Inspiration

മണലാരണ്യങ്ങളില്‍ കണ്ടു തുടങ്ങിയ സ്വപ്നം

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം എന്ന ആശയത്തോടെ ആശ്വാസത്തിന്റെ വാതില്‍ തുറക്കുകയാണ് ടാസ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ മുബഷീര്‍ എ സി

പട്ടിണി കിടന്നവന് മാത്രമേ എണ്ണത്തിന്റെ വിലയറിയൂ എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ പഴമക്കാര്‍ പറയുന്ന ആ ചൊല്ലിനു ഇന്നത്തെക്കാലത്തും മൂല്യം ഏറെയാണ് എന്ന് അടിവരയിട്ടുറപ്പിക്കുന്നു കാസര്‍ഗോഡ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് സംരംഭകനുമായ മുബഷീര്‍ എ സി. പ്രവാസിയായി മണലാരണ്യത്തില്‍ കഴിഞ്ഞകാലമത്രയും മുബഷീര്‍ ആഗ്രഹിച്ചിട്ടുണ്ട്, അടച്ചുറപ്പുള്ള ഒരു വീട് നല്‍കുന്ന സന്തോഷത്തെയും സമാധാനത്തെയും പറ്റി. എന്നാല്‍ ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഡിപ്ലോമ ഉണ്ടായിരുന്നിട്ടും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ താല്പര്യമുണ്ടായിരുന്നിട്ടും മുബഷീറിന് വിധിച്ചിരുന്നത് പ്രവാസമായിരുന്നു.

Advertisement

മുബഷീര്‍ എ സി

എന്നാല്‍ ഇഷ്ടമില്ലാത്ത ജോലി ഒരു വ്യക്തിക്ക് അധികനാള്‍ ചെയ്യാന്‍ സാധിക്കില്ല എന്നാണല്ലോ. അത് തന്നെയാണ് മുബഷീറിന്റെ കാര്യത്തിലും സംഭവിച്ചത്. ഗള്‍ഫില്‍ പിടിച്ചു നില്‍ക്കാനും മികച്ച വരുമാനം നേടാനും മുബഷീര്‍ ഏറെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഡ്രൈവറായി ഖത്തറില്‍ ജോലിക്ക് പോയി. അവിടെയും അവസ്ഥ ഇതൊക്കെ തന്നെ. കൃത്യമായ വരുമാനം ലഭിക്കുന്നില്ല എന്ന് മാത്രമുള്ള, ജീവിതത്തില്‍ സമാധാനം എന്നതിന് യാതൊരു റോളുമില്ലാത്ത അവസ്ഥ കൂടിയായി. അതോടെ നാട്ടിലേയ്ക്ക് തന്നെ തിരിച്ചു പോകാന്‍ മുബഷീര്‍ തീരുമാനിച്ചു. 2020 ഫെബ്രുവരി മാസത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് മുബഷീര്‍ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസ് വ്യാപനം പ്രതിസന്ധികള്‍ ഇരട്ടിപ്പിച്ചു.

കൊറോണക്കാലത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക്

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്ന കാലഘട്ടത്തില്‍ മുബഷീര്‍ തന്റെ പുതിയ സംരംഭവുമായി തിരക്കിലായിരുന്നു. ഇഷ്ടാനുസരണം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിക്ഷേപണം നടത്താനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ വിപണി ആകെ ഇടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഈ തീരുമാനം ആപത്താണ് എന്നും വീണ്ടും ആലോചിക്കണം എന്നും പലരും ആവശ്യപ്പെട്ടു. എന്നാല്‍ ഉമ്മയില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച മാനസിക പിന്തുണ ഈ രംഗത്ത് മുന്നേറാന്‍ മുബഷീറിന് പിന്തുണയായി.

”സ്വന്തമായൊരു ബിസിനസ് എന്ന ആഗ്രഹം ഞാന്‍ പറഞ്ഞപ്പോള്‍ പലരും പല ആശയവും പറഞ്ഞു. അതില്‍ വസ്ത്ര വ്യാപാരം മുതല്‍ പലചരക്ക് വരെ പലതും ഉള്‍പ്പെടുമായിരുന്നു. എന്നാല്‍ ഗള്‍ഫില്‍ പോയ അനുഭവം കൈവശമുള്ളതിനാല്‍ മറ്റുള്ളവര്‍ കാണിച്ചു തരുന്ന വഴിയിലൂടെ നടക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. വിജയിച്ചാലും പറയപ്പെട്ടാലും സ്വന്തം ഇഷ്ടപ്രകാരമുള്ള എന്തെങ്കിലും ചെയ്തിട്ടാവണം അത് എന്ന ചിന്തയില്‍ നിന്നുമാണ് ടാസ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്” മുബഷീര്‍ പറയുന്നു.

കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളും ബില്‍ഡര്‍മാരും ധാരാളമായുള്ള കാസര്‍ഗോഡ് സമാനമായ മറ്റൊരു സ്ഥാപനത്തിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ബഡ്ജറ്റ് ഹോം എന്ന ആശയമാണ് മുബഷീര്‍ തുറന്നു കാണിച്ചത്. സ്വന്തമായൊരു വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി കയ്യില്‍ ഒതുങ്ങാത്ത ചെലവാണ്. ഇത് പരിഹരിക്കണമെങ്കില്‍ കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാന്‍ കഴിയണം. നിലവില്‍ പല ബില്‍ഡര്‍മാര്‍ക്കും അത് കഴിയാത്തതിനാലാണ് പലരും വാടക വീടുകളില്‍ തന്നെ കഴിയുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായാണ് ടാസ് ബില്‍ഡര്‍ഴ്‌സ് ബഡ്ജറ്റ് മോഡല്‍ വീടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്.

8 ലക്ഷം രൂപയ്‌ക്കൊരു വീട്

ഉപഭോക്താവിന്റെ ആവശ്യം മുന്‍നിര്‍ത്തി, അനാവശ്യമായ ആര്‍ഭാടങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി വീട് നിര്‍മിക്കുകയാണെങ്കില്‍ 8 ലക്ഷം രൂപ ചെലവില്‍ ഒരു മൂന്നംഗ കുടുംബത്തിന് താമസയോഗ്യമായ വീടുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് മുബഷീര്‍ പറയുന്നത്. തന്റെ മുന്നില്‍ വീട് നിര്‍മിക്കുക എന്ന ആവശ്യവുമായി വരുന്ന വ്യക്തിയോട് ബഡ്ജറ്റ് ഹോമുകളുടെ ഗുണവശങ്ങള്‍ പൂര്‍ണമായും പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ഏത് മോഡല്‍ വീടാണ് നിര്‍മ്മിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ ഉത്തരവാദിത്വം ടാസ് ബില്‍ഡേഴ്സ് ഏറ്റെടുക്കും.

പ്രവര്‍ത്തനത്തിനുള്ള സുതാര്യത മൂലമാണ് പ്രവര്‍ത്തനം ആരംഭിച്ച മാസം തന്നെ മികച്ച പ്രോജക്റ്റുകള്‍ ടാസ് ബില്‍ഡേഴ്സിനെ തേടിയെത്തിയത്. 2200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിയുന്ന ആഡംബര ഭവനത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്ലാനിംഗ്, ഇലക്ട്രിക്സിറ്റി, വെള്ളം തുടങ്ങിയ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം സ്ഥാപനത്തിന്റെ കയ്യൊപ്പുണ്ട്. കൊറോണക്കാലത്ത് തുടങ്ങിയ സംരംഭമായതിനാല്‍ തന്നെ പച്ച പിടിക്കുന്ന കാര്യം സംശയമാണ് എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഏറ്റെടുക്കുന്ന പുതിയ പ്രോജക്റ്റുകള്‍ നിരത്തി വയ്ക്കുകയാണ് മുബഷീര്‍.

വീടിന്റെ നിര്‍മാണത്തിന് പുറമെ, ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തും സ്ഥാപനം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഏത് മേഖലയിലാണോ ടാസ് ബില്‍ഡേഴ്സിന്റെ സേവനം അനിവാര്യമായി വരുന്നത് അത് ചെയ്യുന്നതിനായി ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. മുതലാളി , തൊഴിലാളി എന്ന ബന്ധം നോക്കാതെ, ഏത് സമയത്തും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടീമാണ് തന്റെ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്ന് മുബഷീര്‍ വ്യക്തമാക്കുന്നു.

”വീട് നിര്‍മാണം എന്നത് എനിക്ക് വരുമാന മാര്‍ഗം മാത്രമല്ല, ഒരു സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗം കൂടിയാണ്. അതിനാല്‍ കുറഞ്ഞ ചെലവില്‍ പരമാവധി ആളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം. ആലപ്പുഴ ജില്ലയിലൊക്കെ ധാരാളം ആളുകള്‍ തീരപ്രദേശങ്ങളിലും മറ്റുമായി മതിയായ ജീവിത സൗകര്യങ്ങളില്ലാതെ ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നും ഉണ്ടായ ചിന്തയാണ് ബഡ്ജറ്റ് ഹോംസ് എന്ന ആശയത്തില്‍ എത്തി നില്‍ക്കുന്നത്. ഭാവിയില്‍ ഇത്തരം വീടുകളുടെ നിര്‍മാണത്തിലൂടെ വിപണി പിടിക്കാനാണ് ടാസ് ബില്‍ഡേഴ്സ് ലക്ഷ്യമിടുന്നത്” മുബഷീര്‍ നയം വ്യക്തമാക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top