കോവിഡ് 19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പല രാജ്യങ്ങളിലും വൈറസ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ അതല്ല അവസ്ഥ. നിരവധി സ്വകാര്യ സംരംഭങ്ങള്‍ക്ക് ഇതിനോടകം പൂട്ട് വീണു കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ പരമാവധി ചെലവ് ചുരുക്കി മുന്നോട്ട് പോകുന്ന സംരംഭങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പ് സാധ്യമാകുകയുള്ളൂ. കുടുംബ ബജറ്റ് നിയന്ത്രിക്കുന്ന പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ കൃത്യതയോടെ നിയന്ത്രിച്ചാല്‍ മാത്രമേ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കൂ. നിലവില്‍ പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്ക് പകുതി ശമ്പളം മാത്രം ലഭിക്കുന്ന അവസ്ഥയാണ്. പല ഐടി സ്ഥാപനങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച് എച്ച് ആര്‍ വിഭാഗത്തിന്റെ അറിയിപ്പും ലഭിച്ചു കഴിഞ്ഞിട്ടുണ്ട് ഈ അവസ്ഥയില്‍ താളം തെറ്റാതെ ബിസിനസ് അന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകാന്‍ സംരംഭകന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
അവസ്ഥ അംഗീകരിക്കാന്‍ പഠിക്കുക
എത്ര മുന്‍നിര സ്ഥാപനമായാലും ശരി, കോവിഡ് അനന്തരം പ്രതിമാസ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. സാധാരണ രീതിയില്‍ നിങ്ങള്‍ പണം ചെലവഴിച്ചിരുന്നത് പോലെ നിലവില്‍ ചെയ്യാനാകില്ല എന്നറിയുക. പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കും മുന്‍പായി അതിന്റെ അനിവാര്യതയെപ്പറ്റിയും വിജയസാധ്യതകളെപ്പറ്റിയും വിശദമായി ചിന്തിക്കുക. അതിനുശേഷം മാത്രം തീരുമാനം എടുക്കുക. സ്വയം സത്യസന്ധത ഇല്ലാതെ ഒരു ബിസിനസ് ബജറ്റും മുന്നോട്ടു കൊണ്ടു പോകാനാവില്ല എന്നറിയുക.
വരുമാനത്തിലെ ഏറ്റക്കുറച്ചില്‍ വിലയിരുത്തുക
വരുമാനത്തില്‍ കുറവ് സംഭവിക്കുന്നത് ഓരോരുത്തര്‍ക്കും ഓരോ സ്ഥാപനത്തിനും ഓരോ രീതിയിലാണ്. കൊറോണ വൈറസ് വ്യാപനത്തോടെ ചില സ്ഥാപനങ്ങള്‍
പൂര്‍ണമായും അടച്ചിടേണ്ടി വന്നു. ചിലത് ഭാഗികമായി പ്രവര്‍ത്തിച്ചു. ചില സ്ഥാപനങ്ങക്ക് ചെലവ് കുറഞ്ഞു. എന്നാല്‍ ചിലവയ്ക്ക് വരുമാനം മാത്രമാണ് കുറഞ്ഞത്. ഈ അവസ്ഥയില്‍ മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ ബജറ്റ്, ലയബിലിറ്റിസ് എന്നിവ അറിഞ്ഞുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത്.
ചെലവ് ചുരുക്കല്‍ എന്ന കല
ചെലവ് ചുരുക്കി ബിസിനസ് ചെയ്യണം എന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ചെലവ് ചുരുക്കല്‍ എന്നത് ഒരു കലയാണ്. ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതല്ല ചെലവ് ചുരുക്കല്‍ എന്നത്‌കൊണ്ട്് ഉദ്ദേശിക്കുന്നത്. ആവശ്യമേത്, അത്യാവശ്യമേത്, അടിയന്തരാവശ്യമേത് എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സാധിക്കുക എന്നതാണ് ഇവിടെ പ്രധാനം. ബിസിനസില്‍ സ്ഥാപന വാടക, യാത്ര, തുടങ്ങിയവയുടെ ചെലവുകള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു. സൗകര്യമുള്ള വലിയ കെട്ടിടത്തില്‍ നിന്നും സൗകര്യം കുറഞ്ഞ ചെറിയ കെട്ടിടത്തിലേക്ക് ഒരു ഓഫീസ് മാറ്റം ആവാം. ബിസിനസ് ലോണുകളുടെ അടവ് പിന്നേക്ക് മാറ്റി വയ്ക്കാതിരിക്കുകയാണ് നല്ലത്.
വാഹനച്ചെലവില്‍ കരുതലാകാം
ഓഫീസിലും വ്യക്തി ജീവിതത്തിലും ഒരുപോലെ പാലിക്കേണ്ട ഒരു കാര്യമാണിത്. സാമ്പത്തികമേഖല പൂര്‍വ സ്ഥിതിയില്‍ ആകുന്നതുവരെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് ഉചിതം. ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കായി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ വാഹനങ്ങളുടെ എണ്ണം നിജപ്പെടുത്തുകയും ഇന്ധനക്ഷമത ഉറപ്പാക്കുകയും ചെയ്യുക.
പരമാവധി ബിസിനസ് പിടിക്കുക
ബിസിനസ് ചെയ്യുന്ന പലരും പേമെന്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ല എന്ന് ശഠിക്കുന്നവരാണ്. എന്നാല്‍ ഇത്തരമൊരു കടുംപിടുത്തം തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക രംഗം പൂര്‍ണമായും തകര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ കൂടിയ പേമെന്റിനു മാത്രമേ ബിസിനസ് ചെയ്യൂ എന്ന് ശഠിക്കുന്നതില്‍ കാര്യമില്ല. അതിനാല്‍ തന്നെ പരമാവധി ബിസിനസ് പിടിക്കുക എന്നതിനാകണം ശ്രദ്ധ നല്‍കേണ്ടത്. കൊറോണകാലത്ത് നിലനില്‍ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് മനസിലാക്കുക.
പുതിയ നിക്ഷേപം ഇപ്പോള്‍ വേണ്ട
പല വ്യക്തികളും ബിസിനസ് വിപുലപ്പെടുത്താനും മറ്റുമായി വന്‍നിക്ഷേപം നടത്താന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ആയിരിക്കാം ലോക്ക്ഡൗണ്‍ വന്നത്. അതിനാല്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞ ഉടന്‍ ബിസിനസ് വിപുലീകരണത്തിലേക്കും നിക്ഷേപത്തിലേക്കും കടക്കാമെന്ന ചിന്ത വേണ്ട. ഇത്തരം പദ്ധതികള്‍ തല്‍ക്കാലത്തേക്കു നീട്ടി വെക്കാം. ഇങ്ങനെ വന്‍ ചെലവുകള്‍ ഒഴിവാക്കുന്നതോടൊപ്പം ചെറിയ ചെലവുകളും ഒഴിവാക്കാനാവും. ഇത്തരത്തിലുള്ള ചെലവുകള്‍ക്കായി വകയിരുത്തുന്ന തുക ബാങ്കില്‍ തന്നെ സുരക്ഷിതമായി നിക്ഷേപിക്കുക.
വായ്പകള്‍ പുനക്രമീകരിക്കാം
കൊറോണക്കാലത്തും ലോക്ക്ഡൗണ്‍ കഴിഞ്ഞാലും തലവേദനയുണ്ടാക്കുന്ന ഒന്നാണ് വായ്പകള്‍. ക്രെഡിറ്റ് കാര്‍ഡ്, പേഴ്സണല്‍ ലോണുകള്‍, സ്വര്‍ണ പണയം തുടങ്ങിയ പലിശ കൂടുതലുള്ള വായ്പകള്‍ ഒഴിവാക്കി പലിശ കുറവുള്ള വായ്പകള്‍ തെരഞ്ഞെടുക്കുക. ഭവന വായ്പയുടെ ടോപ് അപ്, വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പ തുടങ്ങിയവ ഈ വിഭാഗത്തില്‍പെടും. ഇവ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ രണ്ടു ഗുണങ്ങളുണ്ട്. നിങ്ങള്‍ക്കുള്ള പലിശ ഭാരം കുറയും. അതോടൊപ്പം പ്രതിമാസം അടക്കേണ്ട തുക ഗണ്യമായി കുറയും. സര്‍ക്കാര്‍ ലോണുകളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണ് എങ്കില്‍ ഇത് അമിതമായ ബാധ്യത ഉണ്ടാക്കും.
എമര്‍ജന്‍സി ഫണ്ട് അനിവാര്യം
ബിസിനസില്‍ ഏറ്റവും അനിവാര്യമായ ഒന്നാണ് എമര്‍ജന്‍സി ഫണ്ട്്. ഇതില്ലാത്തതാണ് ഈ കൊറോണക്കാലത്ത് പലരെയും അനിശ്ചിതത്വത്തില്‍ ആക്കിയത്. ഇതുവരെ എമര്‍ജന്‍സി ഫണ്ട്് സ്വരൂപിച്ചിട്ടില്ലാത്തവര്‍ സ്ഥാപനത്തിന്റെ വരുമാനത്തില്‍ നിന്നും നിശ്ചിത തുക ഇതിനായി മാറ്റിവയ്ക്കണം. 20 ശതമാനം വരെ വരുമാനം കുറയുന്ന കൊറോണ കാലഘട്ടത്തില്‍ ചെലവാകുന്ന ഓരോ രൂപയും വിശകലനം ചെയ്തു വേണം മുന്നേറാന്‍. അതനുസരിച്ചുള്ള മാറ്റങ്ങളാവണം കുടുംബ ബജറ്റില്‍ വരുത്തേണ്ടത്. ഇതിനായി ശാസ്ത്രീയ ഉപദേശങ്ങള്‍ നല്‍കുന്നവരുടെ സേവനവും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്താം.ലോക്ക് ഡൗണ്‍ കാലത്ത് ലാഭിച്ച തുക ഒരു നിക്ഷേപമായി കരുതണം.എമര്‍ജന്‍സി ഫണ്ട് അടക്കമുളള നിക്ഷേപങ്ങള്‍ക്കായി ഈ തുക പ്രയോജനപ്പെടുത്താം.
ചെലവ് ചുരുക്കല്‍ ശീലമാക്കുക
ലോക്ക്ഡൗണ്‍ കാലം പലര്‍ക്കും ചെലവ് ചുരുക്കലിന്റെ കൂടി കാലമായിരുന്നു. ശമ്പളം കുറഞ്ഞതിന്റെ ആഘാതം മാറും വരെയെങ്കിലും ചെലവ് ചുരുക്കല്‍ ശീലങ്ങള്‍ തുടരണം. എന്നാല്‍ ഈ ചെലവ് ചുരുക്കല്‍ സ്ഥാപനത്തിലെ തൊഴിലാളികളെ സമ്മര്‍ദ്ദത്തില്‍ ആക്കിക്കൊണ്ടുള്ളതാകരുത്. അനാവശ്യമായി തൊഴിലാളികളെ പിരിച്ചുവിട്ടും ശമ്പളം വെട്ടിക്കുറച്ചുമല്ല ചെലവ് ചുരുക്കല്‍ നടപ്പാക്കേണ്ടത്. തൊഴിലാളികളെ കൂടെ നിര്‍ത്തിയുള്ള മുന്നേറ്റത്തിനാകണം ഒരു സംരംഭകന്‍ തയ്യാറെടുക്കേണ്ടത്.
ആരംഭദിനങ്ങള്‍ ഓര്‍ത്ത് പ്രവര്‍ത്തിക്കുക
ബിസിനസിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുക. അതിനു അനുസൃതമായി പ്രവര്‍ത്തിക്കുക. അനാവശ്യ ചെലവുകള്‍ ഇല്ലാതാക്കി, പരമാവധി ബിസിനസ് നേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. ഓരോ നിമിഷവും അതിനായി പ്രവര്‍ത്തിക്കുക. വറുതിയുടെ ഈ കാലഘട്ടത്തില്‍ തുടക്കകാലത്തെ ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യാനായാല്‍ വിജയം സുനിശ്ചിതമാണ്.