വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് പറയുന്നത് പോലെയാണ്, ആരോഗ്യത്തിന്റെ കാര്യവും. ആരോഗ്യമുള്ള ശരീരത്തെ മറ്റെന്തിനേക്കാളും വിലമതിക്കുന്നതായി കണക്കാക്കുന്ന തലത്തിലേക്ക് നമ്മുടെ തലമുറ മാറിക്കഴിഞ്ഞു. അതിനാല്‍ തണ്ടിന്റെ ജങ്ക്ഫുഡ് സംസ്‌കാരത്തിന്റെ ഭാഗമായി അടിഞ്ഞു കൂടിയ കൊഴുപ്പിനെ എരിച്ചു കളഞ് ആരോഗ്യകരമായ ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കുന്നതിനായി ജിമ്മുകളില്‍ അഹോരാത്രം പ്രയത്‌നിക്കുകയാണ് കേരളത്തിലെ യുവത്വം. ഓരോ വ്യക്തികളുടെയും ശരീരത്തിന് ചേരുന്ന രീതിയിലുള്ള വ്യായാമമുറകള്‍ നിര്‍ദേശിച്ച് ഫിറ്റ്‌നസ് ട്രൈനര്‍മാര്‍ രംഗത്തിറങ്ങുമ്പോള്‍ ലക്ഷങ്ങളുടെ ബിസിനസാണ് ഈ രംഗത്ത് നടക്കുന്നത്. ആയിരത്തിലേറെ ഫിറ്റ്‌നസ് സെന്ററുകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.സുംബാ, ജിംനേഷ്യം, യോഗ, സ്വിമ്മിംഗ്, എയ്‌റോബിക്‌സ് എന്ന്‌നിങ്ങനെ വിവിധതരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് ഫിറ്റ്‌നസ് സെന്ററുകള്‍ ഉറച്ച ശരീരം ഉറപ്പ് നല്‍കുന്നത്.വാഗ്ദാനങ്ങള്‍ കേട്ട് ഫിറ്റ്‌നസ് സെന്ററുകളിലേക്ക് എടുത്ത് ചാടും മുന്‍പ് എന്താണ് ഫിറ്റ്‌നസ് എന്നും തങ്ങളുടെ ശരീരത്തിന്റെ അവസ്ഥ എന്താണെന്നും അന്വേഷിച്ചറിയണം. പേഴ്‌സണലൈസ്ഡ് ട്രൈനിംഗ് എന്ന പേരില്‍ പതിനായിരങ്ങള്‍ മുടക്കുമ്പോള്‍ ഭാരം കുറയ്ക്കുന്നതും മസില്‍ വര്‍ധിപ്പിക്കുന്നതും ആരോഗ്യകരമായ രീതിയില്‍ തന്നെയാണോ എന്ന് അറിഞ്ഞിരിക്കണം.
പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു കൊച്ചി സ്വദേശിയായ അമിതയുടേത്. എന്നാല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ് ബംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ലഭിച്ചതോടെ ശരീരത്തിന്റെ ഘടന തന്നെ മാറാന്‍ തുടങ്ങി. ഒറ്റക്കുള്ള ജീവിതവും മാറി മാറി വരുന്ന ഷിഫ്റ്റുകളിലെ ജോലിയുമെല്ലാം അമിതയെ ആകെ തളര്‍ത്തി. ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കണോ കഴിക്കണോ ഉള്ള ഊര്‍ജ്ജമോ സമയമോ ഇല്ലാതെ വന്ന അവസ്ഥയില്‍ അമിത ജങ്ക് ഫുഡുകളെ അഭയം പ്രാപിച്ചു. അതിന്റെ ഫലമായി മെലിഞ്ഞിരുന്ന ആള്‍ ക്രമേണ വണ്ണം വച്ചു. ആദ്യം അമിതവണ്ണം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ശ്രദ്ധിക്കാതെ വന്നതോടെ പൊണ്ണത്തടിയിലേക്ക് വഴിമാറി. ബെംഗളൂരുവിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അമിതക്ക് മുന്നില്‍ വില്ലനായത് പൊണ്ണത്തടിയായിരുന്നു. എല്ലാവരും അമിതയുടെ വണ്ണത്തെപ്പറ്റി ആശങ്കപ്പെടാന്‍ തുടങ്ങിയതോടെ എന്നാല്‍ വണ്ണം കുറച്ചു കളയാം എന്ന് അമിതയും തീരുമാനിച്ചു. ഇന്റര്‍നെറ്റ് നോക്കി പലവിധത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചു നോക്കി എങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്നാണ് ഒരു ജിമ്മില്‍ പോകാം എന്ന തീരുമാനമെടുക്കുന്നത്.
ഇന്റര്‍നെറ്റ് നോക്കി വീടിന് തൊട്ടടുത്തായി ഒരു ജിം കണ്ടെത്തി. ഇന്‍സ്ട്രക്റ്ററോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് 20 കിലോ ശരീരഭാരം ഒന്നര മാസത്തിനുള്ളില്‍ കുറക്കാം എന്നതായിരുന്നു. അതിനായി പ്രതിമാസം 10000 രൂപ മുടക്കി പേഴ്‌സണലൈസ്ഡ് ട്രൈനിംഗ് എടുക്കണം എന്നും പറഞ്ഞു. ജിമ്മിലെ സൗകര്യങ്ങളും ഇന്‍സ്ട്രക്റ്ററുടെ വാക്കും ബോധ്യപ്പെട്ട അമിത പ്രവേശനഫീസടക്കം 12000 രൂപ നല്‍കി ചില്ലില്‍ ചേരുകയും ചെയ്തു. വ്യായാമങ്ങള്‍ക്കൊപ്പം ഇന്‍സ്ട്രക്റ്റര്‍ നല്‍കിയത് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധ നേടിയ കീറ്റോ ഡയറ്റ് ആയിരുന്നു. എന്നാല്‍ അമിതയുടെ രക്തം പരിശോധിച്ച് കൊളസ്‌ട്രോള്‍ നില ഉറപ്പ് വരുത്താതെ നല്‍കിയ ഈ ഡയറ്റ് അമിതക്ക് തിരിച്ചടിയായി. കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡയറ്റ് വഴി അമിതയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. രണ്ടു മാസത്തെ പരിശീലനത്തിനായി 22000 രൂപക്ക് മുകളില്‍ ചെലവായതൊഴിച്ചാല്‍ മറ്റ് പ്രയോജനം ഒന്നും ഉണ്ടായില്ല.
ഇത് ഒരു അമിതയുടെ മാത്രം കാര്യമല്ല. ഫിറ്റ്‌നസ് സെന്ററുകള്‍ക്ക് പിന്നിലെ സാമ്പത്തിക കണക്കുകള്‍ പരിഗണിക്കാതെ, എളുപ്പത്തില്‍ വണ്ണം കുറക്കാം എന്ന ധാരണയുമായി പറഞ്ഞ ഫീസ് നല്‍കി അഡ്മിഷന്‍ എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിനാല്‍ തെരഞ്ഞെടുക്കുന്ന ഫിറ്റ്‌നസ് സെന്ററുകളുടെ ആധികാരികത ഉറപ്പ് വരുത്തുക എന്നതാണ് പ്രധാനം. മസില്‍ പെരുപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പലരും സ്വന്തം നിലയ്ക്ക് നിശ്ചയിക്കുന്നതിനനുസരിച്ചാണു പ്രോട്ടീന്‍ പൗഡറും ഫുഡ് സപ്ലിമെന്റുമെല്ലാം കഴിക്കുന്നത്. ഇത് അപകടകരമാണ്. മെലിയാന്‍ പട്ടിണി കിടക്കരുത്. ഇക്കാര്യങ്ങള്‍ ആദ്യമേ മനസിലാക്കണം.ഫിറ്റ്‌നസ് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും, തന്റെ ശരീരത്തിന് ചേരുന്ന ഫിറ്റ്‌നസ് പദ്ധതി ഏതാണെന്നന്നും അറിഞ്ഞശേഷം മാത്രമേ പണം മുടക്കാവൂ.
ഗോള്‍ഡ്, പ്ലാറ്റിനം മെമ്പര്‍ ഷിപ്പുകള്‍
മെച്ചപ്പെട്ട ആരോഗ്യം എന്ന ലക്ഷ്യം മനസ്സില്‍ കണ്ടുകൊണ്ട് ജിമ്മുകളെയാണ് ആളുകള്‍ ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത്. പണ്ട് പുരുഷ•ാര്‍ മാത്രമാണ് ജിമ്മില്‍ പോയിരുന്നത് എങ്കില്‍ ഇന്ന് അതല്ല അവസ്ഥ. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ ഇന്ന് ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അമിതവണ്ണം കുറക്കുന്നതിനുമൊക്കെയായി ജിമ്മുകളിലെ ആശ്രയിക്കുന്നു. പണ്ടെല്ലാം പകലും വൈകുന്നേരങ്ങളിലും മാത്രമായിരുന്നു ജിമ്മുകള്‍ പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍, ഇന്ന് ദിവസത്തില്‍ 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്ന ജിമ്മുകളാണുള്ളത്. കൊച്ചി നഗരത്തില്‍ ഒട്ടുമിക്ക ജിമ്മുകളും പ്രതിമാസം ഈടാക്കുന്നത് 1000 രൂപയാണ്. തുടക്കത്തില്‍ നല്‍കുന്ന 1000 മുതല്‍ 3500 രൂപ വരെയുള്ള പ്രവര്‍ഷണ ഫീസ് കൂടാതെയാണ് പ്രതിമാസ ഫീസ് ആയി 1000 മുതല്‍ 2000 രൂപവരെ ഈടാക്കുന്നത്. ജിം സ്ഥിതി ചെയ്യുന്ന സ്ഥലം, ട്രൈനര്‍മാരുടെ സേവനം, ലഭ്യമായ ഉപകരണങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിക്കുന്നത്.
ഗോള്‍, പ്ലാറ്റിനം , സില്‍വര്‍ എന്നിങ്ങനെ വിവിധതരത്തിലുള്ള മെമ്പര്‍ഷിപ്പുകളും ജിമ്മുകളില്‍ ലഭ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ പല ജിമ്മുകളും ദമ്പതിമാര്‍ക്ക് സ്‌പെഷല്‍ പാക്കേജുകള്‍ അനുവദിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ഇത്തരത്തിലുള്ള പാക്കേജുകള്‍ക്ക് ലഭിക്കുന്നതെന്ന് കൊച്ചിയില്‍ ഫിറ്റ്‌നസ് ട്രെയ്‌നറായ ആന്റണി വ്യക്തമാക്കുന്നു. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ എട്ട് മണി വരെയും വൈകിട്ട് ആര് മണി മുതല്‍ ഒന്‍പത് മണി വരെയുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജിമ്മില്‍ എത്തുന്നത്. അതിനാല്‍ ഈ സമയത്തല്ലാതെ വരുന്നവര്‍ക്ക് സ്‌പെഷല്‍ ചാര്‍ജാണ് ഈടാക്കുന്നത്.
”അമിതവണ്ണം കുറക്കുക, കുടവയര്‍ ഒതുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് കൂടുതല്‍ ആളുകളും ജിമ്മില്‍ എത്തുന്നത്. ഇവരില്‍ പലരുടെയും പ്രശ്‌നം ഉറക്കമില്ലായ്മ, തെറ്റായ ഭക്ഷണ രീതി, ജങ്ക് ഫുഡുകളുടെ ഉപയോഗം എന്നിവയായിരിക്കും. ഇത് മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. രക്ത പരിശോധന നടത്തി ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് വ്യായാമ മുറകള്‍ നിര്‍ദേശിക്കുന്നത്. കാര്‍ഡിയാക് വ്യായാമങ്ങളാണ് പെട്ടന്ന് വണ്ണം കുറയ്ക്കുന്നതിനായി നിര്‍ദേശിക്കുന്നത്. ഓരോ വ്യക്തികളിലും അത് വ്യത്യസ്തമായിരിക്കും” ഫിറ്റ്‌നസ് ട്രൈനിംഗില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ആന്റണി പറയുന്നു.
ഭക്ഷണം ഒഴിവാക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്
ഭക്ഷണം ഒഴിവാക്കി വണ്ണം കുറക്കാം എന്ന ചിന്ത തെറ്റാണു എന്നാണ് ഫിറ്റ്‌നസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ആദ്യ പാഠം. മികച്ച രീതിയിലുള്ള ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ് പ്രധാനം. ഇതിനായി ചില മുന്‍നിര ജിമ്മുകള്‍ ഡയട്ടീഷ്യന്റെ സഹായം തേടുന്നു. ഡയട്ടീഷ്യന്‍ തയ്യാറാക്കുന്ന പ്രത്യേക മെനു പ്രകാരമുള്ള ഭക്ഷണങ്ങളാണ് പിന്തുടരേണ്ടത്. ഡയട്ടീഷ്യന്റെ സേവനത്തിനു പ്രത്യേക ഫീസ് ഈടാക്കുകയും ചെയ്യുന്നു. കാലങ്ങളായി പേഴ്‌സണലൈസ്ഡ് ട്രൈനിംഗ് എടുത്ത് മസില്‍ പെരുപ്പിക്കുന്ന നിരവധി ഫിറ്റ്‌നസ് ഫ്രീക്ക•ാര്‍ നമുക്ക് ചുറ്റുമുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപക്കടുത്താണ് ഇവര്‍ ചെലവക്കാക്കുന്നത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ജിമ്മില്‍ പോകരുത് എന്ന കാര്യത്തില്‍ ഉപേക്ഷ വക്കരുത്. പുരുഷന്റെ വളര്‍ച്ചയുടെ കാലഘട്ടം 25 വയസുവരെയാണ്. കുറഞ്ഞത് ഇരുപതുവയസെങ്കിലും ആകാതെ പുരുഷന്‍ വെയിറ്റ് ട്രൈനിംഗ് പോലെയുള്ള വര്‍ക്ഔട്ടുകള്‍ ആരംഭിക്കരുത്. മസില്‍ ഉണ്ടാകുന്ന വളര്‍ച്ചാഘട്ടങ്ങള്‍ക്കിടയില്‍ ഭാഗം എടുത്തുള്ള വ്യായാമങ്ങള്‍ വളര്‍ച്ചമുരടിപ്പിക്കാന്‍ ഇടയാക്കും. ജിമ്മില്‍ പോയാല്‍ വളര്‍ച്ച മുരടിക്കും എന്ന ചിന്ത വ്യാപകമാകുന്നത് അങ്ങനെയാണ്. ഓസ്‌ട്രേലിയ പോലെയുള്ള വിദേശരാജ്യങ്ങളിലെ ജിമ്മുകളില്‍ 17 വയസിനു താഴെയുള്ളവര്‍ക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത്തരത്തില്‍ ഒരു നിയമം കര്‍ശനമായി പിന്തുടരാത്തതിനാല്‍ ചെറിയ പ്രായത്തിലുള്ള ആളുകള്‍ വരെ ജിമ്മിലെത്തുന്നുണ്ട്.
മസിലുണ്ടാക്കാന്‍ കുത്തിവയ്പ്പില്ല
വണ്ണം കുറക്കുന്നതുമായി പട്ടിണി കിടന്നിട്ട് കാര്യമില്ല എന്നത് പോലെ തന്നെയാണ് മസില്‍ വര്‍ധിപ്പിക്കാന്‍ പൊടിക്കൈകള്‍ ഇല്ല എന്നതും. പെട്ടെന്നു മസില്‍ വളരാനുള്ള ഒരു മാജിക് മരുന്നോ കുത്തിവെയ്‌പ്പോ ഒന്നും തന്നെയില്ല. പണം കൂടുതല്‍ നല്‍കി ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നവര്‍ തങ്ങളുടെ തന്നെ ജീവിതം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഡയറ്റ്, കൃത്യമായ വര്‍ക്ഔട്ട് എന്നിവയുടെ സഹായത്തോടെ മാത്രമേ ബോഡിബില്‍ഡിങ് സാധ്യമാകൂ. ക്രിയാറ്റിന്‍ പൗഡര്‍, പ്രോട്ടീന്‍ പൗഡര്‍ പോലെയുള്ള സപ്ലിമെന്റുകള്‍ ജിമ്മുകളില്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത് കൊണ്ട് മാത്രം ആരോഗ്യകരമായ ഒരു ശരീരം ലഭിക്കില്ല. വര്‍ക്ഔട്ടിനൊപ്പം ഇവയുടെ ഉപയോഗം ഫലം ചെയ്‌തേക്കാം എന്ന് മാത്രം. സ്റ്റിറോയിഡുകള്‍ കഴിക്കുകയോ കുത്തിവെയ്ക്കുകയോ ചെയ്താല്‍ മാത്രം ആര്‍ക്കും മസിലുകള്‍ തെളിഞ്ഞു വരില്ല.ബോഡിബില്‍ഡിങ് മത്സരങ്ങള്‍ക്കു പോകുന്നവര്‍ക്ക് സ്റ്റിറോയിഡുകള്‍ ഗുണം ചെയ്യും. കാരണം അവര്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നുണ്ട് എന്നതിനാലാണ്.അല്ലാത്ത സാഹചര്യത്തില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കഴിക്കുന്ന സ്റ്റിറോയിഡുകള്‍ (ഓറല്‍ സ്റ്റിറോയിഡ്‌സ്) കുത്തിവെയ്ക്കുന്നവയെക്കാളും നല്ലതാണെന്നു കരുതുന്നവരുമുണ്ട്. സ്റ്റിറോയിഡ് കഴിച്ചാല്‍ അതു കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ താറുമാറാക്കും. മാത്രമല്ല, സ്റ്റിറോയിഡുകള്‍ ശരീരത്തിലെ ജലാംശം ചോര്‍ത്തിക്കളയും. മുടികൊഴിച്ചില്‍ ആണ് പൊതുവേ ആദ്യം കാണുന്ന പാര്‍ശ്വഫലം. തുടര്‍ന്നു ശരീരവേദന തുടങ്ങിയവ കാണാം. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ അസ്ഥിക്ഷയം പോലുള്ള രോഗങ്ങള്‍ ഉണ്ടാകും. കൂടുതല്‍ പണം നല്‍കി എളുപ്പത്തില്‍ മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
വയറില്‍ കൊഴുപ്പ് അടിയുമ്പോഴാണു കുടവയര്‍ ഉണ്ടാവുന്നത്. ശരീരഭാരം പൊതുവെ കുറയ്ക്കുകയാണു വയര്‍ കുറയ്ക്കാനും ആദ്യ വഴി. വയറിലെ കൊഴുപ്പു കുറയ്ക്കാനുള്ള വ്യായാമവും ചെയ്യാം. പക്ഷേ അതിനൊപ്പം പിന്‍ഭാഗത്തിനായുള്ള വ്യായാമവും ചെയ്യണം. വയറിനു മാത്രമായുള്ള വ്യായാമം ചെയ്താല്‍ ശരീരത്തിന്റെ ബാലന്‍സ് തെറ്റി മുതുകു വേദനയാവും ഫലം. ജിമ്മിലേക്കോ മറ്റ് ഫിറ്റ്‌നസ് കേന്ദ്രങ്ങളിലേക്കോ ഓടിക്കയറുന്നതിന് മുന്‍പായി ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ഏത് പ്രായത്തിലും ഫിറ്റ്‌നസ് സാധ്യം
തിരക്കേറിയ ഇന്ത്യന്‍ മോഡലുകളുടെ കൂട്ടത്തില്‍ ശ്രദ്ധേയനാണ് ഡല്‍ഹി സ്വദേശിയായ ദിനേശ് മോഹന്‍. 60 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. എന്നാല്‍ ഏത് യുവത്വവും തോല്‍ക്കുന്ന പ്രസരിപ്പും ശരീര സൗന്ദര്യവും അദ്ദ്‌ദേഹത്തിനുണ്ട്. അതിനുള്ള പ്രധാനകാരണം അദ്ദേഹം പിന്തുടരുന്ന ചിട്ടയായ ജീവിത ശൈലിയും വ്യായാമമുറകളുമാണ്.അതിനാല്‍ ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും ഫിറ്റ്‌നസ് ട്രൈനിംഗുകള്‍ എടുക്കാവുന്നതാണ്. ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മുതലായ അസ്ഥിപ്രശ്‌നങ്ങളുള്ളവര്‍ വര്‍ക്ഔട്ട് പോയിട്ട് ജിമ്മിലേക്ക് നോക്കാന്‍ പോലും പാടില്ല എന്ന മട്ടിലുള്ള ധാരണകള്‍ പ്രചരിക്കുന്നുണ്ട്. വളരെ തെറ്റായ ചിന്തയാണിതെന്ന് ട്രൈനര്‍മാര്‍ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് വര്‍ക്ഔട്ട് ചെയ്യാം എന്നു മാത്രമല്ല അതു രോഗപരിഹാരത്തിനു സഹായിക്കുകയും ചെയ്യും. സന്ധികളുടെ ശരിയാംവണ്ണമുള്ള പ്രവര്‍ത്തനത്തിനും അസ്ഥികളുടെ ബലത്തിനും വര്‍ക്ഔട്ട് ചെയ്യുന്നതു സഹായകമാണ്. അറുപതു വയസുവരെയൊക്കെ ബോഡിബില്‍ഡിങ് നടത്താവുന്നതാണ്. വര്‍ക്ഔട്ട് ചെയ്യുന്നതിനു പ്രായം ഒരു തടസമേയല്ല. മനസാണു പ്രധാനം.