ഇന്ന് സംരംഭകരംഗത്ത് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നത് ഭക്ഷ്യമേഖലയിലാണ്.ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്നവര്‍, ആദ്യം മൊബീല്‍ ഓര്‍ഡറുകളെ ആശ്രയിച്ചു. പിന്നീടത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി അപ്പുകള്‍ക്ക് വഴിമാറി. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും ഓര്‍ഡര്‍ നല്‍കിയ അഡ്രസില്‍ എത്തിക്കുന്നതിനായി സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ മത്സരിക്കുകയാണ്. ഇതിനെ കടത്തിവെട്ടുന്ന ഇന്നവേഷനാണ് ഗുഡ്ഗാവ് ആസ്ഥാനമായ റോക്കറ്റ്‌ഷെഫ്‌സ് നടത്തുന്നത്. പിസ, ബര്‍ഗര്‍ തുടങ്ങിയ ന്യൂജെന്‍ വിഭവങ്ങള്‍ക്കായുള്ള ഈ ഔട്ട്‌ലെറ്റ് തേടി നിങ്ങള്‍ പോകേണ്ടതില്ല, ഓര്‍ഡര്‍ നല്‍കിയാല്‍ റോക്കറ്റ് വേഗത്തില്‍ സഞ്ചരിക്കുന്ന ഈ റെസ്റ്റോറന്റ് നിങ്ങള്‍ക്കരികിലേക്ക് എത്തും. പിന്നെ ഉപഭോക്താവിന്റെ കണ്മുന്നില്‍ വച്ച് പാചകം. ഇഷ്ടപ്പെട്ട ഭക്ഷണം ചൂടോടെ മിനിറ്റുകള്‍ക്കുള്ളില്‍ ആസ്വദിച്ചു കഴിക്കാനുള്ള അവസരമാണ് റോക്കറ്റ്‌ഷെഫ്‌സ് നടത്തുന്നത്.
മനുഷ്യന് ഒരു ദിവസത്തില്‍ കൂടുതല്‍ അടക്കിനിര്‍ത്താന്‍ കഴിയാത്ത വികാരമാണ് വിശപ്പ്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമല്ല ഇന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്. സോഷ്യല്‍ ലൈഫിന്റെയും ആഘോഷങ്ങളുടെയും കൂട്ടായ്മയുടെയും ഒക്കെ ഭാഗമായി ഭക്ഷണം മാറിക്കഴിഞ്ഞു. നാലാള്‍ കൂടിയാല്‍ നഗരത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുക എന്നത് ഇന്ത്യന്‍ ജനതയുടെ ശീലമായി മാറിക്കഴിഞ്ഞു. അത്‌കൊണ്ട് തന്നെയാണ് വിഭവങ്ങളുടെ കാര്യത്തിലായാലും ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന കാര്യത്തിലായാലും വലിയ ഇന്നവേഷനുകള്‍ ഇഇഇ മേഖലയില്‍ നടക്കുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ സജീവമായ നമ്മുടെ നാട്ടില്‍ വീടിന്റെ മുന്നിലേക്ക് ലൈവ് കുക്കിംഗ് എന്ന ഓപ്ഷനുമായി ഒരു റെസ്റ്റോറന്റ് ഒഴുകിയെത്തിയാലോ ? തീര്‍ച്ചയായും നമ്മള്‍ ആ രുചി പരീക്ഷിക്കാതിരിക്കില്ല. ഭക്ഷണപ്രിയരുടെ ഈ സ്വഭാവം മുന്‍കൂട്ടി മനസിലാക്കിയാണ് ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
റോക്കറ്റ്‌ഷെഫ് എന്നാല്‍ വേഗതയുടെയും രുചിയുടെയും പര്യായമാണ്. സഞ്ചരിക്കുന്ന റെസ്റ്റോറന്റാണ് ഇത്. ആപ്പ് മുഖാന്തിരം ഓര്‍ഡര്‍ ലഭിക്കുന്നിടത്തേക്ക് ഈ വാഹനം പാഞ്ഞെത്തും. പിന്നെ ഉപഭോക്താവിന്റെ ആഗ്രഹപ്രകാരം അവര്‍ക്ക് താല്‍പര്യമുള്ള ഭക്ഷണം അവരുടെ മുന്നില്‍ വച്ച് ഉണ്ടാക്കാന്‍ തുടങ്ങും. വേണമെങ്കില്‍ ഫോണ്‍കോളിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം. സാധാരണയായി ഓര്‍ഡര്‍ നല്‍കി ഭക്ഷണം അടുത്തേക്ക് വരുത്തുമ്പോള്‍ ഹോട്ടല്‍ തന്നെ ഓര്‍ഡര്‍ ചെയ്ത വരുത്തിക്കുന്ന ഈ സംരംഭത്തിന് മികച്ച കയ്യടിയാണ് ലഭിച്ചത്. ഇന്ന് ഗുഡ്ഗാവിലെ വീഥികളിലൂടെ രുചികരമായ പിസകളും ബര്‍ഗറുകളും വിതരണം ചെയ്ത് റോക്കറ്റ്‌ഷെഫ് തന്റെ ജൈത്രയാത്ര തുടരുകയാണ്.
വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്ന റാംനിധി വാസന്‍
ഭക്ഷണകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത, എന്നും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍.ഭക്ഷണം ഏറെ ആസ്വദിച്ചുമാത്രം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന റാം ഭക്ഷണം വിതരണം ചെയ്യുന്ന മാര്‍ഗങ്ങളും വ്യത്യസ്തമാകണം എന്ന പക്ഷക്കാരനായിരുന്നു. ഒബിറോയ് ഹോട്ടല്‍സ്, ദി മനോര്‍, സിട്രസ് ഹോട്ടല്‍സ്, വെസ്റ്റിന്‍ (ഹൈദരാബാദ്), മാരിയറ്റ് (ബംഗലൂരു), എച്ച്‌വിഎസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് റിലയന്‍സ് പെട്രോളിയം തുടങ്ങിയ വന്‍കിട കമ്പനികളിലായി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയം മുതല്‍ക്കൂട്ടാക്കിയാണ് വ്യത്യസ്തമായ ഒരു സംരംഭത്തിന് രൂപം നല്‍കുന്നതിനെപ്പറ്റി റാം ചിന്തിച്ചത്. ഭക്ഷണപ്രിയനായത്‌കൊണ്ട് തന്നെ തന്റെ സംരംഭം ഭക്ഷണവുമായി ബന്ധപ്പെട്ട ഒന്നായിരിക്കണം എന്ന നിര്‍ബന്ധം റാമിന് ഉണ്ടായിരുന്നു. 2015 ല്‍ സംരംഭം എന്ന ചിന്ത മനസ്സില്‍ വേരുറപ്പിച്ചപ്പോള്‍ തന്റെ ച്ചുട്ടുപാടുമുള്ള കാര്യങ്ങള്‍ പഠിക്കുകയാണ് റാം ചെയ്തത്. അങ്ങനെയാണ് ഗുഡ്ഗാവിലെ യുവാക്കളുടെ ഇഷ്ടവിഭവങ്ങളായ പിസയും ബര്‍ഗറുമെല്ലാം ശരിയായ ഗുണമേന്മയോടെയല്ല ഹോംഡെലിവറി നടത്തുന്നത് എന്ന് റാമിന് ബോധ്യപ്പെട്ടത്.
ഫുഡ് കോര്‍ട്ടുകളില്‍ പോകാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ഇത്തരം ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നു. എന്നാല്‍ ഗുഡ്ഗാവിലെ ട്രാഫിക്ക് ബ്ലോക്കും കടന്ന് ഭക്ഷണം കൈകളിലേക്ക് എത്തുമ്പോഴേക്കും അതിന്റെ പുതുമ നഷ്ടപ്പെട്ടിരിക്കും. ഇതൊഴിവാകുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന ഫുഡ്‌കോര്‍ട്ട് എന്ന സ്വപ്നത്തിന് റാം തറക്കല്ലിട്ടത്. ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദവും ഒബിറോയ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ റാമിന് താന്‍ തുടക്കം കുറിക്കുന്ന സംരംഭം ഒരിക്കലും പൂട്ടിപ്പോകില്ല എന്ന ഉറപ്പുണ്ടായിരുന്നു.
70 ലക്ഷം രൂപയായിരുന്നു റോക്കറ്റ്‌ഷെഫിന്റെ അടിസ്ഥാന മൂലധന നിക്ഷേപം. ഇതുപയോഗിച്ച് നാല് ട്രക്കുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്തത്. ഇവയെ പിന്നീട് എസ്‌ക്ലൂസീവ് പിസാവാനുകളായി രൂപാന്തരപ്പെടുത്തി. ഇത്തരത്തില്‍ പിസ വാനിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് നടത്തിയത്. റോക്കറ്റ്‌ഷെഫ്‌സിന്റെ തീം കളറായ ചുവന്ന നിറത്തിലാണ് വാനുകള്‍ തയ്യാറാക്കിയത്. പിസ, ബര്‍ഗര്‍ നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങളും മറ്റുള്ള സാധനസാമഗ്രികളും ഉള്‍പ്പെടെ 7 ലക്ഷം രൂപ ചെലവായി. കഴിവുള്ള മികച്ച ഷെഫുമാരെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഉപഭോക്താക്കളുടെ മുന്നില്‍ വച്ചുള്ള പാചകമാകുമ്പോള്‍ വേഗത ഒരു വിഷയമാണ്. വേഗതയും ഗുണമേ•യും ഒത്തിണങ്ങിയ ഷെഫുമാരെയാണ് റാമിന് ആവശ്യമായിരുന്നത്. എന്നാല്‍ കാലങ്ങളായി ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള റാമിന്റെ പ്രവര്‍ത്തി പരിചയം മൂലം ആ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കപ്പെട്ടു. പിസ മേക്കിംഗില്‍ കഴിവും പാഠവവും തെളിയിച്ച നാല് ഷെഫുമാരെ റാം കണ്ടെത്തി. പിന്നെ ഒട്ടും വൈകിച്ചില്ല, സംരംഭം എന്ന ആഗ്രഹം മനസ്സില്‍ പൊട്ടിമുളച്ച വര്‍ഷം തന്നെ റാം റോക്കറ്റ്‌ഷെഫുമായി സംരംഭകത്വത്തിലേക്ക് ഇറങ്ങി.
വ്യത്യസ്തമായ ആശയം
ഗുഡ്ഗാവിലെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യത്യസ്തമായ ഒരു ആശയമായിരുന്നു റോക്കറ്റ്‌ഷെഫിന്റേത്. ഫുഡ് ഡെലിവറി ആപ്പുകളും സഞ്ചരിക്കുന്ന ഫുഡ്‌കോര്‍ട്ടുകളും ഗുഡ്ഗാവില്‍ സജീവമാണ് എങ്കിലും,ഉപഭോക്താക്കളുടെ ആവശ്യപ്രകാരം അടുത്തെത്തി പാചകം ചെയ്ത് രുചികരമായ ഭക്ഷണം വിളമ്പുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആദ്യമായിട്ടായിരുന്നു. ഗുഡ്ഗാവിലെ ടെക്കികളാണ് സംരംഭത്തിന് ആദ്യം കയ്യടിച്ചത്. പിന്നീട് കോളെജുകളുടെയും ഓഫീസുകളുടെയും മുന്നിലെ സ്ഥിരം സാന്നിധ്യമായി റോക്കറ്റ്‌ഷെഫ്‌സ് മാറി. ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി ആപ്പുകള്‍ നിര്‍മിക്കുക കൂടി ചെയ്തതോടെ റാമിന്റെ സ്ഥാപനത്തെ ഗുഡ്ഗാവ് സ്വദേശികള്‍ ഏറ്റെടുത്തു.
പ്രവര്‍ത്തനം ആരംഭിച്ചു രണ്ടു വര്‍ഷമായിട്ടും പേരിനു പോലും ഒരു പരാതി സ്ഥാപനത്തെപ്പറ്റിയോ ഭക്ഷണത്തെപ്പറ്റിയോ ലഭിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. റോക്കറ്റ്‌ഷെഫിന് നാലു പ്രൊഫഷണല്‍ ഷെഫുമാരുണ്ട്. ഗുഡ്ഗാവില്‍ മാത്രം നാല് വാഹനങ്ങളുമുണ്ട്. പ്രത്യേകമായി ഡിസൈന്‍ ചെയ്തവയാണ് ഈ വാഹനങ്ങള്‍. പിസ വില്പനയിലൂടെ തനിക്ക് വ്യത്യസ്തമായ ഒരു വിജയം തന്നെ നേടാനാകും എന്ന പ്രതീക്ഷയിലാണ് റാം. ഇപ്പോള്‍ ഒരു ദിവസം 90 മുതല്‍ 110 പിസകള്‍ വരെയാണ് വിറ്റുപോകുന്നത്. 500 രൂപയാണ് ശരാശരി വില. മാസം 60 ശതമാനം ലാഭം വരെ ഉണ്ടാക്കുന്നു
ഓരോ ദിവസവും ഒരു വാനില്‍ നിന്നും 5500 രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. സ്ഥാപനം വിജയം കണ്ടപ്പോള്‍ രണ്ട് ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരു പിസ കിസോക്കും തുടങ്ങി.8 തൊഴിലാളികളുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ 20 ല്‍ പരം ജീവനക്കാരുണ്ട്. 40 ശതമാനം വളര്‍ച്ചയാണ് റോക്കറ്റ്‌ഷെഫിന് മാസംതോറും ഉണ്ടാകുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഗുഡ്ഗാവ്, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി 250 പിസ വാനുകളും കിസോക്കുകളുമാണ് റോക്കറ്റ്‌ഷെഫ് ലക്ഷ്യമിടുന്നത്. 10 മുതല്‍ 12 കോടി രൂപവരെ വരുമാനം ഉണ്ടാക്കാനും ഇദ്ദേഹം ലക്ഷ്യമിടുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ വിപണനതന്ത്രം
ഫുഡ് ഡെലിവറി വാനുകള്‍ വീട്ടിലെത്തി ഭക്ഷണം വിതരണം ചെയ്യുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മറിച്ച് 1800 കാലഘട്ടത്തില്‍ തന്നെ ഇത്തരം സംരംഭങ്ങള്‍ നിലവിലുണ്ടായിരുന്നു എന്നാണ് റാം പറയുന്നത്.ടെക്‌സസ് ആസ്ഥാനമാക്കി തുടങ്ങിയ ചുക് വാഗണ്‍ ഇത്തരത്തില്‍ ഒരു സംരംഭമാണ്.ഭക്ഷണപദാര്‍ഥങ്ങളുടെ കണ്‍മുന്നില്‍ തന്നെ തയാറാക്കി നല്‍കുകയും നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഈ സംരംഭം അമേരിക്കയില്‍ വന്‍വിജയമായിരുന്നു. അമേരിക്കയില്‍ തുടങ്ങിയ ഈ സംരംഭം പിന്നീട് ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, മെക്‌സിക്കോ എന്നിവിടങ്ങളിലും പ്രചാരം നേടി. ഇന്ത്യയില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ജിപ്‌സി കിച്ചന്‍, സ്പിറ്റ് ഫയര്‍ ബാര്‍ബിക്യൂ എന്നിവ ഉപഭോക്താക്കള്‍ക്ക് അവരുടെ പക്കല്‍ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്.എന്നാല്‍ ഇവയെല്ലാം റോക്കറ്റ്‌ഷെഫിനു ശേഷം തുടങ്ങിയ സംരംഭങ്ങളാണ്. ഐബിഇഎഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഭക്ഷ്യവിപണിക്ക് 1.8 ബില്യന്‍ ഡോളറിന്റെ മൂല്യമുണ്ട്. മാത്രമല്ല, പ്രതിവര്‍ഷം ഫുഡ് ഇന്‍ഡസ്ട്രിയില്‍ 20 ശതമാനം വളര്‍ച്ചയും ഉണ്ടാകുന്നു. ഈ സാധ്യതകള്‍ മനസിലാക്കി രുചിയേറിയ ഭക്ഷണവും സൗഹൃദവും പങ്കുവയ്ക്കാനാണ് റാംനിധി ലക്ഷ്യമിടുന്നത്.