കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോര്‍ജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക് ഉത്തരമാവുകയുമായിരുന്നു ‘അവോധ’യെന്ന നൈപുണ്യശേഷി വികസന സംരംഭം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, മെഡിക്കല്‍ കോഡിങ്, ഷെയര്‍ ട്രേഡിങ് തുടങ്ങിയ 14 കോഴ് സുകളാണ് അവോധയുടെ സേവനങ്ങള്‍.
സുഹൃത്ത് ബിബിന്‍രാജ് പണടാനുമായി ചേര്‍ന്ന് പറവൂരില്‍ ജോസഫിന്റെ വീട്ടില്‍ ഒരു ജീവനക്കാരനുമായാണ് അവോധ തുടക്കം കുറിക്കുന്നത്. 2020 ജൂണില്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് ഫ്രീലാന്‍സെര്‍ഴ്സ് ഉള്‍പ്പടെ 1500ഓളം ജീവനക്കാരാണ് ഉള്ളത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സാണ് ആദ്യം അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ മുറിയില്‍ ജോസഫ് അധ്യാപകനായി. ബിബിനും ഒരു ജീവനക്കാരനും ചേര്‍ന്ന് മാര്‍ക്കറ്റിങ്ങും ഓപ്പറേഷന്‍സ് വിഭാഗങ്ങളും കൈകാര്യം ചെയ്തു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വ്യക്തമായി മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു സംരംഭത്തിന്റെ പ്രാഥമിക നിക്ഷേപം.
തുടക്കത്തില്‍ മാര്‍ക്കറ്റിങ് ശക്തമാക്കാതെ മുന്നേറാന്‍ കഴിയില്ലെന്ന അറിവോടെയാണ് ഒരു ജീവനക്കാരനെ നിയമിച്ചത്. എങ്കിലും അദ്ദേഹത്തിന് എങ്ങനെ ശമ്പളം നല്‍കുമെന്ന ധാരണ പോലുമുണ്ടായിരുന്നില്ല. നവസംരംഭമായതിനാല്‍ തന്നെ മാസങ്ങളെടുക്കും ലാഭത്തിലേക്കെത്താന്‍ എന്നായിരുന്നു ധാരണയെങ്കിലും ആദ്യ രണ്ട് ആഴ്ചക്കുള്ളില്‍ തന്നെ 10 വിദ്യാര്‍ത്ഥികള്‍ അവോധയിലേക്കെത്തി.
മൂന്നു മാസം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം 1000 ആയി. അങ്ങനെ ജോസഫും ബിബിനും പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ കാര്യങ്ങള്‍ മുന്നേറി. കോഴ്സുകളുടെ എണ്ണം ആദ്യ മാസത്തില്‍ തന്നെ നാലായി ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തോടെയത് പത്തും ജ
നുവരിയില്‍ 14ലുമായി.
ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് മറ്റനവധി വഴികളുണ്ടെങ്കിലും മാതൃഭാഷയില്‍ (നിലവില്‍ മലയാളം, തമിഴ്) ചിട്ടപ്പെടുത്തിയ വിദഗ്ധ പരിശീലന ക്ലാസുകളാണ് അവോധയെ വ്യത്യസ്തമാക്കുന്നത്. പരിശീലനത്തിനിടെയില്‍ സംശയനിവാരണവും ഇടപെടലുകളും മാതൃഭാഷയില്‍ തന്നെയാണ് നടക്കുന്നത്.
ഇത് സാധാരണക്കാരനായ ഉദ്യോഗാര്‍ഥിയെ തെല്ലൊന്നുമല്ല പഠനവിഷയം മനസിലാക്കുവാന്‍ സഹായിക്കുക. കൂടാതെ, ആറ് മാസത്തോളം നീളുന്ന പരീശിലന കാലയളവ് പൂര്‍ത്തിയാക്കി ജോലി നേടിയതിനു ശേഷം മാത്രം കോഴ്സ് ഫീസ് പൂര്‍ണമായി നല്‍കിയാല്‍ മതിയെന്ന വാഗ്ദാനവും അവോധയെ മറ്റുള്ള നൈപുണ്യശേഷി വികസന സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. പരിശീലന കാലയളവില്‍ 2800 രൂപ മാത്രം നല്‍കി പരിശീലനം പൂര്‍ത്തിയാക്കാം.
മൂന്നു മാസം ഓണ്‍ലൈന്‍ കോഴ്സും മൂന്നു മാസം ഇന്റേണ്‍ഷിപ്പുമായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പും അതിനു ശേഷം ജോലി കണ്ടെത്തലുമെല്ലാം അവോധ പൂര്‍ത്തിയാക്കും. കോഴ്സ് കഴിഞ്ഞു ഓഫര്‍ ലെറ്റര്‍ ലഭിക്കുമ്പോള്‍ ഫീസിന്റെ 25 ശതമാനം കൂടിയും ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ ബാക്കി 50 ശതമാനം ഫീസും നല്‍കിയാല്‍ മതി. ഒരുവനെ ജീവിക്കാനും ജോലി നേടാനും പ്രാപ്തനാക്കുന്ന പരീശിലനമുറയാണ് വിദ്യാഭ്യാസം എന്നാണ് ജോസഫിന്റെ വീക്ഷണം. ”ബിരുദ തലത്തിലെ കോഴ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാന്‍ ഒരു വിദ്യാര്‍ഥി പ്രാപ്തനാകുന്നില്ലെങ്കില്‍ ആ കോഴ്സിന്റെ ഉദ്ദേശ്യലക്ഷ്യം നിറവേറ്റപ്പെടുന്നില്ലെന്ന് വേണം കരുതാന്‍.
അതിനാലാണ് അവോധയിലെ പരിശീലനം പൂര്‍ത്തിയാക്കി ജോലി ലഭിച്ചതിനു ശേഷം മാത്രം കോഴ്സ് ഫീസ് പൂര്‍ണമായി അടച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചത”, ജോസഫ് പറയുന്നു. ഇതിലൂടെ അവോധയുടെ പ്രവര്‍ത്തനമികവിന് വേറൊരു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യം വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവടങ്ങളിലും തമിഴ്നാട്ടില്‍ കോയമ്പത്തൂരും അവോധയ്ക്ക് മേഖലാ ഓഫീസുകളുണ്ട്. അടുത്തമാസത്തോടെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലും കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.
ഇതോടെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് നൈപുണ്യശേഷി വികസനത്തിനുള്ള കോഴ്സുകള്‍ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് ഭാഷകളിലും ലഭ്യമാവും. ഇതിനിടെയില്‍ അവോധയെ തേടി അമേരിക്കന്‍ കമ്പനിയില്‍ നിന്നും 5 മില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപ വാഗ്ദാമെത്തി. ഇതിന്മേലുള്ള അവസാവഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്.
അമേരിക്കന്‍ നിക്ഷേപം കൂടി ലഭ്യമാകുന്നതോടെ അവോധയെ കൂടുതല്‍ മികച്ച ഉയരങ്ങളിലെത്തിക്കാനുളള വമ്പന്‍ വികസന പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണ് അവോധ. ഇറച്ചി കച്ചവടത്തില്‍ നിന്നും അവോധയിലേക്ക്‌ലാഭകരമായി മുന്നേറിയിരുന്ന ഇറച്ചി കച്ചവടം ഉപേക്ഷിച്ചാണ് സംരംഭമെന്ന
നിലയില്‍ അവോധ തുടങ്ങാന്‍ ജോസഫ് തീരുമാനിച്ചത്. അവോധയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സാണ് ആദ്യം അവതരിപ്പിച്ചത്.
ജോസഫ് തന്നെയാണ് ക്ലാസുകള്‍ നയിച്ചതും. ബിരുദ പഠന കാലത്ത് തന്നെ കോഡിങ്ങും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ജോസഫ് ഓണ്‍ലൈനായി പഠിച്ചിരുന്നു. അന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിദ്യ’ എന്ന ഒരു ആപ്പും ജോസഫ് വികസിപ്പിച്ചു. ക്ലാസിലെ നോട്ടുകള്‍ എഴുതിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവ സ്‌കാന്‍ ചെയ്ത് ആപ്പിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യും.
സമാനമായ കോഴ്സ് ചെയ്യുന്ന മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇത് ലഭ്യമാക്കുകയും ചെയ്യും. വ്യത്യസ്ഥ കോഴ്സുകളില്‍ ഇത് ഉപകാരപ്രദമായതിനാല്‍ ആപ്പിന് മികച്ച പിന്തുണ ലഭിച്ചു. ജോസഫ് വീട്ടിലിരുന്ന് പുറത്തിറക്കിയ ആപ്പ് രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ വിവരം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. ജോസഫിനെ പ്രശംസിക്കുക മാത്രമല്ല, ആപ്പിന്റെ ഹാര്‍ഡ് ലോഞ്ച് ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ‘വിദ്യ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
സൂപ്പര്‍ സീനിയറായിരുന്ന ബിബിനെ പരിചയപ്പെടുന്നതും യു.സി. കോളേജില്‍ വെച്ചാണ്. കോളേജിന് ശേഷം ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞുവെങ്കിലും സംരംഭ മോഹികളായിരുന്ന ഇരുവരും 2017ല്‍ ഇറച്ചി, മുട്ട, താറാവ്, മീന്‍ എന്നിവ വില്‍ക്കുന്ന ഒരു സംരംഭത്തിനായി വീണ്ടും ഒന്നിച്ചു. അത് വളരെ വിജയകരമായി മുന്നേറിയെങ്കിലും ജോസഫ് 2019ല്‍ ഇന്‍ഫോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണ് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് മികച്ച സാധ്യതയുണ്ടെന്ന് മനസ്സിലാക്കുന്നതും ബിബിനുമായി ചേര്‍ന്ന് തന്നെ അവോധക്ക് തുടക്കം കുറിക്കുന്നതും. പിതാവ് നേവി ഉദ്യോഗസ്ഥനായിരുന്നതി
നാല്‍ ജോസഫിന്റെ ജനനവും പഠനവുമെല്ലാം വടക്കേ ഇന്ത്യയിലായിരുന്നു.
പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിലും പിന്നീട് കുറച്ച കാലം തെക്കേ ഇന്ത്യയിലും സഞ്ചരിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് ഭാഷ അധികമാളുകള്‍ക്കും വലിയ പരിജ്ഞാനം ഇല്ലാത്തവരാണെന്നു ജോസഫ് മനസ്സിലാക്കി, അങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി തന്റെ ക്ളാസ്സുകള്‍ മാതൃഭാഷയില്‍ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്.21,000 രൂപയാണ് എറണാകുളത്തേക്ക് ഓഫീസ് മാറിയപ്പോള്‍ അവോധ നടത്തിയ നിക്ഷേപം.
ആദ്യ മാസങ്ങളില്‍ ജീവനക്കാര്‍ക്ക് 15,000 രൂപ മുതല്‍ ശമ്പളം നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ജോസഫിനും ബിബിനും 300 മുതല്‍ 700 രൂപ വരെയായിരുന്നു ആദ്യ മാസങ്ങളില്‍ ലഭിച്ചിരുന്നത്. അതൊന്നും കാര്യമാക്കാതെ ജീവക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലും കോഴ്സുകളുടെ നിലവാരത്തില്‍ ഇടിവ് സംഭവിക്കാതെയുമെല്ലാം നോക്കി ആത്മവിശ്വാസത്തോടെ മുന്നേറി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നൂറ്റമ്പതിലേറെ പേര്‍ക്ക് നേരിട്ടും ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ കൊടുക്കുന്നതും 30,000ത്തോളം യുവാക്കളെ ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പ്രസ്ഥാനമായും വളര്‍ന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : (https://avodha.com/)