ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനാ കിറ്റുകള്‍ നിര്‍മിക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ടിസിഎം ലിമിറ്റഡിന്റെ പൂര്‍ണഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ടിസിഎം ഹെല്‍ത്ത്‌കെയര്‍ തയ്യാറെടുക്കുന്നു. ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്ത പരിശോധനാ കിറ്റുകള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളില്‍ ഒന്നാണ് ടിസിഎം. മാതൃകമ്പനിയായ കൊച്ചിയിലെ ടിസിഎം 1943-ല്‍ സ്ഥാപിച്ചത് നോബല്‍ സമ്മാനജേതാവായ സി വി രാമനാണ് എന്ന സവിശേഷതയുമുണ്ട്. വിതരണ സൗകര്യം കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാല് യൂണിറ്റുകളിലാകും നിര്‍മാണമെന്ന് ടിസിഎം മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. കൊച്ചിയിലുള്ള കിന്‍ഫ്രാ ബയോടെക് പാര്‍ക്കിലെ യൂണിറ്റിലാകും കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ആദ്യമായി നിര്‍മാണമാരംഭിക്കുക. കൊച്ചി യൂണിറ്റിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഓഗസ്റ്റ് പകുതിയോടെ ആംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വര്‍ഗീസ് പറഞ്ഞു. ഘട്ടം ഘട്ടമായി പ്രതിദിനം 500 ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകള്‍ നടത്താം. അങ്ങനെ പ്രതിദിനം 50,000 പരിശോധനകള്‍ക്കുള്ള കിറ്റുകള്‍ കോവിഡിറ്റെക്റ്റ് വിപണിയിലെത്തിക്കും.
ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്തിട്ടുള്ള ആര്‍ടി-പിസിആര്‍ കിറ്റുകളുടെ അടിസ്ഥാന നിരക്ക് ടെസ്റ്റൊന്നിന് 399 രൂപ മാത്രമാണെന്ന് ജോസഫ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. ആര്‍എന്‍എ ഐസൊലേഷന്‍, ലാബ് ചെലവുകള്‍ എന്നിവ ചേര്‍ത്താലും നിലവില്‍ 4500 രൂപയ്ക്കടുത്തു വരുന്ന പരിശോധനാച്ചെലവിനേക്കാള്‍ ഗണ്യമായ കുറവുണ്ടാകും.
ഇറക്കുമതി ചെയ്യുന്ന ഫ്‌ളൂറസന്റ് പ്രൊഫൈലുകള്‍ ആവശ്യമില്ലാത്ത ആര്‍ടി-പിസിആര്‍ കിറ്റാണ് ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇക്കാരണത്താലാണ് ഉല്‍പ്പാദനച്ചലെവ് ഗണ്യമായി കുറയുന്നത്.
ടിസിഎം നിര്‍മിക്കുന്ന കോവിഡിറ്റെക്റ്റ് കിറ്റുകള്‍ രാജ്യമൊട്ടാകെ വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി കരാറിലെത്താനാണ് നീക്കം. 3-4 പ്രമുഖ ഫാര്‍മ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജോസഫ് വര്‍ഗീസ് പറഞ്ഞു.
ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പേറ്റെന്റ് എടുത്ത ശേഷമാണ് ഐഐടി ഡെല്‍ഹി ഈ കിറ്റുകള്‍ നിര്‍മിക്കാന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയത്.
