മലയാളിയുടെ ഭക്ഷണ ശീലങ്ങളില്‍ കാര്യമായ മാറ്റം വന്നിട്ട് കാലമേറെയായി. വീട്ടില്‍ ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കി കഴിച്ചിരുന്നതു മുതല്‍ വീട്ടില്‍ തന്നെ അരി പൊടിച്ചിരുന്നതിലും മുളകും മഞ്ഞളും ഉണക്കിപ്പൊടിച്ച് കറിക്കൂട്ടുകള്‍ തയ്യാറാക്കിയിരുന്ന പാരമ്പര്യ രീതികളിലുമൊക്കെ മാറ്റം ഉണ്ടായി.
ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ചേരുവകളുടെ പായ്ക്കറ്റുകളും റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഭക്ഷ്യവിഭവങ്ങളും ലഭ്യമാവുന്നതും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ സ്വീകാര്യതയും ഇത് ശരിവയ്ക്കുന്നു. ചുരുക്കത്തില്‍ ഭക്ഷണ ശീലങ്ങളെ ബ്രാന്‍ഡുകള്‍ സ്വാധീനിക്കുന്നുവെന്നു പറയാം.
ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ പ്രത്യേകിച്ച് ജോലി, യാത്ര, മറ്റുള്ളവരെ അനുകരിക്കല്‍, വരുമാന സമ്പാദനം എന്നിവ ജനങ്ങള്‍ക്കിടയിലെ ഭക്ഷണ ശീലങ്ങളിലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമയക്ലിപ്തതയില്ലാത്ത മേഖലകളില്‍ പണിയെടുക്കുന്നവരും രാത്രികാലങ്ങള്‍ ജോലിചെയ്ത് വൈകി ഉണരുന്നവരും അതിരാവിലെ ജോലിയില്‍ പ്രവേശിക്കേണ്ടവരും റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളുടെ ആദ്യ ആരാധകരായി. അതേസമയം ഈ കോവിഡ് കാലത്ത് പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത് ഈ വിഭാഗത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടായിട്ടുണ്ട്.
വന്‍കിട ബ്രാന്‍ഡുകളുടെ ചുവടുപിടിച്ച് നിര്‍മ്മിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്
ഓര്‍ഡര്‍ ചെയ്ത് കൊണ്ടുവരുന്നതായാലും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വീഭാഗങ്ങളില്‍പ്പെടുന്നവയാണെങ്കിലും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണമാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല സുരക്ഷ കര്‍ശനമായി പാലിക്കപ്പെടാത്തവയ്ക്ക് സ്വീകാര്യതയുമില്ല. ഈ മേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ ബ്രാന്‍ഡുകള്‍ കാണുന്നുണ്ട്. കൂടാതെ പുതിയ ബ്രാന്‍ഡുകള്‍ കടന്നുവരാനും സാധ്യതകളും അവസരങ്ങളും ധാരാളമുണ്ട്.
ഇക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ സെര്‍ച്ച് എഞ്ചിനുകളില്‍ ഭക്ഷണ സംബന്ധിയായ വിഷയങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് സൂചന. മാത്രമല്ല ജോലിയില്ലാതെയും മറ്റും വീട്ടിലിക്കുന്നതിനാല്‍ പലരും പാചക പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുന്നുണ്ട്. ഇക്കൂട്ടരും അനുയോജ്യ വിഭവങ്ങള്‍ക്കായി യു ട്യൂബിനെയും ഗൂഗിളിനെയും ആശ്രയിക്കുന്നു.
വീട്ടിലിരുന്ന് ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍നിന്ന് പുതിയ സംരംഭകര്‍ ഈ രംഗത്തേക്ക് കടന്നു വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. വന്‍കിട ബ്രാന്‍ഡുകളുടെ ചുവടുപിടിച്ച് നിര്‍മ്മിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്. എങ്ങിനെയായാലും പുതുമയും രുചിയും നിലനിര്‍ത്തുക എന്നതാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ബ്രാന്‍ഡുകളുടെ മുഖ്യ വെല്ലുവിളി.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മിക്കവാറും മാഗി നൂഡില്‍സ് തന്നെയായിരിക്കും എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷ്യവിഭവങ്ങളുടെ വിഭാഗത്തിനു തുടക്കമിട്ടത്. മാഗി 2 മിനിറ്റ് നൂഡില്‍സ് പ്രശസ്തമായത് അത് എളുപ്പം എപ്പോള്‍ വേണമെങ്കിലും ഉടന്‍ തയ്യാറാക്കാമെന്ന സൗകര്യവും രുചിയുംകൊണ്ടാണ്. കുട്ടികള്‍ക്കിടയില്‍ ഇത്പ്രിയങ്കരമായി. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടില്‍മടങ്ങിയെത്തുന്ന അമ്മമാര്‍ക്ക് എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷ്യവിഭവം എന്ന നിലയില്‍സ്വീകാര്യമായി. പിന്നീട് മുതിര്‍ന്നവരും ഈ വിഭവം ആസ്വദിച്ചു തുടങ്ങി. നൂഡില്‍സ് എന്നതിലുപരി 2 മിനിറ്റ് എന്നതിനായിരുന്നു മാഗി പരസ്യങ്ങളില്‍ പ്രാമുഖ്യം നല്‍കിയത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കെലോഗ്‌സ് ഇന്ത്യക്കാരുടെ പ്രാതല്‍ ശീലങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഫ്‌ളേക് അവതരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം സമാനമായ ഭക്ഷ്യവിഭവമായ ഓട്ട്‌സ് വിപണിയിലെത്തി.
പതിയെ ആരോഗ്യ പാനീയങ്ങളും പാക്കേജ്ഡ് ഫുഡ്‌സും നിത്യ ജീവിതത്തില്‍ സ്ഥാനം പിടിച്ചു. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ ഓര്‍ഡര്‍ ചെയ്തിടത്ത് ഭക്ഷണം എത്തിച്ചു നല്‍കാനും തയ്യാര്‍. ഇതോടെ ഇഷ്ട ഭക്ഷണശാലകളില്‍ പോകാതെ അവിടങ്ങളില്‍ നിന്നുള്ള ഭക്ഷണം ലഭിക്കാനും അവസരമായി. ഭക്ഷണ വിപണന രംഗത്തെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് ഈ വിഭാഗത്തില്‍ ബ്രാന്‍ഡുകള്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്.
ലേഖകന്റെ ഇ-മെയില്‍ rajeev.lakshman@gmail.com