Banking & Finance

ഡിജിറ്റല്‍ ഇന്ത്യ; സമ്പര്‍ക്കരഹിത പേമെന്റ് രീതികള്‍ ശീലമാകുമ്പോള്‍…

ഇന്ത്യയില്‍ മൊബൈല്‍ പേമെന്റ് വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നു

  • കോവിഡിന് ശേഷവും ജനങ്ങള്‍ സമ്പര്‍ക്കരഹിത പേയ്‌മെന്റ് രീതികള്‍ തുടരും

രാജ്യത്തെ ബാങ്കിംഗ് ഉപഭോക്താക്കളില്‍ 68 ശതമാനത്തോളം ആളുകള്‍ തങ്ങളുടെ ധനകാര്യ ഇടപാടുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ. കോവിഡിനുശേഷം ഈ രീതി തുടരുമെന്ന് 51 ശതമാനവും കരുതുന്നുവെന്നതാണ് ശ്രദ്ധേയം. കോവിഡ്-19ന് ശേഷമുള്ള കാലത്ത് ക്യാഷ്, കാര്‍ഡ് എന്നിവയ്ക്കു പകരം സമ്പര്‍ക്കമില്ലാത്ത പണമിടപാടു രീതികള്‍ ഉപയോഗിക്കുമെന്നു 48 ശതമാനം ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നു. ആഗോള ധനകാര്യ സേവന സാങ്കേതികവിദ്യ കമ്പനിയായ എഫ്ഐഎസ് നടത്തിയ ‘എഫ്ഐഎസ് പേസ് പള്‍സ് സര്‍വേ 2020’ എന്ന സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഇടപാടുകാരില്‍ 49 ശതമാനവും ശമ്പള വെട്ടിക്കുറവിനെ അഭിമുഖീകരിക്കുകയാണെന്നും സര്‍വേ പറയുന്നു. പണമടയ്ക്കല്‍, മറ്റ് ബാങ്കിംഗ് ഇടപാടുകള്‍, ഷോപ്പിംഗ് തുടങ്ങിയവയില്‍ ഉപഭോക്താക്കളുടെ സമീപനരീതിയില്‍ അടിസ്ഥാനമാറ്റം സംഭവിച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി സമയത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെയും സമ്പര്‍ക്കരഹിത പേയ്മെന്റിന്റെയും ഉപയോഗത്തില്‍ കുതിച്ചുചാട്ടംതന്നെയാണ് സംഭവിച്ചിട്ടുള്ളതെന്ന് എഫ്ഐഎസ് പള്‍സ് സര്‍വേ കണ്ടെത്തി.

Advertisement

പുതുതലമുറയില്‍പ്പെട്ട (24-39 വയസ്) ഉപഭോക്താക്കള്‍, മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച്, ഇപ്പോഴത്തെ മാറ്റങ്ങളെ വളരെവേഗം സ്വായത്തമാക്കുകയും അവയോടു പൊരുത്തപ്പെട്ടുപോവുകയും ചെയ്യുന്നതായി സര്‍വേ പറയുന്നു. ഒറ്റനോട്ടത്തില്‍ പേമെന്റ് സംവിധാനം വന്‍മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. മാത്രവുമല്ല, സമ്പര്‍ക്കരഹിത പേമെന്റ് രീതികളിലേക്ക് ഇടപാടുകാര്‍ അത്യാവേശത്തോടെ ആകര്‍ഷിക്കപ്പെടുകയാണ്. ഇത് നവീകണത്തിനും വളര്‍ച്ചയ്ക്കും പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ്-എഫ്ഐഎസ് മാനേജിംഗ് ഡയറക്ടര്‍ മഹേഷ് രാമമൂര്‍ത്തി പറഞ്ഞു.കൂടുതലായി, ഈ മാറ്റങ്ങള്‍ സാംക്രിമികരോഗങ്ങള്‍ അവസാനിച്ചശേഷവും ഇവിടെ പുതിയ ശീലങ്ങളായി മാറുവാന്‍ പോവുകയാണ്. ഈ ഇടപാടുകാര്‍ക്കു സേവനങ്ങള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളും കച്ചവടക്കാരും ഈ മാറ്റങ്ങളെക്കുറിച്ചു മനസിലാക്കുകയും ഇതിനനുസരിച്ച് ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്-അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ മൊബൈല്‍ പേയ്‌മെന്റ് വാലറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം ഡിജിറ്റല്‍ വാലറ്റ് ഇടപാടുകള്‍ 2020 ഫെബ്രുവരിയില്‍ 124.3 കോടിയായിരുന്നത് മേയില്‍ ഏകദേശം 253.2 കോടിയിലേക്ക് ഉയര്‍ന്നു. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് നടത്തിയ ഇടപാടിന്റെ മൊത്തം മൂല്യം മേയില്‍ 11,080 കോടി രൂപയായി ഉയര്‍ന്നു, ഫെബ്രുവരിയില്‍ ഇത് 2,836 കോടി രൂപയായിരുന്നു.സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം പേരും പറഞ്ഞത് അവര്‍ പണം നല്‍കാനായി മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നുവെന്നാണ്. ചെറുപ്പക്കാരും അതിലെ മുതിര്‍ന്നവരുമായ ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ ഏറ്റവും സജീവമായിട്ടുള്ളതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് -19 വ്യക്തികളുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്ന് എഫ്ഐഎസ് സര്‍വേ വെളിപ്പെടുത്തുന്നു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായിശമ്പള വെട്ടിക്കുറവിനെ അഭിമുഖീകരിക്കുകയാണെന്ന് ഇന്ത്യന്‍ ഇടപാടുകാരില്‍ 49 ശതമാനവും സര്‍വേയില്‍ വെളിപ്പെടുത്തി. ഇരുപതു ശതമാനത്തോളം പേര്‍ നേരിടേണ്ടിവന്നത് താല്‍ക്കാലിക പിരിച്ചുവിടലോ മറ്റു കടുത്ത നടപടികളോ ആണ്. വരുമാനത്തില്‍ ഇനിയും കുറവു സംഭവിക്കുകയാണെങ്കില്‍ അടുത്ത മൂന്ന് മാസത്തില്‍ കൂടുതല്‍ സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ തങ്ങള്‍ക്കു കഴിയുകയില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 48ശതമാനം പേരും അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top