Inspiration

അന്ന് ഓട്ടക്കാലണ, ഇന്ന് റെക്കോര്‍ഡുകളുടെ രാജകുമാരന്‍

ചിത്ര രചനയെന്ന ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം സംരംഭകരംഗത്തേക്ക് എത്തുകയും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാതെ ബില്‍ഡിംഗ് ഡിസൈന്‍ രംഗത്തെ കേമനായി മാറുകയും ചെയ്ത വ്യക്തിയാണ് ജൂഡ് സണ്‍ അസോസിയേറ്റ് സ് മാനേജിംഗ് ഡയറക്റ്ററായ പി ആര്‍ ജൂഡ് സണ്‍

ചിലര്‍ അങ്ങനെയാണ്, കയ്യില്‍ ഓട്ടക്കാലണയുമായിട്ടായിരിക്കും ജനനം. വളര്‍ച്ചയും അങ്ങനെ തന്നെ. ചുറ്റും കൂടി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ എടുത്തുപറയത്തക്ക മേന്മയൊന്നുമില്ലാതെ ബാല്യവും കൗമാരവും കടന്നു പോകും. എന്നാല്‍ അപ്പോഴും ജന്മസിദ്ധമായ ചില കഴിവുകള്‍ അവരെ ഊതിക്കാച്ചിയ പൊന്നെന്ന പോലെ ശ്രദ്ധേയമാക്കും. അത്തരത്തില്‍ ചിത്ര രചനയെന്ന ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം സംരംഭകരംഗത്തേക്ക് എത്തുകയും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാതെ ബില്‍ഡിംഗ് ഡിസൈന്‍ രംഗത്തെ കേമനായി മാറുകയും ചെയ്ത വ്യക്തിയാണ് ജൂഡ് സണ്‍ അസോസിയേറ്റ് സ് മാനേജിംഗ് ഡയറക്റ്ററായ പി ആര്‍ ജൂഡ് സണ്‍. ഒന്നുമില്ലായ്മയില്‍ നിന്നും ജൂഡ് സണ്‍ റെക്കോര്‍ഡുകളുടെ അധിപനായി മാറിയ കഥ വളര്‍ന്നു വരുന്ന ഓരോ സംരംഭകനും പ്രചോദനമാണ്.

Advertisement

പി ആര്‍ ജൂഡ് സണ്‍

അറബിക്കടലിന്റെ റാണിയായ കൊച്ചിയെ കൂടുതല്‍ മനോഹരിയാക്കുന്ന മട്ടാഞ്ചേരി എന്ന തീരദേശ നഗരം, ടൂറിസവും ബിസിനസ് ബന്ധങ്ങളും നിറഞ്ഞാടി വേരു
പിടിക്കുന്ന മട്ടാഞ്ചേരിയിലെ തികച്ചും സാധാരണമായ കുടുംബത്തില്‍ പിറന്നു വീണ ഒരു ആണ്‍കുട്ടി. എടുത്തുപറയത്തക്ക ഒരു പ്രത്യേകതയും ഇല്ലാത്ത അവന് ബാല്യവും കൗമാരവും ഓര്‍മ്മിക്കാന്‍ തക്കതായ ഒന്നും തന്നെ നല്‍കിയിട്ടില്ല.

പഠനത്തില്‍ ഏറെ പിന്നിലെന്ന് പറഞ്ഞുകൊണ്ട് അധ്യാപകരും മറ്റു കുട്ടികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ ചെയ്യാനുള്ള പക്വതയില്ലെന്ന് പറഞ്ഞു നാട്ടുകാരും വീട്ടിലെ നിറഞ്ഞ ദാരിദ്ര്യത്തിന് നടുവില്‍ വീട്ടുകാരും അവന്റെ കഴിവുകളെ കണ്ടെത്താന്‍ ശ്രമിച്ചില്ല. എന്നാല്‍ തനിക്ക് ചുറ്റുമുള്ള സമൂഹം മുഴുവനും തന്നെ ഒറ്റപ്പെടുത്തുമ്പോള്‍, ആ ബാലന്‍ സന്തോഷം കണ്ടെത്തിയിരുന്നത് ചിത്രരചനയിലായിരുന്നു. വരയ്ക്കാന്‍ ചായങ്ങളും കാന്‍വാസും ഒന്നും ഇല്ലാതിരുന്നപ്പോഴും അവന്‍ വരച്ചു.

അടിച്ചുവാരി വൃത്തിയാക്കിയ മുറ്റത്തും പള്ളിമതിലുകളിലും എന്തിനേറെ സെമിത്തേരിയുടെ ചുമരുകളില്‍ പോലും അവന്‍ തന്റെ കല പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരാള്‍ പോലും അവന്റെയുള്ളിലെ കലാകാരനെ അംഗീകരിച്ചില്ല. പക്ഷേ അനിവാര്യമായ നേട്ടങ്ങള്‍ അര്‍ഹതയുള്ളവനെ തേടി എത്തുക തന്നെ ചെയ്യും എന്നതിനുള്ള ഉദാഹരണമാണ് ഇന്ത്യ
യിലും യുഎഇയിലും പ്രവര്‍ത്തനനിരതമായ ജൂഡ്സണ്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലേക്കുള്ള പി ആര്‍ ജൂഡ്സണ്‍ എന്ന ആ ബാലന്റെ വളര്‍ച്ച.

ഇന്ന് ജൂഡ്സണ്‍ എന്ന സംരംഭകന്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് പ്രത്യക്ഷമായും പരോക്ഷമായും തന്റെ സ്ഥാപനത്തിലൂടെ തൊഴില്‍ നല്‍കുന്നത്. ജൂഡ്സണ്‍ അസോസിയേറ്റ്‌സ് എന്ന തന്റെ സ്ഥാപനത്തിലൂടെ ഇദ്ദേഹം വരച്ചിട്ടത് നൂറുകണക്കിന് അംബര ചുംബികളായ കെട്ടിടങ്ങളുടെ അഴകളവുകളാണ്. അതും വ്യത്യസ്തമായ രീതിയില്‍. ലോകം മുഴുവന്‍ ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോള്‍ ”തലതിരിഞ്ഞ് ചിന്തിക്കുന്നൊരാള്‍ എന്നാണ് ആര്‍ക്കിടെക്റ്റുകള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കാരണം, ഏതൊരു കെട്ടിടത്തിന്റെയും അങ്ങേയറ്റം ശ്രമകരമായ ഏത് എലവേഷനുകളും ജൂഡ്സണ്‍ വരച്ചിടുക തലതിരിച്ചാണ്. അതിനാല്‍ തന്നെയാണ് ഇദ്ദേഹത്തെ ആര്‍ക്കിടെക്റ്റര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍”റെയര്‍ പീസ് എന്ന് വിശേഷിപ്പിക്കുന്നതും.

ലോകത്ത് തന്നെ ഇത്തരത്തില്‍ തലതിരിച്ച് കെട്ടിടങ്ങളുടെ ചിത്രരചനാ നടത്തുന്ന ഒരേയൊരു വ്യക്തി പി ആര്‍ ജൂഡ്സണ്‍ ആണ്. ആര്‍ക്കിടെക്ചര്‍ രംഗത്തെ മുന്‍നിരക്കാര്‍ പോലും രാപ്പകലുകള്‍ ഉറക്കമിളച്ചു വരച്ചൊപ്പിക്കുന്ന ഹോം പ്ലാന്‍, പ്രത്യേകിച്ച് ത്രീഡി എലിവേഷന്‍ പ്ലാന്‍, ജൂഡ്‌സണ്‍ എന്ന ദുബായ് മലയാളി മിനിറ്റുകള്‍ക്കുള്ളില്‍ വരച്ചെടുക്കും. എന്നാല്‍ ഈ നേട്ടങ്ങ
ളും അവസരങ്ങളും അദ്ദേഹത്തെ തേടിയെത്തിയതല്ല, സ്വന്തം പാഷനെ പിന്തുടര്‍ന്നുകൊണ്ട് ഈ കൊച്ചിക്കാരന്‍ നേടിയെടുത്തതാണ്.

പ്രൊഫഷണല്‍ ഡിഗ്രിയില്ലാത്ത ഡിസൈനര്‍

ബില്‍ഡിംഗ് ഡിസൈനിങ്‌രംഗത്തെ ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ത്തന്നെ ജൂഡ്സണ്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനവും പി ആര്‍ ജൂഡ്സണ്‍ എന്ന വ്യക്തിയും ഉണ്ടായിരിക്കും. എന്നാല്‍ ഇവിടെയാണ് കാര്യങ്ങളുടെ യഥാര്‍ത്ഥ ട്വിസ്റ്റ് ഒളിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ഡിഗ്രിയില്ലാത്ത, ജൂഡ്സണ്‍. തന്റെ മുന്നിലെത്തുന്ന ഉപഭോക്താക്കളോട് അത് തുറന്നു പറയുകയുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്കത്രയും ജൂഡ്സണ്‍ വരയ്ക്കുന്ന എലവേഷനുകളോട് തന്നെയാണ് പ്രിയം. അങ്ങനെ ആര്‍കിടെക്ചറിന്റെ എബിസിഡി കംപ്ലീറ്റ് ചെയ്യാത്ത ഈ മനുഷ്യന്‍ ക്ലച്ചു പിടിച്ചു.

കുത്തിയിരുന്ന് വരച്ചാലും തീരാത്ത ത്രീഡി പ്ലാനുകള്‍ മിനിട്ടുകള്‍ കൊണ്ട് തലതിരിച്ചു വരയ്ക്കാന്‍ മാത്രം എന്ത് മാജിക്കാണ് ഇദ്ദേഹത്തിനുള്ളത്? ആ കഥ അറിയണമെങ്കില്‍ അല്‍പം ഫ്ളാഷ് ബാക്കിലേക്ക് പോകേണ്ടി വരും.

കല്‍പ്പണിക്കാരനായി തുടക്കം

കൊച്ചി നഗരത്തില്‍ ഏത് വിധേനയും ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ ഒരു കല്‍പണിക്കാരനായിട്ടായിരുന്നു ജൂഡ്‌സന്റെ അരങ്ങേറ്റം. പത്താം ക്ലാസ് വരെ എങ്ങനെയോ പഠിച്ചൊപ്പിച്ചതിന്റെ ഏകദേശ അറിവും ധാരണയും മാത്രമാണ് കൈമുതലായുള്ളത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഒരുവശത്ത്, സാമ്പത്തിക പ്രാരാബ്ധങ്ങള്‍ മറുവശത്ത്. ഈ അവസ്ഥയില്‍ 21 വയസില്‍ നടന്ന വിവാഹം അധിക ചുമതലകള്‍ നല്‍കി.

ജീവിതം പച്ചപിടിക്കണമെങ്കില്‍ നാട്ടില്‍ നിന്നിട്ട് കാര്യമില്ല, ഏത് വിധേനയും ഗള്‍ഫിലേക്ക് പറക്കണമെന്ന അക്കാലത്തെ ധാരണകളെ പിന്തുടര്‍ന്നുകൊണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി വിസയ്ക്കും വിമാനടിക്കറ്റിനും പണം കണ്ടെത്തി. ഭാര്യയുടെ കെട്ടുതാലിയടക്കം വിറ്റ് ഖത്തര്‍ നഗരത്തിലെത്തിയ ജൂഡ്സണെ കാത്തിരുന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളായിരുന്നു.

”പഠിപ്പുള്ളവര്‍ക്ക് പോലും ഇന്നാട്ടില്‍ ജോലിയില്ല, പിന്നെയാണോ തനിക്ക്”. ദാരിദ്ര്യങ്ങളെ മറികടന്ന് ഖത്തറിലേക്ക് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്തിയ 21കാരന്‍ ആദ്യം കേട്ട വാക്കുകളാണിത്. ഒരു പത്താം ക്ലാസുകാരനോട് അവരങ്ങനെ പറഞ്ഞെങ്കില്‍ കുറ്റം പറയാനൊക്കില്ല. ശമ്പളവ്യവസ്ഥയില്‍ ജോലിയൊന്നും തന്നെ ലഭിക്കാന്‍ സാധ്യതയില്ല. പിന്നെയുള്ളത് തനി കൂലിപ്പണിയാണ്. എന്ത് ജോലി ചെയ്തായാലും ജീവിക്കണം എന്ന ആഗ്രഹം ജൂഡ്സണെ ഖത്തറില്‍ പിടിച്ചു നിര്‍ത്തി. വന്നത് ഫോട്ടോഗ്രാഫര്‍ എന്ന ലേബലില്‍ ആണെങ്കിലും എന്ത് ജോലിയും ചെയ്യണം എന്നതായിരുന്നു പദ്ധതി.

”ഖത്തറില്‍ വന്നപ്പോള്‍ ആഗ്രഹങ്ങള്‍ നിരവധിയായിരുന്നു. ഏത് വിധേനയും വരകളിലൂടെ ആര്‍കിടെകചര്‍ മേഖലയിലേക്ക് തിരിയണം. അതിനായുള്ള ശ്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടു. എന്നാല്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ ആത്മവിശ്വാസം താഴുന്ന ഘട്ടത്തില്‍ ”മനുഷ്യന്‍ എന്താകണമെന്ന് നിനച്ചാലും വിധിച്ചതേ നടക്കൂ, ഇന്ന് നീയെന്താണോ അതു തന്നെ ആയിരിക്കണമെന്നില്ല, നാളത്തെ നിന്റെ വിധി” എന്ന് ഞാനെന്റെ ഡയറിയില്‍ കുറിച്ചു. അന്നു തൊട്ടിന്നു വരെ എന്റെ ലൈഫില്‍ അച്ചട്ടായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നല്ലമാറ്റങ്ങള്‍ എന്റെ ലൈഫിലും വന്നു തുടങ്ങി, വിധിയുടെ നിയോഗം പോലെ” ജൂഡ്സണ്‍ പറയുന്നു.

നിയോഗമായി കണ്ണിലുടക്കിയ കാഴ്ച

ഖത്തറില്‍ എത്തിയ ശേഷം വരുമാനത്തിനായി കണ്ടെത്തിയത് കൂലിവേല തന്നെയായിരുന്നു. കിട്ടുന്ന കൂലി ഖത്തറിലെ നിലനില്‍പ്പിനു തന്നെ തികയാത്ത അവസ്ഥ. പണം പരമാവധി ലഭിക്കേണ്ടതുള്ളതിനാല്‍ രാത്രി ജോലിയെല്ലാം കഴിഞ്ഞശേഷം ദോഹ നഗരത്തിലൂടെ ഇറങ്ങി നടന്ന് താമസസ്ഥലത്തെത്തുകയാണ് പതിവ്. ഈ നടത്തത്തിനിടയ്ക്ക് നഗരത്തിലെ കാഴ്ചകളും കാണും. ഒരിക്കല്‍ അങ്ങനെ നടന്ന് വരവേ, അകലെയായി നിയോണ്‍ വെളിച്ചം പരക്കുന്ന ഒരു കെട്ടിടം കണ്ടു. അയാള്‍ക്ക് ഏറെ കൗതുകം തോന്നി. നേരെ അങ്ങോട്ടേക്കായി യാത്ര. അടുത്തെത്തിയപ്പോള്‍ മനസിലായി അതിനകത്ത് വലിയൊരു ബില്‍ഡിങ് വര്‍ക് നടക്കുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് അറബ് നാട്ടിലെ തന്നെ ടോപ് ആര്‍കിടെക്റ്റ് മെദാത്ത് എം ഉസ്മാന്‍ ആണ്.

അദ്ദേഹത്തെ നേരില്‍ കാണാനും ബില്‍ഡിംഗ് ഡിസൈനിങ് രംഗത്തേക്ക് എത്താനുള്ള തന്റെ ആഗ്രഹം പങ്കുവയ്ക്കുവാനും ജൂഡ്സണ്‍ ഏറെ മോഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്ക് എത്തിച്ചേരുന്നതിനാവശ്യമായ അറിവോ, നല്ല വസ്ത്രമോ ഒന്നും ജൂഡ്‌സണ് ഉണ്ടായിരുന്നില്ല.

പരിധിയില്ലാതെ സ്വപ്നം കാണുന്നവന് മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്നാണല്ലോ. അതിനാല്‍ തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ജൂഡ്സണ്‍ സഹപ്രവര്‍ത്തകരോട് മെദാത്ത് എം ഉസ്മാനെ കാണുന്നതിനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. ഒടുവില്‍ സുഹൃത്ത് ഉപയോഗിച്ചുപേക്ഷിച്ച ഷൂസ് കുപ്പയില്‍ നിന്നും എടുത്തണിഞ്ഞാണ് മെദാത്ത് എം ഉസ്മാനെ കാണാന്‍ ജൂഡ്സണ്‍ എന്ന ഓട്ടക്കാലണ പുറപ്പെടുന്നത്.

അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ ഉറപ്പിച്ച്

ഏത് വിധേനയും കെട്ടിടങ്ങളുടെ ചിത്രം വരയ്ക്കുന്നതിലുള്ള തന്റെ കഴിവും താല്‍പര്യവും മെദാത്ത് എം ഉസ്മാനെ അറിയിക്കണം എന്നത് മാത്രമായിരുന്നു യാത്രയുടെ ഉദ്ദേശ്യം. എങ്ങനെയൊക്കെയോ ജൂഡ്സണ്‍ തന്റെ ആവശ്യം അദ്ദേഹവുമായി പങ്കുവച്ചു. ആഗ്രഹമെല്ലാം കേട്ടുകഴിഞ്ഞതോടെ, നല്ലൊരു പ്ലാന്‍ വരച്ചു തരാന്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

പ്ലാന്‍ വരയുടെ എബിസിഡി അറിയാത്ത ജൂഡ്സണ്‍ ചിത്രകലാഭിരുചി വച്ച് നല്ലൊരു പടം വരച്ചു കൊടുത്തു. പക്ഷേ ഉസ്മാന്‍ അതില്‍ തൃപ്തനായില്ല. ഈ ബില്‍ഡിങ്ങിന്റെ ചിത്രം വരയ്ക്കാമോ എന്നായി അടുത്ത ചോദ്യം. അധിക നേരമെടുത്തു കാണില്ല. ആ ബില്‍ഡിങ്ങിന്റെ മുക്കും മൂലയും ചരിവും ഭംഗിയും എല്ലാം പ്രകടമാകുന്ന വിധം ഒന്നാന്തരമൊരു ചിത്രം തന്നെ വരച്ചു കൊടുത്തു. ആ ചിത്രത്തില്‍ മെദാത്ത് എം ഉസ്മാന്‍ സംതൃപ്തനായി. കല്‍പ്പണിക്കാരന്റെ തലവര മാറ്റിയെഴുതിയ നിമിഷമായിരുന്നു അത്.

ഉപഭോക്താവ് മനസില്‍ കാണുന്നത് ജൂഡ്സണ്‍ മാനത്ത് കാണും

1988 കാലഘട്ടം ജൂഡ്സണെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെ കാലഘട്ടം കൂടിയായിരുന്നു. ജീവിതം മെല്ലെ പച്ചപിടിച്ചു തുടങ്ങി. ചെറിയ വര്‍ക്കുകളൊക്കെ നല്‍കിത്തുടങ്ങി. ഇന്നത്തെ പോലെ കമ്പ്യൂട്ടറിലൊന്നുമല്ല അന്ന് പ്ലാനുകളും എലവേഷനുകളും വരയ്ക്കുന്നത്. ഒരു പ്ലാന്‍ മനസില്‍ കയറിക്കൂടിയാല്‍ അധികനേരം അതിനു വേണ്ടി തലപുകയ്ക്കില്ല.

ദിവസങ്ങള്‍ അതിനു വേണ്ടി കളയില്ല. മിനിട്ടുകള്‍ കൊണ്ട് അത് വരച്ചെടുക്കാന്‍ ജൂഡ്‌സണ് കഴിയുമായിരുന്നു. തലതിരിച്ച് പ്ലാന്‍ വരയ്ക്കാനുള്ള കഴിവ് തുടങ്ങുന്നതു പോലും അങ്ങനെയാണ്. ആ കഴിവ് ഉപഭോക്താക്കള്‍ അംഗീകരിച്ചുതുടങ്ങിയതോടെ ജൂഡ്സണ്‍ വിജയം നേടാന്‍ തുടങ്ങി.

”ഏതൊരു ഡിസൈനര്‍ക്കും ഏറ്റവും പ്രധാനം മെമ്മറി പവര്‍ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദൈവം അത് ആവോളം തന്ന് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. മിനിട്ടുകളുടെ വ്യത്യാസത്തില്‍ അഞ്ചും ആറും ഏഴും പ്ലാനുകള്‍ ഞാന്‍ വരച്ചു തീര്‍ത്തിട്ടുണ്ട്. വേഗത്തില്‍ വരയ്ക്കുന്നു എന്നുകരുതി അളവിലോ, വീട്ടുകാരും ഉടമസ്ഥരും ആഗ്രഹിക്കുന്ന പെര്‍ഫെക്ഷനിലോ ഒരു വിട്ടു വീഴ്ചയും ഞാന്‍ വരുത്തിയിട്ടില്ല. ഇത്തരത്തില്‍ വര്‍ക്കുകള്‍ കൂടി വന്നതോടെ ഞാന്‍ ദുബായ് നഗരം ലക്ഷ്യമിട്ട് യാത്ര തുടങ്ങി.

വര്‍ഷങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ദുബായ് നഗരത്തില്‍ വച്ചാണ് ജൂഡ്‌സണ്‍ അസോസിയേറ്റ്‌സ് എന്ന എന്റെ സ്വപ്ന സ്ഥാപനം യാഥാര്‍ത്ഥ്യമാകുന്നത്.”ജൂഡ്സണ്‍ പറയുന്നു. ജൂഡ്‌സണ്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ എല്‍എല്‍സി എന്ന പേരിലാണ് ദുബായിലെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂഡ്‌സണ് അസോസിയേറ്റ്സ.്

‘തലതിരിഞ്ഞവന്‍’ എന്ന നല്ല പേര് !

തലതിരിച്ച് പ്ലാന്‍ വരയ്ക്കുന്ന, ആര്‍ക്കിടെക്റ്റ് ബിരുദമില്ലാത്ത ബില്‍ഡിംഗ് ഡിസൈനര്‍ എന്ന വിശേഷണം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നതില്‍ ജൂഡ്‌സണ് തുണയായി. ഈ കഴിവില്‍ കൗതുകം പൂണ്ടവരും കളിയാക്കിയവരും ഉണ്ട്. 1894ല്‍ ജനിച്ച് 1980ല്‍ മരണമടഞ്ഞ പോള്‍ റിവൈര്‍ വില്യംസ് എന്ന ആര്‍കിടെക്റ്റ് മാത്രമായിരുന്നു ഇത്തരത്തില്‍ തലതിരിച്ച് പ്ലാന്‍ വരച്ചിരുന്നത്. അദ്ദേഹത്തിനു ശേഷം ജൂഡ്സണ്‍ പീറ്റര്‍ ആണ് ഈ മേഖലയില്‍ തിളങ്ങുന്നത്.

21 വയസില്‍ തുടങ്ങിയതാണ് ഈ പണി, ഇന്ന് 52 വയസായി, ഇപ്പോഴും അതു തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സ്വന്തം കഴിവുകള്‍ മിനുക്കിയെടുക്കുന്നതോടൊപ്പം ജൂഡ്സണ്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനവും പ്രവര്‍ത്തനമേഖലയില്‍ തിളങ്ങണം എന്ന ചിന്ത ജൂഡ്‌സണ് ഉണ്ട്. ഹോം ഡിസൈനിംഗ്, പ്ലാനിംഗ് രംഗത്ത് വിപ്ലവകരമായ പല സംഗതികളും മാറ്റം ഉള്‍ക്കൊണ്ട് ചെയ്യാനുള്ള ആര്‍ജ്ജവമാണ് ജൂഡ്സണ്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ മുഖമുദ്ര.

100 ല്‍ പരം ബില്‍ഡിംഗ് പ്രോജക്ടുകളാണ് ഇന്ന് ഒരേ സമയം ജൂഡ്‌സണ്‍ അസോസിയേറ്റ്‌സിനു കീഴില്‍ നടക്കുന്നത്. നാട്ടിലും വിദേശത്തുമായി പൂര്‍ത്തിയായ 300
പ്രോജക്ടുകള്‍ വേറെയും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കഴിവിനെ ആക്കാദമിക് ഡിഗ്രികള്‍ക്കപ്പുറം നിന്നുകൊണ്ട് നേട്ടമാക്കിയെടുത്ത വ്യക്തിയാണ് ജൂഡ്സണ്‍. വീടെന്ന സ്വപ്നം മനസ്സില്‍ പേറുന്നവര്‍ക്ക് മുന്നില്‍ വ്യത്യസ്തമായ എലവേഷനുകളാണ് ജൂഡ്സണ്‍ സമര്‍പ്പിക്കുന്നത്.

സംതൃപ്തരായ നൂറുകണക്കിന് ഉപഭോക്താക്കള്‍ തന്നെയാണ് ജൂഡ്‌സന്റെ ഏറ്റവും വലിയ വിജയവും. യുഎഇ-ല്‍ താമസിക്കുന്നവര്‍ക്ക് കേരളത്തില്‍ വീട് വെക്കണമെങ്കില്‍ പ്ലാനിംഗ് മുതല്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ജൂഡ്‌സണ്‍ അസോസിയേറ്റ്‌സ് ചെയ്യും. ദുബായ് ഓഫീസിലാണ് ഇതിന്റെ ചുമതല.

പൂര്‍ണ പിന്തുണയുമായി കുടുംബം

തന്റെ ജീവിതത്തില്‍ നാളിതുവരെ നേടിയ എല്ലാവിധ വിജയങ്ങളുടെയും കാരണം കുടുംബം നല്‍കുന്ന അകമഴിഞ്ഞ പിന്തുണ തന്നെയാണ് എന്ന് ജൂഡ്സണ്‍ വിശ്വസിക്കുന്നു. ഭാര്യ ഡിക്സി, മകള്‍ നീരജ, ടാനിയ എന്നിവര്‍ ഓരോ നേട്ടങ്ങളിലും ജൂഡ്‌സനൊപ്പം ഉണ്ട്. ആര്‍ക്കിടെക്റ്റുകള്‍ക്കിടയിലെ മിന്നും താരമാണെങ്കിലും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാത്തത് ഇടക്കാലത്ത് ജൂഡ്സണെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനുള്ള പരിഹാരമായി മകള്‍ ടാനിയയെ അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്റ്റ് ആക്കി മാറ്റുകയാണ് ജൂഡ്സണ്‍. ദുബായ് മണിപ്പാല്‍ സര്‍വ്വകലാശയില്‍ നിന്നുമാണ് ടാനിയ ആര്‍ക്കിടെക്ചര്‍ ബിരുദം നേടിയിരിക്കുന്നത്.

ജൂഡ്സണ്‍ അസോസിയേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ടാനിയ അവിഭാജ്യഘടകമാണ്. എം ബി എ ബിരുദ ധാരിയായ മകള്‍ നീരജ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലാണ് ശ്രദ്ധിക്കുന്നത്. മരുമകന്‍ ആഷിഖ് അശോകും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഇളം തലമുറയിലൂടെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുക, ബില്‍ഡിംഗ് ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന തലത്തിലേക്ക് ജൂഡ്‌സണ്‍ അസോസിയേറ്റ്‌സിനെ മാറ്റുക എന്നതെല്ലാമാണ്് ജൂഡ്‌സന്റെ ഭാവി പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top