Agri

മായാതിരിക്കട്ടെ മറയൂരിന്റെ ശര്‍ക്കരമധുരം

ചന്ദനത്തോട്ടങ്ങള്‍ക്കും മധുരമുള്ള ശര്‍ക്കരക്കും ഒരേ പോലെ പേരുകേട്ട മറയൂരില്‍ നൂറുകണക്കിനാളുകളാണ് ശര്‍ക്കര നിര്‍മാണത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്

മറയൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും നാല്പത് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമം. ചന്ദനത്തോട്ടങ്ങള്‍ക്കും മധുരമുള്ള ശര്‍ക്കരക്കും ഒരേ പോലെ പേരുകേട്ട മറയൂരില്‍ നൂറുകണക്കിനാളുകളാണ് ശര്‍ക്കര നിര്‍മാണത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്. ഭൗമസൂചികപ്പട്ടത്തെ തൊട്ടുനില്‍ക്കുന്ന മറയൂര്‍ ശര്‍ക്കര നിര്‍മാണം വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണം ശര്‍ക്കര നിര്‍മാണത്തിനായുപയോഗിക്കുന്ന കരിമ്പിന്റെ ശുദ്ധതയും ഗുണനിലവാരവുമാണ്. കരിമ്പിന്‍തോട്ടങ്ങള്‍ കൊണ്ട് സമൃദ്ധമായ മറയൂരില്‍ നിന്നും ശര്‍ക്കര നിര്‍മാതാക്കള്‍ക്ക് അടുത്തകാലം വരെ പറയുണ്ടായിരുന്നത് ലാഭക്കണക്കുകള്‍ മാത്രമായിരുന്നു. എന്നാല്‍ വ്യാജ ശര്‍ക്കര വിപണി പിടിച്ചതോടെ മറയൂരില്‍ നിന്നും നഷ്ടത്തിന്റെ കണക്കുകളും പുറത്തു വന്നു തുടങ്ങി. എന്നാല്‍ വരുമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം മധുരതരമാണ് മറയൂര്‍ ശര്‍ക്കരയുടെ ചരിത്രവും നിര്‍മാണവുമെല്ലാം….

Advertisement

മറയൂരിന് ഒരു പ്രത്യേകതയുണ്ട്, സുഗന്ധമുള്ള കാറ്റാണ് മറയൂരിനെ വ്യത്യസ്തമാക്കുന്നത്. ചന്ദന മണമുള്ള കാറ്റൊന്ന് അടങ്ങിയാലുടന്‍ മൂക്കിലേക്ക് ഇരച്ചു കയറും ശര്‍ക്കരയുടെ തേന്മധുരമുള്ള കാറ്റ്. മറയൂര്‍ ശര്‍ക്കര നിര്‍മാണത്തിനാകട്ടെ നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ശര്‍ക്കരയെന്ന് കാര്‍ഷികശാസ്ത്രജ്ഞന്മാര്‍ വിധിയെഴുതിയ ഒന്നാണ് മറയൂര്‍ ശര്‍ക്കര. മറയൂര്‍ ശര്‍ക്കരയുടെ ബൗദ്ധികസ്വത്തവകാശം മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് മാത്രം നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

എന്നാല്‍ ചന്ദനകള്ളന്മാരില്‍ നിന്നും ചന്ദനത്തോട്ടങ്ങള്‍ നേരിടുന്ന നിലനില്‍പ്പുഭീഷണിക്ക് സമാനമായ അവസ്ഥ തന്നെയാണ് മറയൂര്‍ ശര്‍ക്കര്‍ക്കും ഉള്ളത്.വിപണിയില്‍ വ്യാജ ശര്‍ക്കരകള്‍ കുറഞ്ഞ വിലക്ക് ലഭ്യമായതോടെ മറയൂര്‍ ശര്‍ക്കരയുടെ ഡിമാന്‍ഡ് കുറഞ്ഞു. കരിമ്പിന്‍ ജ്യൂസില്‍ നിന്നും നിര്‍മിക്കുന്ന യഥാര്‍ത്ഥ മറയൂര്‍ ശര്‍ക്കരക്ക് പക്ഷെ ഉയര്‍ന്ന ഔഷധമൂല്യമാണുള്ളത്. പാചകത്തിനായാലും മറയൂര്‍ ശര്‍ക്കര ഏറെ മുന്നിലാണ്. എന്നാല്‍ ഈ പ്രദേശത്ത് കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ശര്‍ക്കരയുടെ ഉല്‍പ്പാദനത്തെയും വിപണത്തെയും ബാധിച്ചിരിക്കുകയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മറയൂരിലെ കരിമ്പുകൃഷി തന്നെ ഇല്ലാതാകാനാണു സാധ്യത.കയ്യേറ്റങ്ങളും മറ്റും അത്രകണ്ട് പ്രശ്‌നമാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നുണ്ട്. ശര്‍ക്കര ഉല്‍പ്പാദനത്തിന് ആവശ്യമായി വരുന്ന ക്രഷര്‍ യൂണിറ്റുകള്‍ നിരക്കു വര്‍ധിപ്പിച്ചതും തമിഴ്‌നാട്ടില്‍ പഞ്ചസാര വില കുറഞ്ഞതുമൂലം അവിടെ കൂടുതല്‍ ശര്‍ക്കര ഉല്‍പ്പാദനം നടക്കുന്നതുമാണ് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രതിസന്ധി.

ഈ വര്‍ഷമാണ് ശര്‍ക്കരക്ക് റെക്കോര്‍ഡ് വിലത്തകര്‍ച്ചയുണ്ടായത്. കഴിഞ്ഞ എട്ടു വര്‍ഷം മുന്‍പ് ശര്‍ക്കരക്ക് ലഭിച്ചിരുന്ന അതെ തുകയാണ് ഈ വര്‍ഷം ലഭിച്ചത്.കൃഷിയിറക്കിയ പണവും വിളവെടുപ്പ് നടത്തിയ പണവുമെല്ലാം ലഭിച്ച വരുമാനത്തിനുമുന്നില്‍ നഷ്ടക്കണക്കുകളാകുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം 62 കിലോ കൊള്ളുന്ന ശര്‍ക്കരയ്ക്കു ചാക്കിനു മൂവായിരം രൂപവരെ ലഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി മാസത്തോടെ അത് 2500 രൂപയായികുറഞ്ഞു. ശര്‍ക്കരയുടെ വിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.ഈ അവസ്ഥ തുടര്‍ന്നാല്‍ കരിമ്പുപാടങ്ങള്‍ വിളവെടുപ്പിനാളില്ലാതെ നശിക്കും.

എന്തുകൊണ്ട് വിലയിടിവ്

വിലക്കുറവിനു കാരണം തമിഴ്‌നാട് ശര്‍ക്കര വിലക്കുറവില്‍ കേരളത്തിലേക്ക് എത്തുന്നതാണ്. അഞ്ചുവര്‍ഷം മുന്‍പുവരെ മറയൂരില്‍ ശര്‍ക്കരവ്യാപാരികള്‍ മറയൂര്‍ ശര്‍ക്കര മാത്രം വിപണിയിലെത്തിച്ചതിനെ തുടര്‍ന്ന് വിപണിയുണര്‍ന്നനിരുന്നു. മറ്റുകൃഷികളിലേക്ക് തിരിഞ്ഞിരുന്ന കൃഷിക്കാര്‍ പൂര്‍വാധികം ശക്തിയോടെ കരിമ്പുകൃഷിയിലേക്ക് മടങ്ങിയെത്തി.ഇതോടെ കരിമ്പുപാടങ്ങള്‍ വീണ്ടും സമൃദ്ധമായി. എന്നാല്‍ മറയൂരിലെ കരിമ്പുകര്‍ഷകര്‍ വളരെ കൃത്യതയോടെ ചെയ്തിരുന്ന ശര്‍ക്കര നിര്‍മാണത്തെ കച്ചവടലാക്കോടെ മാത്രം കാണാനും ആളുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ മറയൂര്‍ ശര്‍ക്കരക്ക് വിപണി സാധ്യത വര്‍ധിക്കുന്നത് മനസിലാക്കി വിജയ ശര്‍ക്കരയുടെ ഉല്‍പ്പാദനം ആരംഭിച്ചിടത്ത് നിന്നാണ് മറയൂരിലെ കഷ്ടകാലം ആരംഭിക്കുന്നത്.

തമിഴ്‌നാട്ടിലെ ശര്‍ക്കര നിര്‍മാണ കേന്ദ്രങ്ങളിലെത്തി വിലക്കുറവുള്ളതും രാസവസ്തുക്കല്‍ കൂടുതല്‍ ഉപയോഗിച്ചു നിര്‍മിച്ചതുമായ ശര്‍ക്കര, മറയൂര്‍ ശര്‍ക്കര മാതൃകയില്‍ രൂപപ്പെടുത്തി മറയൂര്‍ ശര്‍ക്കരയ്‌ക്കൊപ്പം കലര്‍ത്തി വിപണിയിലെത്തിച്ചതോടെ മറയൂര്‍ ശര്‍ക്കരയ്ക്കു വിപണിയില്‍ സാധ്യത മങ്ങി. തമിഴ്‌നാട് ശര്‍ക്കരയുടെ പുളിപ്പുരസം ഒഴിവാക്കാനായി ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവും ചേര്‍ത്താണു കേരളത്തിലെത്തിച്ചു വിറ്റു ലാഭം നേടിയിരുന്നത്. തമിഴ്‌നാട്ടില്‍ പഞ്ചസാരയ്ക്ക് വിലകുറഞ്ഞതോടെ പഞ്ചരാസ ഉല്‍പ്പാദനം നിര്‍ത്തി കര്‍ഷകര്‍ ശര്‍ക്കരയുടെ നിര്‍മാണത്തിലേക്ക് കടന്നതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഓരോന്നാര വര്‍ഷത്തിന് മുന്‍പ്‌വരെ തമിഴ്‌നാട്ടില്‍ കൃഷി ചെയ്യുന്ന കരിമ്പിന്റെ സിംഹഭാഗവും പഞ്ചസാര നിര്‍മാണത്തിനായാണ് ഉപയോഗിച്ചിരുന്നത്. പഞ്ചസാരയുടെ വിപണി നഷ്ടമായതോടെ കര്‍ഷകര്‍ ശര്‍ക്കര നിര്മാണത്തിലേക്ക് കടന്നു. എന്നാല്‍ അത് തിരിച്ചടിയായി വന്നതാകട്ടെ മറയൂരിലെ കര്‍ഷകര്‍ക്കും. ശര്‍ക്കരയുടെ വില കുറയുന്നതിനനുസരിച്ച് കരിമ്പുതോട്ടങ്ങളിലെ ചെലവിന് യാതൊരു കുറവും വരുന്നില്ല. കരിമ്പു വെട്ടി ശര്‍ക്കരയാക്കി നല്‍കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രഷര്‍യൂണിറ്റുകള്‍ ഡീസല്‍ വില വര്‍ധനയുടെ പേരില്‍ നിരക്കു വര്‍ധിപ്പിച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായിട്ടുണ്ട്. കരിമ്പിന്‍ നീരു പിഴിഞ്ഞു ശര്‍ക്കരയാക്കി നല്‍കുന്നതിനു ക്രഷര്‍യൂണിറ്റുകള്‍ മുമ്പ് ഈടാക്കിയിരുന്നത് 250 രൂപയാണങ്കില്‍ ഇപ്പോള്‍ 60 കിലോ ശര്‍ക്കര ഉണ്ടാക്കാന്‍ 325 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.

മറയൂര്‍ ശര്‍ക്കരയുടെ ചരിത്രം

മറയൂര്‍ ശര്‍ക്കരയുടെ ഉത്ഭവത്തെക്കുറിച്ച് പറയുകയാണെങ്കില്‍ കാലം ഏറെ പിന്നോട്ട് പോകേണ്ടിവരും. പത്തുവര്‍ഷം മുമ്പ് 2,700 ഏക്കറോളമുണ്ടായിരുന്ന കരിമ്പു കൃഷി ഇപ്പോള്‍ 1,200 ഏക്കര്‍ താഴെയായി കുറഞ്ഞിരിക്കുന്നു. എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഒരുകാലത്ത് മറയൂരിലെ കാര്‍ഷിക ഭൂപടത്തില്‍അടയാളപ്പെടുത്തിയിരുന്നത് തന്നെ മറയൂര്‍ ശര്‍ക്കരയുടെ പേരിലായിരുന്നു.അന്നൊക്കെ മറയൂരിലെ ഏത് ഭാഗത്തേക്ക് തിരിഞ്ഞാലും ശര്‍ക്കര നിര്‍മാണത്തിന്റെ കാഴ്ചകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കൂടവയല്‍, മേലാടി തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും ശര്‍ക്കര നിര്‍മാണം നടക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തുന്ന ശര്‍ക്കരയെ അപേക്ഷിച്ച് മറയൂര്‍ ശര്‍ക്കരയില്‍ മധുരത്തിന്റെ അംശം 95 ശതമാനമാണ്.എന്നാല്‍ വിപണിയിലെത്തുന്ന വ്യാജ ശര്‍ക്കരയില്‍ മധുരത്തിന്റെ അംശം 60 ശതമാനം മാത്രമാണ്. യഥാര്‍ത്ഥ ശര്‍ക്കര തിരിച്ചറിയാനുള്ള മലയാളികളുടെ കഴിവില്ലായ്മയും ഈ മേഖലയിലെ പ്രധാന പ്രശ്‌നമാണ്. മറയൂര്‍ ശര്‍ക്കരയ്ക്ക് ഇളംപച്ച കലര്‍ന്ന നിറമാണ്.വിപണിയില്‍ ആവശ്യക്കാര്‍ ഉള്ളതാകട്ടെ വെള്ള ശര്‍ക്കരക്കും.

തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന ശര്‍ക്കരക്ക് വെള്ള നിറം ലഭിക്കുന്നതിനായി ഹൈഡ്രോക്‌സിന്‍, സോഡാക്കാരം തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു.എന്നാല്‍ ഇത്തരം രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നുമില്ല. കേരളത്തില്‍ ക്ഷേത്രങ്ങളിലെ പായസനിര്‍മാണത്തിനും വിവാഹങ്ങള്‍ക്കുമൊക്കെയായി ആയിരം കിലോക്ക് മേല്‍ ശര്‍ക്കര പ്രതിദിനം അനിവാര്യമാണ്. എന്നാല്‍ ഇപ്പറയുന്ന സ്ഥലങ്ങളില്‍ ഒന്നുംതന്നെ മറയൂര്‍ ശര്‍ക്കര ലഭിക്കുന്നുമില്ല. കെമിക്കലുകളും മറ്റും ചേര്‍ത്ത വ്യാജ ശര്‍ക്കര വേഗത്തില്‍ പൊടിഞ്ഞു പോകുന്നു. ഇരിക്കുന്തോറും മുറുക്കം കൂടുന്നതാണ് മറയൂര്‍ ശര്‍ക്കര.

മറയൂര്‍ ശര്‍ക്കര നിര്‍മാണം

പാരമ്പര്യമായി ചെയ്തുവരുന്ന ഒരു തൊഴിലാണ് മറയൂര്‍ ശര്‍ക്കര നിര്‍മാണം. ഈ നാടിന് ഏറ്റവും അനുയോജ്യമായ കൃഷി എന്ന നിലക്ക് മറയൂരിലെ പ്രസക്തി കടല്‍ കടത്താന്‍ മാത്രം പര്യാപ്തമാണ് ഇവിടുത്തെ ശര്‍ക്കര നിര്‍മാണം. കലര്‍പ്പില്ലാത്ത, ശുദ്ധമായ കരിമ്പിന്‍ ജ്യൂസില്‍ നിന്നുമാണ് മറയൂര്‍ ശര്‍ക്കരയുടെ നിര്‍മാണം. മറയൂര്‍ ശര്‍ക്കര എന്ന ബ്രാന്‍ഡിന് ഏറെ പ്രസക്തി നല്‍കുന്നത് കൊണ്ട് തന്നെ കര്‍ഷകര്‍ അതീവ ജാഗ്രതയോടെയാണ് ഇത് നിര്‍മിക്കുന്നത്. ശാസ്ത്രീയമായ കീടനിയന്ത്രണത്തിലൂടെ കൃഷി ചെയ്‌തെടുത്ത കരിമ്പ് വെട്ടി ഫാക്റ്ററികളില്‍ എത്തിക്കുന്നു. ക്രഷര്‍ വഴി ഈ കരിമ്പിന്‍ തണ്ടുകള്‍ പിഴിഞ്ഞ് ജ്യൂസ് വേര്‍തിരിക്കുന്നു. ഇങ്ങനെ പിഴിഞ്ഞെടുത്ത നീര് ഓല മേഞ്ഞ ചെറിയ ഫാക്ടറിയിലെ വലിയ വാര്‍പ്പിലേക്കു മാറ്റുന്നു.

അടുത്തഘട്ടം ജ്യൂസില്‍ നിന്നും മലിന്ന്യങ്ങള്‍ വേര്‍തിരിക്കുക എന്നതാണ്.ജ്യൂസില്‍ വേസ്റ്റ് വേര്‍തിരിച്ചു കളയാനായി അല്പം കുമ്മായവും ചേര്‍ക്കുന്നു.കരിമ്പിന്‍ നീര് പിഴിഞ്ഞെടുത്തതിന് ശേഷം ഉണ്ടാകുന്ന കരിമ്പിന്‍ ചണ്ടി ഉണക്കി എടുത്തു അതാണ് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നത്. അടുത്തഘട്ടം കരിമ്പിന്‍ തീരു തിളപ്പിക്കുക എന്നതാണ്.മുക്കാല്‍ മണിക്കൂറോളം തിളപ്പിച്ച് ഇളക്കി പദം വരുത്തിയ ശേഷം തടികൊണ്ട് ഉണ്ടാക്കിയ തളത്തിലേക്ക് ശര്‍ക്കര മാറ്റുന്നു . ചെറിയ ചൂടോടെ തന്നെ ശര്‍ക്കര കൈ കൊണ്ട് ഉരുട്ടി എടുക്കുന്നു. ശര്‍ക്കരയില്‍ നിര്‍മാതാവിന്റെ കൈകളുടെ പാടുണ്ടാകുക എന്നതാണ് മറയൂര്‍ ശര്‍ക്കരയുടെ ഐഡന്റിറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top