24,713 കോടിക്ക് ഫ്യൂച്ചര്‍ റീട്ടെയ്‌ലിനെ ഏറ്റെടുത്തു. രാജ്യത്തിന്റെ മൊത്തം റീട്ടെയ്ല്‍ രംഗത്തിന്റെ മൂന്നിലൊന്നും ഇനി അംബാനിക്ക്
അങ്ങനെ, ഇന്ത്യയുടെ ചില്ലറ വില്‍പ്പന രംഗത്തെ ചക്രവര്‍ത്തിയായും മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി. പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ റീട്ടെയ്‌ലിനെ 26,000 കോടി രൂപയ്ക്കാണ് മുകേഷ് അംബാനി ഏറ്റെടുത്തത്. ഇതോടെ 1.89ലക്ഷം കോടി രൂപയുടെ റീട്ടെയ്ല്‍ സാമ്രാജ്യമാണ് അംബാനി കൈയാളുന്നത്.
അതായത്, രാജ്യത്തിന്റെ മൊത്തം സംഘടിത റീട്ടെയ്ല്‍ മേഖലയുടെ മൂന്നിലൊന്നും രാജ്യത്തെ ഏറ്റവും സമ്പന്നനായ അംബാനിക്ക് സ്വന്തം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപ്പാരല്‍, ലൈഫ്‌സ്റ്റൈല്‍, ഗ്രോസറി ബിസിനസുകളെല്ലാം അംബാനിയുടെ ഗ്രൂപ്പിലേക്ക് മാറും.
പുതിയ ഏറ്റെടുക്കലോടെ 1800ലധികം സ്‌റ്റോറുകള്‍ റിലയന്‍സ് റീട്ടെയ്ല്‍ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും
ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള അഞ്ച് കമ്പനികളെയാണ് റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്‌ലും ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈലും ഫ്യൂച്ചര്‍ കണ്‍സ്യൂമറുമെല്ലാം ഇതില്‍ പെടും. റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സിന്റെ റിലയന്‍സ് റീട്ടെയ്ല്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ലിമിറ്റഡാണ് 24,713 കോടി രൂപയ്ക്ക് ഫ്യൂച്ചറിനെ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്തിന്റെ പിതാവെന്നറിയപ്പെടുന്ന കിഷോര്‍ ബിയാനിയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍. അദ്ദേഹത്തിനാണ് ഒടുവില്‍ നില്‍ക്കകള്ളിയില്ലാതെ ബിസിനസ് അംബാനിക്ക് വില്‍ക്കേണ്ടി വന്നത്. ബിഗ് ബസാര്‍, സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്റ്ററി തുടങ്ങിയവയെല്ലാം ഫ്യൂച്ചറിന് കീഴില്‍ വരുന്ന ബ്രാന്‍ഡുകളായിരുന്നു. ഇതെല്ലാം ഇനി അംബാനിക്ക് സ്വന്തം. കടം പെരുകിയതാണ് ബിയാനിക്ക് വിനയായത്.
പുതിയ ഏറ്റെടുക്കലോടെ 1800ലധികം സ്‌റ്റോറുകള്‍ റിലയന്‍സ് റീട്ടെയ്ല്‍ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.