നിക്ഷേപമാന്ത്രികന്‍ വാറന്‍ ബഫറ്റിന് 90 വയസ് തികയുമ്പോള്‍ അദ്ദേഹം പറയുന്ന ഈ 4 കാര്യങ്ങള്‍ പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മറക്കരുത്
ലോകത്തെ ഏറ്റവും വിജയിച്ച നിക്ഷേപകരിലെ ഏറ്റവും പ്രധാനിയാണ് വാറന്‍ ബഫറ്റ്. അദ്ദേഹത്തിന് ഞായറാഴ്ച്ച 90 വയസ് തികഞ്ഞിരിക്കയാണ്. 86 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള ബഫറ്റ് ബെര്‍ക്ഷയര്‍ ഹതാവെ എന്ന നിക്ഷേപക സ്ഥാപനത്തിന്റെ സിഇഒയും ചെയര്‍മാനുമാണ്.
പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കേട്ടിരിക്കേണ്ടതാണ് നിക്ഷേപകാര്യത്തില്‍ അദ്ദേഹം നല്‍കുന്ന ഉപദേശങ്ങള്‍. അമേരിക്കയിലെ ഒമഹയില്‍ 1930 ഓഗസ്റ്റ് 30ന് ജനിച്ച ബഫറ്റ് തന്റെ ആദ്യ ഓഹരി വാങ്ങുന്നത് 11ാം വയസിലാണ്.
13 വയസായപ്പോള്‍ ആദ്യ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു ബഫറ്റ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ ഒമാഹയിലെ ഒരു ഫാമില്‍ ഓഹരി വാങ്ങിയ മിടുക്കന്‍ കൂടിയാണ് ബഫറ്റ്.
ബഫറ്റിന്റെ പ്രശസ്തമായ ഒരു ഉപദേശമുണ്ട്, നിക്ഷേപകര്‍ക്ക്. ഇതാണത്, നിയമം 1, ഒരിക്കലും പണം നഷ്ടപ്പെടുത്താതിരിക്കുക. നിയമം 2, ഒരിക്കലും ആദ്യ നിയമം മറക്കാതിരിക്കുക.
വാറന്‍ ബഫറ്റില്‍ നിന്നും പഠിക്കേണ്ട നാല് നിക്ഷേപ പാഠങ്ങള്‍ ഇവയാണ്.
1 നിങ്ങള്‍ക്ക് മനസിലാകാത്ത ബിസിനസില്‍ ഒരിക്കലും നിക്ഷേപം നടത്താതിരിക്കുക. ഒന്നാമത്തെ ഈ സന്ദേശം ഏറെ പ്രസക്തമാണ്. തനിക്ക് പൂര്‍ണമായി ബോധ്യമുള്ള ബിസിനസ് സംരംഭങ്ങളുടെ ഓഹരികളില്‍ മാത്രമേ ബഫറ്റ് ഇതുവരെ നിക്ഷേപം നടത്തിയിട്ടുള്ളൂ.
2 നിക്ഷേപിക്കുക, അല്ലെങ്കില്‍ പോകുന്ന ദിശ തെറ്റ്. വെറുതെ പണം കൈയില്‍ വച്ചിരുന്നിട്ട് കാര്യമില്ല. അതെടുത്ത് നിക്ഷേപിക്കണമെന്നാണ് ബഫറ്റിന്റെ എക്കാലത്തെയും ആശയം. പണം നിക്ഷേപിച്ച് കൂടുതല്‍ നേട്ടം കൊയ്യുക.
3 സ്വയം നിക്ഷേപിക്കുക: പുതിയ കാര്യങ്ങള്‍ പഠിക്കാനും മറ്റുമായി സ്വയം സമയം കണ്ടെത്തുക. അത് നമ്മളില്‍ തന്നെയുള്ള സ്വയം നിക്ഷേപമാണെന്നാണ് ബഫറ്റിന്റെ പക്ഷം.
4 ദീര്‍ഘകാല ലക്ഷ്യം പ്രധാനം. വിപണി 10 വര്‍ഷത്തേക്ക് പൂട്ടിയിട്ടാല്‍ പോലും നിങ്ങള്‍ക്ക് സന്തോഷമായിരിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ വേണം നിക്ഷേപിക്കാനെന്നാണ് ബഫറ്റ് എപ്പോഴും പറയുക.