വരുമാനം ഉണ്ടാക്കണം എന്ന് തുനിഞ്ഞിറങ്ങിയാല്‍ പിന്നെ ഇന്നത്തെ കാലത്ത് അതിനുള്ള മനസും ഇന്റര്‍നെറ്റുള്ള ഒരു മൊബീലും തന്നെ ധാരാളം. വ്‌ലോഗര്‍മാര്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് സ്വതസിദ്ധമായ ശൈലിയില്‍ പാലക്കാടന്‍ ഫുഡ് വ്‌ലോഗുമായെത്തി ചുരുങ്ങിയ മുതല്‍മുടക്കില്‍ വിജയം കൊയ്ത വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ. ഫുഡ് വ്‌ലോഗുകള്‍ക്കാണ് കാഴ്ചക്കാരുള്ളതെന്ന് മനസിലാക്കിയ ഫിറോസ് തന്റെ ജോലി വേണ്ടെന്നു വച്ച് വ്‌ളോഗറുടെ കുപ്പായമണിയുമ്പോള്‍ മുന്നില്‍ കടമ്പകള്‍ നിരവധിയായിരുന്നു.

പാചകം ഇഷ്ടമാണെങ്കിലും അവതരണം പരിചയമില്ലാത്ത പരിപാടിയാണ് എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഡിസൈനര്‍ അടുക്കളയും മൈക്രോവേവ് ഓവനുമൊക്കെയായി തകര്‍പ്പന്‍ വീഡിയോകള്‍ ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്ക് മുന്നില്‍ ഫിറോസ് വ്യത്യസ്തനായത് തനി നാടന്‍ശൈലിയിലുള്ള പാചകത്തിനായി ചട്ടിയും കലവുവുമൊക്കെയായി കാടും മലയും കയറിയാണ്. ഇന്ന് യുട്യൂബില്‍ ട്രാവല്‍ മാസ്റ്റര്‍, വില്ലേജ് ഫുഡ് ചാനല്‍, വില്ലേജ് ഫുഡ് കമ്പനി തുടങ്ങിയ ചാനലുകളിലായി ഏഴു ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാര്‍ ഫിറോസിനുണ്ട്.
നളപാചകം എന്ന് കേട്ടിട്ടില്ലേ? അതിന്റെ ഒരു പാലക്കാടന്‍ വേര്‍ഷന്‍ ആണ് ക്രാഫ്റ്റ്‌സ് മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെയും ട്രാവല്‍ മാസ്റ്റര്‍, വില്ലേജ് ഫുഡ് ചാനല്‍, വില്ലേജ് ഫുഡ് കമ്പനി തുടങ്ങിയ യുട്യൂബ് ചാനലുകള്‍ വഴിയും പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി വിനിയോഗിച്ച് വരുമാനത്തിനുള്ള വക കണ്ടെത്തുന്നതിനോടൊപ്പം വ്‌ലോഗിങ് എന്ന മേഖലയെ സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഫിറോസ്.

പാലക്കാടന്‍ മലയാളത്തിന്റെ കൗതുകത്തോടൊപ്പം പാടവരമ്പിലെ വാചകവും പാചകവും ഇരുകൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. അത് തന്നെയാണ് ഫിറോസിന്റെ വിജയരഹസ്യവും. കാഴ്ചയില്‍ ആളല്‍പം കടുംപിടുത്തക്കാരനാണെന്ന് തോന്നുമെങ്കിലും അടുത്തറിയാവുന്നവര്‍ക്കറിയാം ഫിറോസ് ഉണ്ടാക്കുന്ന വിഭവങ്ങള്‍ പോലെ തന്നെ മനോഹരവും ശുദ്ധവുമാണ് അദ്ദേഹത്തിന്റെ മനസും എന്ന്. പാലക്കാടിന്റെ ദൃശ്യഭംഗി പൂര്‍ണമായും തന്റെ വീഡിയോകളില്‍ ഉള്‍പ്പെടുത്താന്‍ ഫിറോസ് ശ്രമിച്ചിട്ടുണ്ടെന്നത് പ്രവാസി മലയാളികള്‍ക്കിടയില്‍ പോലും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

നമ്മുടെ പാലക്കാട് വിട്ടൊരു കളിയില്ല
പാലക്കാട് എന്ന മലയോര പ്രദേശത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു തനി നാട്ടിന്‍പുറത്തുകാരന്‍, അതാണ് ഫിറോസ്. പാലക്കാടന്‍ ഗ്രാമത്തിന്റെ തനിമ ഏറെയുള്ള എലപ്പുള്ളി ചുട്ടിപ്പാറയാണ് ഫിറോസിന്റെ സ്വദേശം.പാലക്കടന് രുചിവൈവിധായങ്ങളില്‍ നിന്നായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ ഫിറോസ് ഉണ്ടാക്കാത്ത വിഭവങ്ങളില്ല. എന്തിനേറെ പറയുന്നു ഒട്ടക വിഭവങ്ങള്‍ ഒരുക്കുന്നതിനായി കക്ഷി മസ്‌കറ്റ് വരെ പോയി. അതാണ് ഫുഡ് വീഡിയോ വ്‌ലോഗുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫിറോസ് നേടിയ വളര്‍ച്ച. തുറസ്സായ സ്ഥലങ്ങളില്‍ വച്ച് പാചകം ചെയ്യാമെന്ന ആശയം മുന്നോട്ട് വച്ചത് ഫിറോസ് തന്നെയാണ്. പലപ്പോഴും വീടിനോട് ചേര്‍ന്നുള്ള സ്വന്തം തോപ്പാണ് ഷൂട്ടിങ് ഏരിയ.
അവിടെ മൂന്ന് ഇഷ്ടിക കൂട്ടിയ അടുപ്പില്‍ വലിയ കറിച്ചട്ടിയില്‍ ഉത്സാഹത്തോടെ കോഴിയും മട്ടനുമൊക്കെ പാചകം ചെയ്യും. പാചകം ചെയ്യുന്നത് കാണാനും ധാരാളം ആളുകളുണ്ടാകും. വിഭവങ്ങള്‍ തിളച്ചുവേവുമ്പോള്‍ പ്രദേശം മുഴുവന്‍ കൊതിപ്പിക്കുന്ന മണം പരക്കും.അതോടെ കൂടുതല്‍ വികൃതികൂട്ടങ്ങള്‍ അവിടേക്ക് എത്തുകയായി. പിന്നെ, ഉണ്ടാക്കിയ വിഭവങ്ങള്‍ എല്ലാവര്‍ക്കും വിളമ്പും. അവര്‍ രുചിയോടെ കഴിക്കുന്നത് കാണുന്നതോടെ യുട്യൂബില്‍ വീഡിയോ കാണുന്നവരുടെ വരെ വയറും മനസും നിറയും.

സിംപിളായൊരു തുടക്കം ‘പാറയില്‍ മീഡിയ’
എങ്ങനെ യുട്യൂബ് ചാനല്‍ തുടങ്ങാം എന്ന ആശയത്തിലേക്ക് വന്നു എന്ന് ചോദിച്ചാല്‍ ഫിറോസിന് ചിരി വരും. കാരണം, യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനായി വിദേശത്തെ ജോലി പോലും ഇട്ടെറിഞ്ഞുള്ള വരവായിരുന്നു. അന്ന് തടികേടാവാതെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം. എന്നാല്‍ ഫിറോസ് തെരെഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു. ഗള്‍ഫില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുമ്പോഴാണ് നാട്ടിലേക്ക് മടങ്ങണമെന്നു തോന്നിയത്.കൃത്യമായി പറഞ്ഞാല്‍ 2012 അവസാനത്തോടെ ഗള്‍ഫ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ നാട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും എങ്ങനെ വരുമാനം കണ്ടെത്തും തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ആദ്യം തുടങ്ങിയത് ഒരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം ആയിരുന്നു. വലിയ നേട്ടമോ കോട്ടമോ ഉണ്ടാക്കാതെ അത് മെല്ലെ മുന്നോട്ട് പോയി. തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങി വെല്‍ഡര്‍ കുപ്പായം അണിയേണ്ടി വരുമോ എന്ന് ശങ്കിച്ച ദിനങ്ങള്‍.
ആ കാലയളവിലും ഫിറോസ് ഫേസ്ബുക്കില്‍ ആക്ടീവായിരുന്നു. എന്നാല്‍ യൂട്യൂബിന്റെ സാധ്യതകളെ പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ മലയാള മനോരമ പത്രത്തില്‍ വന്ന ഒരു ലേഖനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. യൂട്യൂബ് ചാനലിലൂടെ വരുമാനം നേടാം എന്നായിരുന്നു അത്. ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യൂട്യൂബിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നതെന്ന് ഫിറോസ് മനസിലാക്കി. എങ്കില്‍ പിന്നെ ആ വഴിക്കൊരു ഭാഗ്യപരീക്ഷണം നടത്താമെന്നായി. അങ്ങനെ ‘പാറയില്‍ മീഡിയ’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഹെല്‍ത്ത് ടിപ്‌സുകളായിരുന്നു കൂടുതലും കൊടുത്തിരുന്നത്.

ഒരു ദിവസം രണ്ടും കല്‍പ്പിച്ച് മാമന്റെ പൊറോട്ട കടയില്‍ പോയി ഒരു വിഡിയോ ചെയ്തു യൂട്യൂബില്‍ ഇട്ടു. അത് ഹിറ്റായതോടെ പിന്നെ ചറപറാ വിഡിയോ ഇട്ടു തുടങ്ങി.അതോടെ ഫുഡ് വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ധാരാളമായുണ്ടെന്ന് ഫിറോസ് മനസിലാക്കി.
പറ്റിയ അമളികള്‍ ഏറെ
ചാനല്‍ തുടങ്ങുകയും വീഡിയോകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്‌തെങ്കിലും യുട്യൂബ് വീഡിയോകള്‍ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും ഫിറോസിന് അറിയില്ലായിരുന്നു. മറ്റു സ്ഥലത്ത് വന്നതോ, കോപ്പി റൈറ്റുള്ളതോ ആയ വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ പാടില്ല എന്നൊന്നും ഫിറോസ് മനസ്സിലാക്കിയിരുന്നില്ല. ഫേസ്ബുക്ക് വഴി ലഭിക്കുന്ന നല്ല വിഡിയോസ് അദ്ദേഹം ചാനലില്‍ അപ്ലോഡ് ചെയ്യുമായിരുന്നു.

ഇത്തരത്തില്‍ അശ്രദ്ധമായി വീഡിയോകള്‍ ചാനലില്‍ ചേര്‍ത്തതിന്റെ ഫലമായി ഒരു ദിവസം ചാനല്‍ ടെര്‍മിനേറ്റഡ് ആയി. കോപ്പിറൈറ്റ് വയലേഷനെ തുടര്‍ന്ന് യൂട്യൂബ് തന്നെ ചാനല്‍ റദ്ദാക്കുകയായിരുന്നു. ഏറെ വിഷമിച്ച നാളുകളായിരുന്നു അത്. എന്നാല്‍ പിന്നീട് ഫിറോസിന് ചാനല്‍ നഷ്ടപ്പെടാനുണ്ടായ കാരണം മനസിലായി.വിട്ടുകൊടുക്കാന്‍ തീരെ മനസില്ലാത്തതിനാല്‍ ട്രാവല്‍ മാസ്റ്റര്‍ എന്ന പേരില്‍ മറ്റൊരു യൂട്യൂബ് ചാനല്‍ തുടങ്ങി.
സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസൃതമായാണ് യുട്യൂബ് വീഡിയോകളില്‍ നിന്നും വരുമാനം ലഭിക്കുക. ഇത്തരത്തില്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി വീഡിയോകള്‍ നിര്‍ത്താതെ ചെയ്തുകൊണ്ടിരുന്നു. ആറാം മാസമാണ് ആദ്യ പ്രതിഫലം ലഭിക്കുന്നത്. 8000 രൂപയാണ് അന്നു ലഭിച്ചത്. പിന്നീടത് 40000 രൂപയായി ഉയര്‍ന്നു. ഇപ്പോഴത് ലക്ഷങ്ങളാണ്. കൃത്യമായി പറയാന്‍ യൂട്യൂബിന്റെ പോളിസി അനുവദിക്കുന്നില്ല. വരുമാനം വരാന്‍ തുടങ്ങിയതോടെ മികച്ച ഷൂട്ടിംഗ് ഉപകരണങ്ങളോടെ വിശാലമായ രീതിയില്‍ തന്നെ ഫുഡ് വ്‌ലോഗുകള്‍ ചെയ്യാന്‍ ആരംഭിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് ‘ക്രാഫ്റ്റ്‌സ് മീഡിയ’ എന്ന പേരില്‍ ഇപ്പോഴുള്ള ഫൂഡ് വ്‌ലോഗ് തുടങ്ങുന്നത്. അടുത്ത കാലത്ത് അതിന്റെ പേര് മാറ്റി ‘വില്ലേജ് ഫൂഡ്’ എന്നാക്കി. ഫേസ്ബുക്കില്‍ ക്രാഫ്റ്റ്‌സ് മീഡിയ എന്നു തന്നെയാണ് പേര്.
പാചകം പഠിച്ചത് ഗള്‍ഫില്‍ നിന്നും
കാര്യം ഇങ്ങനെയൊക്കെയാണെന്ന് കരുതി, വീഡിയോ നിര്‍മിക്കാനായി മാത്രം പാചകം പഠിച്ച ആളാണ് ഫിറോസ് എന്ന് കരുതണ്ട.പാചകം എന്നും ഫിറോസിന്റെ പാഷനായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് കമ്പനിയില്‍ ഡ്രൈവറായി അഷറഫ് എന്നയാള്‍ എത്തിയത്. അക്കാലത്ത് പാചകം തീരെ വശമില്ലാതിരുന്ന ഫിറോസിന് അഷറഫ് നല്ല സ്വാദുള്ള വിഭവം ഉണ്ടാക്കി നല്‍കും. എങ്ങനെ ഇത്ര രുചികരമായി പാചകം ചെയ്യുന്നു എന്ന് ചോദിച്ചറിഞ്ഞപ്പോഴാണ് അഷറഫ് ഒരു കുക്ക് ആണെന്ന് അരിഞ്ഞത്. മുന്‍പ് ഹോട്ടലില്‍ ജോലി ചെയ്തിട്ടുള്ളയാളാണ് അഷറഫ്.അതറിഞ്ഞതോടെ അദ്ദേഹത്തിന് ശിശ്യപ്പെട്ട് പാചകപഠനം ആരംഭിച്ചു. ബാക്കി പാചക സംശയങ്ങള്‍ക്ക് ഗൂഗിള്‍ മറുപടി നല്‍കും. പുതിയ റെസിപ്പികള്‍ ഒക്കെ ഗൂഗിളില്‍ നോക്കി പഠിച്ചാണ് ഫിറോസ് പരിചയപ്പെടുത്തുന്നത്. ഇടക്ക് ഒരേ ശൈലിയിലുള്ള വീഡിയോകള്‍ മടുക്കുമ്പോള്‍ പുറത്ത് ഷോപ്പുകളില്‍ പോയി വിഡിയോ ചെയ്യും. ഇപ്പോള്‍ അത്തരം വീഡിയോകള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വരുന്നുണ്ട്.ഇടയ്ക്ക് ഒറ്റപ്പാലത്തുള്ള പോളി ഗാര്‍ഡന്‍ ഓര്‍ഫനേജിനു വേണ്ടി ഭക്ഷണം തയാറാക്കി നല്‍കാറുണ്ട്. നമുക്ക് വരുമാനം വരുന്ന വഴി അല്‍പം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വിനിയോഗിക്കണമെന്നാണ് ഫിറോസിന്റെ ഭാഷ്യം.

ആഴ്ചയില്‍ ഒരു വീഡിയോ
മികച്ച വീഡിയോകള്‍ ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് വീഡിയോ പബ്ലിഷ് ചെയ്യുന്നതിലെ കൃത്യത. ഫിറോസ് ആഴ്ചയില്‍ ഒരു വിഡിയോ വീതമാണ് അപ്ലോഡ് ചെയ്യാറ്. ഓരോ തവണ പാചകം ചെയ്യുമ്പോഴും വലിയ അളവില്‍ തന്നെ ആഹാരം ഉണ്ടാക്കും.പ്രേക്ഷകര്‍ക്ക് അത്തരം രീതി കാണാനാണ് ഇഷ്ടം.സവാള അരിയാനും കറി ഇളക്കാനും അങ്ങനെ എല്ലാ സഹായത്തിനും കൂടെ സുഹൃത്തുക്കളായ ലക്ഷ്മണനും സജിത്തുമൊക്കെ തയ്യാര്‍. കാമറയെ അഭിമുഖീകരിക്കാനുള്ള മടി മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. എന്നാല്‍ അത് സാവധാനം നടക്കുന്ന കാര്യമാണ്. ഇപ്പോള്‍ സുഹൃത്ത് അരുണ്‍ ആണ് കാമറ കൈകാര്യം ചെയ്യുന്നത്. വീഡിയോകളില്‍ സജീവമായതോടെ ഫിറോസ് വീഡിയോ എഡിറ്റിംഗ് പഠിച്ചു.
വ്‌ലോഗര്‍ ആയതോടെ ലൈഫ്‌സ്‌റ്റൈല്‍ തന്നെ മാറിപ്പോയെന്നാണ് ഫിറോസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ചാനല്‍ ഹിറ്റായതോടെ പുറത്തു പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞ് ഫിറോസിക്കാ എന്ന് വിളിച്ച് അടുത്തുവരാറുണ്ട്. ഏറെ സന്തോഷം നല്‍കുന്ന കാര്യമാണത്. സ്‌നേഹത്തോടെയുള്ള അത്തരം സംഭാഷണങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രചോദനമാകാറുണ്ട്. ജോലി വേണ്ടെന്ന് വച്ച് യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഭാര്യയ്ക്ക് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. എന്നാല്‍ ഇച്ഛാശക്തിയല്ലേ പ്രധാനം. വെറും മൂന്ന് മാസം കൊണ്ട് വരുമാനം വരുന്ന വഴി ഫിറോസ് കാണിച്ചു കൊടുത്തു. അതോടെ കാര്യങ്ങള്‍ ശുഭം.
About The Author
