പരമ്പരാഗത കര്‍ഷകര്‍ തേന്‍കൃഷിയിലേക്ക്
പശിചിമഘട്ട മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന പാലക്കാട് ജില്ലയിലെ തച്ചമ്പാറ എന്ന പ്രദേശം കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ തേന്‍കൃഷിയുടെ ചുവടുപിടിച്ച് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വര്ഷങ്ങളായി നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തച്ചമ്പാറയിലെ കര്‍ഷകര്‍ ഇപ്പോള്‍ തേന്‍കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ തേന്‍കര്‍ഷകരുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
തേന്‍ മധുരമുള്ള തച്ചമ്പാറ, പാലക്കാട് ജില്ലയിലെ കര്‍ഷകഗ്രാമമായ തച്ചമ്പാറ ഇനി അറിയപ്പെടുന്നത് ഈ പേരിലായിരിക്കും. തേന്‍കൃഷിയുടെ സാമ്പത്തിക വശങ്ങള്‍ മനസിലാക്കിയ ഇവിടുത്തെ പരമ്പരാഗത കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് തേന്‍കൃഷിയിലാണ്. ഒരുവശത്ത് പശിമഘട്ട മലനിരകളുടെയും കാടിന്റെയും സാമിപ്യം, മറുവശത്ത് തെങ്ങിന്‍തോട്ടവും റബ്ബര്‍തോട്ടവും. ഇത്തരമൊരു അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന തേനിന് ഗുണങ്ങള്‍ ഏറെയാണ്. ഔഷധച്ചേരുവയായി തച്ചമ്പാറയിലെ തേന്‍ ചേര്‍ക്കുന്നത് മികച്ച ഗുണനിലവാരം നല്‍കുന്നു എന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തതോടെ തച്ചമ്പാറ തേനിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്ന് തച്ചമ്പാറ തേന്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ വിറ്റു പോകുന്നത്.
നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തച്ചമ്പാറയില്‍ ഇത്തരത്തിലൊരു കാര്‍ഷിക മുന്നേറ്റം ഉണ്ടാകുന്നതെന്ന് 20 വര്‍ഷമായി തേന്‍കൃഷി ചെയ്യുന്ന ശിരുവാണി സ്വദേശിയായ ബിജു ജോസഫ് പറയുന്നു.” ചെറുതേന്‍ കൃഷിക്ക് കാലങ്ങള്‍ക്ക് മുന്‍പേ പേരുകേട്ട സ്ഥലമായിരുന്നു ഇത്. ധാരാളം കര്‍ഷകര്‍ ഇവിടെ ചെറുതേന്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വന്നു. മാത്രമല്ല, തേനീച്ചക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടത്തിയ ക്‌ളാസുകള്‍ ഗുണകരമായി. വീട്ടമ്മമാരും തേനീച്ച വളര്‍ത്തലിന്റെ ഗുണം മനസിലാക്കി മുന്നോട്ട് വന്നു. നിലവില്‍ തച്ചമ്പാറ എന്ന ഈ കൊച്ചു പ്രദേശത്ത് 300 ലേറെ തേനീച്ച കര്ഷകരാണുള്ളത്” ബിജു ജോസഫ് പറയുന്നു.
പശുപരിപാലനം, കോഴിവളര്‍ത്തല്‍, പച്ചക്കറിക്കൃഷി തുടങ്ങി വിവിധ കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികളാണ് ഇപ്പോള്‍ തേനീച്ച വളര്‍ത്തലിലൂടെ പതിനായിരങ്ങള്‍ സമ്പാദിക്കുന്നത്. രണ്ടു പശുവിനെ വളര്‍ത്തുന്നതിനെക്കാള്‍ ലാഭം അമ്പതു പെട്ടി വന്‍തേനീച്ച വളര്‍ത്തിയാല്‍ ലഭിക്കുമെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. തേനീച്ച വളര്‍ത്തല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറവാണ് എന്നതും തേനീച്ച വളര്‍ത്തലിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. രണ്ടു തേനീച്ച പെട്ടി മുതല്‍ നൂറു തേനീച്ചപ്പെട്ടിക്ക് മുകളിലുള്ള കര്‍ഷകര്‍ തച്ചമ്പാറയിലുണ്ട്. ഒരു തേനീച്ചപ്പെട്ടി വയ്ക്കുന്നതിന് 1500 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് തേനീച്ചക്കൃഷിക്ക് വേണ്ട അടിസ്ഥാന മൂലധന നിക്ഷേപം. സാധാരണയായി ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് തേന്‍ ലഭിക്കുന്നത്. ഒരു തേനീച്ചപ്പെട്ടിയില്‍ നിന്നും 10 മുതല്‍ 15 കിലോ വരെ തേന്‍ ലഭിക്കും. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ എട്ടുതവണ തേന്‍ ശേഖരിക്കാന്‍ കഴിയും.
ചെറുതേന്‍ കിലോ 2500 രൂപ
തച്ചമ്പാറയിലെ കര്‍ഷകര്‍ മൊത്തമായും ചില്ലറയായും തേന്‍ വില്‍ക്കുന്നുണ്ട്. വന്‍തേനിന് കിലോക്ക് 325 രൂപ മുതല്‍ 350 രൂപവരെയാണ് ഈടാക്കുന്നത്. ചെറുതേനിന് കിലോക്ക് 2500 രൂപയാണ് വില. ചെറുതേന്‍ പ്രധാനമായും മരുന്നിന്റെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറവാണ് എന്നതും വില കൂടുതലാണെന്നതും ചെറുതേന്‍ വിപണിയില്‍ വ്യാജ•ാര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ നേരിട്ട് തേനീച്ചക്കൂട്ടില്‍ നിന്നും ചെറുതേന്‍ എടുത്ത് നല്‍കുവാനും തച്ചമ്പാറയിലെ കര്‍ഷകര്‍ തയ്യാറാണ്. കാട്ടുപൂക്കളുടെ തേന്‍കൂടി ചേരുന്നതിനാല്‍ തച്ചമ്പാറയിലെ തേനിന് ഔഷധമൂല്യം വളരെ കൂടുതലാണ്. അതിനാല്‍ വിദേശത്തേക്ക് കൊണ്ട് പോകുന്നതിനും മറ്റുമായി ഇവിടെ നിന്നും ധാരാളംപേര്‍ തേന്‍ വാങ്ങുന്നു.
ശരാശരി നൂറു പെട്ടിയില്‍ നിന്നും ഒരു ടണ്‍ തേന്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇവിടുത്തെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. നേരിട്ടും കടകള്‍ മുഖാന്തരവും തേന്‍ വിതരണം നടക്കുന്നുണ്ട്. തച്ചമ്പാറയിലെ തേന്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി അമൃതം, മധുരിമ തുടങ്ങിയ രണ്ടു സംഘടനകള്‍ രൂപീകരിച്ചിട്ടുണ്ട്. ചെറുതേനീച്ച കര്‍ഷകരുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് അമൃതം എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. സംഘടനയില്‍ നിലവില്‍ 60 കര്‍ഷകരാണുള്ളത്. വന്‍തേനീച്ച വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് മധുരിമ. മധുരിമയില്‍ നിലവില്‍ 250 ലേറെ അംഗങ്ങളുണ്ട്. ഒരു വീട്ടില്‍ ഒരു ചെറുതേനീച്ച പെട്ടി എന്ന പോളിസി സ്വീകരിച്ചാണ് തച്ചമ്പാറയിലെ കര്‍ഷകര്‍ പ്രവര്‍ത്തിക്കുന്നത്. വന്‍തേനീച്ചപ്പെട്ടികള്‍ റബര്‍ത്തോട്ടങ്ങളിലും തെങ്ങിന്‍തോപ്പുകളിലുമാണു സ്ഥാപിക്കുകയെങ്കില്‍ പൂച്ചെടികള്‍ കൂടുതലുള്ള വീട്ടുവളപ്പുകളിലാണ് ചെറുതേനീച്ചക്കോളനികള്‍ വയ്ക്കുക.ചെറുതേന്‍ ആവശ്യത്തിന് ലഭ്യമല്ല എന്നതിനാലാണ് ഇത്. ഒരിക്കല്‍ തേനീച്ചപ്പെട്ടി ഒരുക്കിയാല്‍ സീസണ്‍ ആകുന്നത് വരെ തേനീച്ചകള്‍ കൂടൊഴിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നത് മാത്രമാണ് പരിചരണം എന്ന നിലക്ക് വരുന്നത്. മഴക്കാലത്ത് തേനീച്ചകള്‍ക്ക് തേന്‍ എടുക്കല്‍ സാധ്യമല്ലാത്തതിനാല്‍ പഞ്ചസാര ലായനി നല്‍കണം. ഇതെല്ലാമുള്ള പരിശീലനം മുതിര്‍ന്ന കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ നല്‍കുന്നുണ്ട്.
കൂടുതല്‍ കര്‍ഷകരും മറ്റുകൃഷികള്‍ക്കൊപ്പം സൈഡ് ബിസിനസ് എന്ന രീതിയിലാണ് തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത് എങ്കിലും മികച്ച വരുമാനം ലഭിച്ചു തുടങ്ങിയതോടെ മുഴുവന്‍ സമയ കര്‍ഷകരായി മാറിയിരിക്കുകയാണ്. പശിചിമഘട്ട മലനിരക്കപ്പുറമുള്ള തമിഴ്‌നാട്ടുകാര്‍ കൂടുതല്‍ ലാഭം നോക്കി സീസണില്‍ 5 ദിവസം കൂടുമ്പോള്‍ തേനെടുക്കുമെങ്കില്‍ 78 ദിവസമാണ് തച്ചമ്പാറക്കാരുടെ ഇടവേള. ഇത് തേനിന്റെ ഗുണമേ• വര്‍ധിപ്പിക്കുന്നു. ഒരു തേന്‍ പെട്ടിയില്‍ നിന്നും 20 കിലോ തേന്‍വരെ നേടിയ കര്‍ഷകര്‍ ഇവിടെയുണ്ട്. തേനീച്ചവളര്‍ത്തല്‍ സുസ്ഥിര വരുമാനം നല്‍കുന്ന സംരംഭം എന്ന നിലയ്ക്ക് സ്വീകരിച്ചിരിക്കുന്നു ഇന്ന് തച്ചമ്പാറയിലെ മുപ്പതു ശതമാനം കര്‍ഷക കുടുംബങ്ങളും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് നൂറു ശതമാനമാക്കുകയാണ് തച്ചമ്പാറയിലെ കര്‍ഷകരുടെ ലക്ഷ്യം.
ശിരുവാണി ഹണി എന്ന പേരില്‍ തേന്‍ വില്‍ക്കുന്ന ബിജു ജോസഫിന് തേനീച്ചവളര്‍ത്തല്‍ ഇന്ന് വരെ നഷ്ടമുണ്ടാക്കിയിട്ടില്ല. ബിജുവിനെപ്പോലെ തേനീച്ചക്കൃഷിയില്‍ തിളങ്ങുന്ന ഒട്ടേറെ കര്‍ഷകരുണ്ട് തച്ചമ്പാറയില്‍. വളര്‍ത്താന്‍ എളുപ്പമാണ് എന്നതിനാല്‍ വന്‍തേനീച്ചയ്ക്കായിരുന്നു കര്‍ഷകര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് മൂല്യവും കൂടുതലുള്ള ചെറുതേന്‍ ഉല്‍പാദനത്തിലേക്കു തിരിയുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചിട്ടുണ്ട്. നാട്ടില്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചതോടെ പരാഗണവും വര്‍ധിച്ചു. ഇതോടെ മറ്റ് കാര്‍ഷികവിളകളുടെ വിളവും വര്‍ധിച്ചു.