Education

അപരന്റെ വേദന സ്വന്തം വേദനയായി കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം: പ്രൊഫ. ഗോപിനാഥ് മുതുകാട്

ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

അപരന്റെ വേദന ഉള്‍ക്കൊള്ളാനുള്ള മനസ്സുള്ളവര്‍ക്കേ യഥാര്‍ത്ഥ മനുഷ്യനാകാന്‍ കഴിയൂവെന്ന് പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്.

Advertisement

സുഹൃത്തിന്റെ വേദനയില്‍ പങ്കാളിയാകാനുള്ള മനസ്സാണ് ഓരോ വിദ്യാര്‍ത്ഥിയിലും ഉണ്ടാകേണ്ടതെന്നും അതുണ്ടാക്കാനായാല്‍ മാത്രമേ നമ്മുടെ നാളത്തെ സമൂഹം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

മാജിക്കിനേക്കാളും മനുഷ്യസ്‌നേഹത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാലാണ് തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റിലൂടെ സെറിബ്രല്‍ പാള്‍സി പോലുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികളെ മാജിക്കിലൂടെ പുതിയ ലോകം സൃഷിക്കാനുള്ള നിരന്തര ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ ഉദ്ഘാടനം ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ നിര്‍വഹിച്ചു. സമൂഹത്തില്‍ പാലിയേറ്റീവ് കെയറിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യമാണ് ഇന്നുള്ളതെന്നും വലിയ ജനകീയ മുന്നേറ്റം കൊണ്ടു മാത്രമേ അത് തരണം ചെയ്യാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളടക്കമുള്ള ജനസമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത് ഇന്നിന്റെ ആവശ്യമാണ്.ചലച്ചിത്ര നടനും സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജോയ് മാത്യു പാലിയേറ്റീവ് പരിചരണത്തില്‍ സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിച്ചു.

കേരളത്തില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നാളുകളില്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ഒരാളാണ് താനെന്നും പാലിയേറ്റീവ് പരിചരണത്തെ മാനവികതയുടെ പര്യായമായി കാണാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളടക്കമുള്ള താനുള്‍പ്പെടുന്ന സമൂഹം സംസ്‌കാരിക സമൂഹമെന്ന് ഊറ്റംകൊള്ളണമെങ്കില്‍ പാലിയേറ്റീവ് പരിചരണം പോലുള്ള കാര്യങ്ങളില്‍കൂടി പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ബോര്‍ഡ് അംഗങ്ങളായ പ്രൊഫ. ജമീല പരീത് സ്വാഗതവും സിന്ധു അനൂപ് നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള നാനൂറോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരും ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top