്യാസം

വിദ്യാഭ്യാസം നേടാന്‍ ആരംഭിച്ചതോടെയാണ് ശ്രീകാന്തിന്റെ ജീവിതം മാറാന്‍ തുടങ്ങിയത്. പഠനകാര്യത്തില്‍ ശ്രീകാന്ത് ഏറെ മിടുക്കനായിരുന്നു. തുടക്കത്തില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയാണ് ശ്രീകാന്ത് പഠിച്ചത്. സാധാരണ സ്‌കൂളില്‍ അന്ധനായ ശ്രീകാന്ത് ചില ഒറ്റപ്പെടലുകള്‍ അനുഭവിച്ചിരുന്നു. സ്‌കൂളില്‍ അവനെ ഏറ്റവും പിന്നിലുള്ള ബഞ്ചില്‍ ഇരുത്തി. അവനെ കളിക്കാന്‍ സമ്മതിച്ചിരുന്നില്ല. അവന്‍ കളിസ്ഥലത്ത് എത്തിയാല്‍ വീഴുമെന്ന് പറഞ്ഞുകൊണ്ട് ക്ലാസ്മുറിയില്‍ ഒതുക്കിയിരുത്തി. ക്ലാസിലെ കുട്ടികള്‍ ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് പോലും അവനെ കൂട്ടിയില്ല. എന്നാല്‍ പുതിയ പുതിയ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ശ്രീകാന്തിന്റെ വ്യഗ്രതയും താല്‍പര്യവും തിരിച്ചറിഞ്ഞ അധ്യാപകരാണ് കൂടുതല്‍ മികച്ച വിദ്യാഭ്യാസം നേടുന്നതിനായി ശ്രീകാന്തിന്റെ സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

അധ്യാപകര്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ സ്‌പെഷല്‍ സ്‌കൂള്‍ പഠനം തന്നെയാണ് തന്റെ മകന് ചേര്‍ന്നതെന്ന് ശ്രീകാന്തിന്റെ അച്ഛനമ്മമാര്‍ ഉറപ്പിച്ചു. മച്ചലിപട്ടണത്തുള്ള സ്‌പെഷല്‍ സ്‌കൂളില്‍ അവര്‍ മകനെ ചേര്‍ത്തു. പഠന ചെലവും മറ്റും കണ്ടെത്തുന്നതിനായി അച്ഛനമ്മമാര്‍ ഏറെ ക്ലേശിച്ചുവെങ്കിലും ശ്രീകാന്തിന്റെ പഠനത്തിലെ മികവ് അച്ഛനമ്മാരില്‍ സന്തോഷം നിറച്ചു. പാഠപുസ്തകങ്ങളെ ഓഡിയോ ബുക്ക് ആക്കിമാറ്റിയാണ് ശ്രീകാന്ത് പഠിച്ചത്. പത്താം ക്ലാസ്സില്‍ 90 സതമാനം മാര്‍ക്ക് ശ്രീകാന്ത് കരസ്ഥമാക്കിയെങ്കിലും അന്ധനെന്ന ഒറ്റക്കാരണത്താല്‍ സയന്‍സ് ഗ്രൂപ്പില്‍ സ്‌കൂളില്‍ ശ്രീകാന്തിന് അഡ്മിഷന്‍ കിട്ടിയില്ല. എന്നാല്‍ തോറ്റുകൊടുക്കാന്‍ ശ്രീകാന്ത് ഒരുക്കമായിരുന്നില്ല. നീതി തേടി കോടതിയെ സമീപിച്ച ശ്രീകാന്തും കുടുംബവും വിജയിക്കുകയും സയന്‍സ് വിഭാഗത്തില്‍ അദ്ദേഹത്തിന് പ്ലസ്ടുവില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു.അതോടെ വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ശ്രീകാന്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസില്‍ 98 സതമാനം മാര്‍ക്കോടെയായിരുന്നു ശ്രീകാന്തിന്റെ വിജയം. ഐഐടിയില്‍ ചേര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹിച്ച ശ്രീകാന്തിന് കോച്ചിംഗ് സെന്ററില്‍ അഡ്മിഷന്‍ ലഭിച്ചില്ല. അവിടെയും അന്ധത തന്നെയായിരുന്നു പ്രശ്‌നം. അന്ധരായവര്‍ക്ക് എന്‍ട്രന്‍സ് എഴുതാനാവില്ലെന്ന് ഐഐടിയില്‍ നിന്നും അറിഞ്ഞതോടെ തന്നെ വേണ്ടാത്ത ഐഐടി തനിക്കും വേണ്ട എന്ന് ശ്രീകാന്ത് തീരുമാനിച്ചു . വിജയം മാത്രം കാംക്ഷിക്കുന്ന ശ്രീകാന്തിന്റെ മനസ്സ് പിന്നീട് വിദേശരാജ്യങ്ങളില്‍ പഠിക്കാനായി ആഗ്രഹിച്ചു. വീട്ടിലിരുന്ന് തനിക്ക് പറ്റിയ ഒരു എന്‍ജിനീയറിംഗ് കോളെജ് ഇന്റര്‍നെറ്റില്‍ തിരയാന്‍ തുടങ്ങി.

തുടര്‍ന്ന് യു എസിലെ എംഐടി, സ്റ്റാന്‍ഡ്‌ഫോര്‍ഡ്,ബെര്‍ക്ലീ ,കാര്‍നെഗി മെലോണ്‍ എന്നീ നാല് മികച്ച കോളെജുകളില്‍ ഉന്നത പഠനത്തിനായി അഡ്മിഷന്‍ നേടി. ഇതില്‍ നിന്നും ശ്രീകാന്ത് തെരെഞ്ഞെടുത്തത് പിന്നീട് അമേരിക്കയിലെ എംഐടി കോളെജ് ആയിരുന്നു. അങ്ങനെ സ്‌കോളര്‍ഷിപ്പോടെ പഠനവും തുടങ്ങി. എംഐടി കോളജിലെ ആദ്യത്തെ അന്ധ വിദ്യാര്‍ത്ഥി ശ്രീകാന്തായിരുന്നു.

നാട്ടില്‍ തിരിച്ചെത്തി സംരംഭകന്റെ റോളിലേക്ക്

എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി 2012 ല്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീകാന്ത് ബൊല്ലയെ തേടി ധാരാളം തൊഴിലവസരങ്ങളെത്തി. എന്നാല്‍ നിശ്ചിത തുക വരുമാനം ലഭിക്കുന്ന ഏതെങ്കിലും ഒരു വൈറ്റ് കോളര്‍ ജോലി നേടി കഴിഞ്ഞുകൂടാന്‍ ആയിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനം. ‘അന്ധനായ നിന്നെ കൊണ്ട് ഒന്നും സാധിക്കില്ല’ എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ,തനിക്ക് എല്ലാം സാധിക്കും എന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്തുകൊണ്ടാണ് വൈകല്യമുള്ള കുട്ടിയെ ക്ലാസിന്റെ പിന്നില്‍ നിര്‍ത്തുന്നത്? എന്തുകൊണ്ടാണ് ജനസംഖ്യയില്‍ 10 ശതമാനം വരുന്ന വൈകല്യമുള്ളവരെ സമ്പദ്ഘടനയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്? മറ്റുള്ളവരെപ്പോലെ അവര്‍ക്കും ഒരു ഉപജീവനമാര്‍ഗ്ഗം ലഭിക്കാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ശ്രീകാന്ത് കണ്ടെത്തിയത് സ്വന്തം സ്ഥാപനം യാഥാര്‍ത്ഥ്യമാക്കി സംരംഭകത്വത്തിലേക്ക് കടന്നുകൊണ്ടായിരുന്നു. അങ്ങനെയാണ് ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കുമുണ്ടായിരുന്നു ധാരാളം പ്രത്യേകതകള്‍. അവരില്‍ ബഹുഭൂരിപക്ഷം ആളുകളും വൈകല്യങ്ങളുള്ളവരും പാവപ്പെട്ടവരുമായിരുന്നു.

തന്നെപോലെ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് തൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കുകയാണ് ശ്രീകാന്ത് ബൊല്ല ചെയ്തത്. പ്രകൃതിയോട് ഇണങ്ങിയ പാത്രങ്ങള്‍ , സ്പൂണുകള്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്. ഹൈദരാബാദില്‍ ഒരു ഷെഡ്ഡില്‍ ആയിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം ആദ്യമായിത്തുടങ്ങിയത്. അന്ന് 8 തൊഴിലാളികളും 3 മെഷീനും മാത്രമാണ് ഉണ്ടായിരുന്നത്.ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി സുഹൃത്തുക്കള്‍ സഹായിച്ചു.

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിക്ഷേപകനായ രവി നന്ദ ശ്രീകാന്തിന്റെ കണ്ടതോടെ ശ്രീകാന്തിന്റെ ജീവിതം മാറിമറിയുകയിരുന്നു. പരിമിതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ശ്രീകാന്ത് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ രവി നന്ദയെ ആകര്‍ഷിച്ചു.ശ്രീകാന്തിന്റെ കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായ അദ്ദേഹം ഈ കമ്പനിയില്‍ നിക്ഷേപം നടത്തുകയും എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തു.”ഇത്രയും ചെറിയ പ്രായത്തില്‍ ശ്രീകാന്തിന് ബിസിനസ്സില്‍ ഉള്ള വ്യക്തമായ കാഴചപ്പാടുകള്‍ എന്നെ അമ്പരപ്പിച്ചു” എന്നാണ് നിക്ഷേപം നടത്തിക്കൊണ്ട രവി നന്ദ പറഞ്ഞത്.

ബോലാന്റ ഇന്‍ഡസ്ട്രീസിന് വേണ്ടി 2 മില്ല്യന്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കുക എന്നതാണ് ശ്രീകാന്ത് ബൊല്ലയുടെ ലക്ഷ്യം. 9 കോടി രൂപയുടെ ഫണ്ട് ഇതുവരെ ലഭിച്ചു കഴിഞ്ഞു. കമ്പനിയെ ഐ പി ഒയില്‍ എത്തിക്കുക എന്ന ആഗ്രഹവും ശ്രീകാന്ത് മറച്ചു വയ്ക്കുന്നില്ല. ഒരു കമ്പനിയില്‍ 70 ശതമാനം തൊഴിലാളികളും വൈകല്യമുള്ളവര്‍ ആകുമ്പോള്‍ വിജയിക്കുക എന്നത് പ്രയാസമാണ് എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും തനിക്ക് അതൊരിക്കലുമൊരു പരിമിതിയായി തോന്നുന്നില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്.ഇപ്പോള്‍ 450 ജീവനക്കാരുള്ള ഈ കമ്പനിയുടെ ആസ്തി അമ്പത് കോടിയാണ്. രത്തന്‍ ടാറ്റ ഈ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ശ്രീകാന്തിനെ ബിസിനസില്‍ സഹായിക്കാനായി സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപികയായ സ്വര്‍ണ്ണലത എപ്പോഴും കൂടെയുണ്ട്. അവരാണ് അവിടെയുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നത്. .ഇപ്പോള്‍ ശ്രീകാന്തിന്റെ കീഴില്‍ നാല് ഫാക്റ്ററികള്‍ ഉണ്ട്. .ഹുബ്ലിയിലും (കര്‍ണാടക), നിസാമാബാദ് (തെലങ്കാന), ഹൈദരാബാദ് (തെലുങ്കാന) എന്നിവിടങ്ങളിലാണ് ഇവ.ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ആന്ധ്രാപ്രദേശിലെ നഗരമായ ശ്രീ സിറ്റിയില്‍ നൂറ് ശതമാനം സോളാര്‍ ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റിന്റെ ഉടമ കൂടി ആണ് ശ്രീകാന്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top