ഒരു സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് അടിത്തറ പാകുന്ന ഏറ്റവും പ്രധാന ഘടകമാണ് സ്ത്രീ-പുരുഷ സമത്വം. വീടുകളില്‍ നിന്നും ആരംഭിച്ച്, സംരംഭകത്വത്തിലൂടെ സാമ്പത്തിക രംഗത്തെ നിര്‍ണായക ഘടകമാകുന്ന രീതിയില്‍ ലിംഗസമത്വം എന്ന ആശയം വേരുറയ്‌ക്കേണ്ടതുണ്ട്. എങ്കിലേ ആ സമൂഹത്തെ പക്വതയാര്‍ജിച്ച ഒന്നെന്ന് വിളിക്കാനാകൂ.
പല രാജ്യങ്ങളും വനിതകളെ സംരംഭകത്വത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വും ക്രിയാത്മകവുമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
2019-ല്‍ മാസ്റ്റര്‍കാര്‍ഡ് പുറത്തിറക്കിയ വനിതാ സംരംഭക സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 52 ആയിരുന്നു. ആകെ 58 രാജ്യങ്ങളായിരുന്നു പട്ടികയിലെന്നതും ഓര്‍ക്കണം. എന്നാല്‍ ഉഗാണ്ട, ഘാന, ബോട്‌സ്വാന പോലുള്ള രാജ്യങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറ്റം നടത്തുന്നതും കാണാം. ഈ രാജ്യങ്ങളിലെ വനിതാ ബിസിനസ് ഉടമസ്ഥത യഥാക്രമം 38.2%, 37.9%, 36% എന്നിങ്ങനെയാണ്.
ഓക്‌സ്ഫാം ഇന്ത്യ നടത്തിയ പഠനമനുസരിച്ച് വനിതകളുടെ തൊഴില്‍ നഷ്ടത്തിലൂടെ മാത്രം 216 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകും
ഏറെ വിഭവസ്രോതസുള്ള ഇന്ത്യയെയും സാക്ഷരതയിലും മറ്റ് സാമൂഹ്യ സൂചകങ്ങളിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെയുമെല്ലാം സംബന്ധിച്ച് വനിതാ സാമ്പത്തിക മുന്നേറ്റം യഥാര്‍ത്ഥത്തില്‍ അത്ര ശ്രമകരമായ ദൗത്യമൊന്നുമല്ല. എന്നാല്‍ മനോഭാവത്തില്‍ കാതലായ മാറ്റം വരണം. അത് വളരെ വേഗത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു.
സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ് എടുത്തു പറയേണ്ട കാര്യം. ചെറുതെങ്കിലും ഒരു ജോലി എന്നതില്‍ നിന്നും ചെറുതെങ്കിലും സ്വന്തമായൊരു സംരംഭം, അതില്‍ നിന്നും വരുമാനം എന്ന നിലയിലേക്ക് പല സ്ത്രീകളുടെയും സാമ്പത്തിക ചിന്തകള്‍ പരിണാമപ്പെട്ടു എന്നതാണ് ഈ രംഗത്തെ എടുത്ത് പറയേണ്ട മാറ്റം.
ബിസിനസ് ഡേ തുടക്കം കുറിച്ച 100 Days 100 Women Entrepreneurs കാമ്പയിനിന് ലഭിക്കുന്നത് അഭൂതപൂര്‍വമായ പിന്തുണയാണ്
വനിതാസംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് ഡേ മാസിക തുടക്കം കുറിച്ച 100 Days 100 Women Entrepreneurs എന്ന കാമ്പയിനിന് ലഭിക്കുന്ന അഭൂതപൂര്‍വമായ പിന്തുണ ഇക്കാര്യം അടിവരയിടുന്നു.
ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, കരകൗശല സൃഷ്ടികള്‍ തുടങ്ങിയ ലഘു സംരംഭങ്ങള്‍ മുതല്‍ മരുന്ന് നിര്‍മാണം, ടൂറിസം മേഖല, ആരോഗ്യരംഗം എന്നിവിടങ്ങളില്‍ വരെ വനിതകളുടെ മുന്നേറ്റം നമുക്കിന്ന് കാണാനാകും.
സ്ത്രീകള്‍ സ്വന്തം കരുത്ത് തിരിച്ചറിയുന്നതും ലീഡര്‍ഷിപ് ഗുണങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതുമാണ് സംരംഭകത്വ രംഗത്തെ വനിതാമുന്നേറ്റത്തിനുള്ള പ്രധാന കാരണം. വരും വര്‍ഷങ്ങളില്‍ വനിതാ സംരംഭകരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിലും ആ മുന്നേറ്റം തളരരുത്. മറിച്ച് ഇതിനെയൊരു അവസരമാക്കി വിവിധ മേഖലകളിലെ സ്ത്രീകള്‍ പുതിയ നാളെയെ കെട്ടിപ്പടുക്കണം.
അതുപോലെ തന്നെ തൊഴിലിടങ്ങളിലെ വനിതാ സാന്നിധ്യവും ശക്തിപ്പെടണം. നേതൃത്വ പദവികളില്‍ കേവലം 14 ശതമാനം മാത്രമാണ് ഇപ്പോള്‍ വനിതകളുടെ സംഭാവന. പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ജോലികളിലാകട്ടെ 30 ശതമാനവും. സിഇഒ പദവികളിലുള്ള വനിതകളുടെ കണക്കെടുത്താല്‍ ഏഷ്യ-പസിഫിക്ക് മേഖലയില്‍ തന്നെ ഇന്ത്യയുടെ സ്ഥാപനം ഏറ്റവും പുറകിലത്തെ നിരയിലാണ്.
തൊഴില്‍ നഷ്ട ഭീഷണി സൃഷ്ടിക്കുന്നതാണ് കോവിഡ്കാലമെന്നതില്‍ സംശയമില്ല. ഓക്‌സ്ഫാം ഇന്ത്യ നടത്തിയ പഠനമനുസരിച്ച് വനിതകളുടെ തൊഴില്‍ നഷ്ടത്തിലൂടെ മാത്രം 216 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകും. ഇത് കണക്കിലെടുത്തുകൂടി വേണം ഇനി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍.
വിവിധ തലങ്ങളിലുള്ള വനിതാ സംരംഭകത്വ മുന്നേറ്റത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജത്തോടെ തുടരുമെന്ന ഉറപ്പോടെയാണ് ബിസിനസ് ഡേയും മുന്നോട്ടുപോകുന്നത്.
