Top Story

തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി

10 വര്‍ഷം മുമ്പ് ഇന്ത്യ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകം വൈബ്രന്റ് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു: മുകേഷ് അംബാനി

  • സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ മുന്നോട്ട് വെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി

രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്.

ലോകം ആശങ്കപ്പെടുമ്പോള്‍, ഇന്ത്യയുടെ ആത്മവിശ്വാസം കുതിച്ചുയരുന്നു. ലോകമെമ്പാടും ‘ആത്മവിശ്വാസത്തില്‍ ഇടിവ്’ പ്രകടമാകുമ്പോള്‍, ഇന്ത്യ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയോടെ കുതിക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്നത് ‘പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും’ അന്തരീക്ഷമാണ്–അംബാനി ചൂണ്ടിക്കാട്ടി. ഈ മനോഭാവത്തിലെ മാറ്റം കേവലം സാമ്പത്തിക കണക്കുകള്‍ക്കപ്പുറം പ്രാധാന്യമര്‍ഹിക്കുന്നു. ലോക രാജ്യങ്ങള്‍ ഒരു പുതിയ ശക്തിയായി ഇന്ത്യയെ കാണുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

‘ഒരു ദശാബ്ദം മുന്‍പ് ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ വൈബ്രന്റ് (ഊര്‍ജ്ജസ്വലമായ) ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. ഇന്ന്, ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ വൈബ്രന്റ് ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്,’ അംബാനി പറഞ്ഞു. ഈ മാനസികമായ മാറ്റം സാമ്പത്തിക കണക്കുകളെപ്പോലെ തന്നെ പ്രധാനമാണ്. കാരണം, വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു രാജ്യത്തെ പ്രേരിപ്പിക്കുന്നത് ഈ ആത്മവിശ്വാസമാണ്.

നിര്‍ണ്ണായകമായ സാങ്കേതികവിദ്യകളില്‍ ഇന്ത്യ ‘ആത്മനിര്‍ഭര്‍’ അഥവാ സ്വാശ്രയത്വം കൈവരിക്കണമെന്നാണ് മുകേഷ് അംബാനിയുടെ ആഹ്വാനം. ആഗോള തലത്തിലെ ‘ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍’ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇതൊരു തന്ത്രപരമായ ആവശ്യകതയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇലക്ട്രോണിക്സ്, ബാറ്ററികള്‍, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ ഭാവിയിലെ സാങ്കേതികവിദ്യകള്‍ക്ക് അത്യന്താപേക്ഷിതമായ റെയര്‍ എര്‍ത്ത്, ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ നിര്‍ണ്ണായക അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖലയില്‍ ചൈനയുടെ ആധിപത്യം വര്‍ദ്ധിച്ചുവരികയാണ്. ഈ ആഗോള യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയുടെ ഭാവിയിലെ പുരോഗതി ബാഹ്യശക്തികളെ ആശ്രയിച്ചാകരുത്. അതിനാല്‍, സാങ്കേതിക സ്വാശ്രയത്വം എന്നത് ഒരു ദേശീയ ലക്ഷ്യം എന്നതിലുപരി ഇന്ത്യയുടെ സുരക്ഷിതമായ ഭാവിക്കുള്ള ഒരു നിര്‍ണ്ണായക മുന്‍കരുതലാണ്.

സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ അദ്ദേഹം മുന്നോട്ട് വെച്ചു. ഇന്ത്യ നേതൃത്വം നേടേണ്ട നിര്‍ണ്ണായക സാങ്കേതികവിദ്യകളെയും വ്യവസായങ്ങളെയും അദ്ദേഹം കൃത്യമായി അടയാളപ്പെടുത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നവ ഊര്‍ജ്ജം, ബഹിരാകാശം, ബയോടെക്നോളജി, ലൈഫ് സയന്‍സസ് തുടങ്ങിയ മേഖലകളിലാണ് ഇന്ത്യ സ്വശ്രയത്വം കൈവരിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഭാവിയിലെ ലോകത്തെ നിര്‍വചിക്കുന്ന ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ ദീര്‍ഘകാല സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശക്തവും വ്യക്തവുമായ ഒരു തന്ത്രമാണെന്ന് അംബാനി ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പ്രധാനപ്പെട്ട കഴിവ് കോഡിംഗ് പഠിക്കുന്നതിലല്ല, മറിച്ച് ‘കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ ചോദിക്കാന്‍’ പഠിക്കുന്നതിലാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി. സാധാരണ ജോലികളെല്ലാം എഐ ഏറ്റെടുക്കുമ്പോള്‍, മനുഷ്യന് മാത്രം സാധ്യമാകുന്ന ജിജ്ഞാസയും ഉള്‍ക്കാഴ്ചയുള്ള ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവും ഏറ്റവും മൂല്യമുള്ളതായി മാറുന്നു. പുതുമകള്‍ കണ്ടെത്താനും കാലത്തിനനുസരിച്ച് മുന്നേറാനും സഹായിക്കുന്നത് ഈ കഴിവായിരിക്കും.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top