കൊച്ചിയില്‍ നിന്നൊരു ആലിബാബയെ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ലോകത്തിലെ ആദ്യ പോഡ്കാസ്റ്റ് മാര്‍ക്കറ്റ് പ്ലേസായ സ്‌റ്റോറിയോയുടെ സ്ഥാപകനും സിഇഒയുമായ രാഹുല്‍ നായര്‍ ബിസിനസ് ഡേയുമായുള്ള അഭിമുഖത്തില്‍ പറയുന്നു
എങ്ങനെയായിരുന്നു സംരംഭകത്വത്തിലേക്ക് വന്നത്?
ലണ്ടനില്‍ സ്‌റ്റോക്ക് ബ്രോക്കറായാണ് തുടക്കം. എന്നാല്‍ എന്നും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ താല്‍പ്പര്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലായിരുന്നു ആവേശം. അങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ അക്കമഡേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചിന്തിച്ചത്. അതിനുള്ള പരിഹാരമെന്ന നിലയിലാണ് ഓഹരി വിപണി വിട്ട് 23ാം വയസില്‍ ആദ്യസംരംഭം തുടങ്ങുന്നത്. അത് പരാജയപ്പെട്ടു. അതിലൂടെ പുതിയ കാര്യങ്ങള്‍ പഠിച്ചു.
ഇവൈ, പിഡബ്ല്യുസി, ജെംസ് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് സ്റ്റോറിയോ ആരംഭിക്കുന്നത്. പുതുതായി കാര്യങ്ങള്‍ ചെയ്യുകയെന്നതിലായിരുന്നു ശ്രദ്ധ.
സ്റ്റോറിയോ സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ വിജയകഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റോറിയോയ്ക്ക് പിന്നിലെ സ്റ്റോറി ഒന്ന് പറയാമോ?
തുടങ്ങുന്ന സംരംഭത്തെ കുറിച്ച് ചില കാര്യങ്ങള്‍ മനസിലുണ്ടായിരുന്നു. 1. എന്ത് തുടങ്ങുകയാണെങ്കിലും എല്ലാ ദിവസവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നമാകണം അത്. 2. സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുള്ള ആര്‍ക്കുമത് ഉപയോഗിക്കാന്‍ സാധിക്കണം. 3. ഇന്ററാക്റ്റീവ് സ്വഭാവമുള്ളതാകണമത്.
ഒരു ടേക്ക് ഓഫിന് പാകത്തിലാണ് ഇപ്പോള്‍ പോഡ്കാസ്റ്റ് വിപണി
വിദ്യാഭ്യാസവും മറ്റും എന്നും താല്‍പ്പര്യമുള്ള മേഖലയായിരുന്നു. എന്നാല്‍ ബൈജൂസ് പോലൊരു ആപ്പ് താല്‍പ്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തുചേരുന്ന, പോഡ്കാസ്റ്റിങ്ങിലൂടെ സാമൂഹ്യ, വിദ്യാഭ്യാസ മാറ്റങ്ങളുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ സ്‌റ്റോറിയോയിലേക്ക് എത്തുന്നത്.
പോഡ്കാസ്റ്റിങ് വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ?
ഒരു ടേക്ക് ഓഫിന് പാകത്തിലാണ് ഇപ്പോള്‍ പോഡ്കാസ്റ്റ് വിപണി. ശ്രോതാക്കളുടെ കാര്യത്തില്‍ ചൈനയും യുഎസും ഏറെ മുന്നിലാണ്. സാധ്യതയുള്ള നിരവധി വിപണികളിലേക്ക് ഇനിയും എത്താനുണ്ട്. ബിബിസി, വോക്‌സ്, ഗാര്‍ഡിയന്‍, എന്‍വൈടി തുടങ്ങി നിരവധി ആഗോള മാധ്യമഭീനന്മാര്‍ പോഡ്കാസ്റ്റ് കേന്ദ്രീകൃത കണ്ടന്റിന് കൂടുതല്‍ ഫോക്കസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ മാധ്യമത്തിന്റെ സാധ്യതകളാണ് അത് കാണിക്കുന്നത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്‌റ്റോറിയോയെ എവിടെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്?
ഡിജിറ്റല്‍ മാധ്യമരംഗത്തെ ഒരു സമഗ്ര മാര്‍ക്കറ്റ് ശൃംഖലയായി മാറുകയെന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ മീഡിയയിലെ ആലിബാബയായി മാറും. സ്‌റ്റോറി ടെല്ലിങ് ആയിരിക്കും കമ്പനിയുടെ അസ്തിത്വം. അതിനുള്ള വഴികള്‍ പലതാകും. ഡിജിറ്റല്‍ മീഡിയ കേന്ദ്രീകരിച്ച് സകല പശ്ചാത്തലങ്ങളുമൊരുക്കി എല്ലാവര്‍ക്കും വളരാനുള്ള ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുയെന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.
ആലിബാബ എല്ലാത്തിനുമുള്ള ഒരു അടിസ്ഥാനസൗകര്യ പശ്ചാത്തലം വികസിപ്പിക്കുകയായിരുന്നു. നെറ്റ്‌വര്‍ക്ക് കോഓര്‍ഡിനേഷന്‍, ഡാറ്റ ഇന്റലിജന്‍സ് എന്നതെല്ലാം കേന്ദ്രീകരിച്ചാകും സ്‌റ്റോറിയോയുടെ പ്രവര്‍ത്തനം.