News

കോവിഡിനെ ചെറുക്കാന്‍ വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്

99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കുന്നവായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്

മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊര്‍ജ്ജം പ്രസരിപ്പിച്ച് 15 മിനിറ്റിനുള്ളില്‍ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്നതാണ് ആള്‍ എബൗട്ട് ഇനോവേഷന്‍സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ

Advertisement

കൊവിഡ് വൈറസ് വായുവിലൂടെ പകരുന്നത് തടയാന്‍ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭം. കെഎസ്‌യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ആള്‍ എബൗട്ട് ഇനോവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വൂള്‍ഫ് എയര്‍മാസ്‌ക് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഈ ഉപകരണത്തിന്റെ കാര്യക്ഷമതാ പരിശോധന നടത്തുകയും, പതിനഞ്ച് മിനിറ്റ് കൊണ്ട് 99 ശതമാനം കോവിഡ് വൈറസിനെയും നിര്‍വീര്യമാക്കുന്നതില്‍ വിജയിച്ചതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു പരിശോധനാഫലം ഒരു ഉപകരണത്തിന് ലഭിച്ചതായി ആര്‍ജിസിബി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) അംഗീകാരമുള്ളതാണ് ആര്‍ജിസിബിയിലെ പരിശോധനാലാബ്. കൊവിഡ് ഭീതി മൂലം പല
നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഇന്ന് ലോകത്ത് ദൈനംദിന ജീവിതവും ഔദ്യോഗിക ജോലികളും നടക്കുന്നത്. വായുവിലൂടെയും പകരുന്നതാണ് വൈറസ് എന്നതിനാല്‍ വായുസഞ്ചാരമില്ലാതെ അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഓഫീസ് മുറികളും ഭീഷണിയുണ്ടാക്കുന്നു. ഇത്തരം മുറികള്‍ക്കുള്ളിലെ വായു വൈറസ് രഹിതമാക്കുകയെന്ന ദൗത്യമാണ് വൂള്‍ഫ് എയര്‍മാസ്‌ക് നിര്‍വഹിക്കുന്നത്.

അതോടൊപ്പം പൊതുജന സമ്പര്‍ക്കം ഒഴിച്ചുകൂടാനാവാത്ത ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറി, സിനിമാശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ വായുശുചിയാക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കുന്നു.മുറിയില്‍ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊര്‍ജ്ജം പ്രസരിപ്പിച്ച് 15 മി
നിറ്റിനുള്ളില്‍ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്നതാണ് ആള്‍ എബൗട്ട് ഇനോവേഷന്‍സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ. എന്നാല്‍ ആരോഗ്യത്തിന് ആവശ്യമായ ലഘുഘടങ്ങളെ നിലനിറുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് കമ്പനിയുടെ ഡയറക്ടര്‍ ശ്യാം കുറുപ്പ് പറഞ്ഞു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ബോണിഫേസ് ഗാസ്പര്‍ ആണ് ഇതിന്റെ ഗവേഷണത്തില്‍ മുഖ്യപങ്ക് വഹിച്ചത്.

കൊവിഡ് കാലത്ത് ആലപ്പുഴയിലെ ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണിത്. വിദേശ രാജ്യങ്ങളിലും മറ്റും വളരെ മുമ്പ് തന്നെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗത്തിലുണ്ടെങ്കിലും തദ്ദേശീയമായി ഇത്തരം ഉപകരണങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നില്ലെന്ന് ശ്യാം ചൂണ്ടിക്കാട്ടി. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉപകരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വിലമതിക്കുന്നുണ്ട്. എന്നാല്‍ വൂള്‍ഫ് മാസ്‌ക് 10,000 മുതല്‍ 50,000 രൂപയില്‍ താഴെ മാത്രമേ വില വരുന്നുള്ളൂ. ശുചീകരിക്കാന്‍ എടുക്കുന്ന മുറിയുടെ വലുപ്പത്തിനനുസരിച്ചാണ് ഉപകരണങ്ങള്‍ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് വുള്‍ഫ് എയര്‍മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്. ഒമ്പത് വര്‍ഷം വരെ ഈ ഉപകരണം ഉപയോഗിക്കാം. സര്‍വീസോ മറ്റ് മാറ്റിവയ്ക്കലുകളോ ആവശ്യമില്ലാത്തതാണിത്. 60,000 മണിക്കൂറാണ് ഇതിന്റെ ഉപയോഗശേഷി. 1000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തെ ശുചീകരണം ഈ ഉപകരണം വഴി സാധ്യമാകുമെന്നും ശ്യാം പറഞ്ഞു. ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ക്കുള്ള മികച്ച കൊവിഡ് സൊല്യൂഷന്‍ പുരസ്‌ക്കാരം, സോഷ്യല്‍ ഇനോവേഷന്‍ ഓഫ് ദി ഇയര്‍-2020 പുരസ്‌ക്കാരം എന്നിവയും ആള്‍ എബൗട്ട് ഇനോവേഷന്‍സിന് ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top