ഏറെ ആഗ്രഹിച്ച് നേടിയ ചില ജോലി പെട്ടന്ന് ഒരു നിമിഷത്തെ തോന്നല്‍ കൊണ്ട് ഉപേക്ഷിച്ചവരെ പറ്റി കേട്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരു വ്യക്തിയാണ് നോയ്ഡ സ്വദേശിനിയായ അപര്‍ണ രാജഗോപാല്‍. വക്കീലായിരുന്ന അപര്‍ണ ഇന്ന് ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ബീജോം ഓര്‍ഗാനിക് ഫാം ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയുടെ ഉടമയാണ്. വെറും നാല് വര്‍ഷം കൊണ്ടാണ് വരണ്ടുണങ്ങിയ 20 ഏക്കര്‍ ഭൂമിയില്‍ അപര്‍ണ പച്ചപ്പിന്റെ സ്വര്‍ഗം തീര്‍ത്തത്. രാജ്യത്തെ ഏറ്റവും മികച്ച ഫാം സ്‌കൂളുകളില്‍ ഒന്നായി, അഗ്രിക്കള്‍ച്ചര്‍ ടൂറിസത്തെയും കൃഷിയെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനത്തിലൂടെ വിഷരഹിതമായ ഭക്ഷണം ജനങ്ങളിലേക്കെത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് അപര്‍ണക്കുള്ളത്.
നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവന മാര്‍ഗമായ ബീജോം ഓര്‍ഗാനിക് ഭക്ഷ്യ വസ്തുക്കളുടെ വിപണന രംഗത്തും സജീവമാണ്. കര്‍ഷകരുടെ മക്കള്‍ക്കായി വിദ്യാലയവും വനിതകള്‍ക്കായി സ്വയം തൊഴില്‍ പരിശീലന പരിപാടികളും നടത്തി ഈ രംഗത്ത് തനത് മാതൃക സൃഷ്ടിക്കുകയാണ് ബീജോം
ഒരു കാലത്ത് ഉത്തര്‍പ്രദേശിന്റെ നട്ടെല്ലായിരുന്ന കൃഷി ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും സ്ഥിതി വിഭിന്നമല്ല. പരമ്പരാഗത കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്ന അവസ്ഥയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി മറ്റ് വിപണികളെ ആശ്രയിക്കേണ്ടതായി വരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരാകട്ടെ അമിത ലാഭം ലക്ഷ്യമിട്ട് രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
രാജ്യത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം കെമിക്കലുകള്‍ ചേര്‍ന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. ഉത്തര്‍പ്രദേശിന്റെ കാര്യത്തില്‍ ഇത്തരമൊരു അവസ്ഥക്ക് സ്ഥായിയായ വ്യത്യാസം കൊണ്ട് വരണം എന്ന ആഗ്രഹത്തോടെയാണ് നോയ്ഡ സ്വദേശിനിയായ അപര്‍ണ രാജഗോപാല്‍ ഓര്‍ഗാനിക് ഫാമിംഗിലേക്ക് എത്തുന്നത്.
ഒരു വക്കീലായിരുന്ന അപര്‍ണ മുന്‍കൂട്ടി നിശ്ചയിച്ചല്ല കൃഷിയിലേക്കും സാമൂഹ്യസംരംഭകത്വത്തിലേക്കും എത്തുന്നത്. സാഹചര്യം വന്നപ്പോള്‍ കൃഷിയിലും ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചത് നിമിഷങ്ങള്‍ കൊണ്ടാണ്.വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനൊപ്പം തന്നെ അപര്‍ണ മൃഗസംരക്ഷണ സംഘടകളിലും അംഗമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയിരിക്കെ, ശരീരമാസകലം മുറിവേറ്റ ഒരു കുതിരയെ അപര്‍ണ രക്ഷിക്കാനിടയായി. ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച കുതിരയെ അപരനായും ഭര്‍ത്താവും ദത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നഗരത്തിലെ അപര്‍ണയുടെ വീട്ടില്‍ കുതിരയെ വളര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കുതിരക്ക് സ്വാതന്ത്ര്യത്തോടെ ഓടി നടക്കുവാനും ഭക്ഷണം കഴിക്കുവാനുമൊക്കെയുള്ള അവസരം ലഭിക്കണമെങ്കില്‍ ഗ്രാമത്തില്‍ എവിടെയെങ്കിലും കുരസിച്ചു സ്ഥലം പാട്ടത്തിനെടുക്കണം എന്ന് അപര്‍ണ മനസിലാക്കി.
ഇത് പ്രകാരമാണ് അടുത്ത ഗ്രാമത്തിലെ കുറച്ചു ഭൂമി അപര്‍ണയും ഭര്‍ത്താവും പോയി കാണുന്നത്. അതൊരു കര്‍ഷക ഗ്രാമമമായിരുന്നു. ജനസംഖ്യയില്‍ നല്ലൊരു ഭാഗം കര്‍ഷകര്‍. എന്നിട്ടും ജലത്തിന്റെ ലഭ്യതക്കുറവ് മൂലം ആ സ്ഥലം കൃഷി ചെയ്യപ്പെടാതെ കിടക്കുന്നു. വെള്ളം ലഭിക്കുന്നതിനുള്ള സ്രോതസ്സ് അടുത്തായിത്തന്നെയുണ്ട്. കൃഷിയെ മുന്‍നിര്‍ത്തി അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നം. ഭക്ഷ്യസുരക്ഷ ചോദ്യചിഹ്നമാകുന്ന ഈ നാട്ടില്‍ എന്തുകൊണ്ട് എന്തുകൊണ്ട് തനിക്കിവിടെ കൃഷി ചെയ്തുകൂടാ എന്ന ചിന്ത അപര്‍ണയുടെ മനസിലേക്ക് വന്നത് വളരെ പെട്ടന്നായിരുന്നു. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാന്‍ നിന്നില്ല ഓര്‍ഗാനിക് ഫാമിംഗ് രീതി മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് ആ സ്ഥലം പാട്ടത്തിനെടുത്തു. അപര്‍ണയുടെ ഭര്‍ത്താവും കുടുംബവും പുതിയ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി.
2014 ആണ് അപര്‍ണ ഫാം നിര്‍മിച്ചു തുടങ്ങുന്നത്. 20 ഏക്കര്‍ സ്ഥലമാണ് തന്റെ ഫാം ഹൌസ് നിര്‍മാണത്തിനായി തെരെഞ്ഞെടുത്തത്. ഇതില്‍ അഞ്ചേക്കര്‍ സ്ഥലം സ്വന്തമായി വാങ്ങി. ശേഷിക്കുന്ന 15 ഏക്കര്‍ ആണ് പാട്ടത്തിന് എടുത്തത്. തന്റെ കൃഷിയിടത്തില്‍ രാസവളപ്രയോഗം ഉണ്ടായിരിക്കില്ല എന്നും പൂര്‍ണമായും കീടനാശിനി മുക്തമായ വിളകള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കൂ എന്നും തുടക്കം മുതല്‍ തീരുമാനിച്ചിരുന്നു.
ബീജോം ബീജോം ഓര്‍ഗാനിക് ഫാം ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി എന്നാണ് അപര്‍ണ തന്റെ സ്വപ്ന പദ്ധതിക്ക് പേര് നല്‍കിയത്.ഇത്തരമൊരു പേര് നല്‍കിയതിന് പിന്നില്‍ അപര്‍ണക്ക് മൃഗങ്ങളോടുള്ള സ്‌നേഹവും പ്രകടമാകുന്നു. ഫാമില്‍ വിളകള്‍ക്കൊപ്പം മൃഗങ്ങളുമുണ്ട്. എന്നാല്‍ പശുക്കളില്‍ നിന്നും പാലെടുക്കാറില്ല.
ചുറ്റുപാടുമുള്ള ജനങ്ങളുടെ സുരക്ഷ
20 ഏക്കര്‍ ഭൂമിയില്‍ ഫാം ഹൌസ് ഒരുക്കുമ്പോള്‍ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ ഒന്നുംതന്നെ അപര്‍ണക്ക് ഉണ്ടായിരുന്നില്ല. നോയ്ഡ സ്വദേശികളായവര്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുന്ന കീടനാശിനി ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന രീതിക്ക് ഒരു മാറ്റം വരണം എന്ന് മാത്രമായിരുന്നു അപര്‍ണയുടെ ആഗ്രഹം. ഇത് പ്രകാരം ഒരേ കാര്‍ഷികവിള മാത്രം കൃഷി ചെയ്യാതെ ഒരു കുടുംബത്തിന്റെ നില നില്‍പ്പിന് ആവശ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യാനാണ് അപര്‍ണ നോക്കിയത്. കൃഷിയില്‍ കാര്യമായ അറിവില്ലാത്ത അപര്‍ണ വിവിധ കര്‍ഷകരെ നേരിട്ടുകണ്ടും കൃഷി രീതികള്‍ പഠിച്ചുമാണ് ആദ്യതവണ കൃഷിയിറക്കിയത്.
വീട്ടിലേക്ക് സാധാരണയായി ആവശ്യമായി വരുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് കൃഷിയിടത്തില്‍ ഉണ്ടായിരുന്നത്. സ്വന്തം ഭൂമിയില്‍ സ്വയം കൃഷിയിറക്കാതെ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള നോയിഡയിലെ കര്‍ഷകര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കി നല്‍കി അവരെക്കൊണ്ട് കൃഷി ചെയ്യിപ്പിക്കുകയായിരുന്നു അപര്‍ണ ചെയ്തത്.ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണെങ്കിലും ഈ പദ്ധതിക്ക് വിജയസാധ്യത ഏറെയായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൃഷി ചെയ്യാതിരുന്ന കര്‍ഷകര്‍ക്ക് ഇതൊരു അവസരമായിരുന്നു. കൃഷിഭൂമിയില്‍ നിന്നും ലഭിക്കുന്ന ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിള ലഭിക്കുക കൂടി ചെയ്തതോടെ അതിനയെ ഒരു നല്ല വിഹിതം കര്‍ഷകര്‍ക്കും ലഭിച്ചു. അങ്ങനെ തദ്ദേശവാസികളുടെ സഹകരണത്തോടെ നോയിഡയിലെ ആദ്യത്തെ പൂര്‍ണമായും ഓര്‍ഗാനിക്ക് ആയുള്ള ഫാം യാഥാര്‍ത്ഥ്യമായി.
എണ്ണക്കുരുക്കളാണ് ഈ ഫാമിന്റെ മറ്റൊരു പ്രത്യേകത. കടുക്, സൂര്യകാന്തി, ഉലുവ, പരിപ്പ്, പയര്‍, കടല, തുടങ്ങിയവയും ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. വിവിധയിനം ചീരകള്‍, ഇലക്കറികള്‍ എന്നിവയും ഇവിടെ യദേഷ്ടം ഉണ്ട്.
പശുക്കളുണ്ട് പക്ഷേ പാലില്ല
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ , ഇവിടെ പശുക്കളെയും വളര്‍ത്തുന്നുണ്ട് അപര്‍ണ. പശു ഉണ്ടെന്നു കരുതി ഇവിടെ പാലുല്‍പ്പാദനമുണ്ടെന്ന് കരുതണ്ട. പാലിനും പാല്‍ ഉല്‍പ്പങ്ങള്‍ക്കും വേണ്ടി പശുക്കളെയും മറ്റ് കന്നുകാലികളെയും വളര്‍ത്തുന്നതിനോട് അപര്‍ണക്ക് യോജിപ്പില്ല. ബീജോം ഫാമിലെ പശുക്കളില്‍ നിന്നും ആകെ എടുക്കുന്നത് ചാണകവും ഗോമൂത്രവുമാണ്. പശുക്കള്‍ സംരക്ഷിക്കപ്പെടേണ്ട മൃഗങ്ങളാണെന്നാണ് അപര്‍ണയുടെ പക്ഷം. 130 ല്‍ പരം കന്നുകാലികളാണ് ഇവിടെയുളളത്.
ഇതില്‍ സിന്ധി, വെച്ചൂര്‍, സ്വര്‍ണകപില തുടങ്ങിയ ഇനങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ തന്നെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വെച്ചൂര്‍ പശുക്കളെ ഇവിടെ പ്രത്യേക ശ്രദ്ധയോടെ പരിപാലിക്കുന്നു. ഇന്ത്യയില്‍ തന്നെ ഇനി നൂറോളം വെച്ചൂര്‍ പശുക്കളാണുള്ളത്. ഇവയില്‍ 11 എണ്ണം ബീജോം ഫാമിന് സ്വന്തമാണ്.
പശുക്കളുടെ ചാണകം പ്രധാനമായും വളമായാണ് ഉപയോഗിക്കുന്നത്. ഇതിനു പുറമെ, ഒരു നിശ്ചിത ശതമാനം ഗോബര്‍ ഗ്യാസ് , ജീവാമൃതം വളം , പഞ്ചഗവ്യം എന്നിവയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. ഇതിനു പുറമെ ചാണകം ഉപയോഗിച്ചുള്ള കപ്പുകള്‍, ചന്ദനത്തിരികള്‍ എന്നിവയും നിര്‍മിക്കുന്നു. ഡങ് ഹോ എന്ന പദ്ധതിയുടെ കീഴിലാണ് സ്ഥാപനം ചാണകത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കുന്നത്. മാത്രമല്ല നിലം ഉഴുന്നതിനായി ട്രാക്റ്ററുകളെ ആശ്രയിക്കുന്ന ഇക്കാലത്ത് അപര്‍ണ കാളകളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് നിലം ഉഴുന്നത്.
കര്‍ഷകരുടെ മക്കള്‍ക്കായി വിദ്യാലയം
സാമ്പത്തിക പരാധീനതകരണം പഠിക്കാനുള്ള അവസരം ലഭിക്കാത്ത നിരവധി കുട്ടികള്‍ തന്റെ നാട്ടിലുണ്ട് എന്ന് മനസിലാക്കിയ അപര്‍ണ ഇവര്‍ക്കായി ഒരു വിദ്യാലയം ആരംഭിക്കുകയായിരുന്നു. പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് പഠിക്കാനും കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അത് അഭ്യസിക്കുന്നതിനുമുള്ള അവസരം ഇവിടെയുണ്ട്. ബീജോം ശിക്ഷ എന്നാണ് ഈ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. 140 വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നത്. രണ്ടി ഘട്ടങ്ങളായാണ് ഇവിടെ ക്‌ളാസുകള്‍ നടക്കുന്നത്. മറ്റ് വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സിലബസ് അനുസരിച്ചുള്ള പഠനം നല്‍കുന്ന ക്‌ളാസുകളാണ് ഉച്ചവരെയുള്ള ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞുള്ള രണ്ടാം ഘട്ടം മറ്റ് വിദ്യാലയങ്ങളില്‍ പോയി പഠിച്ചിട്ടും കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍ക്കുള്ള ക്‌ളാസുകളാണ്. രണ്ടു ക്‌ളാസുകള്‍ക്കും പൊതുവായി കാര്‍ഷിക പാഠം ഉണ്ട്.
ആരോഗ്യപരിപാലനം, പ്രഥമ ചികിത്സ, കൃത്യമായ വാക്‌സിനേഷനുകള്‍ തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗമാണ് ബീജോം ആരോഗ്യ. ബീജോം ഫാമുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യ പരിരക്ഷ ഇതിലൂടെ അപരന്‍ ഉറപ്പ് വരുത്തുന്നു.
സ്ത്രീശാക്തീകരണത്തിലും മുന്നില്‍
കാര്‍ഷികവൃത്തിയുടെ വരുമാനം കണ്ടെത്താത്ത, മറ്റു ജോലികള്‍ക്കൊന്നും പോകാതെ വീട്ടിലിരിക്കുന്ന കര്‍ഷകരുടെ ഭാര്യമാരെ ഉദ്ദേശിച്ചാണ് അപര്‍ണ സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തയ്യല്‍, ബാഗ് നിര്‍മാണം, തലയിണക്കവര്‍ നിര്‍മാണം, പൂപ്പാത്ര നിര്‍മാണം, തുടങ്ങിയവയില്‍ ഗ്രാമീണരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിവരുന്നു. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അതിലൂടെ പ്രതിമാസം നിശ്ചിത വരുമാനം നേടുന്നതിനും അപര്‍ണ ഇവരെ പ്രാപ്തരാക്കിയിരിക്കുന്നു. ബീജോമിന്റെ നേതൃത്വത്തില്‍ നടത്തുന്ന എക്‌സിബിഷനുകളുടെ മുഖ്യ ആകര്‍ഷണമാണ് ഈ ഉല്‍പ്പന്നങ്ങള്‍. ഗ്രാമത്തിലെ സ്ത്രീകളെ ആരോഗ്യ സുരക്ഷ, മെന്‍സ്ട്രല്‍ ഹൈജീന്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവതികളാക്കാനും അപര്‍ണ മുന്നില്‍ത്തന്നെയുണ്ട്. മികച്ച ഗൈനക്കോളജിസ്റ്റുമാരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്‌ളാസുകള്‍ നടത്തുന്നത്.
അഗ്രിക്കള്‍ച്ചറല്‍ ടൂറിസത്തിനും വഴികാട്ടി
കൃഷിയും കൃഷി രീതികളും അഭ്യസിപ്പിച്ചുകൊണ്ട് അഗ്രിക്കള്‍ച്ചറല്‍ ടൂറിസത്തിനു വഴികാട്ടിയാവാനും ബീജോം ഫാം മുന്നില്‍ത്തന്നെയുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ഇവിടെയെത്തി കൃഷി രീതികള്‍ പഠിക്കുന്നുണ്ട്. ഇവിടെ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനവും ഇതിനോട് അനുബന്ധിച്ച് നടക്കുന്നു.
ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കളില്‍ നിന്നും നിര്‍മിക്കുന്ന മൂല്യവര്‍ധിത വസ്തുക്കളായ അച്ചാറുകള്‍, ജാം, ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയുടെ നിര്‍മാണവും ഇവിടെ നടക്കുന്നു. നിശ്ചിത വിലക്ക് ഈ ഉല്‍പ്പന്നങ്ങളും വില്‍പ്പനക്ക് ലഭ്യമാണ്. നോയിഡയിലെ 51 കടകളിലും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തുന്നു. വക്കീല്‍ കുപ്പായത്തില്‍ നിന്നും കൃഷിയിലൂടെ ഒരു സാമൂഹ്യസംരംഭകയുടെ റോളിലേക്ക് എത്തുമ്പോള്‍ അപര്‍ണ രാജഗോപാല്‍ എന്ന വനിതയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുവാന്‍ ഏറെയുണ്ട്.