
ആഫ്രിക്ക, ഇരുണ്ടഭൂഖണ്ഡം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ ഭൂഖണ്ഡം സംരംഭകത്വ അവസരങ്ങളുടെ കാര്യത്തില്‍ പ്രകാശം പരത്തുന്ന പ്രദേശമാണ്. ഏഷ്യയില്‍ നിന്നുള്ള നിക്ഷേപകര്‍ കണ്ണുമടച്ച് നിക്ഷേപം നടത്തുന്ന ഈ പ്രദേശത്ത് എക്കാലത്തെയും ബിസിനസ് വളക്കൂറുള്ള ഭൂമിയാണെന്ന് ഇവിടെ വളര്‍ന്നു വരുന്ന സംരംഭങ്ങള്‍ പലകുറി തെളിയിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ആരംഭിക്കുന്നതു വഴി 18,000 ത്തോളം നേരിട്ടുളള തൊഴിലവസരങ്ങള്‍ അവിടെ ഉയര്‍ന്നു വരുമെന്നാണ് റിപ്പോര്‍ട്ട്.
വാഹന ഘടകങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് ഉപകരണങ്ങള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിങ് ഗുഡ്‌സ്, പാദരക്ഷ, രാസവസ്തുക്കള്‍, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി നിരവധി മേഖലകളില്‍ മികച്ച സംരംഭകാവസരമാണ് ആഫ്രിക്ക തുറന്നിടുന്നത്. നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് ബിസിനസ് ചെയ്യണം എന്ന ആശയത്തിന് പ്രസക്തി നഷ്ട്ടപ്പെട്ടതിനുള്ള തെളിവാണ് ആഫ്രിക്കയിലെ വര്‍ധിച്ചു വരുന്ന നിക്ഷേപകരുടെ എണ്ണം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പുറം രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന ആഫ്രിക്ക വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഡെസ്റ്റിനേഷനാകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.അതിനാല്‍ തന്നെ മറ്റൊരു ഗള്‍ഫ് രാജ്യത്തിന് തുല്യമായി ആഫ്രിക്കമാറുമെന്നാണ് ബിസിനസ് രംഗത്തെ പ്രമുഖരുടെ വിലയിരുത്തല്‍

ആഫ്രിക്ക, കേള്‍ക്കുമ്പോള്‍ തന്നെ അരക്ഷിതാവസ്ഥയും സാമ്പത്തികമായ പിന്നാക്കാവസ്ഥയും സാംബിയ, സോമാലിയ തുടങ്ങിയ ദാരിദ്യ്രത്തിന്റെ പടുകുഴിയില്‍ കിടക്കുന്ന രാജ്യങ്ങളുടെ ഓര്‍മപ്പെടുത്തലുകളുമായി വരുന്ന പ്രദേശം. എന്നാല്‍ അസമത്വത്തിന്റെയും രാഷ്ട്രീയ സ്വരച്ചേര്‍ച്ചകളുടെയും വിശേഷണങ്ങള്‍ക്കപ്പുറം ആഫ്രിക്ക തുടന്നിടുന്നത് മികച്ച നിക്ഷേപാവസരമാണ്. അതിനാല്‍ തന്നെ മലയാളിയുടെ പുതിയ ‘ഗള്‍ഫ്’ ആയി മാറിക്കൊണ്ടിരിക്കുകയാണ് ആഫ്രിക്ക.
ഇതിനോടകം നിരവധി മലയാളികള്‍ ആഫ്രിക്കയുടെ സാധ്യതകള്‍ മനസിലാക്കി പല മേഖലകളിലായി ഈ പ്രദേശത്ത് നിക്ഷേപം കൊണ്ടുവന്നു. ഈ കേട്ടതൊന്നുമല്ല ആഫ്രിക്കയും ആഫ്രിക്ക നല്‍കുന്ന ബിസിനസ് സാധ്യതകളും എന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. ചിട്ടയായ നാഗരിക വ്യവസ്ഥയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ധാരാളമായുള്ള പ്രദേശമാണ് ആഫ്രിക്ക.

മാത്രമല്ല , കേരളത്തിലെ നഗരങ്ങളെക്കാള്‍ മികച്ച സുരക്ഷയും വാഹനസൗകര്യങ്ങളും ഇവിടെയുണ്ട്. മാത്രമല്ല, ബിസിനസ് അവസരങ്ങളുമായി ഇവിടേക്കെത്തുന്ന ഇന്ത്യക്കാരോട് പ്രത്യേക സ്‌നേഹവും മമതയുമാണ് ആഫ്രിക്കക്കാര്‍ക്ക്.ആഫ്രിക്കയിലെ വിവിധരാജ്യങ്ങളിലായി 130 ല്‍ പരം ഇന്ത്യന്‍ കമ്പനികളാണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്.
ഒരുകാലത്തു ഇരു ശരാശരി മലയാളിയുടെ ഇവറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ജോലിയും അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ കെട്ടിപ്പടുക്കുന്ന ഒരു നല്ല ജീവിതവും. എന്നാല്‍ ഇന്ന് കാലം മാറി. ഇന്ന് മികച്ച വിദ്യാഭാസം നേടിയതോടെ ഇന്നത്തെ തലമുറ വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മറ്റുള്ളവരുടെ കീഴില്‍ കാലാകാലം ജോലി ചെയ്ത് ഒരു തൊഴിലാളിയായി ജീവിക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. മികച്ച ബിസിനസ് ആശയങ്ങളുടെ പിന്‍ബലത്തില്‍ ചെറുതെങ്കിലും ഒരു ബിസിനസ് തുടങ്ങി അതില്‍ നിന്നും വരുമാനം നേടാനാണ് യുവതലമുറ ആഗ്രഹിക്കുന്നത്. അതിപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ വേണം എന്ന നിര്‍ബന്ധമില്ല. ഒരിടക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോയവര്‍ അവിടെത്തന്നെ ചെറിയ ബിസിനസുകള്‍ തുടങ്ങുന്നത് സ്വാഭാവികമായിരുന്നു.
എന്നാല്‍ ഇന്ന് അത് സാധ്യമല്ലാതായിത്തുടങ്ങി. ഗള്‍ഫിന്റെ പ്രതാപം മങ്ങിത്തുടങ്ങിയിരിക്കുന്നു. സൗദി അറേബ്യയിലടക്കം പല മേഖലകളിലും സ്വദേശിവല്‍ക്കരണം വ്യാപകമാകുകയാണ്.അതില്‍നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ യുവത്വം നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ ഗള്‍ഫിന്റെ അടച്ചിട്ട പടിവാതിലില്‍ നില്‍ക്കുന്നവര്‍ക്ക് ഒരാശ്വാസവുമാണ് ആഫ്രിക്കയിലെ ബിസിനസ് അവസരങ്ങള്‍.
പേടിക്കേണ്ട നാടല്ല ആഫ്രിക്ക
കാലങ്ങള്‍ എത്ര കഴിഞ്ഞിട്ടും കോളനിവാഴ്ചയുടെ കാലഘട്ടത്തില്‍ വന്നെത്തിയ ചീത്തപ്പേര് ഇനിയും ആഫ്രിക്കയെ വിട്ട് പോയിട്ടില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഏതാണ്ട് അവസാനിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിക്ഷേപകരുടെ വളക്കൂറുള്ള മണ്ണാവുകയാണ് ആഫ്രിക്ക. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടുത്തെ അവസരങ്ങളെ തിരിച്ചറിയുന്നുള്ളൂ. 55 ലേറെ രാഷ്ടങ്ങളായി വിശാലമായ ഭൂപ്രദേശം. ജനസംഖ്യ വളരെ കുറവ്.

പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തം, മികച്ച കാലാവസ്ഥ തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ ഘടകങ്ങളുണ്ട് ആഫ്രിക്കയ്ക്ക്.എന്നാല്‍ പുറത്തുനിന്നെത്തുന്ന ഒരു വ്യക്തിക്ക് ഇപ്പോഴും ആഫ്രിക്കയെന്നാല്‍ അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷമുള്ള ഒരു നാടാണ്. എന്നാല്‍ ഇവിടെ ബിസിനസ് ലക്ഷ്യവുമായി വന്നെത്തിയവരോട് ചോദിച്ചാല്‍ ആഫ്രിക്കയുടെ മറ്റൊരു മുഖം കാണാം. ഏറെക്കുറെ സ്ഥിരതയുള്ള സര്‍ക്കാരുകളും കേരളത്തിലെ നഗരങ്ങളേക്കാള്‍ സുരക്ഷയുമൊക്കെയുണ്ട് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും. മിക്ക രാഷ്ട്രങ്ങളും ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരുകളാണ്.

മാത്രമല്ല പല ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബാങ്കുകള്‍ക്കും നിക്ഷേപകരോട് തികഞ്ഞ മതിപ്പാണ്. പല ബാങ്കുകളും നിശ്ചിത ഫീസ് നല്‍കിയാല്‍ സ്ഥാപനത്തിനകത്ത് കാഷ് റെമിറ്റന്‍സ് മെഷീനുകള്‍ സ്ഥാപിച്ചു തരും. അതില്‍ പണം നിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ എക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. ഇനി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിലൂടെയോ കൊള്ളയിലൂടെയോ മെഷീനകത്ത് നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടാലും എക്കൗണ്ടിലെ നമ്മുടെ പണം സുരക്ഷിതമായിരിക്കുകയും ചെയ്യും.
ഇത് മാത്രമല്ല, ആവശ്യമെങ്കില്‍ സെകുരിറ്റി ഡെപ്പോസിറ്റ് പോലുമില്ലാതെ ബിസിനസ് ലോണുകള്‍ നല്‍കാനും ഇവര്‍ തയ്യാറാണ്. ഇതിനാല്‍ തന്നെയാണ് ടാറ്റ, മഹീന്ദ്ര, ബജാജ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ആഫ്രിക്കയുടെ ഫലഭൂയിഷ്ഠമായ മണ്ണില്‍ തങ്ങളുടെ ബിസിനസ് വേരുറപ്പിച്ചത്.ഫാക്റ്ററികള്‍ നിര്‍മിക്കുന്നതിന് മികച്ച അന്തരീക്ഷമാണ് ഇവിടെയുള്ളത്. മാത്രല്ല, ഇന്ത്യയിലെ തൊഴില്‍ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച അവസരങ്ങളാണ് ഇവിടെയുള്ളത്.
ആഫ്രിക്കയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളോട് ഇവിടുത്തെ പ്രാദേശിക സര്‍ക്കാരിന് ജനങ്ങള്‍ക്കും ഏറെ താല്‍പര്യമാണ്. മാത്രമല്ല, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിനായി ചെലവാക്കേണ്ടി വരുന്ന തുക മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് താനും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍, അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ ഡ്യൂട്ടിയില്ല എന്നുള്ളതും ഇവിടെ ബിസിനസ് തുടങ്ങുന്നതിനെ പിന്തുണക്കുന്ന ഘടകമാണ്.
ആഫ്രിക്കയുടെയും ഇന്ത്യയുടേയും വളര്‍ച്ച നിരക്ക് തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നാം ഏറെ പുറകിലാണ് എന്ന് മനസിലാക്കാം. ബോട്‌സ്വാനയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ഉടമ രാമചന്ദ്രന്‍ തൃശൂരുകാരനാണ്. മികച്ച വളര്‍ച്ച നിരക്കുള്ള സംരംഭമാണിത്. ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്.ഉഗാണ്ടയിലും റുവാണ്ടയിലും താന്‍സാനിയയിലും എബിസി ഗ്രൂപ്പ് സംരംഭങ്ങളുമുണ്ട്.
ഇത് പോലെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലായി തങ്ങളുടെ ബിസിനസ് സാമ്രാജ്യം ഉറപ്പിച്ചിരിക്കുന്ന മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഏത് മേഖലയില്‍ നിക്ഷേപം കൊണ്ട് വരണം എന്നതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. നമ്മുടെ ബിസിനസ് ആശയവും ആഫ്രിക്കയുടെ സാമൂഹിക സ്ഥിതിയും തമ്മില്‍ പരസ്പരം ചേര്‍ന്ന് പോകുന്നുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെല്ലാം ഒരേ പരിതസ്ഥിതിയല്ല ഉള്ളത്.
അതാത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വിപുലമായ രീതിയില്‍ തന്നെ വിപണിയെ പഠിച്ച് മാത്രമേ ഏതൊരു സംരംഭത്തിനും തുടക്കം കുറിക്കാവൂ. ഒറ്റയ്ക്ക് പോയി ബിസിനസ് ആരംഭിക്കുന്നതിനേക്കാള്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് സംഘങ്ങളായി പോകുന്നതാണുത്തമം. ഇത്തരത്തിലുള്ള സേവനം നല്‍കുന്ന വിവിധ ഏജന്‍സികളെ കണ്ടെത്താന്‍ എളുപ്പമാണ്.
മുന്‍ഗണന കൃഷിക്ക്
കാര്‍ഷികരാജ്യമെന്ന പേരുണ്ടായിട്ടും ഇന്ത്യയില്‍ കൃഷി ചെയ്തു വിജയം കൈവരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഈ അവസ്ഥ പരിഹരിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് ആഫ്രിക്കയുടെ കാര്‍ഷിക സാധ്യതകള്‍. എത്യോപ്യ , ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്.
ഇടയ്ക്ക് ചാറ്റല്‍മഴ പെയ്യും. എല്ലാ സമയത്തും വെള്ളം കിട്ടുകയും ചെയ്യും. കൃഷിയില്‍ അഭിരുചിയുള്ള ഒരു വ്യക്തിയാണെങ്കില്‍ പേടിക്കാനൊന്നുമില്ല. 500 ഡോളറില്‍ താഴെ നല്‍കിയാല്‍ ഒരേക്കര്‍ ഭൂമി എവിടെയും ലഭിക്കും. റബ്ബര്‍, കാപ്പി, തേയില, പൈനാപ്പിള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഏത് വിളയും ഇവിടെ വിളയും. വിപണി കണ്ടെത്താനും ബുദ്ധിമുട്ടേണ്ടതില്ല. ഏറ്റവും അനുഗ്രഹീതമായ ഘടകം വെള്ളത്തിന്റെയും തൊഴിലാളികളുടെയും ലഭ്യതയാണ്.
ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് വളരെ തുച്ഛമായ വേതനമാണ്. മാത്രമല്ല, ജോലിക്ക് കൂലി ഭക്ഷണം എന്ന നിലയില്‍ എത്ര തൊഴിലാളികളെയും ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ മുന്പരിചയമില്ലാത്ത തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കണം എന്ന് മാത്രം.
സ്വന്തമായി ഭൂമി വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ കാലത്തേക്ക് ലീസിനും ഭൂമി ലഭിക്കും.70 ശതമാനം ആഫ്രിക്കക്കാരും കാര്‍ഷിക വൃത്തിയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്. ലോകത്തിലെ എറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയില്‍ 30 ശതമാനവും ആഫ്രിക്കയ്ക്ക് സ്വന്തമാണ് എന്നതുമായി ചേര്‍ത്തു വായിച്ചു വേണം ആഫ്രിക്കയുടെ കാര്‍ഷിക സാധ്യതകളെ വിലയിരുത്താന്‍.
പള്‍സസ്, റബര്‍, കോട്ടണ്‍ എന്നിവ കൃഷി ചെയ്യാന്‍ പറ്റിയ മണ്ണാണ് എത്യോപ്യയിലേത്. ആഫ്രിക്കയിലെ കശുവണ്ടിയാണ് കൊല്ലത്തെത്തിച്ച് വാല്യൂ ആഡഡ് ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പിലും മറ്റും അയയ്ക്കുന്നത്. അവിടെ നിന്നുള്ള കശുവണ്ടി കുറഞ്ഞ ചെലവില്‍ അവിടെ തന്നെ പ്രോസസ് ചെയ്യാനാകും.
കമ്പനി രുപീകരണം എളുപ്പത്തില്‍
റുവാണ്ട ഡെവലപ്‌മെന്റ് അഥോറിറ്റി പോലെ പല രാജ്യങ്ങളും വ്യവസായത്തിനായി ഫ്രീ സോണുകള്‍ ഒരുക്കിയിട്ടുണ്ട്. ബിസിനസിലെ തുടക്കക്കാര്‍ക്ക് ഏറെ ഗുണകരമായ ഒരു കാര്യമാണിത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരു മണിക്കൂറിനുള്ളില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാം. പേപ്പര്‍വര്‍ക്കുകളും മറ്റ് കാര്യങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം.
വൈദ്യുതിയുടെ ലഭ്യതയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. പ്രീപെയ്ഡ് സംവിധാനമാണ് വൈദ്യുതിക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരം, ധാതുക്കള്‍, ഡയമണ്ട്, സ്വര്‍ണം, ക്രൂഡ് ഓയ്ല്‍ തുടങ്ങിയവയടക്കം പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസരങ്ങള്‍ക്കും ഇവിടെ മികച്ച സാധ്യതകളാണ്. ഇന്ത്യയെ അപേക്ഷിച്ച് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വളരെ എളുപ്പമുള്ള കാര്യമാണ്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഏറെ സാധ്യതയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എന്ത് ഉല്‍പ്പന്നവും എളുപ്പത്തില്‍ വിറ്റയക്കാനും സാധിക്കും. ഫാഷന്‍, ടെക്‌നോളജി,ഹോട്ടല്‍ , ഭക്ഷ്യ യൂണിറ്റുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഇവിടെ സാധ്യതയുണ്ട്. മറ്റ് പല രാജ്യങ്ങളിലും നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന കാര്യത്തിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ മികച്ചൊരു വിപണിയാണ്.

ആരോഗ്യരംഗത്ത് ഒട്ടേറെ അവസരങ്ങള്‍
ആരോഗ്യരംഗത്ത് ഇവിടെ ഒട്ടേറെ സാധ്യതകളുണ്ട്.ചികിത്സക്കായി ചെറിയ ക്ലിനിക്കുകള്‍ നടത്തുന്നത് വലിയ സാധ്യതയുള്ള മേഖലയാണ്. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് വലിയ സ്വീകാര്യത ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട് എന്നത് മറ്റൊരു സുപ്രധാന ഘടകമാണ്. ഫാര്‍മ സംബന്ധമായ നിക്ഷേപങ്ങള്‍ക്കും നിരവധി അവസരങ്ങളുണ്ട്.
മരുന്ന് നിര്‍മാണ കമ്പനികള്‍ ഇവിടെ പൊതുവെ കുറവാണ്. റാന്‍ബാക്‌സി ഈ മേഖലയില്‍ മികച്ച വരുമാനം നേടുന്നുണ്ട്. വിദ്യാഭ്യാസ മേഖല, അടിസ്ഥാന സൗകര്യ മേഖല, പോള്‍ട്രി , ക്ഷീരവ്യവസായ മേഖല എന്നിവയിലും നിരവധി അവസരങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ട്. മലാവി, ബുറുണ്ടി പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ പോള്‍ട്രി രംഗത്ത് വലിയ നേട്ടങ്ങളിലെത്തിയിട്ടുണ്ട്.
About The Author
