BUSINESS OPPORTUNITIES

സ്മാര്‍ട്ട് ആന്‍ഡ് ഇന്റലിജന്റ്

കരിയറില്‍ തിളങ്ങാന്‍ വേണം ക്രിട്ടിക്കല്‍ തിങ്കിംഗ്

സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തൊഴില്‍ ദാരിദ്യം. എന്നാല്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത് തൊഴില്‍ ദാരിദ്യത്തെക്കാള്‍ തൊഴില്‍ ചെയ്യാനുള്ള കഴിവുള്ള വ്യക്തികളുടെ അഭാവമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം എന്നാണ്. അടച്ചിട്ട നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് നേടുന്ന ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനുമെല്ലാം യാതൊരു വിലയുമില്ലെന്ന് ഉറപ്പിക്കുന്നതാണ് ഇന്ന് മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ് മേഖലകളില്‍ ജോലിക്ക് കയറുന്ന വ്യക്തികളുടെ പ്രകടനം. അതിനാല്‍ തൊഴിലില്ലായ്മയെ പഴിക്കും മുന്‍പ് വളര്‍ന്നു വരുന്ന ഏതൊരു മേഖലക്കും യോജിക്കുന്ന രീതിയില്‍ സ്‌കില്‍ഫുള്‍ ആണോ നിങ്ങള്‍ എന്ന് സ്വയം വിലയിരുത്തുകയാണ് വേണ്ടത്.

Advertisement

അടുത്തിടെ ഗള്‍ഫിലെ ജോലി മതിയാക്കി മലപ്പുറത്തെത്തി സ്വന്തമായി സോഫ്റ്റ്‌വെയര്‍ സംരംഭം ആരംഭിച്ച വ്യക്തിയാണ് ഷമീര്‍. തുടക്കം എന്ന നിലക്ക് സോഫ്റ്റ്‌വെയര്‍ ഡിസൈനിംഗ്, വെബ്‌സൈറ്റ് നിര്‍മാണം , ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവക്കാണ് പ്രാധാന്യം നല്‍കിയത്. ഓഫീസിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞ ഉടനെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. വെബ്‌സൈറ്റ് നിര്‍മാണത്തിലും ഗ്രാഫിക്‌സ് ഡിസൈനിംഗിലുമെല്ലാം മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ആളുകളെയാണ് ജോലിക്കായി ഷമീര്‍ തെരെഞ്ഞെടുത്തത്. നാട്ടിലെ രീതികള്‍ അറിയാത്തതിനാല്‍ തന്നെ ആവശ്യത്തിലേറെ ശമ്പളവും സ്വാതന്ത്ര്യവും എല്ലാം തൊഴിലാളികള്‍ക്ക് നല്‍കി.

എന്നാല്‍ ബിസിനസ് മാത്രം കക്ഷി വിചാരിച്ച രീതിയില്‍ മുന്നോട്ട് പോയില്ല. ഉപഭോക്താക്കളുമായും കൃത്യമായി ആശയവിനിമയം നടത്തുന്നതില്‍ തൊഴിലാളികള്‍ പരാജയമായിരുന്നു. ഉപഭോക്താക്കളുടെ ആശയം തൊഴിലില്‍ പ്രതിഫലിപ്പിക്കാനും അവര്‍ക്കായില്ല. കഴിവുള്ള പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്തപ്പോഴും പ്രശ്‌നം സ്മാര്‍ട്ട് ആയി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവില്ലാത്തതായിരുന്നു.

അധികം വൈകാതെ സ്ഥാപനം നഷ്ടത്തിലാകുകയും ഷമീര്‍ വീണ്ടും ജോലി തേടി വിദേശത്തേക്ക് പോകേണ്ടി വരികയും ചെയ്തു. ഇവിടെ നഷ്ടപ്പെട്ടത് ഒരു സംരംഭകന്റെ അവസരം മാത്രമല്ല, 6 തൊഴിലാളികളുടെ കൂടി അവസരമാണ്. മാത്രമല്ല തൊഴിലാളികളുടെ മിടുക്ക് കുറവ് മൂലം ഒരു സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയും സംജാതമായി. ഇവിടെയാണ് കൃത്യമായ ഒരു വിശകലനം അനിവാര്യമായി വരുന്നത്. എന്തുകൊണ്ട് സ്ഥാപനം പരാജയപ്പെട്ടു? എന്തുകൊണ്ട് അഭ്യസ്തവിദ്യര്‍ ഇന്നും തൊഴില്‍ രഹിതരായി തുടരുന്നു ? ഇതിനുള്ള ഉത്തരമാണ് നാം കണ്ടെത്തേണ്ടത്.

അവസരങ്ങള്‍ മാറിമറയുകയാണ്. പഴയ ജോലികളെ പാടേ മാറ്റി പുതിയ തൊഴില്‍ സാധ്യതകള്‍ സ്ഥാനം പിടിക്കുന്നു. എന്നാല്‍ ഈ മാറ്റത്തിനൊത്ത മുന്നേറുവാന്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.മലയാളിയുടെ മെല്ലെ പോക്ക് നയവും വീണിടം വിഷ്ണുലോകം എന്ന നിലക്കുള്ള ചിന്തയുമാണ് തൊഴിലിടത്തില്‍ നേരിടുന്ന തിരിച്ചടികള്‍ക്കുള്ള പ്രധാന കാരണം. തൊഴിലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തന്റെ കഴിവിന്റെ പരമാവധി ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണം എന്ന തിയറി പലരും ബോധപൂര്‍വം മറക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമായും മാറേണ്ടത് നമ്മുടെ ചിന്താഗതി തന്നെയാണ്.സ്വയം ഒരു വിശകലനമാണ് ആദ്യം അനിവാര്യം. സ്വന്തം സ്‌കില്ലുകള്‍ പോളീഷ് ചെയ്‌തെടുക്കാന്‍ കഴിയണം. ജോലിയില്‍ പ്രമോഷന്‍ , മികച്ച പേര് , സ്ഥാനം , മികവ് എന്നിവ ആഗ്രഹിക്കുന്നുണ്ടെകില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുക

നേരത്തെ പറഞ്ഞത് പോലെ ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് പലവിധത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ പ്രസ്തുത മാറ്റങ്ങള്‍ തൊഴില്‍ മേഖലയില്‍ പ്രതിഫലിക്കുക എന്നത് സ്വാഭാവികമാണ്. അതിനാല്‍ പേടിച്ചു ബിരുദം നേടി ജോലിയില്‍ പ്രവേശിച്ചു എന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളുടെ പഠനം തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം അപ്‌ഡേറ്റഡ് ആയിരിക്കണം. പുതുതായി വരുന്ന മാറ്റങ്ങള്‍ കൃത്യ സമയങ്ങളില്‍ അറിയണം. സ്ഥാപനത്തിന്റെ മുന്നേറ്റത്തിനും വ്യക്തിപരമായ വളര്‍ച്ചക്കും ഇത്തരം പഠനങ്ങള്‍ സഹായിക്കും . ചെയ്യുന്ന ജോലി വലുതോ ചെറുതോ എന്നതില്‍ കാര്യമില്ല. ഏത് ചെറിയ പോസ്റ്റില്‍ ഇരുന്നാലും അപ്‌ഡേഷന്‍ ആവാം. മുന്നോട്ടുള്ള വളര്‍ച്ചയുടെ ആദ്യപാഠമാണ് ഇത്.

2. വേണം ക്രിയാത്മകത

പുതിയ ആശയങ്ങള്‍ വികസിപ്പിക്കാനും നിലവിലുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ പുതിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കാനുമുള്ള കഴിവ് ഏതൊരു വ്യക്തിക്കും അനിവാര്യമാണ്. ജോലിയില്‍ കയറുമ്പോള്‍ ചെയ്ത തുടങ്ങുന്ന കാര്യങ്ങള്‍ അതെ രീതിയിലും പാറ്റേണിലും തുടര്‍ന്നുകൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ല. എന്നും ഇപ്പോഴും തൊഴിലില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കണം.. ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു വ്യക്തിയുടെ കയ്യില്‍ സ്ഥാപനം സുരക്ഷിതമായിരിക്കും. ആ ക്രിയാത്മകത സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാന്‍ കൂടി കഴിഞ്ഞാല്‍ ഏറെ മികച്ച ഫലം ചെയ്യും. ബഹുഭൂരിപക്ഷം ആളുകളും കരിയറിന്റെ പാതിയില്‍ കാലിടറി വീഴാനുള്ള കാരണം ക്രിയാത്മകമായ ചിന്തകളുടെ അഭാവമാണ് . അതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഫോക്കസ്ഡ് ആകുക

3. വളര്‍ച്ചാധിഷ്ഠിതമായി ചിന്തിക്കുക

എന്നെ ഏല്‍പ്പിക്കുന്ന ജോലി ഞാന്‍ ചെയ്യുന്നു, വീട്ടില്‍ പോകുന്നു എന്ന അരീതി വ്യക്തിക്കും സ്ഥാപനത്തിനും ഒരുപോലെ ദോഷകരമാണ്. പുതിയ കാര്യങ്ങള്‍ തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരിക്കാനും മാറ്റത്തെ സ്വീകരിക്കാനുമുള്ള കഴിവ് വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. സ്വന്തം വളര്‍ച്ച സ്വയം നശിപ്പിക്കുന്ന ചിന്താഗതിയുള്ളവരാണ് ഇന്നത്തെ യുവ തലമുറ. ജോലിയോട് കൂറ് കാണിക്കുന്നവര്‍ വളരെ കുറവാണ്. സ്ഥാപനവുമായി ഒരു വൈകാരിക ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്കാകുന്നില്ല. അതിനാല്‍ തന്നെ ഏത് വിധേനയും ജോലി ചെയ്ത ശമ്പളം വാങ്ങണം എന്നത് മാത്രമാണ് ഇവരുടെ ചിന്ത . ഈ ചിന്തക്ക് ഒരു മാറ്റം കൊണ്ട് വരണമെങ്കില്‍ ജോലിയില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന വസ്തുത ആദ്യം തിരിച്ചറിയണം. പോസറ്റിവ് തിങ്കിംഗ് വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനു ഏറ്റവും അനുഗുണമായുള്ള കാര്യം.പോസറ്റിവ് ചിന്തകള്‍ വര്‍ധിക്കുന്നതോടെ ഒരു വ്യക്തി തന്റെ പ്രവര്‍ത്തന മണ്ഡലത്തെ കൂടുതല്‍ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളാന്‍ തുടങ്ങും.

4. വേണം കൃത്യമായ തീരുമാനങ്ങള്‍

ഞാന്‍ വെറും തൊഴിലാളി മാത്രമാണ്. ഓഫീസ് സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നതത്രയും ഉടമയാണ്. ആജ്ഞാനുവര്‍ത്തിയായി മാറുക എന്നത് മാത്രമാണ് എന്റെ കര്‍ത്തവ്യം എന്ന നിലക്കുള്ള ചിന്തകള്‍ നന്നല്ല. മികച്ച ഹൃസ്വകാല, ദീര്‍ഘകാല തീരുമാനങ്ങള്‍ എടുക്കുന്നതിനായി മനസിനെ കേന്ദ്രീകരിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. സ്ഥാപനം നല്‍കിയിട്ടുള്ള കരിയര്‍ ഗോളുകള്‍ക്ക് പുറമേ സ്വന്തമായി നേട്ടങ്ങളുടെ ഒരു പട്ടികയുണ്ടാക്കിയ ശേഷമാകണം ജോലിയില്‍ പ്രവേശിക്കാന്‍. കൃത്യമായ ഇടവേളകളില്‍ ഈ ലക്ഷ്യങ്ങള്‍ കയ്യെത്തി പിടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. ഇതില്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യങ്ങള്‍ അതിന്റെതായ രീതിയില്‍ നടപ്പാക്കുകയും വേണം. സ്വന്തം ആശ്യപ്രകാരമുള്ള നേട്ടങ്ങള്‍ കയ്യെത്തിപ്പിടിച്ചുകൊണ്ടാണ് ഒരു വ്യക്തിയുടെ കരിയറിലെ യാത്ര ആരംഭിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും വിജയം സുനിശ്ചിതം.

5. പുത്തന്‍ ആശയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍

സംരംഭകമേഖലയെ മുന്നോട്ട് നയിക്കുന്ന പ്രധാന കാര്യങ്ങളില്‍ രണ്ടെണ്ണമാണ് ആശയങ്ങളും കണ്ടുപിടുത്തങ്ങളും. അതിനാല്‍ പ്രവര്‍ത്തിക്കുന്ന മേഖല ഏത് തന്നെയാണെങ്കിലും ആ മേഖലയോട് അനുബന്ധിച്ചുള്ള കാര്യങ്ങളില്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ആശയങ്ങള്‍ കൊണ്ട് വരികയും ചെയ്യാം. നിലവിലുള്ള ആശയങ്ങള്‍, കണ്‍സപ്റ്റ്, പ്രോസസ്, മെത്തേഡ് എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താം. സ്ഥാപനത്തിനകത്ത് സ്വന്തം നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ മികച്ച ഫലം നല്‍കുന്നവയാണ് എങ്കില്‍ അത് തീര്‍ച്ചയായും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തണം. ഏത് ചെറിയ നേതൃത്വവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതാകുമ്പോള്‍ മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതായിരിക്കും. അത് തൊഴിലാളി എന്ന നിലയില്‍ നിങ്ങളുടെ പ്രകടനമികവ് വ്യക്തമാക്കും.

6. കമ്യൂണിക്കേഷന്‍ സ്‌കില്‍സ്

പ്രവര്‍ത്തന മേഖല ഏത് തന്നെയാണെങ്കിലും അനിവാര്യമായ ഒന്നാണ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്.പറയുക, കേള്‍ക്കുക, നിരീക്ഷിക്കുക എന്നിവ വഴി വിവരങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവ് സ്വയം നേടിയെടുക്കണം. സ്ഥാപനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഉപഭോക്താക്കളെ നേരിടുമ്പോള്‍ ഏറ്റവും ആവശ്യമായ കാര്യമാണിത്. തൊഴിലാളികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ വഴി സ്ഥാപനത്തിന്റെ പ്രവര്‍ത്തനമികവ് വരെ വിലയിരുത്തപ്പെടും. സെയില്‍മാന്‍ ആയി ജോലിയില്‍ പ്രവേശിച്ച് കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുകള്‍ കൊണ്ട് ഫ്‌ലോര്‍ മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഉയര്‍ന്നവര്‍ ധാരാളമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top