നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് അടല്‍ പെന്‍ഷന്‍ യോജന. ശ്രദ്ധേയമായ ഈ സാമൂഹ്യ സുരക്ഷാ സ്‌കീമില്‍ ഇതുവരെ ചേര്‍ന്നത് 5 കോടി പേരാണെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കുകയുണ്ടായി.
2022 സാമ്പത്തികവര്‍ഷത്തില്‍ മാത്രം പദ്ധതിയില്‍ 1.25 കോടി പേരാണ് ചേര്‍ന്നത്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇത് 92 ലക്ഷം പേരായിരുന്നു. കേന്ദ്രം ബാങ്കുകള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ടാര്‍ഗെറ്റ് നല്‍കിയിട്ടുണ്ട്. 29 ബാങ്കുകള്‍ കേന്ദ്രത്തിന്റെ പ്രതീക്ഷകളെ കവച്ചുവെക്കുന്ന രീതിയില്‍ ആളുകളെ ചേര്‍ത്തു. പൊതുമേഖലയില്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ റീജണല്‍ റൂറല്‍ ബാങ്ക് വിഭാഗത്തില്‍ 21 ബാങ്കുകള്‍ കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം മറികടന്നു.
പെന്‍ഷന്‍ പദ്ധതിയില്‍ വ്യക്തി ഇടുന്ന തുകയനുസരിച്ച് 1000 മുതല്‍ 5000 രൂപ വരെയാണ് 60 വയസിന് ശേഷം പ്രതിമാസം ലഭിക്കുക. പദ്ധതിയില്‍ ചേരുന്ന വയസും ഇതില്‍ പരിഗണിക്കപ്പെടും. പെന്‍ഷന്‍ പദ്ധതിയെടുത്ത വ്യക്തി മരിച്ചുപോയാല്‍ ജീവിതപങ്കാളിക്കായിരിക്കും പെന്‍ഷന്‍ തുക ലഭിക്കുക.