ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വരുംവര്‍ഷങ്ങളില്‍ ലോകത്തെ കീഴ്‌പ്പെടുത്താന്‍ പോകുന്ന മാരക രോഗങ്ങളുടെ പ്രധാന ഉറവിടം മനുഷ്യര്‍ സ്വമേധയാ ഭൂമിയില്‍ സൃഷ്ടിക്കുന്ന മാലിന്യകൂമ്പാരങ്ങള്‍ തന്നെയാകുമെന്നാണ്. പ്രതിവര്‍ഷം 40 ശതമാനം എന്ന നിരക്കിലാണ് ഭൂമിയുടെ ഉപരിതലത്തില്‍ പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നത്. ടണ്‍ കണക്കിന് ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങള്‍ ഇത്തരത്തില്‍ പുറന്തള്ളപ്പെടുമ്പോള്‍ ഭൂമി ഒരു ചവറ്റുകൂനയായി മാറുന്നു.
ഫലമോ ഇവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാതാകുന്നു. വ്യാവസായിക മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ തലവേദനയായി അവശേഷിക്കുന്ന ഗാര്‍ഹിക മാലിന്യങ്ങളുടെ ശരിയായ സംസ്‌കരണമാണ്. മനസ്സ് വച്ചാല്‍ മണ്ണിര കമ്പോസ്റ്റ് മുതല്‍ ബയോഗ്യാസ് പ്ലാന്റ് വരെ ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന് പോംവഴികള്‍ പലതുണ്ട.്
മാലിന്യങ്ങളുടെ കൂട്ടത്തില്‍ പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ചു വരുന്ന അളവ് മനസിലാക്കി സര്‍ക്കാര്‍ പ്ലാസ്റ്റിക്കിനേര്‍പ്പെടുത്തിയ നിരോധനം കേരളത്തില്‍ ഒരുപരിധിവരെ ഗുണകരമാകുന്നുണ്ടെന്നാണ് ഇതുവരെയുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളില്‍ നിന്നും ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ലല്ലോ, അവശേഷിക്കുന്ന ഗാര്‍ഹിക മാലിന്യങ്ങളെക്കൂടി ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതായുണ്ട്.
ആളൊഴിഞ്ഞ ഇടങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്ന രീതിക്ക് ഇപ്പോഴും വലിയ വ്യത്യാസം വന്നിട്ടില്ല. പബ്ലിക് റോഡോ, അന്യന്റെ പുരയിടമോ വൃത്തികേടായാലും വേണ്ടില്ല, തന്റെ വീട്ടില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തു പോകണം. ഇതാണ് ഇന്നത്തെകാലത്തെ നഗരവാസിയായ ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. ഈ ചിന്താഗതി ഒന്നുകൊണ്ട് മാത്രമാണ് ഗാര്‍ഹിക മാലിന്യങ്ങള്‍ ഇന്നും തലവേദനയായി അവശേഷിക്കുന്നത്. എന്നാല്‍ ഈ പറയുന്ന പോലെ ഗാര്‍ഹിക മാലിന്യം അത്ര പ്രശ്‌നക്കാരനല്ല. ഓരോ വ്യക്തിയും മനസ് വച്ചാല്‍ അവനവന്റെ വീട്ടിലെ മാലിന്യങ്ങള്‍ കോമ്പൗണ്ട് വാളിനുള്ളില്‍ തന്നെ സംസ്‌കരിക്കാം.
നഗര ഗ്രാമ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും മുഖാന്തിരം, ആളുകള്‍ വീട്ടില്‍ വന്നോ, കളക്ഷന്‍ പോയിന്റില്‍ നിന്നും എടുത്തോ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. മുടക്കമില്ലാതെ ഈ കളക്ഷന്‍ പോയിന്റുകളില്‍ മാലിന്യം എത്തിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. എന്നാല്‍ പലപ്പോഴും കൃത്യം സമയത്ത് മാലിന്യവുമായെത്താന്‍ വീട്ടുടമകള്‍ക്ക് കഴിയാതെ വരുന്നു. ഈ അവസ്ഥയില്‍ ഗാര്‍ഹിക മാലിന്യം തലവേദന തന്നെയാണ്.നീക്കം ചെയ്യപ്പെടാതെ പോകുന്ന മാലിന്യങ്ങള്‍ ദിവസങ്ങളോളം വീട്ടുപടിക്കല്‍ കെട്ടിക്കിടക്കുന്ന കാഴ്ച നഗരങ്ങളില്‍ പതിവാണ്.
ഈ അവസ്ഥാമാറുന്നതിന് ജൈവ മാലിന്യങ്ങളെ തരം തിരിച്ച് സ്വന്തം വീട്ടില്‍ തന്നെ മറവ് ചെയ്യുന്നതിനായി സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്ന മാര്‍ഗങ്ങള്‍ വിനിയോഗിക്കാം. ചുരുങ്ങിയ ചെലവില്‍ ആര്‍ക്കും നടപ്പിലാക്കാന്‍ കഴിയുന്ന ഈ പദ്ധതികള്‍ വീടുകള്‍ക്ക് പുറമെ ഓഫീസുകളില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവയാണ്. ഗാര്‍ഹികമാലിന്യത്തെ വളമാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ഇന്ന് സര്‍ക്കാര്‍ സബ്‌സിഡിയുടെ ലഭ്യമാണ്. ഇതിലൂടെ മണ്ണിര കമ്പോസ്റ്റുകള്‍ ഉണ്ടാക്കിയും, അടുക്കളത്തോട്ടം നിര്‍മിച്ചും, ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിച്ചും വീടുകളിലെ മാലിന്യത്തെ ആയാസരഹിതമായി നിര്‍മാര്‍ജനം ചെയ്യാം.
മാലിന്യങ്ങളെ തരം തിരിക്കാം
ആരോഗ്യകരമായ മാലിന്യ നിര്‍മാര്‍ജനത്തിന് ആദ്യപടി മാലിന്യങ്ങള്‍ തരം തിരിക്കുക എന്നതാണ്. പല വീടുകകളിലും കണ്ടുവരുന്ന വളരെ മോശം പ്രവണതയാണ് രാസമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും എല്ലാം കൂടി ഒരുമിച്ചാക്കുക എന്നത്. ഇത് ഒരിക്കലും ആശാസ്യകരമല്ല. ജൈവ, അജൈവ മാലിന്യങ്ങളെ രണ്ടായി തരം തിരിക്കണം. ഇതിനായി അടുക്കളയില്‍ രണ്ട് ചെറിയ ബക്കറ്റുകള്‍ വെക്കുക. സാധാരണയായി ഇത്തരം ബക്കറ്റുകള്‍ കോര്‍പ്പറേഷനില്‍ നിന്നും ഓരോ വീട്ടുടമക്കും ലഭ്യമാകും.
ഇതില്‍ ഒരു ബക്കറ്റില്‍ ഭക്ഷണാവശിഷ്ടങ്ങള്‍, പേപ്പര്‍ തുടങ്ങിയ മണ്ണില്‍ ലയിച്ചു ചേരുന്ന ജൈവ വേസ്റ്റുകളും രണ്ടാമത്തേതില്‍ പ്‌ളാസ്റ്റിക് വേസ്റ്റുകളും തരംതിരിച്ച് ഇടുക. ആരംഭം മുതല്‍ക്ക് ശ്രദ്ധിച്ചാല്‍ ഏറെ എളുപ്പമുള്ള കാര്യമാണിത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ അജിവ മാലിന്യങ്ങള്‍ കോര്‍പ്പറേഷന് കീഴില്‍ മാലിന്യം നീക്കം ചെയ്യുന്നവരെ ഏല്‍പ്പിക്കാം. ജൈവ മാലിന്യങ്ങളാണ് വീട്ടുപരിസരത്ത് ആരോഗ്യകരമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുക.
സിംപിളാണ് മണ്ണിര കമ്പോസ്റ്റ്
മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയ ഒരു രീതിയാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം. എളുപ്പത്തില്‍ ചെയ്യാനാകും എന്നത് കൊണ്ടുതന്നെയാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം ജനകീയമാകുന്നതും. ഓര്‍ഗാനിക് മാലിന്യങ്ങളിലെ മണ്ണിരയുടെ സഹായത്താല്‍ വളത്തിന്റെ രൂപത്തിലേക്ക് മാറ്റുന്ന പ്രകൃയയാണിത്. അടുക്കളത്തോട്ടത്തിലെ ചെടികള്‍ക്കും മറ്റും വളമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ വെര്‍മി കമ്പോസ്റ്റ് നിര്‍മിക്കാന്‍ എളുപ്പമാണ്.
സാധാരണ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കാന്‍ 36 മാസം വേണമെന്നുള്ളപ്പോള്‍ മണ്ണിര കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കേവലം 24 മണിക്കൂര്‍ മതിയാകും .തുറന്ന ഭൂമിയുടെ ഉപരിതലത്തിലായി 70 സെന്റീമീറ്റര്‍ ഉയരമുള്ള ടാങ്ക് ഉണ്ടാക്കി അതില്‍ മാലിന്യം നിക്ഷേപിച്ച്, ഈര്‍പ്പം നിലനിര്‍ത്തി, മണ്ണിരകളെ വളര്‍ത്തിയാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം. നാം നല്‍കുന്ന ജൈവ അവശിഷ്ടങ്ങള്‍, മണ്ണിര അഭക്ഷിച്ചുണ്ടാകുന്ന വിസര്‍ജ്യമാണ് മണ്ണിര കമ്പോസ്റ്റ്. ഈ പ്രകൃയയിലൂടെ ജൈവമാലിന്യങ്ങള്‍ ഇല്ലാതാകുകയും ഏറെ ഫലപ്രദമായ ജൈവവളം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന മണ്ണിര കമ്പോസ്റ്റ്, മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു, ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പല പദാര്‍ത്ഥങ്ങളും നല്‍കുന്നു.
ചെലവ് കുറഞ്ഞ പൈപ്പ് കമ്പോസ്റ്റ്
മണ്ണിരക്കമ്പോസ്റ്റ് കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മാലിന്യ നിര്‍മാര്‍ജന രീതിയാണിത്. കുറഞ്ഞ ചെലവില്‍ ഇത്തരത്തില്‍ കമ്പോസ്റ്റ് നിര്‍മിക്കാം. പൈപ്പ് കമ്പോസ്റ്റ് നിര്‍മിക്കുന്നതിന് രണ്ട് പൈപ്പുകളാണ് മണ്ണില്‍ ഘടിപ്പിക്കേണ്ടത്. പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചച്ചാണക ലായനി ഒഴിക്കണം. ശേഷം അഴുകുന്ന പാഴ്വസ്തുക്കള്‍, അതായത് പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കള്‍ എന്നിവ അതിലേക്ക് ഇടാം. ആഴ്ചതോറും ചാണകം/ശര്‍ക്കര/പുളിച്ച തൈര്/നന്നായി പുളിപ്പിച്ച മോര്/വെപ്പിന്‍പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് ഒഴിക്കുന്നത് നല്ലതാണു.
ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ലറി അടുത്ത പൈപ്പിലൂടെ ശേഖരിക്കാം. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ശതമാനം സബ്‌സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണംചെയ്തു വരുന്നു. മാലിന്യ നിര്‍മാര്‍ജനത്തോടൊപ്പം, പുരയിടകൃഷിക്കായി ആദായകരവും ജൈവസംപുഷ്ടിദായകവുമായ വളവും ലഭിക്കുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരേ പോലെ പ്രവര്‍ത്തികമായ ഒന്നാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം.
നിര്‍മിക്കാം മീന്‍കുളം, അടുക്കളത്തോട്ടം
അടുക്കളമാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗമാണ്, വീട്ടു മുറ്റത്തായി ഒരു മീന്‍കുളം നിര്‍മിക്കുക എന്നത്. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വേണം ഇതില്‍ വളര്‍ത്താന്‍.015 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള സിമന്റ് ടാങ്ക് ഇതിനായി ഒരുക്കാം. കട്‌ല, രോഹു, കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളെ ഇതില്‍ വളര്‍ത്താം. ഭക്ഷണപച്ചക്കറി അവശിഷ്ടങ്ങള്‍ മീനുകള്‍ ഭക്ഷിക്കുന്നതിലൂടെ മാലിന്യസംസ്‌കരണം എന്ന തലവേദന മാറുകയും സ്വന്തം വീട്ടില്‍ ഉണ്ടാകുന്ന അമോണിയ ചേര്‍ക്കാത്ത മത്സ്യങ്ങളെ കഴിക്കാന്‍ സാധിക്കുകയും ചെയ്യും. അല്‍പസ്വല്‍പം കൃഷിയും കൃഷിസ്ഥലവുമുള്ളവര്‍ ഇത് പരീക്ഷിച്ചു വിജയിക്കുന്നുണ്ട്.ഇതിനോടൊപ്പം അടുക്കളത്തോട്ടം നിര്‍മിച്ചും മാലിന്യം അകറ്റാം.
പച്ചക്കറി നേടുന്നതിനായി ഒരു ഇരുപത് ചട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ ദിവസത്തെ ജൈവ വേസ്റ്റും ഓരോ ചട്ടികളിലായി നിക്ഷേപിക്കാം. ജൈവ മാലിന്യങ്ങള്‍ ചെടികള്‍ക്ക് വളമാകും. അതിലൂടെ ആരോഗ്യകരമായ പച്ചക്കറികള്‍ ലഭിക്കുകയും ചെയ്യും. വീടിനു ചുറ്റും കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ ടെറസില്‍ ഗ്രോ ബാഗുകളില്‍ ഇതേ രീതി പരീക്ഷിക്കുന്നത് നന്നായിരിക്കും.. പാവല്‍, വെണ്ട, തക്കാളി ,പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ കുറഞ്ഞ സ്ഥലത്തിനുള്ളില്‍ വളര്‍ത്താവുന്നതാണ്. മാലിന്യത്തെ വളമാക്കി മാറ്റാന്‍ ടെറാക്കോട്ടയില്‍ തീര്‍ത്ത പാത്രങ്ങളും ഇന്ന് ലഭ്യമാണ്.
ഊര്‍ജ സംരക്ഷണം ഉറപ്പിച്ച് ബയോ ഗ്യാസ് പ്ലാന്റുകള്‍
പാചക വാതകത്തിന്റെ വില അടിക്കടി വര്‍ധിക്കുകയാണ്. ഈ അവസ്ഥയില്‍ സ്വന്തം വീട്ടിലെ പാചകത്തിനാവശ്യമായ ഗ്യാസ് സ്വയം നിര്‍മിക്കാന്‍ കഴിഞ്ഞാലോ? അതിനുള്ള വഴിയാണ് ബയോ ഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍ ഇതിനു കുറച്ചധികം മാലിന്യം അനിവാര്യമാണ്. അതിനാല്‍ ആളുകള്‍ കൂടുതലുള്ള വീടുകളിലാണ് ഇത് ഉപകാരപ്രദമാകുക. അഞ്ച് അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു ഘനമീറ്റര്‍ വലിപ്പമുള്ള പ്ലാന്റ് ഉപകരിക്കും.പ്ലാന്റിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവാതകം പ്ലാന്റിലെ വാതക സംഭരണിയില്‍ ശേഖരിക്കപ്പെടുന്നു. ഇത് പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിച്ച് ഗാസ് സ്റ്റോവിലെക്ക് കണക്റ്റ് ചെയ്താണ് പാചകത്തിന് ഉപയോഗിക്കുന്നത്. 15000 രൂപ മുതലുള്ള വിവിധ മോഡല്‍ പ്ലാന്റുകള്‍ ലഭ്യമാണ്. .ഇപ്പോള്‍ 100% ബയോഗ്യാസ് എഞ്ചിനുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മാലിന്യനിര്‍മാര്‍ജനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണനല്‍കുന്നുണ്ട്. അനെര്‍ട്ട് വഴി നേരിട്ടാണ് സബ്‌സിഡി ലഭിക്കുന്നത്. ഒരു ക്യുബിക് മീറ്റര്‍ പ്ലാന്റിന് (ജനറല്‍) 5,500 രൂപ, ഒരു ക്യുബിക് മീറ്റര്‍ പ്ലാന്റിന് (പട്ടികജാതി) 7,000 രൂപ, രണ്ട്ആറ് ക്യുബിക് മീറ്റര്‍ പ്ലാന്റിന് (ജനറല്‍) 9,000 രൂപ, രണ്ട്ആറ് ക്യുബിക് മീറ്റര്‍ പ്ലാന്റിന് (പട്ടികജാതി) 11,000 രൂപ എന്നിങ്ങനെ സബ്‌സിഡി നല്‍കുന്നു. പഞ്ചായത്ത് തലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും സബ്‌സിഡിക്കായുള്ള അപേക്ഷ സമര്‍പ്പിക്കാം.