Agri

കാലാവസ്ഥാമാറ്റവും ആഗോളതാപനവുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് കൃഷിമന്ത്രി പി. പ്രസാദ്

സ്പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ഏലം കര്‍ഷകര്‍ക്കുള്ള ഉല്‍പ്പദനാക്ഷമതാ അവാര്‍ഡുകളും കാലാവസ്ഥാ-അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പോളിസികളും മന്ത്രി കൊച്ചിയില്‍ വിതരണം ചെയ്തു

കാലാവസ്ഥാമാറ്റവും ആഗോളതാപനവുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കൊച്ചിയില്‍ സ്പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ഏലം കര്‍ഷകര്‍ക്കുള്ള ഉല്‍പ്പദനാക്ഷമതാ അവാര്‍ഡുകളുടേയും കാലാവസ്ഥാ-അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പോളിസികളുടേയും വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാമാറ്റത്തെ നമ്മള്‍ കൂടുതല്‍ ഗൗരവത്തിലെടുക്കണം. ഈ പശ്ചാത്തലത്തില്‍ ഏലം കര്‍ഷകര്‍ക്കായി കാലാവസ്ഥാ-അധിഷ്ഠിത ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയ സ്പൈസസ് ബോര്‍ഡിന്റെ നടപടി ഏറെ പ്രോത്സാഹനജനകമാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷികരംഗത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാര്‍ബണ്‍-ന്യൂട്രല്‍ കൃഷിരീതികള്‍ തുടങ്ങിയവ അവലംബിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Advertisement

ഏലം കര്‍ഷകര്‍ക്കായി സ്പൈസസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2019-20, 2020-21 വര്‍ഷങ്ങളിലെ ഉല്‍പ്പാദനക്ഷമതാ അവാര്‍ഡുകളും ഏലം കര്‍ഷകര്‍ക്കായി ബോര്‍ഡ് ആരംഭിച്ച നൂതനമായ കാലാവസ്ഥാ-അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പോളിസികളുമാണ് മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തത്. 2020 വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കുരുമുളക് കര്‍ഷകനുള്ള ഐപിസി അവാര്‍ഡ് ജേതാവായ ജോമി മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു.

കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വിലകളുടെ ചാഞ്ചാട്ടത്തെപ്പറ്റി അധ്യക്ഷപ്രസംഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ജി തങ്കപ്പന്‍ ആശങ്ക രേഖപ്പെടുത്തി. ഇടുക്കി ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയ കാലാവസ്ഥാ-അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയുള്‍പ്പെടെയുള്ള വിവിധ നടപടികളിലൂടെ കര്‍ഷകരെ പിന്തുണയ്ക്കാന്‍ ബോര്‍ഡ് ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്‍നിര ഏലം കയറ്റുമതി രാജ്യമാക്കാന്‍ ലക്ഷ്യമിട്ട് അംഗീകൃത നഴ്സറികളിലൂടെ മികച്ച നടീല്‍ വസ്തുക്കള്‍ ഉറപ്പുവരുത്തുക, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കാര്‍ഡമം ഡ്രയര്‍, വാഷര്‍ ക്ലീനര്‍ എന്നിവ വാങ്ങുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള സഹായം എന്നിവ ലഭ്യമാക്കുക തുടങ്ങിയ നടപടികളും ബോര്‍ഡ് എടുത്തുവരികയാണ്.

കോവിഡും കാലാവസ്ഥാമാറ്റങ്ങളും ഉയര്‍ത്തി വെല്ലുവിളികളോട് പൊരുതിക്കൊണ്ടു തന്നെ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മികച്ച വളര്‍ച്ച നേടാന്‍ ഏലം കര്‍ഷകര്‍ക്കായെന്ന് ആമുഖ പ്രഭാഷണത്തില്‍ സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ് പറഞ്ഞു.

ഏലം ഉല്‍പ്പാദനത്തില്‍ റെക്കോഡ് വളര്‍ച്ച നേടിയ കേരളത്തിലെ കര്‍ഷകരെയും കര്‍ഷകര്‍ക്കായി കാലാവസ്ഥാ-അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയ സ്പൈസസ് ബോര്‍ഡിനേയും അഭിനന്ദിക്കുന്നുവെന്ന് സ്പൈസസ് ബോര്‍ഡ് അംഗം കൂടിയായ ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

2018 മുതല്‍ കാലാവസ്ഥാമാറ്റം കേരളത്തെ പ്രതികൂലമായി ബാധിച്ചു വരികയാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഇതിനെ നേരിടുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സംഘടിതശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടി ജെ വിനോദ് എംഎല്‍എ, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എംഡി മലായ് കുമാര്‍ പൊഡ്ഡാര്‍, സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റാന്‍ലി പോത്തന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഏലം ഉല്‍പ്പാദനത്തില്‍ മികവു പുലര്‍ത്തുന്ന കര്‍ഷകരെ ആദരിക്കുന്നതിനാണ് ഏലം ഉല്‍പ്പദനക്ഷമതാ അവാര്‍ഡുകള്‍ സ്പൈസസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ഒരാള്‍ക്ക് 1 ലക്ഷം രൂപയും രണ്ടു പേര്‍ക്ക് 50,000 രൂപ വീതമുള്ള സമ്മാനങ്ങളുമാണ് നല്‍കുന്നത്. ഇതില്‍ ഒരു അവാര്‍ഡ് വനിതാകര്‍ഷകര്‍ക്കുള്ളതാണ്. ഓര്‍ഗാനിക് വിഭാഗത്തിലെ മികച്ച ഉല്‍പ്പാദനക്ഷമതയ്ക്ക് സ്പെഷ്യല്‍ അവാര്‍ഡുമുണ്ട്. ഇതിനായി നിയോഗിച്ച കമ്മിറ്റി നാമനിര്‍ദേശം ചെയ്യുന്നവരില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

2019-20 കാലയളവില്‍ ചക്കുപള്ളത്തെ മനോജ്കുമാര്‍, 2020-21 കാലയളവില്‍ അണക്കരയിലെ പി എന്‍ കൃഷ്ണന്‍കുട്ടി നായര്‍ എന്നിവരാണ് ഏലം ഉല്‍പ്പാദനക്ഷമതയ്ക്കുള്ള ഒന്നാം സ്ഥാനങ്ങള്‍ നേടിയത്.

വഴവന്തിനാട്ടിലെ കൊള്ളി ഹില്‍സിലുള്ള ഇനിയ ഓര്‍ഗാനിക് എസ്റ്റേറ്റ് ഉടമ ഡോ. സുസ്ഥിര ഇളങ്കോ ഓര്‍ഗാനിക് വിഭാഗത്തിലെ അവാര്‍ഡ് നേടി.

അണക്കരയില്‍ നിന്നുള്ള ടിജു മാത്യു, ചക്കുപള്ളം മണക്കവല മൗണ്ട് വാലി എസ്റ്റേറ്റിലെ സുജ ജോണി എന്നിവരാണ് യഥാക്രമം 2019-20, 2020-21 വര്‍ഷങ്ങളിലെ രണ്ടാം സ്ഥാനങ്ങള്‍ നേടിയത്. 2020-21 വര്‍ഷത്തെ വനിതാ വിഭാഗത്തില്‍ അടിമാലി ചെങ്ങംതടത്തിലെ പൗളി മാത്യുവും ജേതാവായി.

സ്പൈസസ് ബോര്‍ഡിന്റെ പവിഴജൂബിലി (35-ാം വാര്‍ഷികം) ആഘോഷങ്ങളുടെ ഭാഗമായാണ് അവാര്‍ഡ്ദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ബോര്‍ഡിന്റെ 35 വര്‍ഷത്തെ വളര്‍ച്ച വിശദീകരിക്കുന്ന വിഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top