കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ സധൈര്യം, ശുഭപ്രതീക്ഷകളോടെ ബെംഗളൂരു കേന്ദ്രമാക്കിയ ഐടി കമ്പനി ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ഐപിഒ(പ്രഥമ ഓഹരി വില്‍പ്പന)യ്ക്ക്. സെപ്റ്റംബര്‍ ഏഴ് മുതല്‍ ഓഹരി വില്‍പ്പന ആരംഭിക്കും.
നാല് വര്‍ഷത്തിനിടെ ഒരു ഐടി കമ്പനി നടത്തുന്ന ആദ്യ ഐപിഒയാണ് ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സിന്റേതെന്നതും പ്രത്യേകതയാണ്.
ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവര സാങ്കേതികവിദ്യാ കമ്പനിയാണ് ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ്. സെപ്റ്റംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെയാണ് ഐപിഒ നടക്കുക.
165 രൂപ മുതല്‍ 166 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡാണ് ഓഹരികള്‍ക്കു നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 90 ഓഹരികളായോ അവയുടെ മടങ്ങുകളായോ അയി അപേക്ഷിക്കാവുന്നതാണ്. രണ്ടു രൂപയാണ് ഓഹരികളുടെ മുഖവില. 110 കോടി രൂപയുടെ പുതിയ ഓഹരികളും പ്രൊമോട്ടറായ അശോക് സൂത്തയുടെ 8,414,223 ഓഹരികളും നിക്ഷേപകരായ സിഎംഡിബി II ന്റെ 27,249,362 ഓഹരികളുമാണ് വിതരണം ചെയ്യുന്നത്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
എല്‍&ടി ഇന്‍ഫോടെക്കാണ് ഇന്ത്യയില്‍ അവസാനമായി ലിസ്റ്റ് ചെയ്ത ഐടി കമ്പനി. 2016ലെ അവരുടെ ഓഹരി വില്‍പ്പന വമ്പന്‍ വിജയമായിരുന്നു. 2011ലാണ് മൈന്‍ഡ്ട്രീയില്‍ നിന്നിറങ്ങി സൂത്ത ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സിന് തുടക്കമിടുന്നത്. ഡിജിറ്റല്‍ മേഖലയില്‍ നിന്ന് മികച്ച വരുമാനമുണ്ടാക്കാനാകുന്നുവെന്നതാണ് കമ്പനിയുടെ പ്രത്യേകത.
വിപ്രോ ഇന്‍ഫോടെക്കിനെ പണ്ട് സമാനതകളില്ലാത്ത ഉയരങ്ങളിലെത്തിച്ച ചരിത്രമുള്ള ടെക്‌നോളജി സംരംഭകനാണ് സൂത്ത. അതിനാല്‍ തന്നെ കോവിഡിനിടെ വരുന്ന അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയുടെ ഐപിഒയെ വലിയ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്.