എന്റര്‍പ്രൈസ് മൊബിലിറ്റി, ഐഒടി മാനേജുമെന്റ് സൊല്യൂഷന്‍ രംഗത്തെ ലോകത്തിലെ തന്നെ മുന്‍നിര സേവന ദാതാവായ സോട്ടി, ബി.ഇ, ബി.ടെക്, എം.ടെക്, എം.എസ്.സി, എം.സി.എ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി വെര്‍ച്വല്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റില്‍ നടക്കുന്ന കാമ്പയിനില്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകള്‍ നിന്നുമുള്ള 20,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്റേണ്‍ഷിപ്, ഫുള്‍ടൈം ഡെവലപ്പര്‍ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുക്കുക.
രണ്ട് ഘട്ടങ്ങളിലായാകും റിക്രൂട്ട്മെന്റ് ഡ്രൈവ് നടക്കുക. ആദ്യഘട്ടത്തില്‍ 2020 ഓഗസ്റ്റ് 5 ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 7:00 മുതല്‍ 8:30 വരെ ”സൗത്ത് ഇന്ത്യ വെര്‍ച്വല്‍ റോഡ്‌ഷോ 2020′ നടക്കും. ഇതിലൂടെ രജിസ്റ്റര്‍ ചെയ്ത എല്ലാ കോളേജുകള്‍ക്കും സോട്ടിയെക്കുറിച്ചുള്ള വിശദമായ ഓറിയന്റേഷനും കമ്പനിയുടെ മുന്‍നിര നേതാക്കളുടെ അവതരണങ്ങളും ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയും
തുടര്‍ന്ന് കമ്പനി എക്‌സിക്യൂട്ടീവുകളുമായി അഭിമുഖവും നടത്തപ്പെടും.
‘ചുരുങ്ങിയ സമയംകൊണ്ട് സോട്ടി ഇന്ത്യയില്‍ വളരെയധികം വളര്‍ച്ച കൈവരിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ യാത്രകളിലുടനീളം ഞങ്ങള്‍ കണ്ടുമുട്ടിയ വിദ്യാര്‍ത്ഥികള്‍ കൂര്‍മ്മബുദ്ധിയും, ജീവിതാഭിലാഷവും, കഴിവുമുള്ളവരുമാണ്. അതിനാല്‍ തന്നെ ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ 150ലധികം കോളേജുകളെ ഞങ്ങള്‍ തിരഞ്ഞെടുത്തു. ഇതിലൂടെ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” സോട്ടി പ്രസിഡന്റും സിഇഒയുമായ കാള്‍ റോഡ്രിഗസ് പറഞ്ഞു. ”കമ്പനിയുടെ അടുത്ത തലമുറയിലെ പ്രതിഭകളെ നിയമിക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. ഈ റിക്രൂട്‌മെന്റ് ഡ്രൈവില്‍ ഞാന്‍ വ്യക്തിപരമായി പങ്കാളിയാകാനുള്ള കാരണവും ഇതുതന്നെ. എല്ലാ വിദ്യാര്‍ത്ഥികളെയും ഡ്രൈവില്‍ പങ്കെടുക്കാന്‍ ഞാന്‍ വ്യക്തിപരമായി ക്ഷണിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ഇ, ബിടെക്, എം.ഇ, എം.ടെക്, എം.എസ് സി എംസിഎ വിദ്യാര്‍ത്ഥികള്‍ക്കുള്ള സോട്ടിയുടെ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ആറുമാസത്തേക്കാണ്. കൂടാതെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി പ്രതിമാസം 25,000 രൂപ സ്‌റ്റൈപ്പന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവര്‍ത്തിപരിചയം കൂടാതെ കമ്പനിയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7,00,000 രൂപയുടെ ആകര്‍ഷകമായ ശമ്പള പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഡിംഗില്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാദമിക് യോഗ്യതകള്‍ പരിഗണിക്കാതെ തന്നെ റിക്രൂട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. കൊച്ചി കേന്ദ്രമായി കമ്പനിക്ക് ശക്തമായ ഒരു ദക്ഷിണേന്ത്യന്‍ അടിത്തറ വികസിപ്പിക്കാനുള്ള കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യത്തെ സഹായിക്കുന്നതാകും സൗത്ത് ഇന്ത്യ സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അവരുടെ പ്ലേസ്‌മെന്റ് ഓഫീസറെ സമീപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://soti.net/india സന്ദര്‍ശിക്കുക.