Success Story

മണ്ണിനോട് ഇണങ്ങി തുണിസഞ്ചികള്‍

പ്ലാസ്റ്റിക്കിനോട് സന്ധിയില്ലാ യുദ്ധവുമായി ഹാന്‍ഡിക്രോപ്‌സ്

2017 ല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഹാന്‍ഡിക്രോപ്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ അംഗപരിമിതരായ ആളുകള്‍ക്ക് ഉപജീവനത്തിനുള്ള വക സ്വയം തൊഴിലിലൂടെ നേടിക്കൊടുക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം

Advertisement

പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് കവറുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും സംസ്ഥാന തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ആ അവസരം പ്രയോജനപ്പെടുത്തി സംരംഭകത്വ സാധ്യതകള്‍ പരമാവധി വിനിയോഗിക്കുകയാണ് സംസ്ഥാനത്തെ അംഗപരിമിതരായ ആളുകളുടെ കൂട്ടായ്മയായ ഹാന്‍ഡിക്രോപ്‌സ്.പാലക്കാട് ആസ്ഥാനമായ മഹിളാമന്ദിരത്തിലെ അന്തേവാസികളുടെ സഹായത്തോടെയാണ് പല വലുപ്പത്തിലുള്ള തുണി ബാഗുകള്‍ ഹാന്‍ഡിക്രോപ്‌സ് വിപണിയെത്തിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ഒരു തുണിസഞ്ചിക്ക് 15 രൂപ മുതല്‍ 25 രൂപവരെ ഈടാക്കുമ്പോഴാണ് 7 രൂപ മുതല്‍ 10 രൂപവരെ നിരക്കില്‍ തുണിസഞ്ചികള്‍ ഹാന്‍ഡിക്രോപ്‌സ് വിപണിയിലെത്തിക്കുന്നത്.

സ്ഥാപനം ഇതിനോടകം ഒരു ലക്ഷം തുണി ഗോബാഗുകള്‍ പ്ലാസ്റ്റിക്കിനു പകരമായി വനം വകുപ്പിന് കൊടുത്തു കഴിഞ്ഞു. ബയോഡീഗ്രെഡബിള്‍ ക്‌ളോത്ത് ആയതിനാല്‍ മണ്ണില്‍ അലിഞ്ഞുചേരും. മൂന്നു രൂപ, അഞ്ച് രൂപ നിരക്കില്‍ പേപ്പര്‍ കാരി ബാഗുകള്‍ കൂടി സ്ഥാപനം വിപണിയിലെത്തിക്കുന്നുണ്ട്.

അതിജീവനത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും സന്ദേശമാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കുന്നത്. ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നും തുടങ്ങി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് വളര്‍ന്ന ഹാന്‍ഡിക്രോപ്‌സ് സംസ്ഥാനത്തെ അംഗപരിമിതരായ ആളുകളുടെ ഉന്നമനത്തെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്കും ഉപജീവനത്തിനുള്ള മാര്‍ഗം അവരുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ കണ്ടെത്താന്‍ കഴിയണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടന ജനിക്കുന്നത്.

എണ്ണൂറിലേറെ അംഗങ്ങളെ ഉള്‍പ്പെടുത്തി, അവര്‍ക്കായി വിവിധതരം സംരംഭകത്വ പരിശീലന പരിപാടികള്‍ നടത്തി ആശ്രിതര്‍ എന്ന നിലയില്‍ നിന്നും സ്വയം വരുമാനം കണ്ടെത്തുന്നവര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുകയാണ് ഹാന്‍ഡിക്രോപ്‌സ് ഇപ്പോള്‍ ചെയ്യുന്നത്. തുടക്കം പേപ്പര്‍ പേന നിര്‍മാണത്തിലൂടെ ആയിരുന്നു എങ്കിലും ഇപ്പോള്‍ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ സംഘടനയിലെ അംഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

എല്‍ഇഡി ലൈറ്റുകള്‍, കുടകള്‍, അച്ചാറുകള്‍, പേപ്പര്‍ പേനകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയിരുന്ന സ്ഥാപനം ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവയുടെ നിര്‍മാണത്തിലാണ്. നിലവില്‍ പത്ത് രൂപക്കും പതിനഞ്ച് രൂപക്കും വിപണിയില്‍ ലഭ്യമാകുന്ന പേപ്പര്‍ ബാഗുകളാണ് നിലനില്‍പ്പിനെയും സാമൂഹിക പ്രതിബദ്ധതയെയും മുന്‍നിര്‍ത്തി ഹാന്‍ഡിക്രോപ്‌സ് വിപണിയിലെത്തിക്കുന്നത്.തുണി സഞ്ചികള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നതിന്റെ ഭാഗമായാണ് സ്ഥാപനം തുണി സഞ്ചി നിര്‍മാണത്തിന് പ്രത്യേക ശ്രദ്ധ നല്‍കി വരുന്നത്.

അംഗപരിമിതരായ ആളുകളുടെ ഉന്നമത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ലേഖ എസ് കുമാര്‍, നന്ദന്‍ എന്നിവര്‍ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഹാന്‍ഡിക്രോപ്‌സ് എന്ന ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരായ ചിലരുടെ അഭിപ്രായം കൂടി ആരാഞ്ഞപ്പോള്‍ പൂര്‍ണ സമ്മതം. ചില അലിഖിത നിയമങ്ങളോടെയാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുക, അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനായുള്ള തൊഴില്‍ പരിശീലനം നല്‍കുക എന്നിവയെല്ലാമായിരുന്നു അവയില്‍ ചിലത്. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തനം മുന്നോട്ട് പോയതോടെ ഹാന്‍ഡിക്രോപ്‌സ് കൂട്ടായ്മയിലേക്ക് അംഗങ്ങളാകാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.

സ്വന്തമായി അധ്വാനിച്ചു വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഇത്രയേറെ ഭിന്നശേഷിക്കാര്‍ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവായിരുന്നു. അതോടെ ഉത്തരവാദിത്വങ്ങളും വര്‍ധിച്ചു. അംഗപരിമിതരായ ആളുകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താന്‍ കഴിയുന്ന സ്വയം തൊഴില്‍ പരിശീലനം നല്‍കുക എന്ന ആശയത്തില്‍ നിന്നും ആദ്യം വിത്ത് പേന നിര്‍മാണം ആരംഭിച്ചു. ലേഖ എസ് കുമാറിന്റെ നേതൃത്വത്തില്‍ സഹായതത്പരരായ ആളുകള്‍ ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി പരിശീലനം നല്‍കി.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ, കഴിഞ്ഞ വര്‍ഷം 12 ലക്ഷം പേപ്പര്‍ പേനയാണ് പേനയൊന്നിന് അഞ്ചു രൂപ നിരക്കില്‍ വിറ്റുപോയത്. ഇപ്പോള്‍ 14 ജില്ലകളിലായി ഹാന്‍ഡിക്രോപ്‌സ് സൊസൈറ്റിക്ക് കീഴില്‍ ഇരുപതിലേറെ യൂണിറ്റുകള്‍ ഉണ്ട്.

7 രൂപക്ക് തുണി സഞ്ചി

പ്ലാസ്റ്റിക്ക് എന്ന വിപത്തിനെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച് പ്ലാസ്റ്റിക്ക് നിരോധനത്തെ മികച്ച സംരംഭകത്വ അവസരമാക്കി മാറ്റുകയാണ് ഹാന്‍ഡിക്രോപ്‌സ്. അഞ്ചു രൂപക്ക് പേപ്പര്‍ ബാഗും ഇരുപത് രൂപ, അന്‍പത് രൂപ നിരക്കില്‍ തുണിസഞ്ചികളും വിപണിയിലെത്തിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടനന്ത. എന്നാല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വിലക്കുറവില്‍ തുണിസഞ്ചികള്‍ നിര്‍മിക്കാന്‍ തുടങ്ങി. പാലക്കാട് ആസ്ഥാനമായ മഹിളാമന്ദിരമാണ് ഇത്തരത്തില്‍ തുണിസഞ്ചികള്‍ നിര്‍മിക്കുന്നത്. 13 X 16 വലുപ്പമുള്ള ബാഗിന് 10 രൂപയും 10 x 12 വലുപ്പമുള്ള ബാഗിന് 7 രൂപയും ആണ് വില. 30 പേര്‍ ആണ് ഇപ്പോള്‍ തുണി സഞ്ചി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ലക്ഷം തുണി ഗോബാഗുകള്‍ പ്ലാസ്റ്റിക്കിനു പകരം വനം വകുപ്പിന് കൊടുത്തു. ഗ്രോബാഗ് ഉണ്ടാക്കുന്നത് പാലക്കാട് സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ അന്തേവാസികളാണ്, 15 പേര്‍, അതില്‍ മൂന്നു പേര്‍ ഭിന്നശേഷിക്കാരാണ്.രണ്ടു പേര്‍ മൂകരും ബധിരരുമാണ്. ഒരാള്‍ക്ക് ഒരു കൈ സ്വാധീനമേയുള്ളൂ

പരിചയക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ് മറ്റും പേപ്പര്‍ബാഗ്, തുണിസഞ്ചികള്‍ എന്നിവ നിര്‍മിക്കുന്നതിനാവശ്യമായ പേപ്പറുകളും തുണിത്തരങ്ങളും ശേഖരിക്കുന്നത്. പിന്നീട് ഇതില്‍ നിന്നും മികച്ച നിലവാരമുള്ള കോട്ടണ്‍ വേര്‍തിരിച്ചെടുത്തശേഷമാണ് ബാഗുകള്‍ നിര്‍മിക്കുന്നത്. ഷോപ്പിംഗ് ബാഗുകള്‍, ഫാന്‍സി ബാഗുകള്‍, കാരിബാഗുകള്‍ എന്നിങ്ങനെ വിവിധതരം ബാഗുകള്‍ നിര്‍മിക്കുന്നുണ്ട്.

പ്ലാസ്റ്റിക്കിനു പകരം മുള ഉല്‍പ്പന്നങ്ങളും

പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനാണ് ഹാന്‍ഡി ക്രോപ്‌സ് ഇനി ശ്രദ്ധ നല്‍കുന്നത്.ഏപ്രില്‍ മാസത്തോടെ ഈ പദ്ധതി നിലവില്‍ വരും. ആദിവാസികളും ട്രാന്‍സ്‌ജെന്‍ഡറും പദ്ധതിയുടെ ഭാഗമാകും. മുളകൊണ്ടുള്ള കരകൗശലവസ്തുക്കള്‍ വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. വിമന്‍ എംപവര്‌മെന്റ് ആന്‍ഡ് ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു ലക്ഷം മുളം തൈകള്‍ നടാനാണ് ലക്ഷൃമിടുന്നത്. പ്ലാസ്റ്റിക്കിനു ബദലായി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളാണ് മുളയിലും ഈറ്റയിലും ഉണ്ടാക്കുക.ഇപ്പോള്‍ ഇതുണ്ടാക്കുന്ന എല്ലാ ഗ്രൂപ്പുകളയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top