News

ഭക്ഷ്യ സ്വയം പര്യാപ്തതയുടെ കഞ്ഞിക്കുഴി മോഡല്‍

ദിവസേന ലോഡുകണക്കിന് വിഷം ചേര്‍ത്ത പച്ചക്കറിയാണ് തമിഴ്‌നാട്ടില്‍ നിന്നും ഇത്ര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഈ അവസ്ഥക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ ജില്ലയിലെ ഒരുകൂട്ടം കര്‍ഷകര്‍ ചേര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്

കീടനാശിയുടെയും രാസവളത്തിന്റെയും കടന്നാക്രമണമില്ലാതെ കേരളത്തിന്റെ സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത പച്ചക്കറി മലയാളികളുടെ സ്വപ്നമായി മാറിത്തുടങ്ങിയിരിക്കുന്നു. ദിവസേന ലോഡുകണക്കിന് വിഷം ചേര്‍ത്ത പച്ചക്കറിയാണ് തമിഴ്‌നാട്ടില്‍ നിന്നും ഇത്ര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഈ അവസ്ഥക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ ജില്ലയിലെ ഒരുകൂട്ടം കര്‍ഷകര്‍ ചേര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ഓരോ വീടിനും സ്വന്തമായൊരു അടുക്കളത്തോട്ടം എന്ന രീതിയില്‍ ആരംഭിച്ച പച്ചക്കറിക്കൃഷി ഇന്ന് കഞ്ഞിക്കുഴിയുടെ സ്വന്തം ജൈവാബ്രാന്‍ഡ് എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഭക്ഷ്യ സ്വയംപര്യാപ്തതയുടെ കാര്യത്തില്‍ കേരളത്തിലെ മറ്റെല്ലാ പഞ്ചായത്തുകള്‍ക്കും മാതൃകയാകുകയാണ് കഞ്ഞിക്കുഴി.

Advertisement

ആവശ്യങ്ങളാണ് സകല കണ്ടുപിടുത്തങ്ങളുടെയും ഹേതു എന്ന് പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്ന് തെളിയിക്കുന്നു ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം ഗ്രാമപഞ്ചായത്തുകളിലെ ജൈവ പച്ചക്കറിക്കൃഷി. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത കീടനാശിനി ചേര്‍ത്ത പച്ചക്കറികളുടെ ഉപയോഗം മൂലം ആരോഗ്യത്തിന് പലവിധ അസ്വസ്ഥതകള്‍ നേരിട്ട് തുടങ്ങിയപ്പോഴാണ് ജൈവ പച്ചക്കറിയുടെ ലഭ്യതയെപ്പറ്റി ഈ നാട്ടിലെ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയത്. ഈ ചിന്ത ഒടുവില്‍ ചെന്നെത്തിയത് അവനവന്റെ വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടങ്ങളിലൂടെ ഓരോ വീട്ടുടമയും ഉല്‍പ്പാദിപ്പിക്കുക എന്ന നിര്‍ദേശത്തിലാണ്. ഈ ആശയത്തിന്റെ ചുവടുപിടിച്ചാണ് കഞ്ഞിക്കുഴിയിലെ ജനങ്ങള്‍ പച്ചക്കറിക്കൃഷിയിലേക്ക് തിരിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ തുടവും കുറിച്ച പച്ചക്കറിക്കൃഷി ഇന്ന് കേരളത്തിനകമാനം അഭിമാനമായ ഒരു മുന്നേറ്റമായി മാറിക്കഴിഞ്ഞു. നാമമാത്രമായ കര്‍ഷകര്‍ ചേര്‍ന്ന് തുടക്കം കുറിച്ച ഈ ഉദ്യമം ഇന്ന് ജില്ലയില്‍ ജൈവകര്‍ഷകരുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

കടലോരവും കായലോരവും ഇല്ലാത്ത ആലപ്പുഴ ജില്ലയിലെ അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് കഞ്ഞിക്കുഴി. ഈ കൊച്ചു പഞ്ചായത്ത് ലോക കാര്‍ഷിക ഭൂപടത്തില്‍ ജൈവകൃഷിയുടെ പ്രചാരം ശ്രദ്ധ നേടിയിരിക്കുകയാണ്. കടലിന്റെയും കായലിന്റെയും സാമീപ്യമുള്ളതിനാല്‍ തന്നെ വെള്ളവുംവളവും നില്‍ക്കാത്ത ചൊരിമണലില്‍ ആണ് കൃഷിയത്രയും. സര്‍ക്കാര്‍ ഭാഗത്തു നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണയോടെയാണ് കഞ്ഞിക്കുഴിയില്‍ കാര്‍ഷിക വിപ്ലവം സാധ്യമായിരിക്കുന്നത്.

മണ്ണ് മെരുക്കി വിത്തെറിഞ്ഞു തുടക്കം

സാധാരണയായി മണ്ണൊരുക്കി വിത്തെറിഞ്ഞു തുടക്കം എന്നാണ് കൃഷിയുടെ ആരംഭത്തെ വിശേഷിപ്പിക്കുക. എന്നാല്‍ കഞ്ഞിക്കുഴിയുടെ കാര്യത്തില്‍ അത് സാധ്യമല്ല. കാരണം കൃഷിക്ക് തീരെ യോജ്യമല്ലാത്ത ചൊരിമണലാണ് ഈ പ്രദേശത്തുള്ളത്. കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കുന്നത് മഴക്കാലത്ത് മാത്രമാണ്. കാരണം ഈ സമയത്ത് മാത്രമാണ് മണ്ണില്‍ വെള്ളം കെട്ടി നില്‍ക്കുക. വളക്കൂറിന്റെ കാര്യത്തിലും ഈ പ്രദേശത്തെ മണ്ണ് ഏറെ പിന്നിലാണ്. എന്നാല്‍ വിഷരഹിത പച്ചക്കറികള്‍ നാടിനും നാട്ടുകാര്‍ക്കും ലഭ്യമാക്കണം എന്നത് ഇവിടുത്തുകാരുടെ ആവശ്യമായിരുന്നു., അതിനാല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠതക്കുറവ് അവര്‍ കാര്യമാക്കിയില്ല. വിഷരഹിത പച്ചക്കറിയെന്ന ഒറ്റ ലക്ഷ്യത്തില് ശ്രദ്ധയൂന്നി കഞ്ഞിക്കുഴി നിവാസികള്‍ മണ്ണില്‍ വിത്തെറിഞ്ഞു. ഇങ്ങനെയാണ് കഞ്ഞിക്കുഴി പച്ചക്കറി എന്ന ജൈവബ്രാന്ഡിന് തുടക്കമാകുന്നത്.

ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളുടെ ഉല്‍പ്പാദനം മാത്രമായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. എന്നാല്‍ ജില്ലയിലെ അയല്‍ക്കൂട്ടം കമ്മറ്റികള്‍, വാര്‍ഡ് നേതാക്കള്‍, കണ്‍വീനര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെടുന്നവര്‍ പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് വന്നു. തക്കാളി, വെണ്ട, ചീര, പടവലം, ചേന, അച്ചിങ്ങ തുടങ്ങി കഞ്ഞിക്കുഴിയില്‍ ഇല്ലാത്ത പച്ചക്കറികള്‍ ഒന്നുംതന്നെയില്ല.കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമായതോടെ പച്ചക്കറി കൃഷി ചെയ്യപ്പെടുന്ന സ്ഥലവും വര്‍ധിച്ചു.

അടുക്കളത്തോട്ടമായിത്തുടങ്ങിയ കൃഷിയില്‍ നിന്നും സമയസമയത്തുള്ള പരിചരണം കൊണ്ട് മികച്ച വിളവ് ലഭിക്കാന്‍ തുടങ്ങിയതോടെയാണ് കൃഷി അടുത്തതലത്തിലേക്ക് വളര്‍ന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ കൃഷിയിലേക്കെത്തി. കഞ്ഞിക്കുഴിക്ക് പുറമെ മാരാരിക്കുളം പഞ്ചായത്തിലും ഇത്തരത്തില്‍ ജൈവ പച്ചക്കറിക്കൃഷി നടക്കുന്നുണ്ടായിരുന്നു. മാരാരിക്കുളത്തെ കഞ്ഞിക്കുഴിയില് പാരമ്പര്യ കര്‍ഷകരെ ഉള്‍പ്പെടുത്തി 1990 ല്‍ ആണ് ജൈവ കൃഷിയിലൂടെ പച്ചക്കറി ഉല്‍പ്പാദനം ആരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉള്ളതുപോലെ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുന്നത് 2014 ലാണ്.

1990 കളില്‍ ബിഒടി വഴുതന പ്രചാരത്തില്‍ വന്ന കാലമായിരുന്നു. ബിഒടി വഴുതനയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കര്‍ഷകര്‍ ചേര്‍ന്ന് കഞ്ഞിക്കുഴിയില്‍ ജൈവ വഴുതന ഉല്‍പ്പാദിപ്പിച്ചു.എന്നാല്‍ ഈ മുന്നേറ്റത്തിന് ഒരു വ്യാവസായിക സ്വഭാവം കൈവരുന്നതിനായി വീണ്ടും 14 വര്‍ഷം കാത്തിരിക്കേണ്ടതായി വന്നു.2014 ല്‍ സംഘടിതമായി ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷിയുടെ തുടക്കം വിത്ത് വിതരണം ചെയ്തുകൊണ്ടായിരുന്നു. ഈ ഉദ്യമത്തിലൂടെ ധാരാളം പേര്‍ കൃഷിയിലേക്ക് വന്നു. പിന്നീട് ഓരോ വര്‍ഷവും വിതരണം ചെയ്യപ്പെടുന്ന വിത്തുകളുടെയും പങ്കെടുക്കുന്ന കര്‍ഷകരുടെയും എണ്ണം വര്‍ധിച്ചു. പച്ചക്കറിവിത്ത് ബാങ്കുകളും ഇതിനിടെ രൂപീകരിച്ചു. ഇപ്പോള്‍ പച്ചക്കറിവിത്തുകള്‍ക്ക് പകരം തൈകളാണ് വിതരണം ചെയ്യുന്നത്.വേനല്‍ക്കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന പടങ്ങളിലാണ് പ്രധാനമായും പച്ചക്കറിക്കൃഷി നടക്കുന്നത്. മണ്ണിര കമ്പോസ്റ്റ്, ചാണകം, ഗോമൂത്രം, ആട്ടിന്‍കാഷ്ഠം തുടങ്ങിയ ജൈവ മാലിന്യങ്ങളാണ് കൃഷിയിടങ്ങളില്‍ വളമായി ഉപയോഗിക്കുന്നത്. കര കൃഷിയുടെ അനന്ത സാധ്യതകളും വെണ്ട രീതിയില്‍ വിനിയോഗിച്ചുകൊണ്ടാണ് കൃഷി നടത്തുന്നത്.

പഞ്ചായത്തിലെ ഓരോ വാര്‍ഡിലും ശരാശരി പത്തു മുതല്‍ പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് പച്ചക്കറിക്കൃഷി നടക്കുന്നുണ്ട്. സബ്‌സിഡിയായി ലഭിക്കുന്ന ജൈവവളങ്ങളും സൗജന്യമായി ലഭിക്കുന്ന പച്ചക്കറിതൈകളും ഉപയോഗിച്ച് കൃഷി ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും പരമ്പരാഗത കര്‍ഷകരല്ല എന്നതാണ് മറ്റൊരു വസ്തുത. കഞ്ഞിക്കുഴി പഞ്ചായത്തിന് കീഴില്‍ നടക്കുന്ന കാര്‍ഷിക പഠന ക്‌ളാസുകളില്‍ നിന്നും സെമിനാറില്‍ നിന്നും ലഭിച്ച അറിവും ആര്‍ജവവും കൊണ്ട് നിരവധിയാളുകള്‍ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഈ എഞ്ചിനീയറിംഗ് കഴിഞ്ഞവരും അകൗണ്ടന്റുമാരും സെയില്‍മാ•ാരും എല്ലാവരും ഉള്‍പ്പെടുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കര്‍ഷകരും കഞ്ഞിക്കുഴിയിലുണ്ട്.

കേരളമൊട്ടാകെ വിതരണം

കേരളമൊട്ടാകെ കഞ്ഞിക്കുഴി ബ്രാന്‍ഡ് ജൈവ പച്ചക്കറികള്‍ വിതരണം ചെയ്യപ്പെടുന്നു. അയല്‍ജില്ലകളിലേക്കാണ് ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറിയുടെ ഭൂരിഭാഗവും പോകുന്നത്. എറണാകുളം ജില്ലയിലെ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, ഫ്‌ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പച്ചക്കറി വിപണനം ചെയ്യപ്പെടുന്നു. കഞ്ഞിക്കുഴി പച്ചക്കറിയെ വിപണിയുടെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയും ആലപ്പുഴ എം.പിയുമായ തോമസ് ഐസക് നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. കഞ്ഞിക്കുഴിയിലെ കര്‍ഷക മാതൃക സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയുടെ മാതൃക പിന്തുടര്‍ന്നാല്‍ അധികം വൈകാതെ അന്യസംസ്ഥാന ഇറക്കുമതിയെ ആശ്രയിക്കാതെ തന്നെ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.

മാത്രമല്ല, വിപണന ശേഷം ബാക്കി വരുന്ന ജൈവ പച്ചക്കറികളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റും കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ തൊഴില്‍രഹിതരായ വീട്ടമ്മമ്മാര്‍ക്ക് മികച്ച ഒരു വരുമാനമാര്‍ഗമാണ് ലഭിച്ചിരിക്കുന്നത്. വിറ്റുപോകാതെ ബാക്കി വരുന്ന കുമ്പളങ്ങയും വെളളരിയും മറ്റും ഉപയോഗിച്ച് സോപ്പ്, സ്‌ക്വാഷ്, അച്ചാറുകള്‍ തുടങ്ങിയവ ഇവിടെ നിര്‍മിക്കുന്നു.ഏറെ ശ്രമകരമായ സാഹചര്യത്തില്‍ ആലപ്പുഴയിലെ ചൊരിമണലില്‍ കൃഷി ചെയ്യുന്നതിനാലും ജൈവപച്ചക്കറികള്‍ ആയതിനാലും സാധാരണപച്ചക്കറികള്‍ വില്‍ക്കുന്ന വിലക്ക് കഞ്ഞിക്കുഴി പച്ചക്കറികള്‍ വില്‍ക്കാന്‍ ആവില്ല. എന്നാല്‍ വിലവര്‍ദ്ധനവ് ഉണ്ട് എന്നത് പച്ചക്കറിയുടെ വില്‍പ്പനയെ ബാധിച്ചിട്ടില്ല എന്ന് കര്‍ഷകനായ സുനില്‍ പറയുന്നു.

”ഞാന്‍ കഴിഞ്ഞ നാല് വര്‍ഷമായി കഞ്ഞിക്കുഴി പച്ചക്കറികളുടെ ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും ഭാഗമാണ്. സ്വകാര്യസ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് ഞാന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. എല്ലുമുറുകെ പണിയെടുത്താല്‍ മികച്ച വരുമാനം നല്‍കുന്ന ഒന്നാണ് കൃഷി എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. കഞ്ഞിക്കുഴി എന്ന ബ്രാന്‍ഡ് നെയിം വിപണിയില്‍ ഏറെ ശ്രദ്ധ നേടിത്തരുന്നുണ്ട്. എന്നാല്‍ എല്ലാ മേഖലയിലും എന്ന പോലെത്തന്നെ വ്യാജ•ാരുടെ കടന്നുകയറ്റം ഈ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിലയല്‍പം കൂടുതലാണ് എന്ന കാരണം കൊണ്ട് ആരും തന്നെ ജൈവപച്ചക്കറികള്‍ വാങ്ങുന്നതില്‍ വിമുഖത കാണിക്കുന്നില്ല. കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറി കഴിച്ച് ആരോഗ്യം നശിപ്പിക്കാതിരിക്കാന്‍ ഇന്നത്തെ തലമുറ ശ്രദ്ധാലുക്കളാണ്. ഇത് തന്നെയാണ് കഞ്ഞിക്കുഴി എന്ന ബ്രാന്‍ഡിന്റെ വിജയവും” സുനില്‍ പറയുന്നു.

പച്ചക്കറികകൃഷിക്കൊപ്പം മൃഗപരിപാലനവും

ജനകീയ ജൈവപച്ചക്കറി കൃഷിയ്ക്കും ജനകീയകൂട്ടായ്മക്കും പുറമെ ഇന്ന് മൃഗ സംരക്ഷണ മേഖലയിലും മാറ്റുരക്കുകയാണ് കഞ്ഞിക്കുഴി പഞ്ചായത്ത്.കന്നുകാലികളുടെ എണ്ണത്തിലും പാലുല്‍പ്പാദനത്തിലും മാതൃകാപരമായ വളര്‍ച്ചയാണ് ഈ പഞ്ചായത്ത് രേഖപ്പെടുത്തിയത്. കോഴിവളര്‍ത്തലിലും മുട്ട ഉല്‍പ്പാദനത്തിലും ആട് വളര്‍ത്തലിലും കഞ്ഞിക്കുഴിക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.കഞ്ഞിക്കുഴിയിലെ മൃഗസംരക്ഷണ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ഉറപ്പാക്കുക,മൃഗസംരക്ഷണ മേഖലയിലെ ഉപോല്‍പ്പന്നങ്ങളായ ഉണക്ക ചാണകം, ഗോമൂത്രം, ആട്ടിന്‍ കാഷ്ടം, കോഴി കാഷ്ഠം ഗുണനിലവാരത്തോട് കൂടി സംഭരിക്കുകയും ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് നല്‍കുകയും വഴി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക,തീറ്റപ്പുല്‍ കൃഷി വ്യാപനം, അസോളാ ഉല്‍പ്പാദനം , തദ്ദേശീയ കാലിത്തീറ്റ നിര്‍മാണം എന്നിവയില്‍ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക.തുടങ്ങിയ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായാണ് ഈ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഇക്കുറിയും അങ്കത്തിനൊരുങ്ങി കഞ്ഞിക്കുഴി

ജൈവ പച്ചക്കറി ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസം ഒറ്റ ദിവസം വിതരണം ചെയ്തത് 20 ലക്ഷം പച്ചക്കറി തൈകള്‍ ആണ് ഇവര്‍ കര്ഷകരിലേക്ക് എത്തിച്ചത്.18 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍.ജൈവകൃഷി രംഗത്ത് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ ജനകീയ ജൈവ ഹരിതസമൃദ്ധി പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ജനുവരിയില്‍ തുടങ്ങിയത്. പഞ്ചായത്തിലെ 8600 കുടുംബങ്ങളിലും വിവിധ സ്ഥാപനങ്ങളിലുമായി കൃഷി നടത്തി പച്ചക്കറി സ്വയംപര്യാപ്തതയും ഉപജീവനവുമാണ് പഞ്ചായത്തിന്റെ ലക്ഷ്യം. പത്ത് കോടി രൂപയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്.

പഞ്ചായത്തിലെ 18 വാര്‍ഡിലും പ്രത്യേക മഴമറകള്‍ സ്ഥാപിച്ചാണ് പച്ചക്കറിത്തൈകള്‍ തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് തൈകള്‍ ഒരുക്കിയത്. വീടുകളില്‍ പയര്‍,പാവല്‍,പടവലം,വെണ്ട,പീച്ചില്‍ എന്നിവയുടെ തൈകളും പാടശേഖര കൃഷിക്കാര്‍ക്ക് വിത്തുകളും നല്‍കും. വളവും കൂലിച്ചെലവ് സബ്‌സിഡിയും പഞ്ചായത്ത് നല്‍കും.30 ലക്ഷം രൂപയാണ് പദ്ധതിയ്ക്കാകെ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.വിളവെടുക്കുന്ന പച്ചക്കറികള്‍ പഞ്ചായത്തിനുള്ളിലും പി ഡി എസ് കേന്ദ്രങ്ങള്‍ വഴിയും വിറ്റഴിക്കും. മറ്റ് ജില്ലകളിലും പച്ചക്കറികള്‍ വില്‍പ്പനയ്ക്ക് എത്തിക്കും. കൂടാതെ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ആധുനിക ഫ്രീസര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ആകമാനം മാതൃകയാകുകയാണ് കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top