പാടത്ത് വിത്തെറിയാനും കൊയ്ത്തുത്സവം നടത്തി നെല്ല് കൊയ്ത് അരിയാക്കി വിപണിയിലെത്തിക്കാനും വളയിട്ട കൈകള്‍. കഴിഞ്ഞില്ല, ക്ഷീരോല്‍പ്പാദനത്തിലും കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിലും ഇവര്‍ മുന്നില്‍ തന്നെ. മാസത്തിലെ ആദ്യത്തെ ഞായറാഴ്ച സംഘടിപ്പിക്കുന്ന നാട്ടുചന്തയിലൂടെ മലപ്പുറം കോക്കൂരിലെ ഈ പെണ്‍കൂട്ടായ്മ നേടുന്നത് മികച്ച വരുമാനം. വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊട്ടാകെ സംരംഭകത്വം പഠിപ്പിച്ച കഥയാണ് പെണ്‍മിത്ര എന്ന സംഘടനക്കും സാരഥി സീനത്ത് കോക്കൂരിനും പറയാനുള്ളത്.
സംരംഭകത്വവും കാര്‍ഷികവൃത്തിയും ഒരു നാടിന്റെ നട്ടെല്ലായി മാറിയ കഥയാണ് പെണ്‍മിത്ര എന്ന സംഘടന പങ്കുവയ്ക്കുന്നത്. വീട്ടുവളപ്പില്‍ തുടങ്ങിയ കൃഷി വ്യവസായികാടിസ്ഥാനത്തിലേക്ക് വഴിതിരിച്ചുവിടാന്‍ കോക്കൂരിലെ പെണ്ണുങ്ങള്‍ തയ്യാറായപ്പോള്‍ വീടിനകത്ത് ജോലിയും ചെയ്ത് കാലങ്ങളോളം വീട്ടമ്മക്കുപ്പായത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ക്ക് അതൊരു പുത്തനുണര്‍വായിരുന്നു. അധ്വാനിക്കാനുള്ള മനസുള്ളവരാണ് മലപ്പുറത്തെ സ്ത്രീകള്‍. എന്നാല്‍ അതിന് കൃത്യമായ ഒരു ദിശവേണമെന്ന് മാത്രം. മുന്നില്‍ നിന്നും പടനയിക്കാന്‍ നേതൃഗുണമുള്ള ഒരു വ്യക്തിയുണ്ടെങ്കില്‍ നാലാള്‍ കാണ്‍കെ അധ്വാനിച്ച്, സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇവര്‍ കെല്‍പ്പ് കാണിക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോക്കൂര്‍ സ്വദേശിയായ സീനത്ത് ഇത്തരത്തില്‍ ഒരു തീപ്പൊരി ആവശ്യവുമായാണ് രംഗത്തെത്തിയത്. സാമൂഹ്യപ്രവര്‍ത്തയായ സീനത്തിന്റെ എന്നും വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു വീട്ടുജോലികള്‍ ചെയ്ത് വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന തന്റെ നാട്ടിലെ വനിതകള്‍. പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പോലും അവര്‍ക്ക് ഭര്‍ത്താക്ക•ാരുടെയും മക്കളുടേയും സഹായം തെണ്ടേണ്ടിവരുന്നു. സ്വന്തമായി ഒരു വരുമാനമില്ലാത്തതാണ് ഈ പ്രശ്‌നത്തിന് കാരണം.
സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി ജോലിക്ക് പോകാമെന്നു കരുതിയാല്‍ വിദ്യാഭ്യാസം, പ്രായം അങ്ങനെ പലകാര്യങ്ങളും തടസമായി വരും. ഈ അവസ്ഥയില്‍ സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗം വീട്ടില്‍ വച്ച് തന്നെ ചെയ്യാന്‍ കഴിയുന്ന കൃഷി പോലുളള കാര്യങ്ങളാണ്. എന്നാല്‍ സ്വന്തമായി ചെയ്യാതെ മറ്റുള്ളവരെ ഉപദേശിക്കുന്നതില്‍ കാര്യമില്ലല്ലോ. അതിനാലാണ് സീനത്ത് രണ്ടും കല്‍പിച്ച് കൃഷിയിലേക്ക് ഇറങ്ങുന്നത്.
”വലിയ രീതിയില്‍ അല്ലെങ്കിലും ഒരു മാറ്റം സാമൂഹ്യസ്ഥിതിയില്‍ കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ കൃഷിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ കാര്‍ഷികവൃത്തിയെപ്പറ്റി വലിയധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കൃഷി ഓഫീസ് മുഖാന്തരം കാര്യങ്ങള്‍ പഠിച്ചെടുത്തു.ഗ്രോ ബാഗില്‍ പച്ചക്കറികള്‍ നട്ടുകൊണ്ടായിരുന്നു തുടക്കം. അതില്‍ നിന്നും മികച്ച വിളവ് ലഭിച്ചതോടെ അയല്‍വാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.പയ്യനെ പയ്യനെ അവരിലും കൃഷി ചെയ്യാനുള്ള താല്‍പര്യം വര്‍ധിച്ചു. ഗ്രോ ബാഗില്‍ വിളഞ്ഞ തക്കാളിയും വെണ്ടയും വഴുതനയും ഉള്‍പ്പെടുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് വിപണിയുണ്ടെന്ന് മനസിലാക്കുന്നത് അങ്ങനെയാണ്. കൂടുതല്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടപ്പോള്‍ കര്‍ഷകര്‍ ഒരിടത്ത് ഒരുമിച്ചു കൂടിയായി വില്‍പന. നാട്ടുചന്ത എന്ന ആശയം ആരംഭിക്കുന്നത് ഇത്തരത്തിലാണ്” സീനത്ത് പറയുന്നു.
പെണ്‍മിത്ര പേരില്‍ തന്നെയുണ്ട് എല്ലാം
കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം മുമ്പ് മട്ടുപ്പാവുകൃഷിയിലൂടെയാണ് പെണ്‍മിത്ര ഫാര്‍മേഴ്‌സ് ക്ലബ് പിറവിയെടുത്തത്. വനിതകള്‍ മാത്രമുള്ള കൂട്ടായ്മയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടെത്തിയ എല്ലാ സ്ത്രീകളെയും സീനത്ത് കൂടെ കൂട്ടി.അവര്‍ക്കാവശ്യമായ കൃഷി അറിവുകളും പകര്‍ന്നു നല്‍കി.തുടക്കം വീട്ടിലെ മട്ടുപ്പാവില്‍ ആയിരുന്നു എങ്കിലും പിന്നീട് മട്ടുപ്പാവിലെ കൃഷി തൊടിയിലേക്കിറങ്ങി. വരുമാനത്തിലുള്ള വക ലഭിച്ചു തുടങ്ങിയതോടെ, കൃഷിഭൂമിയില്‍ തന്നെ വിത്ത് വിതച്ചാല്‍ എന്താ എന്നായി ചിന്ത. ആ ചിന്തയുടെ അവസാനം കൈകോട്ടും മണ്‍വെട്ടിയുമായി പെണ്‍മിത്രയിലെ താരങ്ങള്‍ കര്‍ഷകരുടെ കുപ്പായമണിഞ്ഞു. ഒരൊറ്റ ആളില്‍ നിന്നും തുടങ്ങിയ പെണ്‍മിത്ര നാളുകള്‍ക്കുള്ളിലാണ് വളര്‍ന്നു വികസിച്ചത്. ഇന്ന് വിവിധ വിഭാഗങ്ങളിലായി അമ്പതോളം അംഗങ്ങളുള്ള സ്ത്രീകളുടെ മാത്രം ക്ലബ്ബാണ് പെണ്‍മിത്ര.കോക്കൂരിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടമൊരുക്കാന്‍ പ്രേരിപ്പിച്ച സീനത്തിന്റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി നെല്‍കൃഷിയും ചെയ്യുന്നുണ്ട്.തുടക്കത്തില്‍ സ്ത്രീകള്‍ക്ക് ഇതൊക്കെ പറ്റുമോ എന്ന് ചോദിച്ച് മൂക്കത്ത് വിരല്‍ വെച്ചവര്‍ ഇന്ന് സീനത്തിന്റെയും കൂട്ടരുടെയും മുന്നേറ്റത്തില്‍ കയ്യടിക്കുകയാണ്.
”എന്റേത് ഒരു കര്‍ഷക കുടുംബമാണ് എന്നതായിരുന്നു എന്റെ ആത്മവിശവസം. ഉപ്പയും ഉമ്മയും മാത്രമല്ല ഭര്‍ത്താവും കര്‍ഷകരായിരുന്നു. എന്നാല്‍ അവര്‍ കൃഷിയെ സ്‌നേഹിച്ചിരുന്ന കാലത്ത് ഞാന്‍ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കൃഷിയില്‍ താല്‍പര്യം വര്‍ധിച്ചപ്പോള്‍ കൃഷിഭവന്‍ നല്‍കുന്ന ഉപദേശത്തിനൊപ്പം അവരുടെ വാക്കുകളും പ്രചോദനമായി. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന മഞ്ജു വാര്യര്‍ ചിത്രം കണ്ടപ്പോള്‍ കിട്ടിയ എനര്‍ജിയാണ് എന്നെ യഥാര്‍ത്ഥത്തില്‍ കൃഷിയിലേക്കെത്തിച്ചത്. ചുറ്റുപാടും നടക്കുന്നതും കാണുന്നതുമായ കാര്യങ്ങളില്‍ നിന്നും പോസറ്റിവ് ആയത് സ്വീകരിക്കുക എന്നതാണ് എന്റെ രീതി. കൃഷിയിലും സംരംഭകത്വത്തിലും ഞാന്‍ പിന്തുടര്‍ന്നത് അത് തന്നെയാണ് ” സീനത്ത് പറയുന്നു.
വിപണി സാധ്യതയേറെ
കൂടുതല്‍ ആളുകള്‍ രംഗത്തേക്ക് എത്തിയതോടെ ഉല്‍പ്പാദനം വര്‍ധിച്ചു. അയല്വാസികള്‍ക്കിടയില്‍ മാത്രം വിറ്റു തീര്‍ക്കാന്‍ കഴിയുന്നതിലും ഏറെ ഉല്‍പ്പന്നം ഉണ്ടായപ്പോള്‍ വ്യത്യസ്തമായ വിപണന തന്ത്രം തന്നെ ആവിഷ്‌കരിച്ചു. ഉല്‍പാദനത്തോടൊപ്പം മികച്ച വ്യാപനവും ലക്ഷ്യമിട്ടുകൊണ്ടാണ് നാട്ടുചന്ത ആരംഭിച്ചത്. പെണ്‍മിത്രയുടെ അംഗങ്ങളെ മുന്‍നിര്‍ത്തിയാണ് നാട്ടുചന്ത എന്ന ആശയം ഉടലെടുത്തതെങ്കിലും അംഗങ്ങളല്ലാത്തവരില്‍നിന്നും കുട്ടികളില്‍നിന്നും മികച്ച പിന്തുണ ലഭിച്ചു. കോക്കൂരിലെ സ്‌കൂളില്‍ വച്ചാണ് നാട്ടുചന്ത നടത്താന്‍ തീരുമാനമായത്. മാസത്തില്‍ ഒരു ദിവസം മാത്രമാണ് ചന്ത സംഘടിപ്പിക്കുന്നത്. അതും ആദ്യത്തെ ഞായറാഴ്ച. ഒരു ദിവസം മാത്രമുള്ള നാട്ടുചന്തയില്‍ നിരവധി പരിപാടികള്‍ ഉള്‍ക്കൊള്ളിക്കാനാണ് പെണ്‍മിത്ര ശ്രമിച്ചിട്ടുള്ളത്. ഉല്‍പ്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നപരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പെണ്‍മിത്ര പദ്ധതികള്‍ ആവിശ്കരിച്ചത്. പെണ്‍മിത്ര പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായം തിരികെക്കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പുരയിടത്തില്‍ കൃഷിചെയ്തുണ്ടാക്കിയ ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന് കൈമാറ്റം ചെയ്ത് മറ്റുല്‍പന്നങ്ങള്‍ വാങ്ങാം.എന്നാല്‍ മുന്‍കൂട്ടി അറിയിച്ചവര്‍ക്കു മാത്രമേ ഇങ്ങനെ കൈമാറ്റം ചെയ്യാന്‍ സാധിക്കൂ. കൂണ്‍കൃഷി, അക്വാപോണിക്‌സ്, തേനീച്ചവളര്‍ത്തല്‍, മൈക്രോഗ്രീന്‍സ്, തിരിനന തുടങ്ങിയവയില്‍ പരിശീലനക്ലാസുകളും കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നാട്ടുചന്തയുടെ ഭാഗമായി ലഭിക്കും. ഒപ്പം യോഗ പഠന ക്ലാസും നടത്തുന്നുണ്ട്.
പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ നാടിനു മുഴുവന്‍ പ്രചോദനമാകാന്‍ പെന്‍മിത്രകാഃയി. എക്കാലത്തും ഏറെ ശ്രദ്ധിക്കപ്പെട്ടത് നെല്‍ക്കൃഷിയാണ്. മഴകിട്ടാതെ വരള്‍ച്ചയെ നേരിട്ട കാലത്ത് പോലും പെണ്‍മിത്ര വയലില്‍ വിത്തെറിഞ്ഞു. പമ്പ് വച്ച് വെള്ളമടിച്ചായിരുന്നു കൃഷി. അക്കുറിയും കിട്ടി മികച്ച വിളവ്. ഓരോ കൊയ്ത്തും കൊയ്ത്തുത്സവമായാണ് ആഘോഷിക്കുന്നത്. വന്ന് വന്ന് കോക്കൂരിന്റെ മുഴുവന്‍ ആഘോഷമായി പെണ്‍മിത്രയുടെ കൊയ്ത്തുത്സവം മാറിക്കഴിഞ്ഞു. നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ, വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും തയാറാക്കിയ മസാലകള്‍, അച്ചാറുകള്‍, കുട്ടികള്‍ക്കുള്ള കായപ്പൊടികള്‍, പുഡ്ഡിങ്, ചമ്മന്തിപ്പൊടി, ഔഷധക്കഞ്ഞി, പായസം, ബിരിയാണി, ബിരിയാണി കഞ്ഞി, പലഹാരങ്ങള്‍ തുടങ്ങിയവയും ബാഗ്, ചവിട്ടി മുതലായവയും വില്‍പനക്കായി എത്തുന്നുണ്ട്. വിപണി വിലയില്‍ നിന്നും കുറഞ്ഞ വിലക്കാണ് ഇവ വില്‍ക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാം.
പാളയും ഓലയും ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കുട്ടികള്‍ പെണ്‍മിത്രയുടെ മറ്റൊരാകര്ഷണമാണ്. ചിരട്ടകൊണ്ട് നിര്‍മിക്കുന്ന വിവിധ കരകൗശല വസ്തുക്കളിലാണ് ഇപ്പോള്‍ പെണ്‍മിത്ര കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. വിലക്ക്, പത്രങ്ങള്‍, തവികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തുന്നു. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ക്ക് വിപണിയുണ്ടെന്നതിനാല്‍ ഇവയുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ പതിപ്പിക്കാനാണ് പെണ്‍മിത്ര തീരുമാനിച്ചിരിക്കുന്നത്.കപ്പൂര്‍ കെഎഎംഎഎല്‍പി സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഓലയുല്‍പന്ന നിര്‍മാണം, കടലാസ് പേന, കടലാസ് കവര്‍ തുടങ്ങിയവയുടെ നിര്‍മാണപരിശീലനവും നാട്ടുചന്തയുടെ ഭാഗമായുണ്ട്.ഒരു വ്യക്തിയില്‍ നിന്നും തുടങ്ങിയ മാറ്റം ഒരു നാടാകെ ഏറ്റെടുത്തിരിക്കുന്ന മഹനീയ മാതൃകയാണ് പെണ്‍മിത്ര പങ്കുവയ്ക്കുന്നത്.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ വിജയമാണ് തങ്ങളെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്നു സീനത്ത് കോക്കൂര്‍ പറയുന്നു.
ആദ്യപേര് വേറിട്ടൊരു നാട്ടുചന്ത
കപ്പൂര്‍ കെഎഎംഎഎല്‍പി സ്‌കൂളില്‍ ആദ്യമായി നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പേര് വേറിട്ടൊരു നാട്ടുചന്ത എന്നായിരുന്നു. എന്നാല്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് വരന്‍ തുടങ്ങുകയും പൂര്‍ണമായും വനിതകളുടെ കൂട്ടായ്മയായി മാറുകയും ചെയ്തതോടെ, വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന വനിതകള്‍ക്ക് ഒരു പ്രചോദനം എന്ന നിലക്കാണ് പെണ്‍മിത്ര എന്ന പേര് സ്വീകരിച്ചത്. പേര് പോലെ തന്നെ അക്ഷരാത്ഥത്തില്‍ സ്ത്രീകളുടെ മിത്രമാകാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. തുടക്കത്തില്‍ പെണ്‍മിത്രയില്‍ 10 സ്ത്രീകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ എല്ലാവരും കൃഷിയില്‍ സജീവമായിരുന്നു. മെല്ലെ മെല്ലെ ഈ പത്തുപേരുടെ വീട്ടിലും ജൈവകൃഷിയില്‍ പച്ചക്കറികളൊക്കെ വിളവെടുത്തു. അതുകണ്ട് മറ്റ് വീടുകളിലുള്ളവര്‍ക്കും താല്‍പര്യമായി. അങ്ങനെ പാടി പടിയായാണ് പെണ്‍മിത്ര വികസിച്ചത്. ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് തന്നെയാണ് അംഗങ്ങള്‍ പറയുന്നത്.ഏക്കറ് കണക്കിന് പാടത്താണ് ഇത്തവണ പെണ്‍മിത്ര കൃഷിയിറക്കിയിരിക്കുന്നത്. ഇപ്പോള്‍ ഈ പ്രദേശത്ത് തരിശായി കിടക്കുന്ന പാടങ്ങള്‍ വളരെ കുറവാണ്.കൃഷിയെ സ്‌നേഹിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കൂടി പെണ്‍മിത്രക്കായി. സ്വന്തമായൊരു ബ്രാന്‍ഡ് എന്ന സ്വപ്നം പെണ്‍മിത്രയിലെ താരങ്ങള്‍ക്ക് വിദൂരമല്ല.