ഓരോ വ്യക്തിയുടെ മനസിലും വ്യത്യസ്തങ്ങളായ കാര്യങ്ങളോട് ഒരു താല്‍പര്യം ഉണ്ടായിരിക്കും. എന്നാല്‍ പലപ്പോഴും ഇഷ്ട്ടപ്പെടുന്ന മേഖലയില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.ചിലര്‍ ഈ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടും. എന്നാല്‍ മറ്റു ചിലരാകട്ടെ, വിധിയെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതും. ഇത്തരത്തില്‍ സംരംഭകലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് താമരശ്ശേരി സ്വദേശിനിയായ പ്രജിന ജാനകി. വസ്ത്ര നിര്‍മാണ വിപണന രംഗത്തോട് അതിയായ താല്‍പര്യമുണ്ടായിരുന്ന പ്രജിനക്ക് പക്ഷേ, ജോലി നേടാന്‍ കഴിഞ്ഞത് സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലായിരുന്നു. മനസ്സില്‍ മുഴുവന്‍ ഫാഷന്റെ ലോകം, വ്യാപൃതമായിരിക്കുന്നതോ അരസികമായ സാമ്പത്തിക കണക്കുകളുടെ ലോകത്തും. എന്നാല്‍ ഏറെ വൈകാതെ ഇതല്ല തന്റെ മേഖലയെന്ന് പൂര്‍ണമായും തിരിച്ചറിഞ്ഞ പ്രജിന സുഹൃത്ത് ഷൈജലുമായി ചേര്‍ന്ന് കോഴിക്കോട് നഗരത്തില്‍ തന്റെ സ്വപ്ന സംരംഭത്തിന് തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയില്‍ നിന്നും വായ്പയായിയെടുത്ത 15 ലക്ഷം രൂപയും സ്വരുക്കൂട്ടി വച്ച സമ്പാദ്യമായ 13 ലക്ഷം രൂപയും ചേര്‍ത്ത് 28 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലും കലംകാരി ഡിസൈനുകള്‍ക്ക് വേണ്ടി മാത്രമായുള്ള കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂമായിരുന്നു. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ചുവടുപിടിച്ച് വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച ക്ലും പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കി. ഇന്ന് ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ ഒന്നായി ക്ലും മാറിക്കഴിഞ്ഞു.
ലക്ഷ്മി നാരായണന്‍

വ്യത്യസ്തമായ ഡിസൈനുകളുമായി വിപണി പിടിച്ചടക്കുന്ന കലംകാരി വസ്ത്രങ്ങള്‍ ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാകില്ല. കേരളത്തിലെ നല്ലൊരുശതമാനം വരുന്ന സ്ത്രീകളുടെയും വാര്‍ഡ്രോബില്‍ കലംകാരില്‍ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ഇടംപിടിച്ചിട്ടുമുണ്ടാകും. ചുവപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ് എന്നീ അഞ്ചു നിറങ്ങളില്‍ പുരാണകഥകളും, ദേവീദേവ•ാരുടെ ചിത്രങ്ങളും പൂക്കളും കായ്കളും വിരിയുന്ന പരമ്പരാഗത കലംകാരി മലയാളികള്‍ക്ക് പ്രിയങ്കരമായിത്തുടങ്ങിയിട്ട് പക്ഷേ അധികം നാളുകളായിട്ടില്ല. ആന്ധ്രപ്രദേശിലെ മച്ചലിപട്ടണത്ത് നിന്നും കേരളത്തിലെത്തിച്ചേര്‍ന്ന ഈ പരമ്പരാഗത വസ്ത്രത്തിന് കേരളം വിപണിയില്‍ ആവശ്യക്കാരുണ്ടെന്ന് മനസിലാക്കിയിടത്തു നിന്നുമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലും എന്ന വസ്ത്ര വില്‍പന ശാലയുടെ തുടക്കം.

ഒരുവിധത്തില്‍ പറഞ്ഞാല്‍ കലംകാരി ഡിസൈനുകള്‍ മലയാളികളുടെ ഫാഷന്റെ ഭാഗമാക്കി മാറ്റിയത് തന്നെ പ്രജിന ജാനകി എന്ന യുവസംരംഭക നേതൃത്വം നല്‍കുന്ന ക്ലും ആണെന്ന് പറയാം. കലംകാരി ഡിസൈനുകള്‍ക്ക് മാത്രമായുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂം എന്ന നിലക്ക് ഇന്ന് ഏറെ പ്രശസ്തമാണ് ക്ലും. സംരംഭകത്വം എന്ന മോഹം മനസ്സില്‍ പൂവിട്ട കാലം മുതല്‍ക്കേ പ്രജിന ആഗ്രഹിച്ചിരുന്ന ഒന്നാണ് കലംകാരി വസ്ത്രങ്ങളുടെ ഒരു തനത് വിപണി സൃഷ്ടിക്കുക എന്നത്. എന്നാല്‍ ആ നിലയിലേക്കുള്ള പ്രജിനയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
സാമ്പത്തിക രംഗത്ത് നിന്നും സംരംഭകത്വത്തിലേക്ക്
ആഗ്രഹിക്കുന്നതെന്തും തടസം കൂടാതെ നേടാനാകുകയെന്നത് വലിയൊരു ഭാഗ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇതിനുള്ള അവസരം ലഭിച്ചെന്നു വരില്ല. എന്നാല്‍ തന്റെ മനസിലെ ആഗ്രഹം അടിയുറച്ചതാണെങ്കില്‍ ചിലര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി സ്വയം കണ്ടെത്തും. താമരശ്ശേരി സ്വദേശിയായിരുന്ന പ്രജിന ജാനകി ഇത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു. ചെറുപ്പം മുതല്‍ക്ക് സ്വപ്!നം കണ്ടത് ഫാഷന്റെ ലോകമായിരുന്നു. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ച പ്രജിനയെ പക്ഷേ വിധി കൊണ്ട് ചെന്നെത്തിച്ചത് ഒരു സാമ്പത്തികകാര്യാ സ്ഥാപനത്തിലെ സമ്മര്‍ദ്ദം ഏറെയുള്ള ഒരു പോസ്റ്റിലേക്കായിരുന്നു. മികച്ച ശമ്പളമോ സ്ഥാപനത്തിന്റെ വലുപ്പമോ ഒന്നും തന്നെ പ്രജിനയുടെ മനസിലെ സംരംഭകത്വ മോഹങ്ങള്‍ക്ക് വിരാമമിടാന്‍ പര്യാപ്തമായിരുന്നില്ല.

ഏത് വിധേനയും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ചിന്തയായിരുന്നു പ്രജിനയുടെ മനസ് നിറയെ. എന്നാല്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബമായിരുന്നില്ല പ്രജിനയുടേത്. മാത്രമല്ല, ആവശ്യമായ നികിഷേപം എവിടെ നിന്നും കണ്ടെത്തും എന്ന ചിന്തയും ഒരു തടസമായി നിന്നു. എങ്ങനെയൊക്കെയോ മൂന്നു വര്‍ഷത്തോളം ജോലി തുടര്‍ന്നു. ഇതിനിടത്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സുഹൃത്തുക്കളുമൊത്തുള്ള സംരംഭകത്വ ചര്‍ച്ചകളില്‍ പ്രജിന സജീവമാകുന്നത് പതിവാക്കി. അങ്ങനെയൊരു ദിവസം സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഷൈജല്‍ പ്രജിനയുടെ മനസിലെ സംരംഭകത്വ മോഹങ്ങള്‍ക്ക് പിന്തുണയുമായി എത്തി.
ജോലിയില്‍ നിന്നും പിന്‍വാങ്ങിയശേഷം ഒരു ബൊട്ടീക്ക് തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തെപ്പറ്റി കൂടുതല്‍ സംസാരിച്ചപ്പോള്‍ ആശയത്തിന് കൂടുതല്‍ വ്യക്തത വന്നു. അങ്ങനെയാണ് പ്രജിനക്ക് ഏറെ ഇഷ്ടപ്പെട്ട ഡ്രസ്സ് മെറ്റീരിയലായ കാലംകരിയില്‍ എത്തിച്ചേരുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലെത്തുന്ന വളരെ ചുരുക്കം ഡിസൈനുകള്‍ മാത്രമേ ആയിടക്ക് ഇവിടെ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ആന്ധ്രായില്‍ പോയി കലംകാരിയുടെ സാധ്യതകളെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ ഇത് തന്നെയാണ് തന്റെ പ്രവര്‍ത്തനമണ്ഡലമെന്ന് പ്രജിന ജാനകി ഉറപ്പിച്ചു.
എന്താണ് കലംകാരി?
ഏറെ പ്രശസ്തമായ ഒരു പരമ്പരാഗത ചിത്രകലയാണ് കലംകാരി. മൂവായിരം വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടുന്ന ചിത്രകലാരൂപമായ കലംകാരിയുടെ ജ•ദേശം ആന്ധ്രപ്രദേശിലെ മച്ചലിപ്പട്ടണമാണ്.പരുത്തിത്തുണിയില്‍ പ്രകൃതിദത്ത നിറങ്ങള്‍ കൈകൊണ്ട് വരച്ചു തയ്യാറാക്കുന്നവയാണ് പരമ്പരാഗത കലംകാരി വസ്ത്രങ്ങളെങ്കില്‍, കോട്ടനിലും സില്‍ക്കിലും എന്നുവേണ്ട ഒട്ടുമിക്ക തുണിത്തരങ്ങളിലും തരംഗമാവുകയാണ് ആധുനിക കലംകാരി. ചായങ്ങളും പേനയും ബ്രഷും ഉപയോഗിച്ച് വരയ്ക്കുന്നവയ്ക്ക് പുറമേ, തടിയില്‍ തീര്‍ത്ത അച്ചുകള്‍ വഴി പ്രിന്റ് ചെയ്യുന്നവയും ഉണ്ട്.
ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്തിലൂടെയാണ് ഓരോ കലംകാരി വസ്ത്രവും നിര്‍മിച്ചെടുക്കുന്നത്. ഇത്തരം വസ്ത്രങ്ങളുടെ നിര്‍മാണത്തിനായി തുണിത്തരങ്ങള്‍ കണ്ടെത്തുക, അതിനിണങ്ങിയ ചായക്കൂട്ടുകളും ഡിസൈനുകളും കണ്ടെത്തുക തുടങ്ങിയവയെല്ലാം ഏറെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ്. വരയ്ക്കുന്നതിലോ ചായം തേയ്ക്കുന്നതിലോ ചെറിയ പിഴവ് വന്നാല്‍ തുണി മൊത്തത്തില്‍ മാറ്റുകയേ നിവൃത്തിയുള്ളൂ.ഇത്രയേറെ അധ്വാനം വേണ്ടതിനാല്‍ തന്നെയാണ് കലംകാരി വസ്ത്രങ്ങള്‍ക്ക് ആന്ധ്രക്ക് പുറത്ത് വിപണി ലഭിക്കാതെ പോയത്. എന്നാല്‍ കലംകാരിയുടെ ഈ സാധ്യതകള്‍ മനസിലാക്കാനും കേരളത്തിന്റെ വസ്ത്ര നിര്‍മാണ വിപണന രംഗത്ത് കലംകാരി വസ്ത്രങ്ങള്‍ക്ക് ഒരിടം കണ്ടെത്താനും പ്രജിന ജാനകിക്ക് കഴിഞ്ഞു.

ക്ലും, വ്യത്യസ്തമായ ആശയം
കലംകാരി വസ്ത്രങ്ങളുടെ സാധ്യതകളെപ്പറ്റി അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരിച്ചപ്പോള്‍ പ്രജിനക്ക് കിട്ടിയതത്രയും സമ്മിശ്ര പ്രതികരണമായിരുന്നു. കലംകാരി ഡിസൈനുകള്‍ക്ക് വേണ്ടി മാത്രമായുള്ള ഒരു സ്ഥാപനം കേരളത്തില്‍ വിജയിക്കില്ലെന്ന് നാലൊരു ശതമാനം ആളുകള്‍ തീര്‍ത്ത് പറഞ്ഞു. എന്നാല്‍ പാര്‍ജിനയുടെ ആശയം തെറ്റില്ലെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് പോകാനുള്ള പൂര്‍ണ ആര്‍ജവം നല്‍കി സുഹൃത്തായ ഷൈജല്‍. ഭര്‍ത്താവ് അജേഷിന്റെ പക്കല്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുക കൂടി ചെയ്തതോടെ തന്റെ സംരംഭകത്വ മോഹങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെ പ്രജിന തീരുമാനിച്ചു.
കോഴിക്കോട് പട്ടണത്തില്‍ ഒരു ഷോറൂം തുടങ്ങുക എന്നത് യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത പ്രജിനക്കും സുഹൃത്തിനും ഓര്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതിനാല്‍ ടൗണില്‍ നിന്നും മാറി താമരശ്ശേരിയിലാണ് 2017 ജനുവരിയില്‍ ആദ്യത്തെ ഷോറൂം (ഗഹൗാ ടീേൃല)ആരംഭിച്ചത്. അതേവര്‍ഷം സെപ്റ്റംബറില്‍ കോഴിക്കോട് പട്ടണത്തില്‍ ഗഹൗാ, ഠവല ഗമഹമാസമൃശ ഷോറൂം തുടങ്ങി. 2018 ജൂണില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കായി ക്ലും ഫാബ്രിക് എന്ന ഷോറൂമും തുറന്നു.
ആന്ധ്രയിലെ കലംകാരി കലാകാര•ാരില്‍ നിന്നും നേരിട്ട് വസ്ത്രങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുക എന്നതായിരുന്നു ക്ലും കൊണ്ട് പ്രജിന ഉദ്ദേശിച്ചത്.ജോലി രാജിവച്ച്, പ്രധാനമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയില്‍ നിന്നും വായ്പയായി എടുത്ത 15 ലക്ഷം രൂപയും സമ്പാദ്യമായ 13 ലക്ഷം രൂപയും ചേര്‍ത്ത് 28 ലക്ഷം രൂപക്ക് 2017 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ട്രയല്‍ റണ്ണില്‍ തന്നെ മുന്നോട്ടുള്ള വളര്‍ച്ച നിശ്ചയിക്കപ്പെട്ടിരുന്നു.

പാര്‍ട്ടിവെയര്‍ മോഡലുകളിലുള്ള ഭാരമേറിയ വര്‍ക്കുകളുള്ള വസ്ത്രങ്ങള്‍ കൂടുതലായും കാണപ്പെട്ടിരുന്ന നാട്ടില്‍ വളരെ ലളിതമായതും കോട്ടണ്‍ തുണിയില്‍ ഉള്ളതുമായ കലംകാരി വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ ചെറിയൊരു ശതമാനം ജനവിഭാഗത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം വളരെ വേഗത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഏറെ മികച്ച പ്രതികരണം തന്റെ സ്ഥാപനത്തിന് ലഭിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രജിന ജാനകി സ്ഥാപനം അടുത്തഘട്ടത്തിലേക്ക് വികസിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.
”ഇത്രയും തുക മുടക്കി ഇത്തരത്തില്‍ കലംകാരി വസ്ത്രങ്ങള്‍ക്ക് മാത്രമായി ഒരു ഷോറൂം തുടങ്ങുന്നത് മണ്ടത്തരമാണെന്ന് നിരവധിയാളുകള്‍ എന്നെ ഉപദേശിച്ചു. എന്നാല്‍ അല്‍പം റിസ്‌ക് എടുക്കാന്‍ തയ്യാറായാല്‍ മാത്രമല്ലേ വിജയം കാണാനാകൂ? അതിനാല്‍ മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. വ്യത്യസ്തമായ ഒരു പേര് വേണം സ്ഥാപനത്തിന് എന്ന എന്റെ ആവശ്യം പരിഗണിച്ച് സുഹൃത്തുക്കളാണ് ക്ലും എന്ന പേര് നിര്‍ദേശിച്ചത്. പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലെങ്കിലും ഈ പേര് ഉപാഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് എന്നെ ഏറെ സഹായിച്ചു. കോഴിക്കോടേക്ക് പ്രവര്‍ത്തനമേഖല മാറ്റിയപ്പോള്‍ വിപണി പിടിക്കുവാന്‍ ഏറെ സഹായിച്ചത് ഈ പേരാണ്. തുടക്കത്തില്‍ ആന്ധ്രയില്‍ നിന്നും മെറ്റീരിയല്‍ എടുത്ത് കുര്‍ത്തകളും മറ്റും ഞാന്‍ തയ്പ്പിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ കോഴിക്കോടേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍, ആന്ധ്രയിലെത്തി കലംകാരിയിലെ കൂടുതല്‍ വ്യത്യസ്തമായ ഡിസൈനുകള്‍ കണ്ടെത്തി. അവിടെ കലാകാര•ാരുമായി ബന്ധം സ്ഥാപിക്കുകയും കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ നിര്‍മിക്കുകയും ചെയ്തു. കലംകാരിക്കൊപ്പം പെന്‍ കലംകാരി, അജ്‌റക് തുടങ്ങിയ ഡിസൈനുകള്‍ പരീക്ഷിച്ചത് ഏറെ വിജയം കണ്ടു. കോഴിക്കോട് ചെറുകുത്തി റോഡിലുള്ള ക്ലും ഷോറൂം തേടി മറ്റു ജില്ലകളില്‍ നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ ക്ലും സംരംഭലോകത്ത് തന്റേതായ ഇടം കണ്ടെത്തിത്തുടങ്ങി” ക്ലും സ്ഥാപകയായ പ്രജിന ജാനകി പറയുന്നു.

സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റും
കലംകാരി ഡിസൈനുകള്‍ വേഗത്തില്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും എന്നും വിപണി പിടിച്ചെടുക്കാനാവില്ലെന്നും പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു സ്ഥാപനത്തിന്റെ പിന്നീടുള്ള വളര്‍ച്ച. പ്രഗത്ഭാധനരായ കലാകാര•ാരില്‍ നിന്നും കേരളത്തിന്റെ രുചി അറിഞ്ഞ്, നിറങ്ങളും ഡിസൈനുകളും തെരഞ്ഞെടുത്തത് ‘ക്ലും’ എന്ന സംരംഭത്തിന് മുതല്‍ക്കൂട്ടായി. ഫ്‌ലോറല്‍ പ്രിന്റുകളും വെജിറ്റബിള്‍ പ്രിന്റുകളും ഉള്ള കാലംകരിയില്‍ സ്വന്തത്തെ ഡിസൈനുകള്‍ വികസിപ്പിച്ചെടുക്കാന്‍ പ്രജിനക്ക് കഴിഞ്ഞു.
സെലിബ്രിറ്റികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ സ്ഥാപനത്തെയും ഉല്‍പ്പന്നങ്ങളെയും സ്വീകരിച്ചതോടെ ക്ലും അടുത്തതലത്തിലേക്ക് വളര്‍ന്നു. ആന്ധ്രയില്‍ നിന്നും എടുത്ത ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങാന്‍ പ്രജിന തീരുമാനിച്ചത് അങ്ങനെയാണ്. ഇപ്പോള്‍ ജാനകി എന്ന പേരിലുള്ള നിര്‍മ്മാണ യൂണിറ്റിലാണ് ക്ലുമ്മിന്റെ വസ്ത്ര നിര്‍മാണം നടക്കുന്നത്.
മാറിമാറി വരുന്ന ഫാഷന് അനുസൃതമായി ഡിസൈനുകളില്‍ മാറ്റം വരുത്താന്‍ പ്രജിന ശ്രദ്ധിക്കുന്നുണ്ട്.രണ്ട് പേരുമായി പ്രവര്‍ത്തമാരംഭിച്ച സ്ഥാപനത്തില്‍ 15 സ്ഥിരം തൊഴില്ലായ്കളുണ്ട്.മാത്രമല്ല, ന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള വിദഗ്ദ്ധരായ തയ്യല്‍ക്കാര്‍ ജാനകിയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. 40 ലക്ഷം രൂപയോളം വരുമാനം നേടുന്ന സ്ഥാപനമായി വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ക്ലുമ്മിനു വളരാന്‍ കഴിഞ്ഞത് പ്രജിന ജാനകി എന്ന സംരംഭകയുടെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ഒന്നുകൊണ്ട് മാത്രമാണ്. കുര്‍ത്തകള്‍ , സാരികള്‍ , ടോപ്പുകള്‍ , ഡ്രസ്സ് മെറ്റീരിയലുകള്‍ എന്നിവയാണ് സ്ഥാപനത്തിലൂടെ വില്‍പ്പനക്ക് എത്തുന്നത്.

ഭാവി പദ്ധതികള്‍
ഇപ്പോള്‍ മുഴുവന്‍ സമയ സംരംഭകായി മാറിയ പ്രജിന ജാനകി എക്‌സിബിഷനുകളിലെ സജീവ സാന്നിധ്യമാണ്. കോഴിക്കോടിന് പുറമെ വരുന്ന മാസം കൊച്ചിയിലും ക്ലും പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട ഇന്ത്യന്‍,വിദേശ നഗരങ്ങളിലും സാന്നിധ്യമറിയിക്കുന്ന ഒരു സ്ഥാപനമായി ക്ലുമ്മിനെ വളര്‍ത്തുക എന്നതാണ് പ്രജിനയുടെ ലക്ഷ്യം.
സംരംഭകമോഹികളോട് പ്രജിനക്ക് പറയാനുള്ളതാകട്ടെ , തന്റെ പാഷന്‍ പിന്തുടര്‍ന്ന് വിജയം കൈവരിക്കുക എന്ന തന്റെ ട്രേഡ് സീക്രട്ടും.
