സംരംഭകത്വത്തില്‍ വിജയിക്കാന്‍ ഏറ്റവും പ്രാഥമികമായി വേണ്ടത് വിജയിക്കാനുള്ള ത്വരയാണ്. വിജയിക്കാനുള്ള ആഗ്രഹം ഇപ്പോഴും പരാജയ ഭീതിയേക്കാള്‍ മുകളിലായിരിക്കണം. അങ്ങനെയെങ്കില്‍ വിജയം ഉറപ്പായിരിക്കും. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ പ്രേം ഗണപതി എന്ന സംരംഭകന്റെ ജീവിതം പഠിപ്പിക്കുന്ന പ്രധാന പാഠമാണത്. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇച്ഛാശക്തി കൈമുതലാക്കി പ്രേം നടന്നു കയറിയത് 30 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള ഒരു സംരംഭത്തിന്റെ ഉടമയെന്ന പേരിലേക്കാണ്. ഇതിനായി പ്രേമിനെ സഹായിച്ചതാകട്ടെ ദോശക്കച്ചവടവും.വെറും ദോശക്കച്ചവടത്തില്‍ നിന്നും ഇത്രയും വലിയ നേട്ടമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തരമാണ് വിവിധ ഇന്ത്യക്കകത്തും പുറത്തുമായി 45 ല്‍ പരം ഔട്ട്‌ലെറ്റുകളുള്ള ദോശപ്ലാസ എന്ന സംരംഭത്തിന്റെ കഥ.
”നിങ്ങള്‍ ദരിദ്രനായി ജനിച്ചു എങ്കില്‍ അത് നിങ്ങളുടെ തെറ്റല്ല, എന്നാല്‍ നിങ്ങള്‍ ദരിദ്രനായാണ് മരിക്കുന്നത് എങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്” മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ക്ക് നിരവധി കോടീശ്വരന്മാരായ സംരംഭകരെ സൃഷ്ടിക്കാനുള്ള കഴിവുണ്ടായിരുന്നു. ബില്‍ഗേറ്റ്‌സിന് സമാനമായി ചിന്തിച്ച് ഒന്നുമില്ലായ്മയില്‍ നിന്നും കോടികളുടെ സാമ്രാജ്യം പടുത്തുയര്‍ത്തിയ കഥയാണ് ദോശ പ്ലാസയുടെ ഉടമയായ പ്രേം ഗണപതി എന്ന സംരംഭകന്റേത്. ടെക്‌നോളജി കൊണ്ടും, വന്‍കിട കോര്‍പ്പറേറ്റ് ബിസിനസുകള്‍ കൊണ്ടും മാത്രമേ കോടികളുടെ സമ്പാദ്യം നേടാനാകൂ എന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് വെറും 1000 രൂപയില്‍ നിന്നും 30 കോടിയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ പ്രേം ഗണപതിയുടേത്.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല പ്രേം ഗണപതി. എന്നാല്‍ സാഹചര്യങ്ങളെ കൈമുതലാക്കി പ്രേം ജീവിതത്തില്‍ നേട്ടങ്ങള്‍ കൈയ്യെത്തിപ്പിടിച്ചു. മോശമായ ജീവിതസാഹചര്യങ്ങള്‍ ഒരിക്കലും പരാജയത്തിലേക്കുള്ള ചൂണ്ടുപലകയാകുന്നില്ല എന്ന് തെളിയിക്കുന്നതാണ് പ്രേമിന്റെ വിജയം. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ നാഗാലപുരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പ്രേം ഗണപതിക്ക് വീട്ടില്‍ നിന്നും സമൃദ്ധിയുടെ ഓര്‍മകള്‍ ഒന്നുമില്ല. ഒരു നേരത്തെ അന്നത്തിനു പോലും ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ കണ്ടാണ് പ്രേം വളര്‍ന്നത്.
അച്ഛന് കല്‍ക്കരിക്കച്ചവടമുണ്ടായിരുന്നു. എന്നാല്‍ പ്രേം കുട്ടിയായിരുന്നപ്പോള്‍ അത് പൊളിഞ്ഞു. അതോടെ വലിയൊരു സാമ്പത്തിക നഷ്ടവുമുണ്ടായി. ഉള്ള നീക്കിയിരുപ്പില്‍ നിന്നും നല്ലൊരു തുക നിക്ഷേപിച്ച് അദ്ദേഹം കൃഷിയിലേക്ക് ഇറങ്ങി എങ്കിലും സമ്പൂര്‍ണ അപരാജയമായിരുന്നു ഫലം. ഇതോടെ അമ്മയും മാനസികമായി തളര്‍ന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനായി മാതാപിതാക്കള്‍ പലവിധ ജോലികള്‍ ചെയ്തു നോക്കിയെങ്കിലും ഒന്നിലും വിജയിക്കാനായില്ല.
പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു പ്രേം. പഠിച്ചു നല്ലൊരു ജോലി നേടണം എന്നായിരുന്നു ആഗ്രഹം. അതിനാല്‍ ദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യത്തിലും പഠിപ്പു മുടക്കിയില്ല. കരുണയുള്ള അധ്യാപകരുടെ സഹായത്താല്‍ പത്താം ക്‌ളാസ് വരെ പഠിച്ചു. തുടര്‍ന്ന് പഠിക്കണം എന്ന ആഗ്രഹം പ്രേമിനുണ്ടായിരുന്നു എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. മാതാപിതാക്കള്‍ക്കും തനിക്ക് താഴെയുള്ള ഏഴു സഹോദരങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്തുന്നതിനായുള്ള വക കണ്ടെത്തണമെങ്കില്‍ താന്‍ ജോലിക്ക് പോയെ മതിയാകൂ എന്ന് പ്രേമിന് മനസിലായി. തൂത്തുക്കുടിയില്‍ തന്റെ വീടിനു സമീപത്തായി പലജോലികളും നോക്കിയെങ്കിലും ലഭിച്ചില്ല. സാമ്പത്തികമായി അധികം മുന്നോക്കം നില്‍ക്കാത്ത തൂത്തുക്കുടിയില്‍ ഒരു പതിനാറു വയസുകാരന് എന്ത് ജോലി ലഭിക്കാനാണ്? വേറെ ഗത്യന്തരം ഇല്ലാതെ വന്നപ്പോഴാണ് ചെന്നൈ നഗരത്തിലേക്ക് ചേക്കേറാന്‍ പ്രേം തീരുമാനിച്ചത്.
1990 ല്‍ ചെന്നൈ നഗരത്തിലെത്തിയ പ്രേം പല ചെറിയ ജോലികളും ചെയ്തു. സ്ഥിര വരുമാനത്തിന് ഒരു മാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ചു എങ്കിലും അത് മാത്രം നടന്നില്ല. ചായക്കടയില്‍ പത്രം കഴുകാനും, ചായ വില്‍ക്കാനുമൊക്കെയായാണ് പ്രേമിന് ജോലി ലഭിച്ചത്. തന്‍ പത്താം ക്‌ളാസ് വരെ പഠിച്ചിട്ടുണ്ട് എന്നും അത്യാവശ്യം ഇംഗ്ലീഷ് അറിയാമെന്ന് പറഞ്ഞിട്ട് പോലും ചെന്നൈയിലെ ഹോട്ടലില്‍ പത്രം കഴുകുന്ന ജോലി മാറ്റി സപ്ലയറുടെ തസ്തികയിലേക്ക് പ്രേമിനെ പരിഗണിച്ചില്ല. എന്നാലും പ്രേം തളര്‍ന്നില്ല. പ്രതിമാസം 250 രൂപ മാത്രം വരുമാനം കിട്ടിയിരുന്ന ആ ജോലിയില്‍ സന്തോഷം കണ്ടെത്താനായി ശ്രമിച്ചു. കിട്ടുന്ന പണമത്രയും വീട്ടിലേക്ക് അയച്ചു. 9 അംഗങ്ങള്‍ ഉണ്ടായിരുന്ന ആ കുടുംബത്തെ സംബന്ധിച്ച് ആ തുക ഒന്നുമില്ലായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ വീട്ടിലേക്ക് അയച്ച ശേഷം പട്ടിണി കിടക്കുമായിരുന്നു പ്രേം. ചെന്നൈ ജീവിതം തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് പ്രേം ഗണപതി പറയുന്നു.
നല്ല ജീവിതം സ്വപ്നം കണ്ട് മുംബൈ നഗരത്തിലേക്ക്
ചെന്നൈയില്‍ ജീവിതം ഏറെ കഷ്ടതകള്‍ നിറഞ്ഞതാണെങ്കിലും സമാധാനപരമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ചെന്നൈയില്‍ വച്ച് പരിചയപ്പെട്ട ഒരു വ്യക്തി മുംബൈ നഗരത്തില്‍ നിറയെ അവസരങ്ങള്‍ ഉണ്ടെന്നും 1200 രൂപ പ്രതിമാസം ശമ്പളം കിട്ടുന്ന ജോലി വാങ്ങിത്തരാം എന്നും പറയുന്നത്. ചെന്നൈ വിട്ടു അത്രപി ദൂരത്തേക്ക് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന ഉത്തമബോധ്യം പ്രേമിന് ഉണ്ടായിരുന്നു. എന്നാല്‍ വിശന്നൊട്ടിയ വയറുമായി കഴിയുന്ന തന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യം ഓര്‍ത്തപ്പോള്‍ റിസ്‌കെടുക്കാന്‍ തന്നെ പ്രേം തീരുമാനിച്ചു. വീട്ടില്‍ പറയാതെ തന്റെ കൈവശമുണ്ടായിരുന്ന പണവുമായി ആ വ്യക്തിയുടെ വാക്ക് വിശ്വസിച്ച് പ്രേം മുംബൈക്ക് വണ്ടി കയറി. അമിത വിശ്വാസം കൊണ്ട് തന്റെ കൈയിലുള്ള ആകെ സമ്പാദ്യമായ 200 രൂപ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മുംബൈയില്‍ എത്തിയപ്പോഴേക്കും ആ വ്യക്തി പണവുമായി കടന്നു കളഞ്ഞിരുന്നു.
പരിചയക്കാരില്ലാത്ത നാട്ടില്‍, കൈയില്‍ അഞ്ചു പൈസയില്ലാതെ, ഭാഷയറിയാത്ത പ്രേം ഗണപതി എന്ന ആ പതിനാറുകാരന്‍ ഒറ്റപ്പെട്ടു. അവിടെ കണ്ട തമിഴനായ ഒരു ടാക്‌സി ഡ്രൈവറയോട് പ്രേം തന്റെ അവസ്ഥ വിവരിച്ചു. ഏത് വിധേനയും കുറച്ചു പണം സംഘടിപ്പിച്ച് നാട്ടിലേക്ക് ട്രെയിന്‍ കയറ്റി അയക്കാം എന്ന് അദ്ദേഹം പറഞ്ഞു എങ്കിലും പ്രേം അത് സമ്മതിച്ചില്ല. തന്റെ ജോലി ഉപേക്ഷിച്ചാണ് മുംബൈക്ക് വന്നത്, തിരികെ പോയാല്‍ ജോലി ഉണ്ടാവില്ല. വീട് വീണ്ടും മുഴുപട്ടിണിയിലാവും. അതിനാല്‍ എന്ത് വിലകൊടുത്തും മുംബൈ നഗരത്തില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ പ്രേം തീരുമാനിച്ചു.
അവിടെയുള്ള ഒരു ചായക്കടയില്‍ വളരെ കഷ്ടപ്പെട്ട് ജോലി സമ്പാദിച്ചു പ്രേം.150 രൂപയായിരുന്നു ശമ്പളം. ജോലിയാകട്ടെ പത്രങ്ങള്‍ കഴുകുക എന്നതും. 250 രൂപ ശമ്പളമുള്ളപ്പോള്‍ പോലും വീട് പാതി പട്ടിണിയില്‍ ആയിരുന്നു, ആ സ്ഥാനത്ത് 150 രൂപകൊണ്ട് എന്ത് ചെയ്യും എന്ന ചിന്ത പ്രേമിനെ അലട്ടിക്കൊണ്ടിരുന്നു. പത്രങ്ങള്‍ കഴുകുന്ന ജോലിക്ക് പുറമെ ചായ വില്‍ക്കുന്ന ജോലിയും പ്രേം ഏറ്റെടുത്തു. ഒരു ചായയുടെ വിലയുടെ പത്ത് ശതമാനമായിരുന്നു കമ്മീഷന്‍. സാധാരണ ആളുകള്‍ ഒരു ദിവസം 300 രൂപക്ക് ചായവില്‍ക്കുമ്പോള്‍ പ്രേം 1000 രൂപക്ക് വരെ വിറ്റിരുന്നു. ആളുകളോട് അടുത്ത പെരുമാറുന്നതിന് പ്രേം ഗണപതിക്ക് മടിയില്ലായിരുന്നു എന്നതാണ് ഈ നേട്ടത്തിന് പിന്നിലെ കാരണം.
ദോശക്കച്ചവടത്തിന്റെ തുടക്കം
ചായക്കടയില്‍ ജോലി നോക്കുന്ന അവസ്ഥയിലും പ്രേമിന്റെ കണ്ണ് അടുത്തുള്ള റെസ്റ്റോറന്റിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ അവിടെ എത്തുന്ന ആളുകളെയും രുചി വൈവിധ്യങ്ങളെയും എല്ലാം പറ്റി പ്രേം പഠിച്ചുകൊണ്ടിരുന്നു.ഇത്രയും നാള്‍ ചായക്കടകളിലും ഹോട്ടലുകളിലും ജോലി നോക്കിയാ അനുഭവത്തില്‍ നിന്നും എന്തുകൊണ്ട് സ്വന്തമായി ഒരു ചെറിയ ചായക്കട തുടങ്ങിക്കൂടാ എന്ന ചിന്തയായി പ്രേമിന്. കിട്ടുന്ന ശമ്പളത്തില്‍ നിന്നും ബാക്കി വച്ച പണവും കൂടുതല്‍ ജോലി ചെയ്തുണ്ടാക്കിയ പണവുമെല്ലാം ചേര്‍ത്ത് 1992 ല്‍ 1000 രൂപ നിക്ഷേപത്തില്‍ ഒരു ഉന്തുവണ്ടി വാടകക്ക് എടുത്ത് പ്രേം ഒരു ശക്കട തുടങ്ങി. തനി നടന്‍ ദോശ, അതും മദ്രാസ് സ്‌റ്റൈലില്‍. വാഷി റെയില്‍വേസ്റ്റേഷന്റെ അടുത്തായിരുന്നു പ്രേമിന്റെ കട. രുചികൊണ്ടും ഗുണം കൊണ്ടും വൃത്തികൊണ്ടും മുന്നിട്ടു നിന്ന ദോശക്ക് വളരെ പെട്ടന്ന് തന്നെ ആരാധകരുണ്ടായി. ദോശക്കച്ചവടം പച്ചപിടിച്ച തുടങ്ങി 20000 രൂപ വരുമാനം ലഭിക്കുന്നു എന്ന ഘട്ടമായപ്പോള്‍ പ്രേം തനിക്ക് താഴെയുള്ള രണ്ടു സഹോദരന്മാരെകൂടി മുംബൈയിലേക്ക് കൊണ്ട് വന്നു.
പിന്നീട് കേവലം അരിദോശക്ക് പകരം പല തരത്തിലുള്ള ദോശകള്‍ നിര്‍മിച്ചു. വ്യത്യസ്തയിനം ചമ്മന്തികളും പരീക്ഷിച്ചതോടെ സംരംഭം ലാഭകരമായിത്തുടങ്ങി. എന്നാല്‍ തെരുവുകച്ചവടം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി പല കടകളും ഒഴിപ്പിച്ചപ്പോള്‍ പ്രേമിന്റെ ദോശക്കടയും പൂട്ടേണ്ടതായി വന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ പ്രേം തയ്യാറല്ലായിരുന്നു. വഴിയോരത്തെ അഞ്ചു വര്‍ഷം നീണ്ട കച്ചവടം അവസാനിപ്പിച്ച് 1997 5000 രൂപ നിക്ഷേപത്തില്‍ മുംബൈയില്‍ ഒരു കട വാടകക്ക് എടുത്തതായി ദോശ വില്‍പ്പന. ദോശ പ്ലാസ എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. തുടക്കത്തില്‍ 26 തരത്തിലുള്ള ദോഷകളാണ് ദോശ പ്ലാസയില്‍ വിറ്റിരുന്നത്. എന്നാല്‍ 2002 ആയപ്പോഴേക്കും ദോശ വൈവിധ്യം 105 കടന്നു. അതോടെ പല വ്യക്തികളും ഫ്രാഞ്ചൈസികള്‍ ചോദിച്ചെത്തി.
എന്നതാണ് ഫ്രാഞ്ചൈസി എന്ന് പോലും അറിയാത്ത അവസ്ഥയില്‍ വന്നെത്തിയ ആ അവസരങ്ങളെ പ്രേം നന്നായി ഉപയോഗിച്ചു. ഫ്രാഞ്ചൈസി നടത്തിപ്പിനെ പറ്റി പഠിച്ച ശേഷം ദോശ പ്ലാസയുടെ ഫ്രാഞ്ചൈസികള്‍ നല്‍കി. എന്നാല്‍ രുചിക്കൂട്ട് വെളിപ്പെടുത്താന്‍ പ്രേം തയ്യാറായില്ല. വ്യത്യസ്തമായ ആ രുചിയുടെ രഹസ്യം പരസ്യമായാല്‍ അത് തന്റെ ബിസിനസിന്റെ അവസാനമാണ് എന്ന് പ്രേമിന് അറിയാമായിരുന്നു. അതിനാല്‍ ഫ്രാഞ്ചൈസികളിലേക്ക് മാവിന്റെ കൂട്ട് എത്തിച്ചത് പ്രേം തന്നെയായിരുന്നു.
2004 ല്‍ ദോശ പ്ലാസ ആദ്യമായി ഒരു ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുന്ന വിധത്തില്‍ ദോശ പ്ലാസ വളരുകയായിരുന്നു. ഒന്നിന് പുറകെ ഒന്നായി ഫ്രാഞ്ചൈസികളുടെ എണ്ണം വര്‍ധിച്ചു വന്നു. തൂത്തുക്കുടിയില്‍ നിന്നും മുംബൈ നഗരത്തിലെത്തി സംരംഭകനായ പ്രേം തന്റെ സംരംഭം മുംബൈയിലും ചെന്നൈയിലും എന്ന് വേണ്ട പല ഇന്ത്യന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ദുബായ്,ന്യൂസിലാന്‍ഡ് തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലും പ്രേമിന്റെ ദോശ പ്ലാസ പ്രവര്‍ത്തനമാരംഭിച്ചു.ഇന്ന് 30 കോടി രൂപക്ക് മുകളിലാണ് പ്രേം ദോശ പ്ലാസയിലൂടെ നേടുന്നത്. റിസ്‌ക് എടുക്കാന്‍ തയ്യാറാകുക, ഏത് സാഹചര്യത്തിലും ആത്മവിശ്വാസം കളയാതിരിക്കുക, വിജയിക്കും എന്ന ചിന്ത മനസ്സില്‍ അടിയുറപ്പിച്ചു വയ്ക്കുക ഇതാണ് ദോശക്കളില്‍ നിന്നും വളര്‍ത്തിയെടുത്ത 30 കോടിയുടെ സംരംഭത്തിന് പിന്നിലെ വിജയമന്ത്രങ്ങള്‍.