കോവിഡ് വൈറസിന്റെ പ്രാഥമികപരിശോധനയായ ആന്റ്‌റിബോഡി സ്‌ക്രീനിംഗ് നടത്തുന്നതിനായി മൊബൈല്‍ യൂണിറ്റ് സജ്ജമാക്കി മുത്തൂറ്റ് ഫിനാന്‍സ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി മുത്തൂറ്റ് സ്നേഹാശ്രയ മൊബൈല്‍ വാനിന്റെഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയ്ന്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ആന്റിബോഡി സ്‌ക്രീനിംഗില്‍ പോസിറ്റീവ് ആകുന്നവരെയും അസുഖ ലക്ഷണമുള്ള വ്യക്തികളെയും ഐസിഎംആര്‍ അംഗീകൃത ലാബുകളിലാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുക. ആന്റിജന്‍ പരിശോധനയ്ക്കായ് ചിലവാകുന്ന തുകയും മുത്തൂറ്റ് ഫിനാന്‍സ് തന്നെ വഹിക്കുമെന്ന് കമ്പനി അറിയിച്ചു.
പദ്ധതിക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ്. കേരള സര്‍ക്കാരുമായി സഹകരിച്ച് ഇതിനോടകം തന്നെ കേരള പോലിസിനും തൃക്കാക്കര മുനിസിപാലിറ്റിയിലെ സ്റ്റാഫിനും കോവിഡ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തിയിട്ടുണ്ട് എച്ച്എല്‍എല്‍.
മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കൊച്ചി കോര്‍പ്പറേഷനു കീഴില്‍ വരുന്ന ശുചീകരണതൊഴിലാളികള്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും ടെസ്റ്റുകള്‍ നടത്താനാണ് തുടക്കത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്.